Back to articles

പുനർ വിവാഹവും പുനരങ്ങിനേ തന്നെ!

March 01, 2016

ഇരുപത് വർഷം മുമ്പ് പരിചയപ്പെട്ട ഒരു സുഹൃത്തിന്റെ വാട്സാപ്പ് മെസ്സേജ്, ബെത് ലെഹമിന്റെ ലേഖനങ്ങൾ സ്ഥിരമായി ഇദ്ദേഹത്തിന് വാട്സാപ്പിൽ ലഭിക്കുന്നുണ്ടത്രെ. അത് പതിവായി വായിച്ചു വന്നപ്പോൾ ഒരു തോന്നൽ അദ്ദേഹത്തിന്റെ അനുഭവങ്ങളും വിവാഹാർത്ഥികളോട് ഷെയർ ചെയ്യണം എന്ന്. ആദ്യ വിവാഹം ഡിവോഴ്സ് ആയി പുനർ വിവാഹം ചെയ്തു, അതും ഇപ്പോൾ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. വിവാഹം ചെയ്യുന്നതിനു മുമ്പ് തന്നെ ആണിനും പെണ്ണിനും ഭാവി ജീവിതത്തെക്കുറിച്ച് പരസ്പരം സംസാരിച്ച് ഒരു ധാരണ ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് ഇനി വിവാഹം ചെയ്യുന്നവരോട് പറഞ്ഞു കൊടുക്കണം എന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

ഏതാനും വർഷങ്ങളായി വിദേശത്തു ജോലി ചെയ്തു വന്നിരുന്ന ഒരു പെൺകുട്ടി ആയിരുന്നു ആദ്യ ഭാര്യ. ചില ബന്ധുക്കൾ കൊണ്ടു വന്ന ആലോചന ആയിരുന്നു. ഇരു വീട്ടുകാരും തമ്മിൽ അറിയുന്നവർ. പരസ്പരം നല്ല മതിപ്പും ബഹുമാനവും ഉള്ളവർ. അതുകൊണ്ട് പെണ്ണു കാണൽ എല്ലാം പേരിന് ഒരു ചടങ്ങ് മാത്രം എന്ന രീതിയിൽ കഴിഞ്ഞു.

പെണ്ണും ഞാനും തമ്മിൽ കാര്യമായ ആശയവിനിയം ഒന്നും ഉണ്ടായിരുന്നില്ല. ഈ വീട്ടിലെ ചെറുക്കനാണേൽ പിന്നെ ഒന്നും നോക്കാനില്ല എന്നു പെൺ വീട്ടുകാരും, ഈ വീട്ടിലെ പെണ്ണാകുമ്പോൾ ഒന്നും സംശയിക്കാനില്ല എന്ന് എന്റെ വീട്ടുകാരും എന്തോ മുൻവിധിയോടെ അങ്ങ് നിശ്ചയിച്ചു. വിവാഹം കഴിഞ്ഞാൽ പെണ്ണിന് ചെറുക്കനെ കൂടെ കൊണ്ടു പോകാം. അങ്ങനെ ഞാൻ വിദേശത്തെത്തി. താമസിയാതെ എനിക്ക് നല്ല ഒരു ജോലിയും കിട്ടി.

ഭാര്യക്ക് ജോലിസ്ഥലത്ത് നല്ല ഇൻഫ്ളുവൻസ് ഉണ്ട്. ഒരു പ്രാർത്ഥനാ ഗ്രൂപ്പിൽ സജീവ അംഗമാണവൾ. അതു വഴി ധാരാളം പരിചയക്കാരുണ്ട്. നമ്മുടെ ക്രിസ്ത്യൻ പള്ളികളൊന്നും ഇവിടെയില്ല, പ്രാർത്ഥനാ യോഗങ്ങൾ ഒളിച്ചും പാത്തുമാണ് നടക്കുന്നത്. നേതൃത്വം കൊടുക്കുന്നത് വൈദികരുമല്ല. എനിക്ക് എന്തോ ഇതിനോട് ഇഷ്ടക്കേടു തോന്നിയിരുന്നു. സാവകാശം അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാം എന്നു കരുതി ശക്തമായി എതിർപ്പ് ഒന്നും ഞാൻ പ്രകടിപ്പിച്ചിരുന്നില്ല. ഏതാനും മാസങ്ങൾ കഴിഞ്ഞു അവൾ ഗർഭിണി ആയി. അപ്പോൾ ഞാൻ പതുക്കെ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു. അവൾ അതെല്ലാം എതിർക്കാനും തുടങ്ങി. പ്രാർത്ഥനാ യോഗങ്ങൾക്ക് ഇനി പോകേണ്ട എന്ന് ഞാൻ ശക്തമായി വിലക്കി, തുടർന്ന് അവൾ അവളുടെ സുഹൃത്തുക്കളുടെ സഹായത്തോടെ ഗർഭഛിദ്രം നടത്തി, താമസവും വേറെയാക്കി. പിന്നീട് നാട്ടിൽ വന്ന് എനിക്കെതിരെ വിവാഹ മോചനത്തിന് കേസു കൊടുക്കുകയും, ഒടുവിൽ വിവാഹ മോചനം കോടതി അനുവദിക്കുകയും ചെയ്തു. ഞാൻ വിദേശത്തേക്ക് തിരികെ പോയില്ല. നാട്ടിൽ പണ്ട് ചെയ്തിരുന്ന ബിസിനസ്സിൽ പാർട്നറായി വീണ്ടും കയറി.

എന്റെ ചെറുപ്പത്തിലേ തന്നെ അപ്പച്ചൻ മരിച്ചു പോയതാണ്. ചേട്ടന്മാരാണ് എന്നെ വളർത്തിയത്. അവർക്കെല്ലാം ഇതൊരു വാശി ആയി. എത്രയും പെട്ടെന്ന് എന്നെ വിവാഹം കഴിപ്പിച്ച് വീട്ടിൽ തന്നെ സ്ഥിര താമസമാക്കണം എന്നായിരുന്നു എന്റെ സഹോദരങ്ങളുടെ വാശി. കുടുംബ സ്വത്തിൽ സഹോദരങ്ങൾക്കുള്ള ഭാഗം  കൂടി എനിക്ക് തരാമെന്നും, ആ ഒരേക്കർ കൃഷിയും ബിസിനസ്സ് വരുമാനവും കൊണ്ട് ഉപജീവനം നടക്കും, വീട്ടിൽ അമ്മയ്ക്ക് തുണയും ആകും എന്നു പറഞ്ഞ് നാലു ചേട്ടന്മാരും കൂടി തകൃതിയിൽ കല്യാണം അന്വേഷിക്കാൻ തുടങ്ങി. കുറച്ച് ദൂരെ നിന്ന് ഒരു പ്രൊപ്പോസൽ  അവർ കണ്ടു പിടിച്ചു കൊണ്ടു വന്നു. പെൺകുട്ടി വിവാഹ മോചിതയാണ്. നാലു വയസ്സുള്ള ഒരു മകനുണ്ട്. ആ പയ്യൻ ഭാവിയിൽ പ്രശ്നമാകുമോ എന്നു മാത്രമായിരുന്നു വീട്ടിലെ സംശയം. അതു കൊണ്ട്, പെണ്ണു കാണാൻ പോകുമ്പോൾ ആ പയ്യനെയും കാണണം, അവനുമായി നല്ല അടുപ്പം തോന്നുകയും, അവന് തിരിച്ചും അങ്ങനെ തോന്നുകയും ചെയ്യുന്നെങ്കിൽ മതി വിവാഹം എന്ന് വീട്ടിൽ എല്ലാവരും അഭിപ്രായപ്പെട്ടു.

അങ്ങനെ ഞാൻ പെണ്ണു കാണാൻ പോയി, ഭാവി ഭാര്യയെക്കാൾ കൂടുതലായി ഭാവി മകനോട് ആത്മബന്ധം ഉണ്ടാക്കിയ പെണ്ണു കാണലായിരുന്നു അത്. ആദ്യ ഭാര്യയുടെ ഗർഭഛിദ്രത്തിൽ നഷ്ടപ്പെട്ട മകനെയാണ് ഞാൻ ആ പയ്യനിൽ കണ്ടെത്തിയത്. താമസിയാതെ കല്യാണം നടന്നു. ഭാര്യയും മകനുമായി തറവാട്ടിൽ കുടുംബ ജീവിതം ആരംഭിച്ചു. ശരിക്കും ഒരു പുതിയ ജീവിതമായിരുന്നു അത്. പിറ്റേ വർഷം ഞങ്ങൾക്ക് ഒരു മകളും ജനിച്ചു. ആ സമയത്ത് എന്റെ ബിസിനസ്സിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ഞാൻ സാമ്പത്തിക ഞെരുക്കത്തിലായി. അത് ഭാര്യക്ക് വലിയ അസ്വസ്ഥത ആയി.  അക്കാര്യം എനിക്ക് മനസ്സിലായതുമില്ല. അവൾ ഓരോന്നിനും എതിർപ്പുകൾ കാണിക്കാൻ തുടങ്ങി. പതുക്കെ അത് എന്നോടും പ്രകടിപ്പിക്കാൻ തുടങ്ങി ഒരു ദിവസം അവൾ കുഞ്ഞിനെയും കൊണ്ട് അവളുടെ വീട്ടിലേക്ക് പോയി, പിന്നെ തിരികെ വന്നില്ല.

അവൾ സ്വന്തം വീട്ടിൽ നിന്നു കൊണ്ട് പാസ്പ്പോർട്ടും വിസയും ഒക്കെ സംഘടിപ്പിച്ച്, വിദേശത്ത് ഒരു ആയയുടെ ജോലിക്ക് പോയി. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും എന്നെ ശിക്ഷിക്കാൻ വേണ്ടി ആയിരിക്കണം, ഇങ്ങനെ എവിടേക്കെന്നില്ലാതെ ഓടി ഈ ജോലിക്ക്  പോയത്. മക്കളെ രണ്ടു പേരെയും അവളുടെ വീട്ടിനടുത്തുള്ള ഒരു സ്കൂളിൽ ചേർത്തു. എന്റെ അമ്മയ്ക്ക് നല്ല പ്രായമുണ്ട്, കുട്ടികളെ എന്റെ വീട്ടിലേയ്ക്ക് കൊണ്ടു വരാമെന്ന് പറയാൻ പോലും  എനിക്ക് നിവൃത്തിയില്ല.

ഇപ്പോൾ അമ്മയെ നോക്കാൻ എനിക്ക് കുടുംബം ഇല്ലാത്തതുകൊണ്ട്, ചേട്ടന്മാർ ഓരോരുത്തരായി കുടുംബ സ്വത്തിലെ അവരുടെ വീതം എഴുതി അവരവരുടെ പേരിലാക്കി. അവർക്ക് അവരുടെ ഭാര്യമാരോട് ന്യായീകരണം കൊടുക്കേണ്ട? എന്റെ  ഭാര്യ അല്പം ഒന്നു സഹകരിച്ച് കൂടെ നിന്നിരുന്നു എങ്കിൽ, ഏതാണ്ട് രണ്ട് കോടി രൂപ വിലമതിക്കുന്ന 80 സെന്റ് പുരയിടം ഞങ്ങൾക്ക് ലഭിക്കുമായിരുന്നു. അവൾ എത്ര വർഷം ജോലി ചെയ്താലും ഇത്രയും സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കില്ല. എന്റെ അമ്മയെ പരിചരിക്കാൻ വയ്യാത്തവൾ ഇപ്പോൾ വിദേശത്ത് ഏതോ പണക്കാരന്റെ കിടപ്പിലായ അമ്മയെ ശമ്പളം വാങ്ങി പരിചരിക്കുകയാണ്.

ഒരപ്പന്റെ തണലില്ലാതെ വളർന്നതു കൊണ്ടായിരിക്കും, സ്വന്തമായി എന്തെങ്കിലും തീരുമാനം എടുക്കാൻ എനിക്ക് പെട്ടെന്ന് സാധിക്കാറില്ല.  എന്റെ മക്കൾക്കും ഇതേ മാനസിക അവസ്ഥ വരുമോ എന്ന് എനിക്ക് നല്ല ഭയമുണ്ട്. ഏതെങ്കിലും കാര്യത്തിൽ എന്റെ അഭിപ്രായം  തുറന്നു പറയാനും എനിക്ക് പ്രയാസമായിരുന്നു. കയ്യിൽ   കാശില്ലാത്തവന്റെ അഭിപ്രായത്തിന് ആരാ വിലകൊടുക്കുക? എന്നാലും പറയുകയാ, സ്ഥലത്തിന്റെ പകുതി വിറ്റ് സഹോദരങ്ങൾ എല്ലാവരും കൂടി തുല്യമായി വീതിച്ച് എടുത്തിരുന്നെങ്കിൽ എല്ലാവർക്കും അത് പ്രയോജനം ആകുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും ഇനി തിരികെ കിട്ടില്ലല്ലോ.

ഇനി വിവാഹം കഴിക്കാൻ പോകുന്നവരോട് ഞാൻ പറയുകയാണ്, നിശ്ചയം മുതൽ വിവാഹം വരെയുള്ള സമയം ചിലവഴിച്ച്, സ്വന്തം പങ്കാളിയുടെ ആശകളും ആവശ്യങ്ങളും മനസ്സിലാക്കി അയാളെ അംഗീകരിച്ച് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിൽ ആ വിവാഹം വേണ്ടെന്നു വെയ്ക്കുന്നതാ നല്ലത്.

എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കട്ടെ..........

ഈ സുഹൃത്തിനു കൊടുക്കാൻ എന്റെ പക്കൽ ഒരു ഉപദേശവും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ പ്രവർത്തികളിലെ  എന്തെങ്കിലും പോരായ്മകളോ, നഷ്ടപ്പെടുത്തിയ അവസരങ്ങളോ ചൂണ്ടിക്കാണിക്കുന്നതു കൊണ്ടും ഇപ്പോൾ പ്രയോജനം  ഇല്ല. ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ മനോഭാവം നല്ലതാണ്, അമ്മയെ സംരക്ഷിച്ചുകൊണ്ട്, തറവാട്ടിൽ ഉറച്ചു നിന്നാൽ, ഈ കുടുംബം തീർച്ചയായും രക്ഷപ്പെടും എന്നാണ് ഞാൻ കരുതുന്നത്.

ഏതായാലും ഇദ്ദേഹത്തിന്റെ ഉപസംഹാരം എനിക്കിഷ്ടപ്പെട്ടു :

The Journey from Engagement to Marriage;
  ''Use this time to open up and Understand your Partner''
  ''Accept your partner the way he or she is''
 '' If you can't; then Do not Marry''

George Kadankavil - March 2016

What is Profile ID?
CHAT WITH US !
+91 9747493248