Back to articles

അമ്പാസ്സഡറും! മാരുതിയും!

December 28, 2020

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നു. ഞാൻ വലിയ നിരാശയിലാണ് സാർ. പരസ്പരം മനസ്സിലാക്കുന്ന ഒരാളായിരിക്കണം എന്റെ ഭാര്യ എന്ന ഒറ്റ ആഗ്രഹമേ പങ്കാളിയെക്കുറിച്ച് എന്റെ ഉള്ളിലുണ്ടായിരുന്നുള്ളു, ''An Understanding Partner''.  പെണ്ണുകാണാൻ ചെന്നപ്പോൾ ആദ്യനനോട്ടത്തിൽ തന്നെ എനിക്കു മനസ്സിലായി അവൾക്കെന്നെ ഇഷ്ടപ്പെട്ടെന്ന്. ഞാൻ പറയുന്നതെല്ലാം ചെവി കൂർപ്പിച്ച് കേൾക്കും അതിലൊക്കെ എന്തെങ്കിലും തമാശ കണ്ടെത്തി ഓരോ കമന്റ് മറുപടി തരും. എനിക്കും അവളെ ഒത്തിരി ഇഷ്ടമായി. അങ്ങനെ ഞങ്ങളുടെ കല്യാണം നടന്നു.

ഇപ്പോഴും അവള് തമാശ പറയും പക്ഷേ നേരവും കാലവും നോക്കാതെയാണെന്നു മാത്രം. അത് കേൾക്കുമ്പോൾ എന്നെ പരിഹസിക്കാൻ പറയുന്നതാണോ എന്നു പോലും സംശയിച്ചു പോകും ഞാൻ. ഒന്നിനെക്കുറിച്ചും സീരിയസ്സ് ആയി ചിന്തിക്കാനോ പെരുമാറാനോ അവൾക്ക് സാധിക്കില്ല. ഓരോന്ന് പറഞ്ഞു കൊടുത്തു പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് കരച്ചിലും പരാതിയും പരിഭവവും ആയി അവസാനിക്കുകയാണ് പതിവ്. ഇവൾക്ക് വകതിരിവ് പഠിപ്പിച്ചു കൊടുക്കാൻ ഞാൻ എന്തു ചെയ്യണം സാർ?

അനിയാ, മനുഷ്യന് ബുദ്ധി കൂടിപ്പോയിട്ട് വലിയ വലിയ കണ്ടു പിടുത്തങ്ങൾ നടത്തി അതുപയോഗിച്ച് ഭൂമി കാർന്നു തിന്നുന്ന ഉപഭോഗശൈലി കൊണ്ട് ഭൂമിയുടെ തന്നെ നിലനിൽപ് അപകടകരമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നിങ്ങൾ പറയുന്ന ഓരോന്നിലും തമാശ കണ്ടെത്താൻ തക്ക നർമ്മബോധമുള്ള ഈ ഭാര്യ നിങ്ങൾക്ക് എത്ര വിലപ്പെട്ട സമ്പത്താണ് എന്നു നിങ്ങൾ മനസ്സിലാക്കാത്തത് എന്തേ?

ഓരോന്ന് പഠിപ്പിച്ചു കൊടുക്കാൻ ശ്രമിച്ചത് ഇതുവരെ ഫലിക്കാതെ പോയ സ്ഥിതിക്ക് ഇനി അവളെ ഒന്നും പഠിപ്പിക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. പകരം അവളുടെ നർമ്മം ആസ്വദിക്കാനും ആ ശൈലി അംഗീകരിച്ചു കൊണ്ട് കുടുംബം മുന്നോട്ടു കൊണ്ടു പോകാനും പഠിച്ചെടുത്താൽ മതി. അവളുടെ ശൈലി കണ്ടുമുട്ടിയപ്പോൾത്തന്നെ നിങ്ങളെ ആകർഷിച്ചതാണ്. ഇപ്പോൾ അത് ശരിയാകാതെ വരുന്നു എന്നു തോന്നുന്നത് നിങ്ങളുടെ ഏതോ ആശയക്കുഴപ്പം കൊണ്ടായിരിക്കണം പഴയ സംഭവകഥ പറയാം.

അമ്പാസ്സഡറും മാരുതിയും - ഒരു കാലത്ത് റോഡിൽ നോക്കിയാൽ ഈ രണ്ടുതരം കാറുകൾ ആയിരുന്നു കൂടുതലും. കാറിനോട് കമ്പമുള്ള ഒരു അപ്പൻ തന്റെ മൂന്നു വയസ്സുള്ള മകനെ ഈ കാറുകൾ തിരിച്ചറിയാൻ പഠിപ്പിക്കുകയാണ്. വഴിയിൽ ഒരു മാരുതി കണ്ടാൽ അപ്പൻ പറയും ദേ മോനേ മാരുതി കാർ. അമ്പാസ്സഡർ കണ്ടാൽ പറയും ദേ മോനേ അമ്പാസ്സഡർ. കുറച്ചു നാൾ കഴിഞ്ഞപ്പോൾ മകൻ ഇത് അപ്പനോട് തിരിച്ചു പറയാൻ തുടങ്ങി. അപ്പാ ദേ അമ്പാസ്സഡർ അപ്പാ ദേ മാരുതി. എവിടെ കണ്ടാലും ഈ രണ്ടു കാറുകളും മകൻ തിരിച്ചറിയും. മകന്റെ സാമർത്ഥ്യം പത്തു പേരെ ഒന്നു കാണിക്കണമല്ലോ. വീട്ടിൽ ഒരു ചടങ്ങിന് ബന്ധുക്കൾ വന്ന സമയം ചിലരൊക്കെ കാറിലാണ് വന്നിരിക്കുന്നത്. അപ്പൻ അവരോട് പറഞ്ഞു, ഇവന് കാറുകൾ കണ്ടാൽ തിരിച്ചറിയാം. അമ്മാവന്റെ വെളുത്ത മാരുതി കാർ കാണിച്ച് അപ്പൻ മകനോട് ചോദിച്ചു മോനേ ഈ കാറേതാ? ഒരു സംശയവും കൂടാതെ മകൻ പറഞ്ഞു അമ്പാസ്സഡർ.

അപ്പൻ ഞെട്ടിപ്പോയി. അസാരം ജാള്യതയും തോന്നി. കൂടുതൽ പരീക്ഷിക്കാൻ വേണ്ടി മറ്റു കാറുകൾ ഓരോന്നും മകനോട് ചോദിച്ചു എല്ലാം അവൻ ശരിക്ക് പറയുന്നുണ്ട്. അമ്മാവന്റെ മാരുതി കാറ് മാത്രം അമ്പാസ്സഡറെന്നേ അവൻ പറയൂ.

കുറെക്കാലം കഴിഞ്ഞപ്പോഴാണ്, മകന്റെ പെരുമാറ്റത്തിലെ പ്രത്യേകതയുടെ കാരണം അപ്പന് മനസ്സിലാകുന്നത്. അമ്പാസ്സഡറെന്നു പറഞ്ഞ് അപ്പൻ ആദ്യം കാണിച്ചു കൊടുത്ത കാറുകൾക്കെല്ലാം വെളുത്ത നിറമായിരുന്നു. മാരുതികൾക്കെല്ലാം മറ്റുനിറങ്ങളും. അതുകൊണ്ട് വെളുത്ത നിറമുള്ള കാറെല്ലാം അമ്പാസ്സഡറെന്നും മറ്റു നിറമുള്ള കാറുകൾ മാരുതിയെന്നുമാണ് മകൻ മനസ്സിലാക്കിയത്.

കുടുംബത്തിലും പുറത്തും, പല അസ്വസ്ഥതകളുടെയും കാരണം നമ്മുടെ ആശയവിനിമയത്തിലെ ഇത്തരം ദൌർബല്യങ്ങൾ ആണ്. നമ്മുടെ ഉദ്ദേശം നല്ലതാണെങ്കിൽപ്പോലും, നമ്മളുദ്ദേശിച്ചതു തന്നെ ആയിരിക്കണമെന്നില്ല ചുറ്റുമുള്ളവർ മനസ്സിലാക്കുന്നത്. എന്തിന് - പലപ്പോഴും നമ്മൾ ഉദ്ദേശിച്ചത് തന്നെ ആയിരിക്കില്ല നമ്മൾ പ്രകടിപ്പിക്കുന്നത്. ഇങ്ങനെ അളന്നു തൂക്കി കാര്യങ്ങൾ വിവരിക്കാൻ ഭൂരിപക്ഷം ആളുകൾക്കും സാധിക്കുകയുമില്ല. പിന്നെന്തു ചെയ്യും?

കാര്യങ്ങൾ നമ്മളുദ്ദേശിച്ചതു പോലെ നടക്കാതെ വരുന്നത്, നമ്മുടെ ആശയവിനിമയത്തിലോ, അവരുടെ ആശയവിനിമയത്തിലോ എന്തോ പന്തികേടുള്ളതു കൊണ്ടാണ് എന്നു മനസ്സിലാക്കുക (Understanding ) ആ പന്തികേട് ആദ്യം കണ്ടെത്തണം, പിന്നെ പരിഹരിക്കാനെളുപ്പമാണ്.

Understand Your Partner First, Your Partner Will Understand.

What is Profile ID?
CHAT WITH US !
+91 9747493248