''സാറൊന്നു സംസാരിക്കണം'' എന്നാവശ്യപ്പെട്ട് എന്റടുത്തേക്ക് മക്കളെ പറഞ്ഞു വിടുകയും, കൂട്ടികൊണ്ട് വരികയും ചെയ്യുന്ന നിരവധി മാതാപിതാക്കളുണ്ട്. വരുന്ന ആൺകുട്ടികളോടും പെൺകുട്ടികളോടും, ഞാൻ ചോദിക്കാറുണ്ട്, എന്തിനാ നിങ്ങള് കല്യാണം കഴിക്കുന്നത് എന്ന്.
മിക്കവാറും പിള്ളേർ വ്യക്തമായ ഒരുത്തരം തരാറില്ല. ''പഠിത്തം കഴിഞ്ഞു, ജോലിയായി, ഇനി കഴിക്കാൻ മിച്ചമുള്ളത് കല്യാണമാ'' എന്ന മട്ടിൽ ഒരു ചിരിയിലൊതുങ്ങും.
''അപ്പനും അമ്മയും നിർബന്ധിച്ചിട്ടാണ് ''
''ഉള്ളിൽ ശൂന്യത തോന്നിയിട്ടാണ് ''
''എനിക്കും ഒരു കുടുംബം ഉണ്ടാക്കാനാണ്''
''കല്യാണം ഒന്നും ആയില്ലേ? ഈ ചോദ്യം കേട്ടു മടുത്തിട്ടാ''
ഇങ്ങനെ രസകരവും, ചിലപ്പോൾ കാതലായതുമായ ഉത്തരങ്ങൾ കിട്ടുന്ന ഒരു ചോദ്യമാണിത്.
നല്ലൊരു സ്ഥാപനത്തിൽ നല്ല പൊസിഷനിൽ ജോലി കിട്ടിയ ഒരു മിടുക്കി പെൺകുട്ടിയും അമ്മയും കൂടി എന്നെ കാണാൻ വന്നപ്പോൾ അവളോടും ചോദിച്ചു
''എന്തിനാ മോളേ കല്യാണം?''
''എന്റെ അങ്കിളേ; ഈ മമ്മീടെ നിർബന്ധം കാരണമാ ഞാൻ ഇപ്പോൾ കല്യാണത്തിന് സമ്മതിച്ചത്. പഠിച്ചിറങ്ങിയ ഉടനേ ജോലി കിട്ടി, ഒരു വർഷം തികഞ്ഞിട്ടില്ല, നല്ല ഭാവിയും ഉയർച്ചയും ലഭിക്കാവുന്ന ഒരു കരിയറാണ് ഇപ്പോൾ എനിക്കുള്ളത്. പക്ഷേ ഇപ്പോൾ തന്നെ എന്നെ കെട്ടിച്ചു വിടണം എന്നാ ഇവർക്ക്, ഇവരെ വിഷമിപ്പിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല, അതുകൊണ്ട് കരിയർ പോട്ടെ എന്നു വെക്കുകയാണ് !''
കരിയറാണോ വിവാഹമാണോ പ്രധാനം, ഇതാണ് മോളുടെ ഇപ്പോഴത്തെ പ്രശ്നം. ആദ്യം നിന്റെ തൊഴിൽ എന്നത് നിന്നെ സംബന്ധിച്ച് എന്താണ് എന്ന് നിനക്ക് ബോദ്ധ്യമുണ്ടാക്കുക.
ഉപജീവനത്തിനു വേണ്ടി തൊഴിൽ ചെയ്യുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. ചില ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി അതിനു പറ്റിയ തൊഴിൽ ചെയ്യുന്നവരുണ്ട്. ഇഷ്ടമുള്ള പ്രവർത്തിയിൽ ഏർപ്പെടുന്നതിന്റെ സുഖത്തിനു വേണ്ടി ആ പ്രത്യേക തൊഴിൽ ചെയ്യുന്നവരുണ്ട്. അന്തസ്സിനും, ജീവിതക്രമത്തിനും, ചിട്ടക്കും വേണ്ടി തൊഴിൽ ചെയ്യുന്നവരുണ്ട്.
മറ്റു വിഷമങ്ങൾ ഓർമ്മിക്കാതിരിക്കാൻ തൊഴിലിൽ മാത്രമായി മുഴുകിയിരിക്കുന്നവരും, തൊഴിൽ തന്നെ ജീവിതമാക്കിയവരും ഉണ്ട്.
പഠനകാലത്ത് പ്രോഗ്രസ് റിപ്പോർട്ട് നോക്കിയും, ജോലി ചെയ്യുമ്പോൾ ശമ്പള സ്കെയിൽ നോക്കിയും വളർച്ചയും ഉയർച്ചയും അളന്നു കൊണ്ടിരിക്കുന്നവരുമുണ്ട്.
എന്നാൽ എല്ലാവർക്കും പൊതുവായിരിക്കുന്ന ഒരു ഘടകമുണ്ട്, ചില ആവശ്യങ്ങൾ സാധിച്ചെടുക്കാനുള്ള ഒരു മാർഗ്ഗമാണ് തൊഴിൽ.
അപ്പോൾ ഇനി വേണ്ടത്, നിന്റെ ജീവിതത്തിന്റെ ലക്ഷ്യവും, ആവശ്യങ്ങളും നിർവചിക്കുകയാണ്. നിനക്കും ഒരു കുടുംബം ഉണ്ടാക്കണമെന്നും, ആ ബന്ധങ്ങളും ബന്ധനങ്ങളും ആസ്വദിച്ച് ജീവിതയാത്ര പൂർത്തിയാക്കണമെന്നും നിനക്ക് ഒരാവശ്യമായി തോന്നുന്നുണ്ടെങ്കിൽ വിവാഹത്തിന് പ്രാധാന്യം കൊടുക്കുക, കുടുംബം മെച്ചപ്പെടുത്താനുള്ള മാർഗ്ഗമായി നിന്റെ തൊഴിലിനെ കാണുക.
അതല്ല ഇതിലും മുഖ്യമായ എന്തെങ്കിലും പ്രവർത്തിയിലേർപ്പെടേണ്ട സാഹചര്യമാണ് മോൾക്ക് ഉള്ളതെങ്കിൽ ആ സാഹചര്യം മാറുമ്പോൾ മതി വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. അല്ലെങ്കിൽ ആ സാഹചര്യം മെച്ചപ്പെടുത്താൻ പറ്റിയ ഒരു പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കണം.
അപ്പനും അമ്മയും നിർബന്ധിക്കുന്നത് വിവാഹത്തെക്കുറിച്ച് മകളെക്കൊണ്ട് ഗൌരവമായി ചിന്തിപ്പിക്കാനാണ്. അത് അവരുടെ അവകാശവും കടമയുമാണ്. മോള് ആ ഗൌരവത്തിൽ തന്നെ അതേക്കുറിച്ച് ചിന്തിക്കുകയും, നിന്റെ അഭിപ്രായം കാര്യ കാരണ സഹിതം അവരെ അറിയിക്കുകയും വേണം.
പക്ഷെ, വിവാഹത്തിന് സമ്മതിക്കുന്നത്, ആരെങ്കിലും നിർബന്ധിക്കുന്നതു കൊണ്ടാകരുത്. ആത്യന്തികമായി ആ വിവാഹം നിനക്ക് ഗുണകരമായിത്തീരും എന്ന ബോദ്ധ്യം കൊണ്ട് മാത്രമായിരിക്കണം.
George Kadankavil - March 2022