Back to articles

ഈ അത്യാഹിതങ്ങളും നമ്മൾ അതിജീവിക്കും.

April 01, 2020

പലരും ചോദിക്കാറുണ്ട് എന്തേ സാർ നല്ല നേരങ്ങളിൽ ഇങ്ങനെ അത്യാഹിതങ്ങൾ വന്ന് നമ്മുടെ സ്വപ്നങ്ങൾ തകരുന്നതെന്ന്. കൃത്യമായി ഉത്തരം നൽകാൻ ഒരു മനുഷ്യനും സാധിക്കാത്ത ചോദ്യം. ഉത്തരം കാട്ടിത്തരാൻ കാലത്തിനു മാത്രമേ കഴിയൂ. 

എന്തിനാണ് ജനിച്ചതെന്നോ, എപ്പോഴാണ് മരിക്കുകയെന്നോ അറിഞ്ഞുകൂടാത്ത മനുഷ്യൻ, ജീവിതത്തിൽ ഉണ്ടാകാറുള്ള ഓരോ സംഭവങ്ങൾക്കും ഓരോ പേരുകളിട്ടുവന്നു. അതിൽ ഒരു സംഭവത്തിന് ആരോ കൊടുത്ത പേരാണ് അത്യാഹിതം.

ഓരോ സംഭവവും നമ്മളോരോരുത്തരെക്കൊണ്ടും ഓരോരോ വിധത്തിൽ പ്രതികരിപ്പിക്കുന്നു. ഓരോ പ്രതികരണവും പുതിയ സംഭവങ്ങൾ സൃഷ്ടിക്കുന്നു. ഇതൊക്കെ എന്തിനായിരുന്നു എന്നു ചോദിച്ചാൽ, എല്ലാം നല്ലതിനായിരുന്നു എന്നങ്ങു വിശ്വസിക്കുക. അപ്പോൾ കൂടുതൽ നല്ല സംഭവങ്ങൾ അനുഭവിക്കാനിടയാകം, ഇതാണെൻറെ അനുഭവം.

വേദനിപ്പിക്കുന്ന സംഭവങ്ങളോട് പ്രതിഷേധവും, പ്രതികാരവും, നിരാശയും ഒക്കെ വച്ചുപുലർത്തുന്നവരാണ് അധികവും എന്നെനിക്കു തോന്നുന്നു. ഇവരുടെ പ്രതികരണങ്ങൾ, അവരവർക്കു തന്നെ കൂടുതൽ വേദനിപ്പിക്കുന്ന സംഭവങ്ങളായിരിക്കും സൃഷ്ടിക്കുക. ഇത് ചുറ്റുമുള്ളവരെയും, ഇവരുടെ വേണ്ടപ്പെട്ടവരെയും വീണ്ടും വേദനിപ്പിക്കും.

എങ്കിലും ഒന്നും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കുന്നതിനേക്കാൾ ഭേദം ഏതെങ്കിലും വിധത്തിൽ പ്രതികരിക്കുന്നതു തന്നെയാണ്.

പ്രതീക്ഷിക്കാത്ത സമയത്ത് എപ്പോൾ വേണമെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് അത്യാഹിതങ്ങൾ കടന്നു വരും. അതേക്കുറിച്ച് ആകുലപ്പെട്ടതുകൊണ്ട് കാര്യമില്ല. നമ്മുടെ പരിധിയിലുള്ള പ്രതിവിധികൾ ചെയ്യുക, ആകാശം ഇടിഞ്ഞു വീഴുന്നതു കണ്ടാൽ ഒരു കുട നിവർത്താനെങ്കിലും ശ്രമിക്കണം

ചെയ്യേണ്ടത് എല്ലാം ചെയ്യുക. ഫലത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കരുത്. സംഭവിക്കേണ്ടതു മാത്രമേ സംഭവിക്കുകയുള്ളൂ. സംഭവിക്കുന്നത് എല്ലാം നല്ലതിനാണ്. സംഭവിക്കാനിരിക്കുന്നതും നല്ലതിന് തന്നെ. ഒന്നും നമ്മൾ ഇവിടേക്ക് കൊണ്ടുവന്നിട്ടില്ല. ഒന്നും നമ്മൾ ഇവിടെ നിന്നും കൊണ്ടു പോവുകയുമില്ല. ഇന്നെനിക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ ഇത് വേറെ ആരുടേതെങ്കിലും ആയി തീരുകയും ചെയ്യും.

An incident is never the end of Everything.

It is just the beginning of a new set of Incidents.

 "There are no Accidents"

പത്തു വർഷം മുമ്പ് എഴുതിയ ഒരു ലേഖനത്തിലെ കാലിക പ്രസക്തമായ ഈ ഭാഗമാണ്, ഇത്തവണ എഴുതാനിരുന്നപ്പോൾ ഓർമ്മയിൽ വന്നത്.

പ്രിയപ്പെട്ടവരെ,

ഇന്നു ജീവിച്ചിരിക്കുന്ന ആർക്കും ജീവിതത്തിൽ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ലോകം. നാളെയെക്കുറിച്ച് വേവലാതിപ്പെടുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലല്ലോ.

അതു കൊണ്ട് ഇന്ന് പ്രായോഗികമായി നമുക്ക് ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങൾ താഴെക്കാണുന്ന പ്രധാനപ്പെട്ട അറിയിപ്പുകളിൽ ചേർത്തിരിക്കുന്നത് വായിക്കുമല്ലോ.

 

Important Announcements

1. Work from Home.

ഞങ്ങളുടെ സ്റ്റാഫ് എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. ബെതലെഹമിലെ അംഗങ്ങളെ വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുകയാണ് ഇപ്പോൾ ഞങ്ങളുടെ പ്രധാന പ്രവർത്തി.

2. Bethlehem News Magazine

ഏപ്രിൽ മാസത്തെ മാസിക പ്രിൻറു ചെയ്യാനും പോസ്റ്റു ചെയ്യാനും നിവൃത്തിയില്ല. പകരം ഇങ്ങിനെ ഒരു ന്യൂസ്-ലെറ്ററാണ് തയ്യാറാക്കിയിരിക്കുന്നത്. മാസികയുടെ സർക്കുലേഷനേക്കാളധികം ആളുകളിലേക്ക് എത്തിച്ചേരാൻ ഈ സംവിധാനം സഹായിക്കും. പോരായ്മകൾ എന്തെങ്കിലും കണ്ടാൽ അത് എന്നെ അറിയിക്കാൻ മടിക്കരുത്. സാഹചര്യം കണക്കിലെടുത്ത് പരിമിതികൾ സദയം ക്ഷമിക്കണം.

3. Registration Validity

ബെതലെഹം അംഗങ്ങളുടെ എല്ലാവരുടെയും രജിസ്ട്രേഷൻ കാലാവധി ഒരുമാസം കൂടി നീട്ടിയിടുകയാണ്. നിലവിൽ കാലാവധി കഴിഞ്ഞ പ്രൊഫൈലുകൾക്കെല്ലാം ഏപ്രിൽമാസം മുഴുവൻ ഉപയോഗിക്കത്തക്ക വിധം കാലാവധി വർദ്ധിപ്പിക്കുന്നതാണ്. ഒരുപക്ഷേ അതിൽ ചിലരുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടാകാം. അങ്ങിനെ കണ്ടാൽ എന്നെ അറിയിക്കണേ.

4. Application Development

ബെതലെഹമിൻറെ മൊബൈൽആപ്പ് പുതിയ വെർഷൻ ജനുവരി മാസം റിലീസ് ചെയ്തു. ഒരു ബേസിക് വെർഷൻ മാത്രമാണിത്. പുതിയ രജിസ്ട്രേഷൻ, പേയ്മെൻറ്, പ്രൊഫൈൽ എഡിറ്റിംഗ്, ഫോട്ടോ അപ് ലോഡിംഗ് ഈ കാര്യങ്ങൾക്ക് വെബ് സൈറ്റ് തന്നെ ഉപയോഗിക്കണം.

പൂർണ്ണ രൂപത്തിലുള്ള ആപ്പിൻറെ വർക്ക് നടന്നു കൊണ്ടിരിക്കുകയാണ്.

5. New Book “The Theory of Marriage Alliance. Vol -I”

ഇരുപത്തിനാലു വർഷമായി ബെതലെഹം മസികയിൽ എഴുതി വന്നിരുന്ന എൻറെ ലേഖനങ്ങളിൽ നിന്നും കാലിക പ്രസക്തമായ 112 കഥകൾ തിരഞ്ഞെടുത്ത് അത് ഒരു ബഹുവർണ്ണ സചിത്ര ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്തുകയാണ്. പുസ്തകത്തിൻറെ പേര് – “തിയറി ഓഫ് മാര്യേജ് അലയൻസ് ഒന്നാം ഭാഗം - ബെത് ലെഹമിലെ കല്യാണവിശേഷങ്ങൾ” എന്നാണ്. പണികൾ തീർത്ത് പ്രിൻറ് ചെയ്യാൻ കൊടുത്തിരിക്കുന്നു.

6. Proposals Status

സമയം മിച്ചമുള്ളതിനാൽ ഇതുവരെ ആലോചനയിൽ തണുത്തിരുന്ന പലരും വിവാഹാന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ദിവസം ആയിരത്തിലധികം പ്രൊപ്പോസലുകൾ നമ്മുടെ സൈറ്റ് വഴി ഇപ്പോൾ നടക്കുന്നുണ്ട്. പുതിയ പ്രൊഫൈലുകളും വരുന്നുണ്ട്.

പക്ഷേ നിരവധി അംഗങ്ങൾ മനസ്സുമടുത്തും ടെൻഷനിലും ആണ് കഴിയുന്നത് എന്നു ചിലരോട് സംസാരിച്ചപ്പോൾ തോന്നാനിടയായി. വിഷമഘട്ടങ്ങളിൽ ഉൾവലിയരുത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ തുടരണം. അതിന് നിങ്ങളോരോരുത്തരുടെയും പങ്കാളിത്തം ഞാനപേക്ഷിക്കുകയാണ്.

7. A Request

ബെത് ലെഹം വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് സെർച്ച് ചെയ്യുക. പരിചയമുള്ള കുടുംബങ്ങളേതൊക്കെ ഉണ്ട് എന്നു പരിശോധിക്കുക. സാധിക്കുമെങ്കിൽ അവരെ വിളിച്ച് കുശലം പറയുന്നതും, വിശേഷങ്ങൾ തിരക്കുന്നതും രണ്ടു കൂട്ടർക്കും ആശ്വാസകരമായിരിക്കും എന്നാണ് എൻറെ ചിന്ത. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ഇതൊന്നു പരീക്ഷിച്ചു നോക്കണെ.

പ്രൊപ്പോസൽ കാര്യങ്ങൾ പറയാനും സൌഹൃദം സൃഷ്ടിക്കാനും ഈ അവസരം സമയം തരുന്നുണ്ട്. പക്ഷേ അപകട സാദ്ധ്യതയുള്ളപ്പോൾ റിസ്ക് എടുത്ത് പുറത്ത് ഇറങ്ങി യാത്ര ഒന്നും അരുതേ. വീഡിയോ കോളും ചാറ്റും ഒക്കെ മതിയാകും.

8. Salute from my Heart

സ്വന്ത ജീവൻ അപകടപ്പെടാമെന്നറിഞ്ഞു കൊണ്ട് തന്നെ കോവിഡിനെതിരെ പൊരുതുന്ന രാജ്യത്തിൻറെ ധീരപോരാളികളാണ് നമ്മുടെ മെഡിക്കൽ, ഹെൽത്ത്, പോലീസ്, സപ്ളൈ, സർക്കാർ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും, വോളൻറിയർമാരും, ഭരണാധികാരികളും.

സ്തുത്യർഹമായ ഈ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

എല്ലാവരും സുരക്ഷിതരായിരിക്കണമേ, എല്ലാം നന്മയ്ക്കായി വന്നു ഭവിക്കണമേ എന്ന പ്രാർത്ഥനയോടെ,

ജോർജ്ജ് കാടൻകാവിൽ
ഡയറക്ടർ, ബെതലെഹം.

What is Profile ID?
CHAT WITH US !
+91 9747493248