Back to articles

ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ !

December 01, 2003

''ഇവൾ എം.എ. കഴിഞ്ഞതാ, കംപ്യൂട്ടറും പഠിച്ചിട്ടുണ്ട്. വയസ്സ് ഇരുപത്തി ആറായി. മൂന്നുകൊല്ലമായി കല്യാണം അന്വേഷിക്കുന്നു. ഒന്നും ഇതുവരെ ശരിയായില്ല. ഇവളുടെ ഇളയവൾ എം.സി.എ. കഴിഞ്ഞ് കാംപസ്സ് സെലക്ഷനിൽ ജോലിയും കിട്ടി. അതുകൊണ്ടായിരിക്കും, വീട്ടിൽ ഇടക്ക് ഓരോ പൊട്ടിത്തെറികൾ. ഇവളുടെ കല്യാണമോ ആകുന്നില്ല, ഒരു ജോലി എങ്കിലും ഉണ്ടായിരുന്നെങ്കിൽ കുറച്ച് സമാധാനം ആകുമായിരുന്നു. സാറൊന്നു സഹായിക്കുമോ ഞങ്ങളെ?

പഠിപ്പും കഴിവും ഉള്ള മകൾക്ക്  ഒരു ജോലി വേണം എന്നാഗ്രഹിക്കുന്നതും, വീട്ടിലെ സമാധാനക്കേട് മാറ്റാൻ മകളെ ഏതെങ്കിലും ജോലിയിൽ കയറ്റിവിടണം എന്നാഗ്രഹിക്കുന്നതും തമ്മിലുള്ള വ്യത്യാസം ആലോചിക്കാതെ ആണല്ലോ പെങ്ങളിതു പറയുന്നത്.

നെറ്റിയിലെ വിയർപ്പുകൊണ്ട് അപ്പം ഭക്ഷിക്കാൻ വേണ്ടിയാ കേട്ടോ മനുഷ്യൻ ജോലിചെയ്യുന്നത്. ആ ബോദ്ധ്യത്തോടെ ജോലി തേടുന്നവർക്ക് ജോലി കിട്ടാനും എളുപ്പമാണ്. അവരു കഴിക്കുന്ന അപ്പത്തിന് നല്ല രുചിയും അനുഭവപ്പെടും.

ശരി, മോള് ജോലി അന്വേഷിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി?
മൂന്നു വർഷമായി.
ദൈവമേ എന്നിട്ട് ഇതുവരെ ഒരു ജോലിയും  ശരിപ്പെട്ടില്ലാ?
എക്സ്പീരിയൻസില്ലാത്തതുകൊണ്ട് ആരും തന്നില്ല സാർ. ഒരു ജോലി കിട്ടാതെ എങ്ങിനെയാണ് എക്സ്പീരിയൻസ് ഉണ്ടാകുന്നത്?

മോളെ അത് ഒരു പഴയ മുട്ടാപ്പോക്ക് മുടന്തൻ ന്യായമാണ്. നിനക്ക് ഇരുപത്തി ആറു ർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.  ഈ കാലത്തിനിടയിൽ, ഒരു സ്ഥാപനത്തിന് പ്രയോജനപ്പെടാവുന്ന ഒരുപാട് കാര്യങ്ങൾ മോള് കണ്ടിട്ടും, കേട്ടിട്ടും, ചെയ്തിട്ടും അറിഞ്ഞിട്ടും ഉണ്ട്. പക്ഷെ ഈ ഉദ്ദേശത്തോടെ അതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇനിമുതൽ അത് ശ്രദ്ധിക്കണം. ഓരോന്നായി ഒരു കടലാസ്സിൽ എഴുതിവെച്ചു ശേഖരിക്കണം. വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും, അവിടെ ഉള്ള  വിവിധ ജോലികളെക്കുറിച്ചും പലരോടായി ചോദിച്ചും, ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ, കണ്ടും മനസ്സിലാക്കണം. ഓരോ ജോലിയും കൂടുതൽ മികച്ച രീതിയിൽ നിനക്ക് എങ്ങനെ ചെയ്യാൻ കഴിയും എന്നും ചിന്തിക്കണം. അപ്പോൾ നിനക്ക് എക്സ്പോഷർ ഉണ്ടാകും. എക്സ്പീരിയൻസിനെക്കാൾ വിലപ്പെട്ട എക്സ്പോഷർ നീ നേടിയെടുക്കണം.

ജോലി അന്വേഷണത്തിന് ചില തയ്യാറെടുപ്പുകൾ ആവശ്യമാണ്.

1. സാദ്ധ്യതയുള്ള സ്ഥാപനങ്ങൾ കണ്ടെത്തണം
നിങ്ങളുടെ പരിചയക്കാരോടും, ബന്ധുക്കളോടും ഒരു ജോലി കണ്ടെത്താൻ സഹായിക്കണം എന്ന് ആവശ്യപ്പെടണം. പരസ്യങ്ങളിൽ വരുന്നതിന്റെ അനേകം ഇരട്ടി  ജോലികൾ മിക്ക സ്ഥാപനങ്ങളിലും ഉണ്ട്. പറ്റിയ ആളെ കിട്ടാത്തതുകൊണ്ട് തുടങ്ങാതിരിക്കുന്ന ഒരുപിടി പദ്ധതികൾ എല്ലാ മാനേജർമാരുടെ തലയിലും ഉണ്ട്. നീ അവരുടെ കണ്ണിൽ പെടണം.

2. ഫലപ്രദമായി ജോലിക്ക് അന്വേഷിക്കണം
നിങ്ങളുടെ അഭിരുചിയും ഒഴിവുള്ള ജോലിക്കു ചേരുന്ന എക്സ്പോഷറും വിവരിച്ച്, ഒരു റെസ്യൂമെ തയ്യാറാക്കണം, ആളെ നിയമിക്കാൻ അധികാരമുള്ള ഒരു മേധാവിയുടെ മുന്നിൽ അത് എത്തണം.

3. നേരിട്ടുള്ള കൂടിക്കാഴ്ചയിൽ വിജയിക്കണം
    * സ്ഥാപനത്തിന് കൂടുതൽ നേട്ടമുണ്ടാക്കാവുന്ന മാർഗ്ഗങ്ങൾ.
    * നിലവിലുള്ള പോരായ്മകൾക്ക് പരിഹാരം.
    * ഇപ്പോഴുള്ളതിനേക്കാൾ കുറഞ്ഞ ചിലവിൽ കാര്യങ്ങൾ ചെയ്യുക.
    * ഉള്ള സംവിധാനങ്ങൾ കൂടുതൽ മേഖലകളിലോ, മറ്റു മേഖലകളിലോ വിനിയോഗിക്കുക.
    * കൂടുതൽ ലാഭം ഉണ്ടാക്കുക.

ഇതിൽ ഏതിലെങ്കിലും അഭിരുചിയുണ്ടെന്നോ, നിന്റെ കഴിവുകൾ അതിനു ബോദ്ധ്യപ്പെടും എന്നോ,  ഒരു സ്ഥാപനത്തിന്റെ മേധാവിയെ ബോദ്ധ്യപ്പെടുത്തിയാൽ നിനക്ക് ജോലി ലഭിക്കും.

എം.എ.ക്കാരിയല്ലേ, പാവമല്ലേ, ഒരു ജോലി വേണോ എന്ന് ചോദിച്ച് ആരും ഇങ്ങോട്ട് വരില്ല, നിങ്ങൾ അങ്ങോട്ട് അന്വേഷിച്ചു ചെല്ലണം. അതിന് ഞാനും സഹായിക്കാം. പക്ഷെ, ആരെങ്കിലും ഇന്റർവ്യൂവിന് വിളിച്ചാൽ, മാമോദിസായുണ്ട്, പാലുകാച്ചലുണ്ട് എന്നൊക്കെ പറഞ്ഞ് മാറാതെ, പറയുന്ന സമയത്തിന് ഇന്റർവ്യൂവിന് ചെല്ലണം. നല്ല ഒരു റസ്യൂമെ തയ്യാറാക്കി, ഒരു കോപ്പി എന്റടുത്തും തന്നോളൂ.

George Kadankavil - December  2003

Search
What is Profile ID?