Back to articles

വരനും വധുവും പ്രസംഗിക്കും ???

July 01, 2011

ഹലോ ജോർജ്ജ് സാർ, സാറെന്നെ ഓർക്കുന്നുണ്ടാവും.  കഴിഞ്ഞ ജനുവരിയിൽ സാറിനെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്ത് ബെത് ലെഹമിൽ വന്ന് കണ്ടിരുന്നു. നമ്മൾ രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്നു. സാറിന്റെ കമന്റ്സ്  പലതും  വളരെ Inspiring ആയിരുന്നു. താങ്കളുമായി സംസാരിച്ചപ്പോൾ കിട്ടിയ ഉൾക്കാഴ്ചകൾ, ആരെ വിവാഹം ചെയ്യണം എന്ന തീരുമാനമെടുക്കാൻ എനിക്ക് പിന്നീട് വളരെ സഹായകരമായി.

എന്റെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് മാസമായി. എന്റെ  ഒപ്പത്തിനൊപ്പം supportive ആയി നിൽക്കുന്ന വളരെ നല്ല ഒരു വ്യക്തിയെ  ആണ് ഞാൻ തിരഞ്ഞെടുത്തത് എന്ന് എനിക്ക് നല്ല ബോദ്ധ്യമായി. അവളുടെ  വീട്ടുകാരും വളരെ നല്ല ആളുകൾ. ബന്ധങ്ങളുടെ ഊഷ്മളത എന്നൊക്കെ അന്ന് സാറ് പറഞ്ഞത് കേട്ടപ്പോൾ എനിക്ക് അത്ര സുഖിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല.

Then it sounded Greek to me. Considering your grey hair, I just let it go. But thanks to you - ബന്ധങ്ങളുടെ ഊഷ്മളത എന്നാലെന്താണെന്ന് ഇന്നെനിക്ക് വ്യക്തമായറിയാം.

ഞാനിപ്പോൾ വിളിച്ചത്, എനിക്ക് പറ്റിയ ഒരബദ്ധം ഷെയർ ചെയ്യാനാണ്. ഞങ്ങളുടെ വിവാഹം നല്ല കെങ്കേമമായിട്ടാണ് നടത്തിയത്. വിരുന്നിന് മാസ്റ്റർ ഓഫ് സെറിമണി (MC) വളരെ ഭംഗിയായി ചടങ്ങുകൾ നിയന്ത്രിച്ചു, അതിഥികളുടെ ശ്രദ്ധ വേണ്ട വിധം ആകർഷിച്ച് കയ്യടിയും മറ്റുമായി, MC ആഘോഷത്തിന് മോടി കൂട്ടി.

പക്ഷെ MC ഒരു പണി പറ്റിച്ചു. ''മംഗല്യ സ്വപ്നങ്ങൾ പൂവണിയുന്നതിന്റെ സന്തോഷം മനസ്സിൽ നിറഞ്ഞിട്ട് അത് ഒരു പാൽ പുഞ്ചിരി ആയി നമുക്ക് സമ്മാനിച്ചു കൊണ്ട് വേദിയിൽ നിറഞ്ഞു നിൽക്കുന്ന നമ്മുടെ വധുവിനും വരനും, ഈ നിമിഷത്തെക്കുറിച്ച് നമ്മോട് എന്താണ് പറയാനുള്ളത് എന്ന് കേൾക്കാം'' എന്നു പറഞ്ഞുകൊണ്ട് മൈക്ക് എന്റെ  നേരെ നീട്ടി.

തികച്ചും അപ്രതീക്ഷിതമായിരുന്നു അത്, ഞാൻ മൈക്ക് വാങ്ങാൻ മടിച്ചു. ''Just say few words'' എന്നായി MC. ഞാൻ ഭാര്യയെ നോക്കി എന്തെങ്കിലും പറയുന്നോ എന്ന് കണ്ണു കൊണ്ട് ആംഗ്യ ഭാഷയിൽ ചോദിച്ചു. ഞാനല്ല നിങ്ങളാണ് പറയേണ്ടത് എന്ന് അവൾ തിരികെ കണ്ണു കാണിച്ചു. അങ്ങനെ ഞാൻ മൈക്ക് കയ്യിൽ വാങ്ങി.

സൂര്യനു താഴെയോ മുകളിലോ ഉള്ള എന്തിനെക്കുറിച്ചും എന്തെങ്കിലും ഒക്കെ, എത്രവേണമെങ്കിലും  പറഞ്ഞ് ശീലമുള്ള എനിക്ക്, എന്നെക്കുറിച്ചും, ഈ നിമിഷത്തെക്കുറിച്ചും എന്തു പറയണം എന്ന് ഒരു പിടിയും കിട്ടിയില്ല. MC പറഞ്ഞു നിർത്തിയത് ഇംഗ്ളീഷിൽ ആയിരുന്നതിനാൽ, ഞാൻ ചിന്തിച്ചതും ഇംഗ്ളീഷിൽ ആയി, അതുകൊണ്ട് പറയാൻ തുടങ്ങിയതും ഇംഗ്ളീഷിൽ ആയിരുന്നു. ഒരു വാചകം പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി എന്തോ അബദ്ധമാണ് ഞാൻ പറഞ്ഞത് എന്ന്. അപ്പോൾ തന്നെ മനസ്സിൽ ഉദ്ദേശിച്ചത് മുഴുവനും അങ്ങ് വിഴുങ്ങി, വേറെന്തോ പറയാൻ ആരംഭിച്ചു. അതു പാതിക്ക് വെച്ച് മുറിഞ്ഞുപോയി. പിന്നെ വേറെന്തോ പറഞ്ഞു, അത് എനിക്കു പോലും മനസ്സിലായില്ല. പ്രാഞ്ചിയേട്ടൻ പ്രസംഗിക്കാൻ കയറിയ പോലെ ഞാൻ നിന്നു വിഷമിച്ചു.

എന്റെ ഭാര്യയുടെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ ഞാനവളെ ഒന്നു നോക്കി, അവൾ പുഞ്ചിരിച്ചു കൊണ്ട്  ''Thanks'' എന്ന് Prompt ചെയ്തു. മുങ്ങിച്ചാകാൻ പോകുന്നവന് ഒരു പിടിവള്ളി കിട്ടിയ പോലെ ആയി എനിക്ക് ആ വാക്ക്. ഞാനതിൽ പിടിച്ചു കയറി. ''ഈ നിമിഷത്തെക്കുറിച്ച് എന്താണ് പറയേണ്ടത് എന്ന് സത്യമായും എനിക്കറിയില്ല. ക്ഷമിക്കണം, വാക്കുകൾക്ക് അതീതമാണ് ഈ നിമിഷം. ഈ വിവാഹത്തിന് വന്നതിനും, ഞങ്ങളോട് സഹകരിച്ചതിനും, ഞങ്ങളെ അനുഗ്രഹിച്ചതിനും എല്ലാവർക്കും നന്ദി'' എന്നു നല്ല മലയാളത്തിലും, ''Kindly enjoy the feast'' എന്ന് ഇംഗ്ളീഷിലുമായി പറഞ്ഞ് അങ്ങ് നിർത്തി. മൈക്ക് MC യെ തന്നെ പിടിപ്പിച്ചു, ഒരു വിധം മുഖം രക്ഷിച്ചു.

അതിഥികൾ കയ്യടിക്കുന്ന തിനിടയിൽ ഭാര്യയുടെ ചെവിയിൽ ഞാൻ പറഞ്ഞു, ''Thanks - You saved the day.''

''ഇതിനാണല്ലേ സാർ ഭാര്യ ! ! !.....''

''I am proud of my wife, and I am grateful to Bethlehem for being the instrument for our union.
A Big Thanks''.

എന്നെപ്പോലെ ധാരാളം പയ്യന്മാരും എന്റെ ഭാര്യയെപ്പോലെ ധാരാളം പെൺകുട്ടികളും ബെത് ലെഹമിൽ വരുന്നതല്ലേ, എനിക്കു പറ്റിയ  അമളി അവർക്കും സഹായകരമാകാൻ വേണ്ടിയാണ് ഇത് സാറിനോട് പറയുന്നത്.

''Please convey my experience, but not my identity. . . . .

It Was A True Blessing In Disguise: ഇദ്ദേഹത്തിന്റെ അനുഭവം കുറച്ച് പൊടിപ്പും തൊങ്ങലും വെച്ചാണ് ഞാൻ ഇവിടെ വിവരിച്ചിരിക്കുന്നത്. ഇത് വായിക്കാൻ ഉദ്ദേശിക്കപ്പെട്ടിരി ക്കുന്നവർ എല്ലാം അടുത്തു തന്നെ വിവാഹത്തിന് തയ്യാറായിരിക്കുന്ന ഭാവി വധുക്കളും, വരന്മാരും ആണ്. നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ. വിവാഹത്തിൽ  പങ്കെടുക്കാൻ വരുന്ന നിങ്ങളുടെ ബന്ധുക്കൾ നല്ലവണ്ണം കഷ്ടപ്പെട്ടിട്ടാണ് നിങ്ങളുടെ ചടങ്ങ് മോടിയാക്കാൻ എത്തിച്ചേരുന്നത്. കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹം വന്നാൽ  കുടുംബാംഗങ്ങൾ എല്ലാവരും തന്നെ പുതിയ ഡ്രസ്സ് എടുക്കും. സ്ത്രീകൾക്ക് സാരി, മാച്ചിംഗ് അക്സസ്സറികൾ, ആഭരണം, ബ്യൂട്ടിഷ്യന്റെ സേവനം, എല്ലാറ്റിനും ഉപരി, ചടങ്ങിന്റെ  ദിവസം സമയത്തിന് ഒന്നു ഡ്രസ്സ് ചെയ്ത് ഒരുങ്ങാനുള്ള ബദ്ധപ്പാട്. ഇതെല്ലാം നമ്മുടെ കുടുംബങ്ങളിൽ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ?

വിവാഹം നടക്കുന്നത് ദൂരസ്ഥലത്തു വെച്ചാണെങ്കിലോ,വേണ്ടപ്പെട്ടവരുടെ വിവാഹമാണെങ്കിൽ,  ശരീരത്തിന് ആവതില്ലെങ്കിൽ പോലും, ദൂരയാത്ര ചെയ്യാൻ നമ്മൾ തയ്യാറാവുന്നു. നമ്മൾ ആരൊക്കെയോ ആണെന്ന് നമുക്ക് ബോദ്ധ്യപ്പെടുന്നത് നമ്മുടെ വേണ്ടപ്പെട്ടവരുടെ  സുപ്രധാന സന്ദർഭങ്ങളിൽ വേണ്ട വിധം ഒരുങ്ങി പങ്കു ചേരുമ്പോഴാണ്. അതു കൊണ്ടു തന്നെ അതിന്റെ  കഷ്ടപ്പാടിനെക്കുറിച്ച് ഭൂരിഭാഗവും ആകുലപ്പെടാറില്ല. വരനും വധുവും നന്ദി പറയണം എന്ന് നമുക്ക് നിർബന്ധവും ഇല്ല. അവർ നമ്മുടെ കുട്ടികൾ അല്ലേ.

വിവാഹ വിരുന്നിൽ പങ്കെടുക്കുന്ന വരോട്, വരനും വധുവിനും പറയാൻ, ഒന്നു മാത്രമേ ഉള്ളു,

നന്ദി......

ചോദിക്കാൻ പലതുമുണ്ടാകാം. പ്രാർത്ഥനയും,  അനുഗ്രഹവും, സഹകരണവും ആണ് അതിൽ  പ്രധാനം.

വിവാഹ വേദിയിൽ നിന്നൊരു പ്രസംഗം അപ്രസക്തമാണ്, സന്ദർഭവശാൽ ''Just say few words'' എന്നു മാസ്റ്റർ ഓഫ് സെറിമണിയോ,  കാരണവർ സ്ഥാനത്തുള്ള ആരെങ്കിലുമോ പറഞ്ഞാൽ -
നന്ദി, അനുഗ്രഹം, പ്രാർത്ഥന, സഹകരണം എന്നീ കുറച്ച് വാക്കുകളിൽ ഒതുക്കുക.

കേരളത്തിലാണ് വിവാഹം നടക്കുന്നത് എങ്കിൽ ഇംഗ്ളീഷിൽ മാത്രമായി സംസാരിക്കരുത്. മലയാളത്തിൽ ഒരു വാക്കെങ്കിലും പറഞ്ഞ് ഇംഗ്ളീഷ് അറിയാത്ത കാരണവന്മാരെ ആദരിക്കണം.

വരനും വധുവും വേദിയിൽ നിന്ന് ആത്മാർത്ഥമായി ഇതു പറയുന്നത് നല്ലതാണ് എന്നു ഞാനും കരുതുന്നു. ഒത്തിരി സന്തോഷം എന്നോ, ഒത്തിരി നന്ദി എന്നോ മാത്രമേ പറയേണ്ടതുള്ളു.

എന്തു പറയുന്നു എന്നതിനെക്കാൾ ഓരോ സന്ദർഭവും ഭാര്യയും ഭർത്താവും കൂടി എങ്ങനെ നേരിടുന്നു എന്നതാണ് നിങ്ങളുടെ ബന്ധു മിത്രാദികൾ വിലയിരുത്തുന്നത്.

വിവാഹ വേദിയിൽ മാത്രമല്ല, എവിടെയും, എപ്പോഴും, പങ്കാളികളിൽ ഒരാൾക്ക് എന്തെങ്കിലും അബദ്ധം പറ്റിയാൽ, മറ്റെയാൾ സപ്പോർട്ട് ചെയ്യാൻ എത്തുമെങ്കിൽ, ദമ്പതികളുടെ യോജിപ്പിന്റെ ആ മാതൃകയാണ്, ലോകത്തിലെ ഏറ്റവും മനോഹര കാഴ്ച.

രണ്ടു പേരുടെയും ഹൃദയ ബന്ധം ഉറപ്പിക്കാൻ തമ്പുരാൻ അറിഞ്ഞു നൽകുന്ന അവസരങ്ങളാണ് അത്തരം അബദ്ധങ്ങൾ എന്നു മനസ്സിലാക്കുക.

George Kadankavil - July 2011

What is Profile ID?
CHAT WITH US !
+91 9747493248