- ജോർജ്ജ് കാടൻകാവിൽ, ഡയറക്ടർ ബെത്‌ലെഹം
ഹലോ ജോർജ്ജങ്കിൾ, എനിക്ക് അത്യാവശ്യമായിട്ട് അങ്കിളിനോട് സംസാരിക്കണം, അങ്കിളു ഫ്രീ ആണോ?
പറഞ്ഞോളു മോനേ, എന്താ പറ്റിയത്?
അങ്കിളേ, എന്റെ അപ്പച്ചനും ഇളയപ്പൻമാരും കടുത്ത യാഥാസ്ഥിതികരാണ്. എനിക്ക് അവരെക്കുറിച്ച് നല്ല അഭിമാനം ഉണ്ട്. അവരു പറഞ്ഞതു പോലെ തന്നെയാണ് ഇത്രകാലം ഞാൻ ജീവിച്ചതും പഠിച്ചതും ഒക്കെ. പക്ഷേ ഇപ്പോൾ അപ്പച്ചൻ കണ്ടു പിടിച്ച ഒരു പെണ്ണിനെതന്നെ ഞാൻ കല്യാണം കഴിക്കണമത്രെ. അവളാകുമ്പോൾ നമ്മളു പറയുന്നത് കേട്ട് അടങ്ങിയൊതുങ്ങി കഴിഞ്ഞോളും അത്രെ.
എന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ പോലും എനിക്ക് അവകാശം ഇല്ലല്ലോ എന്ന് പെട്ടെന്ന് ഉള്ളിലൊരു നീറ്റൽ അനുഭവപ്പെട്ടു. ഇതു കേട്ടയുടൻ ഞാൻ അപ്പന്റെ അടുത്ത് പൊട്ടിത്തെറിക്കാൻ തുടങ്ങിയതാണ്, അപ്പോൾ എന്റെ അമ്മ സൂത്രത്തിൽ എന്നെ അവിടുന്ന് മാറ്റികൊണ്ടു വന്നിട്ട്, ബെത്‌ലെഹമിലെ ജോർജ്ജ് അങ്കിളിനെ വിളിച്ച് സംസാരിക്കാൻ പറഞ്ഞു. അതാണ് ഞാൻ ഇപ്പോൾ വിളിച്ചത്, ഈ ജനറേഷൻഗ്യാപ്പൊക്കെ ഇപ്പോഴുമുണ്ടോ അങ്കിളേ?
മോനേ, തലമുറകൾ തമ്മിൽ വളരെ സ്പഷ്ടമായ അന്തരം അഥവാ വ്യത്യാസം തീർച്ചയായും ഉണ്ട്. ഇനിയും എക്കാലത്തും ഉണ്ടായിരിക്കുകയും ചെയ്യും. എന്നാൽ, രണ്ടു തലമുറകളിലെ വ്യക്തികൾ തമ്മിൽ ഉളവാകുന്ന അകൽച്ച അഥവാ വിടവിനാണ് നമ്മൾ ജനറേഷൻഗ്യാപ് എന്നു പറയുന്നത്. ഈ അകൽച്ച നമ്മൾ തന്നെ സൃഷ്ടിക്കുന്നതാണ്. നിനക്കു തോന്നുന്ന അകൽച്ച നീയും നിന്റെ അപ്പച്ചനും കൂടി സൃഷ്ടിച്ചതാണ്. വിഷമിക്കേണ്ട, നീ ഒറ്റയ്ക്ക് പരിശ്രമിച്ചാൽ പോലും അത് നികത്തിയെടുക്കാൻ സാധിക്കും. അതിനു കിട്ടിയ ഏറ്റവും നല്ല അവസരമാണ് നിനക്ക് ഈ കല്യാണക്കാര്യം.
അപ്പന്റെ നിലപാടിനോട് നിനക്ക് തോന്നിയ എതിർപ്പ് ഒരു നല്ല ലക്ഷണമായിട്ടാണ് ഞാൻ കാണുന്നത്. സ്വന്തമായ താല്പര്യങ്ങളും അഭിപ്രായങ്ങളും ഉള്ള ഒരു വ്യക്തി ആണ് നീ, എന്ന നിന്റെ തിരിച്ചറിവിന്റെ അടയാളമാണ്, നിനക്ക് അനുഭവപ്പെട്ട എതിർപ്പ് അഥവാ “Rebellion”.
ഇത്രയുംകാലം നല്ലത് ഏത്? എന്ത്? എന്നൊക്കെ കണക്കുകൂട്ടി വിലയിരുത്തി, അതിൽ അവർക്കു സാധിച്ചു തരാൻ കഴിയുന്നത്, നിനക്കു വേണ്ടി തിരഞ്ഞെടുത്തു തന്നുകൊണ്ട് ഇരിക്കുകയായിരുന്നു നിന്റെ മാതാപിതാക്കൾ. അവരുടെ കാഴ്ചപ്പാടുകളും, നിലപാടുകളും, സാഹചര്യങ്ങളും, സൌകര്യങ്ങളും അനുസരിച്ചാണ് അവർ ആ കാര്യങ്ങൾ നിശ്ചയിച്ചിരുന്നതും, ചെയ്തു തന്നിരുന്നതും. നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നീ അത് എതിർപ്പില്ലാതെ സ്വീകരിക്കുകയും ചെയ്തു വന്നു.
നിനക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഉണ്ടെന്ന്, നീ ഇപ്പോൾ സ്വയം തിരിച്ചറിഞ്ഞു. അത് പ്രകടിപ്പിക്കാനും നടത്തിയെടുക്കാനും പരിശ്രമിക്കേണ്ടത് നിന്റെ കടമയാണെന്നും നീ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് നിന്റെ ഇപ്പോഴത്തെ അസ്വസ്ഥതയുടെ കാരണം.
അത് അപ്പനോടുള്ള എതിർപ്പായി പ്രകടിപ്പിക്കുമ്പോഴാണ് ജനറേഷൻ -ഗ്യാപ്- ഉണ്ടാകുന്നത്. എതിർപ്പിന്റെ ലക്ഷണങ്ങൾ കാണിച്ച് കാര്യങ്ങൾ വഷളാക്കുന്നതിനു പകരം, പക്വതയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കണം. നിന്റെ അപ്പനുമായി ഒരു ആശയ സംവാദമാണ് നീ ഇനി നടത്തേണ്ടത്.
അപ്പച്ചാ നമുക്ക് രണ്ടു പേർക്കും കൂടി സ്വസ്ഥമായി ഇരുന്ന് ഒന്നു സംസാരിക്കണം, എപ്പോഴാണ് അപ്പച്ചന് സൌകര്യം? ഒരു പക്വതയുള്ള വ്യക്തിയുടെ ശാന്തഭാവത്തിൽ, അപ്പച്ചനോട് സൌമ്യമായി ചോദിക്കണം.
അപ്പച്ചന് ആദ്യം ഇതൊരു ഷോക്ക് ആയി തോന്നുമെങ്കിലും, മകൻ പക്വത പ്രകടിപ്പിക്കുന്നു എന്ന് അദ്ദേഹം പെട്ടെന്ന് തിരിച്ചറിയും. അതിൽ അദ്ദേഹത്തിന് അഭിമാനവും തോന്നും.
ഇത് പ്രാവർത്തികമാക്കാൻ നീ കുറച്ച് ഹോംവർക്ക് കൂടി ചെയ്യേണ്ടതുണ്ട്. എന്തിനെക്കുറിച്ച് സംസാരിക്കണം എന്ന് നീ പ്ളാൻ ചെയ്യണം. നിന്റെ കല്യാണത്തെക്കുറിച്ച് സംഭാഷണം തുടങ്ങരുത് അത് പൊട്ടിത്തെറിയിൽ എത്തിയേക്കാം. പകരം മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങളെകുറിച്ച് സംസാരിക്കുക. ഉദാഹരണത്തിന് അപ്പച്ചൻ എങ്ങിനെയാണ് കല്യാണം കഴിച്ചത്? എങ്ങിനെയാണ് ആ തീരുമാനം എടുത്തത്? ഈ അമ്മയെത്തന്നെ എങ്ങിനെയാ തിരഞ്ഞെടുത്ത്?
അല്ലെങ്കിൽ - എന്തിനാ മനുഷ്യർ കല്യാണം കഴിക്കുന്നത്? എന്തിനാ ജീവിക്കുന്നത്? എന്തിനാ മരിക്കുന്നത്? തുടങ്ങിയ ഫിലോസഫിക്കൽ കാര്യങ്ങൾ സംസാരിക്കുക.
നീ എന്തു ചോദിക്കാൻ തിരഞ്ഞെടുക്കുന്നുവോ, ആ ചോദ്യങ്ങളെക്കുറിച്ച്, വായിച്ചും ചിന്തിച്ചും, നിന്റെ സ്വന്തമായ അഭിപ്രായങ്ങൾ, രൂപപ്പെടുത്തിയിട്ട് വേണം അപ്പനുമായി സംഭാഷണത്തിനിരിക്കാൻ. ഇതിൽ പലതിനെപ്പറ്റിയും ബെത് ലെഹമിലെ കല്യാണവിശേഷങ്ങൾ എന്ന പുസ്തകത്തിൽ ഞാനെഴുതിയിട്ടുണ്ട്.
നിന്റെ കാഴ്ചപ്പാട് വാദിച്ച് സമർത്ഥിച്ച് ശരിവെക്കാനല്ല ഈ സംഭാഷണം. അപ്പന്റെ കാഴ്ചപ്പാട് മനസ്സിലാക്കാനും, നിനക്ക് പ്രാപ്തിയും, പക്വതയും, ജീവിതത്തെക്കുറിച്ച് നല്ല വീക്ഷണവും ഉണ്ടെന്ന്, അപ്പന് ബോദ്ധ്യപ്പെടാനും വേണ്ടിയായിരിക്കണം ഈ സംഭാഷണം. ഇടയ്ക്ക് നിന്റെ കല്യാണക്കാര്യം കയറിവരും. അത് എടുത്തു ചാടി എതിർക്കരുത്. ചിന്തിച്ചു തീരുമാനിക്കാൻ കുറച്ചുകൂടി സമയം വേണം എന്ന നിലപാട് എടുക്കുക.
ആ പെൺകുട്ടിയുടെ കാര്യത്തിൽ, നിനക്ക് പങ്കാളിയായി നിന്റെ ഹൃദയത്തിൽ സ്വീകരിക്കാൻ പറ്റുന്ന ആളാണെങ്കിൽ മത്രം നീ അവളെ വിവാഹം കഴിച്ചാൽ മതി. നല്ലത് ചൂണ്ടിക്കാണിച്ചു തന്നതിന്റെ ക്രെഡിറ്റ് അപ്പനും കൊടുക്കണം.
നിന്റെ അപ്പച്ചന്റെ ഹൃദയവികാരങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള ഊഷ്മളമായ ഒരു ശ്രമമാണ് നീ നടത്തേണ്ടത്. ഒരു പ്രശ്നം വന്നപ്പോൾ, പൊട്ടിത്തെറിക്കാതെ, അമ്മയുടെ ഉപദേശം സ്വീകരിക്കാനും, എന്നെ വിളിച്ച് സംസാരിക്കാനും നീ വിവേകം കാട്ടിയില്ലേ? മറ്റു പ്രതിസന്ധികളെയും നിനക്ക് ഇതുപോലെ വിവേകത്തോടെ തരണം ചെയ്യാൻ സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുക. അതിനു വേണ്ടി പരിശ്രമിച്ചു കൊണ്ടുമിരിക്കുക. നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
പ്രിയപ്പെട്ടവരെ, ഓരോ തലമുറയും അവരുടെ യാത്ര ആരംഭിക്കുന്നത് മുൻ തലമുറയുടെ തോളിൽ നിന്ന് ലഭിച്ചത് ഏറ്റെടുത്തു കൊണ്ടാണ്. പ്രപഞ്ചത്തിലെ ആദ്യത്തെ കോശം അതിനു ലഭിച്ച അനുഭവങ്ങളും അതിൽ നിന്നും മനസ്സിലാക്കിയ പാഠങ്ങളും അടുത്ത കോശത്തിനു പകർന്നു കൊടുത്തു. അങ്ങിനെ തലമുറ തോറും പകർന്നു കൊടുത്തു വന്നാണ് ഓരോ ജീവിക്കും ജന്മസിദ്ധികൾ ലഭിച്ചിരിക്കുന്നത്.
വിശേഷ ബുദ്ധിയുള്ള മനുഷ്യൻ, ജന്മസിദ്ധികൾക്കു പുറമേ, അടുത്ത തലമുറയക്ക് വേണ്ടി, അറിവും ജ്ഞാനവും ബോധപൂർവ്വം രേഖപ്പെടുത്തി വെച്ചു. അതാണ് ഇന്നത്തെ തലമുറയ്ക്കുള്ള അറിവും ധാരണകളും.
മക്കൾക്കു വേണ്ടി സ്വത്ത് സമ്പാദിക്കലാണ് ജീവിതത്തിന്റെ ഉദ്ദേശമെന്നാണ് പലരും ചിന്തിക്കുന്നത്. ശരിയാണ് പക്ഷേ, കഴിവും, പ്രാപ്തിയും, ജ്ഞാനവുമല്ലേ യഥാർത്ഥ സ്വത്ത്. അവനവനു ലഭിച്ചിരിക്കുന്ന അറിവും ജ്ഞാനവും അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ ഉദ്ദേശവും ലക്ഷ്യവും എന്നാണ് എന്റെ അഭിപ്രായം.
അന്ധൻമാർ ആനയെ കാണാൻ പോയ ഒരു പഴയ കഥയുണ്ട്. ഒരാൾ ആനയുടെ കാലിൽ പിടിച്ചു നോക്കിയിട്ട് പറഞ്ഞു, ആന ഒരു തൂണു പോലെയാണ്. മറ്റൊരാൾ കൊമ്പിൽ പിടിച്ചു പറഞ്ഞു ആന കമ്പി പോലെയാണ്. വയറിൽ തൊട്ട ആൾ പറഞ്ഞു ആന മതിലു പോലെയാണ്. വാലിൽ പിടിച്ച ആൾ പറഞ്ഞു ആന ചൂലു പോലെയാണ്. തുമ്പികൈയിൽ തൊട്ട ആളു പറഞ്ഞു ആന ഒരു ഉലക്ക പോലെയാണ്. ചെവിയിൽ പിടിച്ച ആൾ പറഞ്ഞു ആന ഒരു മുറം പോലെയാണ്.
തലമുറകളുടെ അന്തരത്തെയും വിടവിനെയും കുറിച്ച് വിശദീകരിക്കാൻ ശ്രമിക്കുന്നത് മേൽപറഞ്ഞ ആനയെ വിവരിച്ചതുപോലെ ആയിരിക്കും. ഓരോരുത്തർക്കും ലഭിച്ച അറിവ് പങ്കു വെച്ച് വിശകലനം ചെയ്തതു കൊണ്ടാണ് ഇന്നു നമുക്ക് അറിയാത്ത ആനയെ പോലുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ കൃത്യമായ ധാരണകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. എങ്കിലും അത് പൂർണ്ണമാണോ?
അതിനാൽ നിങ്ങൾക്കു ഏതെങ്കിലും പ്രസക്തമായ അനുഭവപാഠം ലഭിച്ചിട്ടുണ്ടെങ്കിൽ, അത് കൊച്ചു കുട്ടികൾക്കു പോലും മനസ്സിലാകുന്ന ശൈലിയിൽ എഴുതി, എനിക്ക് അയച്ചു തരണേ. അങ്ങിനെ പലരുടെ അനുഭവപാഠങ്ങൾ കൂട്ടിച്ചേർത്ത്, നമുക്ക് അതെല്ലാം അടുത്ത തലമുറയ്ക്കു വേണ്ടി റഫറൻസ് ആയി രേഖപ്പെടുത്തി വെയ്ക്കാം.
01 നവംബർ 2020
Please post your story here :
or send it to : [email protected]