Back to articles

അമ്പമ്പട രാഭണാ !

January 03, 2018

സുന്ദരിയും വിദ്യാസമ്പന്നയുമായ ഒരു രാജകുമാരിക്ക് അവളുടെ വിവാഹകാര്യത്തിൽ ഒരേയൊരു നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. അറിവിലും ജ്ഞാനത്തിലും തന്നെ തോല്പിക്കുന്ന ഒരുവനെ മാത്രമേ തന്റെ ഭർത്താവായി സ്വീകരിക്കുകയുള്ളു അത്രെ. ആ നാട്ടിലെ പല പണ്ഡിതരെയും രാജകുമാരി വാദപ്രതിവാദത്തിൽ തോല്പിച്ചു. അങ്ങിനെ അവിടുള്ള പണ്ഡിതർക്കെല്ലാം രാജകുമാരിയോട് കടുത്ത നീരസവും വിരോധവും ആയി. അതിലൊരു പണ്ഡിതൻ, ഏറ്റവും വിഡ്ഢി ആയിട്ടുള്ള ഒരുവനെ കണ്ടെത്തി ഈ രാജകുമാരിയുടെ അഹങ്കാരം ശമിപ്പിക്കും എന്നു ദൃഢനിശ്ചയം ചെയ്ത് അതിനു വേണ്ടി ഇറങ്ങിത്തിരിച്ചു. ഒരു പമ്പര വിഡ്ഢിയെ അന്വേഷിച്ചിറങ്ങിയ അയാളുടെ മുന്നിൽ അതാ ഒരു ആട്ടിടയൻ മരച്ചില്ലയിലിരുന്ന്, താനിരിക്കുന്ന കൊമ്പുതന്നെ മുറിക്കുന്നു.

പണ്ഡിതൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, ഏടോ താൻ ഇരിക്കുന്ന കൊമ്പു മുറിക്കരുത്, മുറിച്ചാൽ താനും കൂടി താഴെ വീഴും.

പക്ഷേ ഇടയൻ അതു കേട്ടഭാവം കാണിക്കാതെ ആ ശിഖരം മുറിച്ചതും പ്ധിം എന്നു താഴെ വീണു. ഇടയൻ അത്ഭുതത്തോടെ എണീറ്റ് പണ്ഡിതന്റെ മുന്നിൽ ചെന്നു സാഷ്ടാംഗം നമസ്കരിച്ചു പറഞ്ഞു, പ്രഭോ അങ്ങൊരു ദിവ്യനാണല്ലേ? ഞാൻ വീഴും എന്ന കാര്യം അങ്ങ്  ദിവ്യദൃഷ്ടിയിൽ കണ്ടു അല്ലേ?. പണ്ഡിതന് അളവറ്റ സന്തോഷം തോന്നി, ഇടയനോടു കൂടുതൽ സംസാരിച്ചപ്പോൾ അയാൾ കാഴ്ചയിൽ യോഗ്യനാണെങ്കിലും ശരിക്കും ഒരു മന്ദബുദ്ധിയാണെന്ന് പണ്ഡിതന് ബോദ്ധ്യമായി.

 ഇത്രയും വിഡ്ഢി ആയ ഇവനെക്കൊണ്ടു വേണം ആ അഹങ്കാരി പെണ്ണിനെ ഒരു പാഠം പഠിപ്പിക്കാൻ എന്ന് നിശ്ചയിച്ചു, അയാൾ ഇടയനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടു പോയി നല്ല വേഷം ധരിപ്പിച്ചു, രാജകുമാരിയെക്കുറിച്ച് ധാരാളം വർണ്ണിച്ച് മോഹിപ്പിച്ച്, ഇടയനെ കൊട്ടാരത്തിൽ രാജകുമാരിയുടെ ദർബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി.

രാജകുമാരിയുടെ  മുന്നിലെത്തിയ ഇടയൻ അവിടുത്തെ ചുവരിൽ കണ്ട പത്തു തലയുള്ള രാവണന്റെ ചിത്രം നോക്കി  അമ്പമ്പട രാഭണാ എന്നു പറഞ്ഞു. അപ്പോൾ രാജകുമാരി, രാഭണൻ എന്നല്ല രാവണൻ എന്നാ ഉച്ചരിക്കേണ്ടത് എന്നു ഇടയനെ തിരുത്തി. ഉടനെ പണ്ഡിതനും സുഹൃത്തുക്കളും അതേറ്റു പിടിച്ച് രാജകുമാരിയോട് തർക്കിച്ചു. കുംഭകർണ്ണൻ എന്നും വിഭീഷണൻ എന്നും സഹോദരന്മാർക്ക് പേരുള്ളതിനാൽ രാഭണൻ എന്ന് പറയുന്നത് ശരിയാണ് എന്ന് എല്ലാവരും കൂടി കുയുക്തി പ്രയോഗിച്ച് രാജകുമാരിയെ കൊണ്ട് ഇടയനെ സ്വയംവരം ചെയ്യിപ്പിച്ചു.

വാദത്തിൽ തോറ്റെങ്കിലും, പണ്ഡിതനെ ഭർത്താവായി ലഭിച്ചല്ലോ എന്ന സന്തോഷത്തിൽ രാത്രി മണവറയിലെത്തിയ രാജകുമാരി കാണുന്നത്, ഇടയൻ വെറും തറയിൽ ചുരുണ്ടു കൂടി കിടന്ന് ഉറങ്ങുന്ന കാഴ്ചയാണ്. ഉറക്കത്തിൽ ആടുകളെ മേയ്ക്കുന്ന പോലെ ശബ്ദിക്കുകയും ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നതുകൂടി കണ്ടപ്പോൾ രാജകുമാരിക്ക് സഹിച്ചില്ല, അപ്പോൾത്തന്നെ ഇടയനെ വിളിച്ചേൽപ്പിച്ച്, നിങ്ങൾ ശരിക്കും പണ്ഡിതനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് എന്റെ ഭർത്താവായിരിക്കാൻ യോഗ്യത ഉണ്ടാകൂ എന്നൊക്കെ ശകാരിച്ചു.

ഈ സമയം കൊണ്ട് ഇടയന്, രാജകുമാരിയോട് കടുത്ത പ്രണയം തോന്നിയിരുന്നു, അതുകൊണ്ട് അയാൾ ചോദിച്ചു, ഈ ജ്ഞാനം എവിടെ കിട്ടും?. കാളീക്ഷേത്രത്തിൽ പോയിരുന്ന് കാളിയെ ഭജിച്ചാൽ മതി, ജ്ഞാനം കിട്ടും എന്നു പറഞ്ഞ് രാജകുമാരി ഇടയനെ കൊട്ടാരത്തിൽ നിന്നും ഇറക്കി വിട്ടു. ഇടയൻ അലഞ്ഞു നടന്ന് കാളിക്ഷേത്രം കണ്ടു പിടിച്ച് അവിടിരുന്ന് ഭജന തുടങ്ങി.

ഭദ്രകാളി എപ്പോഴോ രാത്രി സഞ്ചാരത്തിന് ക്ഷേത്രത്തിനു പുറത്ത് പോയപ്പോൾ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് ഇടയൻ ക്ഷേത്രത്തിനകത്തു  നിന്നും വാതിൽ അടച്ചു തഴുതിട്ടു. വെളുപ്പിനെ കാളി വന്നപ്പോൾ ക്ഷേത്രം അടഞ്ഞു കിടക്കുന്നു.

വാതിലിൽ ഉറക്കെ മുട്ടിക്കൊണ്ട് കാളി ചോദിച്ചു അകത്താര്? ഇടയൻ ഉടനെ തിരിച്ചു ചോദിച്ചു പുറത്താര്? കാളി പറഞ്ഞു, പുറത്തു കാളി, അപ്പോൾ ഇടയൻ പറഞ്ഞു അകത്ത് ദാസൻ.

അപ്പോൾ കാളി വിളിച്ചു കാളിദാസാ വാതിൽ തുറക്കൂ.

ഇല്ല, എനിക്കു ജ്ഞാനം കിട്ടാതെ ഞാൻ വാതിൽ തുറക്കില്ല എന്നായി ഇടയൻ, ഒടുവിൽ വാതിൽ പഴുതിലൂടെ ഇടയന്റെ നാവ് നീട്ടികൊടുത്ത് അതിൽ കാളി ജ്ഞാനമന്ത്രം എഴുതി കൊടുത്തു അത്രെ, ഇടയന്റെ ബുദ്ധി തെളിഞ്ഞ് അപ്പോൾ തന്നെ ദേവിയെ സ്തുതിക്കുന്ന ഒരു ശ്ളോകം എഴുതി, അങ്ങനെ കാളിദാസൻ എന്ന മഹാകവി ഉദയം ചെയ്തു എന്നാണ് ഐതിഹ്യം.

ജ്ഞാനം നേടിയ കാളിദാസൻ രാജകുമാരിയുടെ പക്കൽ തിരികെ ചെന്നു തനിക്ക് അറിവ് ലഭിച്ചു എന്നറിയിച്ചു. ഉടനെ രാജകുമാരി പരീക്ഷിക്കാനായി മൂന്നു വാക്കിൽ ഒരു ശ്ളോകമുണ്ടാക്കി, കാളിദാസൻ അതിന് ഉചിതമായ മറുപടി ശ്ളോകം ചൊല്ലി തനിക്ക് ശരിക്കും ജ്ഞാനം ലഭിച്ചു  എന്നു തെളിയിച്ചു.

ഒരിക്കൽ അപമാനിക്കപ്പെട്ട ബന്ധവും ഇടവുമാണല്ലോ  ഈ കൊട്ടാരം എന്നോർത്താവണം, കാളിദാസൻ രാജകുമാരിയോട് യാത്രപറഞ്ഞ് അവിടംവിട്ടു പോയി. എങ്കിലും തനിക്കു ജ്ഞാനം ലഭിക്കാൻ കാരണഭൂതയായ രാജകുമാരിയോട് കാളിദാസന് അത്യധികം ബഹുമാനം ഉണ്ടായിരുന്നു. രാജകുമാരി അവസാനം ഉച്ചരിച്ച മൂന്നു പദങ്ങൾ ഓരോന്നും വെച്ചു തുടങ്ങുന്നു മേഘസന്ദേശം, കുമാരസംഭവം, രഘുവംശം എന്നീ മൂന്നു മഹാ കാവ്യങ്ങൾ അദ്ദേഹം രചിച്ചു. മേഘസന്ദേശത്തിലൂടെ അദ്ദേഹം വർണ്ണിച്ച യക്ഷന്റെ വിരഹവേദന ആ രാജകുമാരി ഒരു പക്ഷേ വായിച്ചിരുന്നെങ്കിൽ കാളിദാസന്റെ സ്വന്തം  വിരഹവേദനക്കു തുല്യമാണെന്ന് അവർ മനസ്സിലാക്കുമായിരുന്നു.

അക്കാലത്ത് ഭോജരാജൻ തന്റെ രാജ സദസ്സിൽ ധാരാളം പണ്ഡിതത്മാരെ വരുത്തി അവരിൽ നിന്നും അറിവ് തേടിയിരുന്നു. രാജാവിന്റെ ജ്ഞാനതൃഷ്ണയെ കുറിച്ച് അറിഞ്ഞ ധാരാളം പേർ അറിവൊന്നും ഇല്ലെങ്കിലും രാജസദസ്സിൽ ഷൈൻ ചെയ്യാൻ വരുന്നത് രാജാവിന് ഒരു ശല്യമായി തോന്നി. അത്തരക്കാരെ ഒഴിവാക്കാൻ സായണൻ എന്നും മായണൻ എന്നും  പേരുള്ള രണ്ടു വിദ്വാന്മാരെ ദ്വാരപാലകരായി നിയോഗിച്ചു. രാജാവിനെ കാണാൻ വരുന്നവരോട് ചോദ്യങ്ങൾ ചോദിച്ച് ജ്ഞാനമുള്ളവർക്കു മാത്രം ഭോജരാജനെ മുഖം കാണിക്കാൻ അവസരം കൊടുത്തു വന്നു.

കാളിദാസൻ ഭോജരാജനെ കാണാനെത്തി, സായണ മായണന്മാരെ തെല്ലൊന്നു പരിഹസിക്കും വിധം തന്റെ പാണ്ഡിത്യം വെളിപ്പെടുത്തി രാജസദസ്സിലെത്തുകയും, പിന്നീട് ഭോജരാജാവിന്റെ സന്തത സഹചാരി ആയി വളരെ കീർത്തിമാനായി സംഭവബഹുലമായി ജീവിക്കുകയും ചെയ്തു അത്രെ.
-------

പങ്കാളിയുടെ  കഴിവുകേടുകളെ കുറിച്ച് വിഷമിക്കുകയോ, പുച്ഛിക്കുകയോ, പരിഹസിക്കുകയോ, അമർഷം കൊള്ളുകയോ ഒക്കെ ചെയ്യുന്ന ഒരുപാട് പേർ എന്നോട് കുറെ അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അവിടെയെല്ലാം ശ്രദ്ധിച്ചിട്ടുള്ള ഒരു പ്രധാന കാര്യം, ദോഷങ്ങളെ പെരുപ്പിച്ച് പറഞ്ഞും, ആവർത്തിച്ചു പറഞ്ഞും, അയാളുടെ നല്ല ഗുണങ്ങളും അപാര സാദ്ധ്യതകളും അവഗണിക്കപ്പെടുന്നു എന്നതാണ്. കുറെയധികം കുറ്റം പറച്ചിൽ കേട്ടുകഴിയുമ്പോൾ നമുക്കു തന്നെ തോന്നി തുടങ്ങും  നമ്മളെ ഒന്നിനും കൊള്ളില്ല എന്ന്.

എന്നാൽ എന്തിനോടെങ്കിലും കടുത്ത മോഹം തോന്നി അത് സാക്ഷാത്കരിക്കണമെന്ന ആഗ്രഹം പാരമ്യത്തിലെത്തിയാൽ, മറ്റെല്ലാം മറന്ന് ആഗ്രഹപൂർത്തീകരണത്തിനായി സടകുടഞ്ഞ് എണീറ്റ്  അസാദ്ധ്യമായതു പോലും സാധിച്ചെടുക്കുന്ന സ്വഭാവ വിശേഷവും മനുഷ്യർക്കുണ്ട്. കടുത്ത മനോവിഷമം ഉളവാക്കുന്ന അനുഭവങ്ങളും (Significant Emotional Events), ഇത്തരത്തിൽ സ്വഭാവമാറ്റത്തിന് ഇടയാക്കുന്നുണ്ട്.

കാളിദാസൻ മുമ്പ് ഒരു വിഡ്ഢി ആയിരുന്നു എന്നു മാത്രമല്ലേ പറഞ്ഞുകേട്ടിട്ടുള്ളു. ആ അവസ്ഥയിലും, അദ്ദേഹത്തിന് എന്തും പരീക്ഷിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ലേ? താൻ താഴെ വീഴും എന്നു പ്രവചിച്ച പണ്ഡിതനെ ദിവ്യനെന്നു വിളിച്ചു ആദരിക്കാനും അംഗീകരിക്കാനും മടി കാണിച്ചില്ല്ലല്ലോ?

ആ പണ്ഡിതനെ വിശ്വസിച്ചു രാജകുമാരിയെ വിവാഹം ചെയ്യാൻ  കൊട്ടാരത്തിൽ പോകാൻ സന്നദ്ധത കാണിച്ചില്ലേ?

രാജകുമാരി ശകാരിച്ച് പുറത്താക്കുമ്പോഴും ഇനി എന്തു ചെയ്യണം എന്നു ഉപദേശം ചോദിക്കാനും അതിനു വേണ്ടി പരിശ്രമിക്കാനും ഉത്സാഹിച്ചില്ലേ?.

ഉഗ്രരൂപിണി ആയ കാളിയോടു പോലും ഭയം കൂടാതെ നേർക്കു നേർ നിന്ന് തന്റെ ആവശ്യം അറിയിച്ചില്ലേ? അതു നേടുന്നതുവരെ തന്റെ നിലപാടിൽ ഉറച്ചു നിന്നില്ലേ? (He was Courageous, Appreciating, Trusting, Willing, Asking, Seeking, Enthusiastic, Fearless, Consistent and Persistent.)

ഇത്രയൊക്കെ ചെയ്യുന്ന ഒരാളെ വിഡ്ഢി എന്ന് വിളിക്കാമോ? അങ്ങിനെ വിളിക്കുന്നവരുടെയും, വിളിക്കാൻ പ്രേരിപ്പിക്കുന്നവരുടെയും കാഴ്ചപ്പാടിൽ എന്തോ അപാകത ഉണ്ടാവില്ലേ?

നമ്മുടെ ഉള്ളിലും പുറത്തും ചിലപ്പോൾ ചില സായണ മായണന്മാർ വന്നു നമുക്കു വേണ്ടപ്പെട്ടവരെ അളക്കാനും വിധിക്കാനും ശ്രമിക്കുന്നില്ലേ? അബദ്ധം പറഞ്ഞിട്ട് ആ സംഗതി കുയുക്തി കൊണ്ട് ന്യായീകരിക്കുന്ന രാഭണന്യായം നമ്മളും കാണിക്കാറില്ലേ?

പ്രിയപ്പെട്ടവരെ, സ്വന്തം പങ്കാളിയുടെ കുറ്റങ്ങളെയും കുറവുകളെയും വിമർശിക്കും മുമ്പ് ഇതൊക്കെ ഒന്ന് ആലോചിക്കണേ. കൈവിട്ടു കളയും മുമ്പ് കരകയറ്റാനുള്ള എല്ലാ ശ്രമവും നടത്തണം.

Always remember before complaining;  Your partner is not a "Perfect Product'' you bought with some "Guarantee or Warranty". He or She is a person who continue to evolve depending on your reactions.

George Kadankavil
December 2017

What is Profile ID?
CHAT WITH US !
+91 9747493248