Back to articles

"ഫാരഡേയ്സ് ലോയും" "ലെൻസസ് ലോയും" മക്കളെ വളർത്താനും സഹായിക്കും !?

June 26, 2021

    ഏതെങ്കിലും പ്രൊപ്പോസൽ കാര്യം പറയാൻ വിളിക്കുമ്പോൾ ചില വീടുകളിൽ നിന്നും ലഭിക്കുന്ന പ്രതികരണം, ആ വീട്ടിലെ അഭിപ്രായ ഐക്യമില്ലായ്മ വെളിപ്പെടുത്താറുണ്ട്. പരിപൂർണ്ണ അഭിപ്രായ ഐക്യമുള്ള വീടുകൾ അപൂർവ്വം ആണല്ലോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാൽ കല്യാണം അന്വേഷിക്കാം എന്ന കാര്യത്തിൽ, വിവാഹാർത്ഥിയും മാതാപിതാക്കളും തമ്മിൽ അഭിപ്രായ ഐക്യം ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കൂ എന്നാണ് ബെത്-ലെഹമിന്റെ നിലപാട്.

    അപ്പനും മകനും തമ്മിൽ വഴക്ക് കൂടി, മകന്റെ പ്രൊഫൈലിന്റെ പാസ്-വേർഡ് വേണം എന്നാവശ്യപ്പെട്ട് എന്നെ വിളിച്ച ഒരു പിതാവുമായി രണ്ട് മണിക്കൂറോളം ഞാൻ ഫോണിൽ സംസാരിച്ചു. സംഭാഷണം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് വലിയ സമാധാനം ആയതു പോലെയും മനംമാറ്റം വന്നതു പോലെയും തോന്നി. ഏതായാലും അദ്ദേഹം പറഞ്ഞു, സാറേ ഇത് എന്റെ വീട്ടിലെ മാത്രം കാര്യമല്ല. എന്റെ പല ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ഇതൊക്കെത്തന്നെയാ സ്ഥിതി, സാറിതെക്കുറിച്ച് വിശദമായി എഴുതി പ്രസിദ്ധപ്പെടുത്തണം.

ശരി സാർ, തീർച്ചയായും എഴുതാം. ഇതേക്കുറിച്ച് മുൻപ് പല കഥകളിലായി ഞാൻ പരാമർശിച്ചിട്ടുണ്ട്. എങ്കിലും ഈ വിഷയം എല്ലാക്കാലത്തും പ്രസക്തമായിരിക്കും.

    മക്കൾ വളർന്ന് വരുമ്പോഴാണ് ഓരോരോ കാര്യങ്ങൾ ചെയ്യുന്നതിലും പറയുന്നതിലും ഒക്കെ നിയന്ത്രണം അനുഭവപ്പെടുന്നതായി അവർക്ക് മനസ്സിലായി തുടങ്ങുന്നത്. പലപ്പോഴും നിയന്ത്രണങ്ങളുടെ ഉദ്ദേശം അവർക്ക് വ്യക്തമായി മനസ്സിലാകാറില്ല. ചിലപ്പോൾ ചില നിയന്ത്രണങ്ങളിലെ ഇരട്ടത്താപ്പുകൾ മനസ്സിലാകുമ്പോൾ എല്ലാ നിയന്ത്രണങ്ങളെ കുറിച്ചും ഇവർക്ക് അസ്വസ്ഥത തോന്നാൻ തുടങ്ങും. മിക്കവാറും ഇത് മാതാപിതാക്കളോടോ, ബന്ധുമിത്രാദികളോടോ പ്രകടിപ്പിക്കുകയും ചെയ്യും.

    എന്തിനാ ഈ അനാവശ്യ ചിട്ടകളും ആചാരങ്ങളും? എനിക്ക് ബോദ്ധ്യമാകാത്തത് എന്തിനാ എന്നെ അടിച്ചേല്പിക്കുന്നത്? ജാതിയെന്തിനാ? മതമെന്തിനാ? വിവാഹം എന്തിനാ? കുടുംബം എന്തിനാ? തുടങ്ങി എന്നെ ജനിപ്പിച്ചതെന്തിനാ, വളർത്തിയതെന്തിനാ എന്നൊക്കെ വരെ ചോദിച്ച്, വ്യവസ്ഥിതികളെ മുഴുവൻ ചോദ്യം ചെയ്ത് രോഷം കൊള്ളുന്ന മക്കളോട് എന്തു പറയണം, എങ്ങിനെ സമാധാനിപ്പിക്കണം എന്നറിയാതെ വിഷമിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട്.

    പലപ്പോഴും മക്കളുടെ അഭിപ്രായ ഭിന്നത, അനുസരണക്കേട് ആണെന്ന് തെറ്റിദ്ധരിച്ച് അവരോട് കയർക്കുകയും, ശകാരിക്കുകയും, കാർക്കശ്യം കാണിക്കുകയും ചെയ്ത് മാനസികമായ അകൽച്ചയും വീട്ടിൽ സംഘർഷവും ആയിരിക്കും ഉളവാകുന്നത്.

    ഇത്തരം സന്ദർഭങ്ങളിലാണ്  മക്കളെ വളർത്താൻ ഫാരഡേയ്സ് ലോയും ലെൻസസ് ലോയും നമ്മളെ സഹായിക്കുന്നത്.

    ഒരു കാന്തമണ്ഡലത്തിൽ വൈദ്യുതി ചാലകം നിശ്ചിത ക്രമത്തിൽചലിപ്പിച്ചാൽ ആ ചാലകത്തിൽ ഒരു ഇലക്ട്രോ മാഗ്നെറ്റിക് ഫോഴ്സ് രൂപപ്പെടും. (Induced EMF). ആ വൈദ്യുതിയുടെ അളവ് ചലിപ്പിക്കുന്നതിന്റെ തീവ്രതക്ക് ആനുപാതികമായിരിക്കും എന്നാണ് ഫാരഡെയ്സ് ലോ.

     നമ്മൾ മക്കളെ വളർത്തുന്നതും ഏതാണ്ട് ഇങ്ങിനെയല്ലേ?. മാതാപിതാക്കളുടെയും, ഗുരുസ്ഥാനത്തുള്ളവരുടെയും, അടുപ്പമുള്ളവരുടെയും കാന്ത വലയത്തിൽ മക്കളെന്ന ചാലകം ചലിക്കുകയോ ചലിപ്പിക്കുകയോ ചെയ്യുമ്പോഴാണ് അവർക്ക് ഓരോരോ അറിവുകളും ശീലങ്ങളും ഇൻഡ്യൂസ് ചെയ്ത് കിട്ടുന്നത്. എന്നു വെച്ചാൽ ഓരോ കുഞ്ഞിന്റെയും ജീവിത സാഹചര്യങ്ങളിൽ നിന്നും മനപ്പൂർവ്വവും അല്ലാതെയും പകർന്ന് ലഭിക്കുന്നതാണ് അവരുടെ സ്വഭാവ വിശേഷങ്ങൾ. Induced EMF തുല്യമായിരുന്നാലും ചാലകത്തിന്റെ ഗുണ വിശേഷങ്ങളനുസരിച്ച് ഒഴുകുന്ന വൈദ്യുതിയുടെ അളവിലും, തന്മുലമുണ്ടാകുന്ന അവസ്ഥകളിലും വ്യത്യാസങ്ങൾ സംഭവിക്കും. ഒരു ഹീറ്ററിലൂടെ ഒഴുകിയാൽ അതു വെച്ച് പാചകം ചെയ്യാം. ഒരു ബൾബിലൂടെ ഒഴുകിയാൽ അതിൽ നിന്നും വെളിച്ചം ലഭിക്കും. അതായത്, വിത്തു ഗുണം പത്തു ഗുണം എന്ന് സാരം.

     കാന്ത വലയത്തിൽ മനപ്പൂർവ്വംചലിപ്പിച്ച് ഇൻഡ്യൂസ് ചെയ്ത് എടുക്കുന്ന വൈദ്യുതിയുടെ ദിശ അത് ചലിപ്പിക്കാൻ ഉപയോഗിച്ച ശക്തിയുടെ എതിർ ദിശയിൽ ആയിരിക്കും എന്നതാണ് ലെൻസസ് ലോ. (Lenze’s Law states that the Induced EMF will oppose the very cause that produced it.)

    മക്കളെ ഓരോരോ സാഹചര്യങ്ങളിൽ വെച്ച് നിർബന്ധിച്ച് ചലിപ്പിച്ച് അറിവും കഴിവും പ്രാപ്തിയും സ്വഭാവ ഗുണങ്ങളും ഇൻഡ്യൂസ് ചെയ്ത് റിസൽട്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കൾ ഈ തത്വം അറിഞ്ഞിരിക്കണം. അറിവില്ലാതെ പോയാൽ അവർക്ക് എഡ്ഡികറന്റ് ഇഫക്ട് അനുഭവിക്കേണ്ടി വരും.

    ഈ ഇഫക്ട് എന്താണെന്നു മനസ്സിലാകണമെങ്കിൽ ആദ്യം Eddy - Current എന്താണെന്ന് അറിയണം. ഒരു നിശ്ചിത കാന്ത മണ്ഡലത്തിൽ വൈദ്യുതകമ്പികൾകറക്കിയാണ്, ജനറേറ്ററിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ആ കറങ്ങുന്നകമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ, ആ കമ്പിക്കു ചുറ്റും മറ്റൊരു കാന്തമണ്ഡലം കൂടി രൂപപ്പെടും. കമ്പിയോടൊപ്പം ഈ കാന്ത മണ്ഡലവും കറങ്ങുന്നു.കറങ്ങുന്ന കാന്ത മണ്ഡലം, വൈദ്യുതി സ്യഷ്ടിക്കാൻ ഉപയോഗിക്കുന്നകാന്തശക്തിയുടെ എതിർ ദിശയിൽ ആണ് രൂപപ്പെടുന്നത്. അതിനാൽ വൈദ്യുതി പ്രവാഹംകൂടും തോറും കറക്കാൻ ഉപയോഗിക്കേണ്ടി വരുന്ന ശക്തിയും വർദ്ധിപ്പിക്കേണ്ടിവരും.

    മാത്രമല്ല, ഈ കറങ്ങുന്ന കാന്ത മണ്ഡലം കറക്കാൻ ഉപയോഗിക്കുന്നയന്ത്രഭാഗങ്ങളിൽ തിരികെയും കുറെ വൈദ്യുതി സൃഷ്ടിക്കും. ഈ ഉപയോഗമില്ലാത്തവൈദ്യുതിക്കാണ് എഡ്ഡികറന്റ് എന്നു പറയുന്നത്. ഇതു കാരണം ജനറേറ്റർചൂടാകാനിടയാകും...

    ജനറേറ്റർ കറങ്ങുകയും, ലോഡ് കണക്ട് ചെയ്യുകയും ചെയ്തെങ്കിലേ വൈദ്യുതിപ്രവഹിക്കുകയുള്ളു. ലോഡില്ലെങ്കിൽ വൈദ്യുതി പ്രവാഹമോ തന്മൂലമുള്ള എഡ്ഡികറന്റോ സംഭവിക്കുന്നില്ല.

    മക്കൾക്ക് ഇൻഡ്യൂസ് ചെയ്ത് കിട്ടിയ അറിവും കഴിവും അവരുടെ താല്പര്യത്തിന് സ്വന്തമായി വിനിയോഗിക്കാൻ തുടങ്ങുമ്പോഴാണ്, മാതാപിതാക്കൾക്ക് എഡ്ഡികറന്റിന്റെ ചൂട് അനുഭവപ്പെടുന്നത്. അവര്സ്വന്തമായി ഒന്നും ചെയ്യാതെ, നിങ്ങളു പറയുന്നത് അച്ചട്ടായി അനുസരിച്ച് ജീവിച്ചാൽ നല്ല മക്കൾ എന്ന് എല്ലാവരും കൊതിവെയ്ക്കും, പക്ഷേ സ്വന്തമായി ഒന്നുംചെയ്യാൻ പ്രാപ്തി ഇല്ലാത്തവരായി അവർ മാറാനിടയാകും.

    ലോഡ് കണക്ട് ചെയ്യുമ്പോളുണ്ടാകുന്ന ഉപകാരപ്രദമായ വൈദ്യുതിയോടൊപ്പം ഉപകാരമില്ലാത്ത എഡ്ഡികറന്റും  ജനറേറ്ററിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനെ നിയന്ത്രിക്കാൻ ജനറേറ്ററിന്റെ ഉള്ളിലെ ലോഹ ഭാഗങ്ങൾ (കോർ) ലാമിനേറ്റ് ചെയ് ത്ഇൻസുലേഷൻ ഏർപ്പെടുത്തും. അപ്പോഴും എഡ്ഡി കറന്റ് ഉണ്ടാകും, പക്ഷേ അത് ഓരോ ലാമിനേഷനിലേക്കുമായി വിഭജിക്കപ്പെട്ട്, ചൂടിന്റെ അളവ് കുറയും. അത്പോലെ, മാതാപിതാക്കൾ മനസ്സിൽ സൃഷ്ടിക്കേണ്ട ഒരു ഇൻസുലേഷൻ സംവിധാനം ആണ് സമചിത്തത.

     ആ സമചിത്തതയോടെ മക്കളോട് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് വിശദീകരിച്ചു കൊടുക്കുക. അവരുടെ മറു ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ല എങ്കിൽ അധികാര ഭാവത്തിൽ ശബ്ദമുയർത്തിയും, പരിഹസിച്ചും മറ്റും അവരുടെ വായടപ്പിക്കരുത്. അത് സ്വന്ത നിലയിൽ കണ്ടെത്താൻ അവരെ അനുവദിച്ചേക്കുക.

    പ്രിയപ്പെട്ടവരെ, ഞാൻ ജീവിച്ചു പരിചയിച്ച സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ച് എന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തിരിക്കുന്ന എന്റെ കാഴചപ്പാടുകൾ അടുത്ത ലക്കത്തിൽ പങ്കു വെയ്ക്കാം. സ്വീകാര്യമായി തോന്നുന്നുവെങ്കിൽ നിങ്ങളുടെ മക്കളോടും നിങ്ങൾക്കത് പറഞ്ഞു കൊടുക്കാം.

 

സസ്നേഹം

ജോർജ്ജ് കാടൻകാവിൽ

ഡയറക്ടർ - ബെത്‌ലെഹം മാട്രിമോണിയൽ.

ജൂലൈ 2021

What is Profile ID?
CHAT WITH US !
+91 9747493248