Back to articles

വരൻ ഡിഫൻസ് ഉദ്യോഗസ്ഥനാണ്???

September 01, 2009

''ബിസിനസ്സോ ഉദ്യോഗമോ എന്ന ലേഖനം വായിച്ചു. എന്റെ മകൻ ഡിഫൻസ് ഉദ്യോഗസ്ഥനാണ്. എല്ലാവർക്കും ഞങ്ങളെ വളരെ സ്നേഹവും താല്പര്യവും ആണ്. മകന്റെ ഉദ്യോഗം കൊണ്ടു തന്നെ, ഞങ്ങളുടെ  കുടുംബത്തിന്, നാട്ടിൽ ഒരു ബഹുമാനവും, ആദരവും, പരിഗണനയും കൂടുതലായി ലഭിക്കുന്നുണ്ട്. ഇതൊക്കെ ആണെങ്കിലും മകന് കല്യാണം അന്വേഷിച്ച് പെൺകുട്ടികളുടെ വീട്ടിൽ വിളിച്ച് സംസാരിക്കുമ്പോൾ, പയ്യന് ഡിഫൻസിലാണ് ജോലി  എന്ന് പറയുമ്പോഴേ  'അയ്യോ വേണ്ട' എന്ന് മറുപടി വരും.

ഇന്ന് ഇൻഡ്യയിൽ ഏറ്റവും secured ആയിരിക്കുന്ന, വളരെ നല്ല salary ലഭിക്കുന്ന, ധാരാളം ആനുകൂല്യങ്ങളും, ജീവിത സൌകര്യങ്ങളും ലഭിക്കുന്ന  ഒരു കേന്ദ്ര ഗവൺമെന്റ് ജോലിയാണ് ഡിഫൻസ് ഉദ്യോഗസ്ഥരുടേത്.

വർഷത്തിൽ രണ്ടു മാസം ശമ്പളത്തോടു കൂടിയ ആനുവൽ ലീവ്. 15 ദിവസം വരെ കാഷ്വൽ ലീവ്, ഭാര്യക്കും മക്കൾക്കും, മാതാപിതാക്കൾക്കും സൌജന്യ യാത്ര, താമസം, റേഷൻ, ചികിത്സ, ഇൻഷ്വറൻസ്, പെൻഷൻ, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം. ഭാര്യക്കും മക്കൾക്കും പഠനത്തിനും ജോലിക്കും മുൻഗണനയും റിസർവേഷനും, എന്നു വേണ്ട ഇത്രയധികം facilities ലഭിക്കുന്ന ഒരു മേഖല മറ്റെങ്ങുമില്ല.

മറ്റ് സംസ്ഥാനങ്ങളിലൊക്കെ പെൺമക്കളെ ഡിഫൻസ് ഉദ്യോഗസ്ഥരെ കൊണ്ട് വിവാഹം ചെയ്യിക്കാൻ അവരുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വലിയ ഉത്സാഹവും, അഭിമാനവും, ചിലപ്പോൾ മത്സരവുമാണ്. എന്നാൽ കേരളത്തിൽ നേരേ മറിച്ചും. നമ്മുടെ ആളുകളെ ഇതൊന്നും പറഞ്ഞ് മനസ്സിലാക്കാൻ ആർക്കെങ്കിലും കഴിയുമോ സാർ.''

ഒരു ഡിഫൻസ് ഓഫീസറുടെ പിതാവാണ് ഈ കത്തെഴുതിയിരിക്കുന്നത്. ഞാനും എന്റെ ഭാര്യയും ഡിഫൻസിൽ ഉദ്യോഗസ്ഥരായിരുന്നു. സൈനികരെ കുറിച്ച് മലയാളിയുടെ മനസ്സിൽ ഉള്ള ധാരണകൾ വസ്തുനിഷ്ടമല്ല എന്നാണ് എന്റെയും അഭിപ്രായം. ഓരോ തൊഴിലിനേക്കുറിച്ചും, ദേശത്തെക്കുറിച്ചും, സൌന്ദര്യത്തെക്കുറിച്ചും ഒക്കെ നമ്മൾക്ക് പല മുൻവിധികളും ഉണ്ട്. നാടകത്തിലും സിനിമയിലും സീരിയലിലും ഒക്കെ കണ്ടിരിക്കുന്ന പല വിധ കഥാപാത്രങ്ങൾ നമ്മുടെ ധാരണകളെ സ്വാധീനിക്കുന്നുണ്ട് എന്നു വേണം കരുതാൻ. ബെത് ലെഹമിലെ എന്റെ അനുഭവത്തിൽ ഡിഫൻസ് ഉദ്യോഗസ്ഥരെ താല്പര്യം പറയുന്ന പെൺകുട്ടികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അണ്ണാൻകുഞ്ഞും തന്നാലാവുന്നത് എന്നാണല്ലോ പ്രമാണം. ആവുന്നത്ര ബോധവത്കരണത്തിന് നമുക്കും നോക്കാം. താങ്കളുടെ കത്ത് ഞാൻ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്താം. ഈ വിഷയത്തെക്കുറിച്ച് അടുത്ത സംഗമത്തിൽ ചർച്ചയും നടത്താം. അതിന്റെ പ്രസക്ത ഭാഗങ്ങൾ ടെലികാസ്റ്റ് ചെയ്യാനും ശ്രമിക്കാം.

മക്കൾക്ക് പങ്കാളിയെ അന്വേഷിക്കുന്ന മാതാപിതാക്കളോട് ഒരു വാക്ക്. ഒരേ തൊഴിൽ ചെയ്യുന്ന എല്ലാവരും, ഒരേ സ്വഭാവക്കാരല്ല. മുൻവിധികൾ വെച്ചായിരിക്കരുത് പങ്കാളിയെ തീരുമാനിക്കേണ്ടത്. ഏതെങ്കിലും ഒരു parameter കേൾക്കുന്ന ഉടൻ ''അയ്യോ വേണ്ട'' എന്ന പ്രതികരണം സ്വന്തം അജ്ഞത ആണ് വെളിപ്പെടുത്തുന്നത്.

ഇനി വരുന്ന പ്രൊപ്പോസലുകൾ താൽപ്പര്യത്തോടെ കേൾക്കുക. തിരികെ ബന്ധപ്പെടാനുള്ള അഡ്രസ്സോ, ഫോൺനമ്പരോ, ഏതെങ്കിലും സൈറ്റ് വഴിയാണെങ്കിൽ രജിസ്റ്റർ നമ്പരോ വാങ്ങി വെക്കുക. വീട്ടിൽ എല്ലാവരോടും ആലോചിച്ചിട്ട് മുന്നോട്ടു നീങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ തിരികെ വിളിക്കാം എന്ന് പറഞ്ഞ് നല്ല ഭാവത്തിൽ സംഭാഷണം അവസാനിപ്പിക്കുക.

ഉചിതമല്ലാത്ത വാക്കുകൾ കൊണ്ട് ആരേയും മുറിപ്പെടുത്താതിരിക്കാൻ ഒന്നു ശ്രദ്ധിക്കണേ . . . . . . . .

George  Kadankavil - September 2009

What is Profile ID?
CHAT WITH US !
+91 9747493248