Back to articles

കുടത്തിലെ ഭൂതം ! ! !

November 01, 2007

''ഞാനൊരു ചീത്തക്കുട്ടിയൊന്നുമല്ല സാർ, വീട്ടിലും കോളേജിലും നല്ല സൽപ്പേരുണ്ട്. പക്ഷെ നെഞ്ചിനു വളർച്ചയുള്ള പെൺകുട്ടികളോട് ഇടപെടുമ്പോൾ ഞാൻ അവരെ എന്തെങ്കിലും ചെയ്തു പോകുമോ, കയറിപിടിക്കുമോ എന്നൊക്കെ എനിക്ക് ഭയങ്കര പേടിയാണ് സാർ!....''

കേട്ട ഉടൻ  ഉള്ളിലൊരു ആന്തലാണ് എനിക്ക് തോന്നിയത്, പെൺമക്കളുള്ള മാതാപിതാക്കളെ ഒന്നടങ്കം ഭയപ്പെടുത്തുന്ന ഒരു ഭൂതത്തെയാണല്ലോ ഈ പയ്യൻസ്  കുടം തുറന്നു വിടുന്നത്.

നല്ല ചുട്ട  അടി കിട്ടുമ്പോൾ ഈ പേടിയും വേണ്ടാത്ത തോന്നലുകളും പറപറക്കും എന്നു പറയാനാണ് നാക്ക് തരിച്ചത്. പക്ഷേ അത് അവന്റെ പ്രശ്നത്തിനുള്ള പരിഹാരമാകില്ല്ലല്ലോ, അവൻ ഉയർത്തിയ അപകട സാദ്ധ്യതക്കെതിരെ മനസ്സിലുയർന്ന വൈകാരിക പ്രതികരണം, ഒരു ധാർമ്മിക  രോഷാപ്രകടനം മാത്രം. അതു ഗുണം ചെയ്യില്ല.  അവനു കാര്യങ്ങൾ ബോദ്ധ്യപ്പെടണം, എങ്കിലേ അവന്റെ മനസ്സ് സ്വസ്ഥമാകൂ. ഭൂതത്തെ തിരികെ കുടത്തിലാക്കണം.

അനിയാ, സാധാരണ ഗതിയിൽ മനുഷ്യന് അവകാശത്തോടെ അനുഭവിക്കാനായി ആദ്യം ലഭിക്കുന്ന സ്തനങ്ങൾ സ്വന്തം അമ്മയുടേതാണ്. ആ സ്തനങ്ങൾ ചുരത്തിയ അമൃതിന്റെ ഊർജ്ജമാണ്, കൈകാലിട്ടടിച്ചു കരഞ്ഞു നിസ്സഹായതയോടെ കിടക്കുന്ന കുഞ്ഞിനെ വളർത്തി രണ്ടു കാലിൽ നിൽക്കാറാക്കിയത്. അമ്മയല്ലാത്ത ഒരു സ്ത്രീ ഒരു കുഞ്ഞിനെ കയ്യിലെടുത്താൽ, ആ സ്ത്രീയുടെ സ്തനങ്ങളിലും കുഞ്ഞിനെന്തു വേണമെങ്കിലും ചെയ്യാം. ആരും  ഒരാക്ഷേപവും പറയില്ല. കുഞ്ഞിനു വിശക്കുന്നു എന്ന ഒറ്റ അർത്ഥം മാത്രമേ ഇതിനുള്ളു. എന്നാൽ ബാല്യം കടന്ന് കൌമാരത്തിൽ എത്തുന്നതോടെ, ആണും പെണ്ണും തമ്മിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ആവശ്യമായി വരുന്നു. ഈ പ്രായത്തിൽ ഒരാൺകുട്ടിക്ക് സ്ത്രീയുടെ ശരീരത്തിൽ സ്വാതന്ത്ര്യം കൊടുക്കുന്നതും, അവരെ തനിച്ചു വിടുന്നതും, അനർത്ഥത്തിന് ഇടയാകാം. നമ്മുടെ സമൂഹത്തിൽ ഇത്തരം സ്വാതന്ത്ര്യം അവകാശമായി കിട്ടണമെങ്കിൽ ഇനി വിവാഹം കഴിയണം.

അവകാശം ഉണ്ടെന്നു കരുതി എന്തും പരസ്യമായി നമ്മൾ ചെയ്യാറില്ല്ലല്ലോ. പണ്ട് വഴിയരികിൽ ഇരുന്നു പോലും വിസർജ്ജനം ചെയ്തിരുന്നവർ ഇന്ന്  ടോയിലറ്റ് ഉപയോഗിക്കാൻ പഠിച്ചു. നമ്മുടെ സംസ്കാരം മെച്ചപ്പെടുന്നതിന്റെ ഫലമാണിത്. പണ്ട് കാടത്തത്തിൽ ജീവിച്ച ഒരു ജന്തുവായിരുന്നു മനുഷ്യൻ. അവരവർക്ക് ഇഷ്ടമുള്ളതെല്ലാം അപ്പപ്പോൾ ചെയ്തു. കയ്യൂക്ക് ഉള്ളവൻ തോന്നിയതു ചെയ്യുന്ന അവസ്ഥ. പക്ഷേ, ഇന്നത്തെ കയ്യൂക്ക് നാളെ ക്ഷയിക്കുന്നു, അവനവനു സുഖം കിട്ടാനായി ഓരോരുത്തർ ചെയ്യുന്നത്, മറ്റുള്ളവർക്ക് ദുരിതം ആകുന്നു, കയ്യൂക്കുള്ളവനും ദുരിതം ഭവിക്കുന്നു.

വിശേഷബുദ്ധിയുടെ ഈ തിരിച്ചറിവാണ് നമ്മുടെ സിവിലൈസേഷന്റെ ആരംഭം. അത്തരം അലിഖിത നിയമങ്ങൾ പലകുറി - പലകുറി, കാല ദേശമനുസരിച്ച് പരിഷ്കരിച്ച് പരിഷ്കരിച്ചാണ് ഇന്നത്തെ അവസ്ഥയിൽ നമ്മളെത്തിയിരിക്കുന്നത്.

ഒരു സ്ത്രീയുടെ ശരീരത്തിൽ അനുവാദമില്ലാതെ കയറിപ്പിടിക്കുന്നത് അതിക്രമം ആണ്. നാടിന്റെ ഇന്നത്തെ നിയമം അനുസരിച്ച് ശിക്ഷാർഹവുമാണ്. സമൂഹത്തിന്റെയും, കുടുംബങ്ങളുടെയും, വ്യക്തികളുടെയും, അവർ സൃഷ്ടിച്ചേക്കാവുന്ന പുതു ജീവന്റെയും, അവകാശങ്ങളും കടമകളും പരിപാലിക്കുന്ന ഉത്തരവാദിത്തം, വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ ഏറ്റെടുക്കാത്ത, സദാചാരമല്ലാത്ത, ലൈംഗിക ബന്ധങ്ങളെ സമൂഹത്തിന് എതിർക്കേണ്ടി വരും. അല്ലാത്ത പക്ഷം ഉത്തരവാദിത്തമില്ലാത്ത, മനുഷ്യന്റെ ചെയ്തികൾ സമൂഹത്തിനു ബാദ്ധ്യതയും, കുടുബങ്ങൾക്ക് വേദനയും, വ്യക്തികൾക്ക് അപമാനവും ആയി മാറില്ലേ?

ഈ തൃഷ്ണ അഥവാ ത്വര അനിയൻ എങ്ങനെ നേരിടണം എന്നു ചിന്തിക്കാം. മനുഷ്യന് വികാരങ്ങൾ ഉദ്ദീപിപ്പിക്കുന്ന അവയവങ്ങൾ, വെറും കാമപൂരണത്തിനു മാത്രമായി നൽകപ്പെട്ടിരിക്കുന്നതല്ല. മഹത്തായ സൃഷ്ടി കർമ്മത്തിന് ആവേശം പകരാനാണ് കാമം എന്ന വികാരം. സൃഷ്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജീവൻ പരിപാലിക്കുന്നതിന് പ്രപഞ്ച വിധാതാവ് നമുക്ക് തരുന്ന പ്രതിഫലങ്ങളിൽ ഒന്ന് മാത്രം ആണ് ലൈംഗിക സുഖം. സ്ത്രീയുടെ സ്തനങ്ങൾ അവളുടെ കുഞ്ഞിനു ജീവാമൃതം പകർന്നു കൊടുക്കാനുള്ള അവയവമാണെന്ന ബോദ്ധ്യം മനസ്സിലുണ്ടായിരിക്കട്ടെ.

ഒരു കുടുംബം പോറ്റാനുള്ള പ്രാപ്തി ആകുമ്പോൾ അനിയന്റെ വിവാഹവും നടക്കും. കുടുംബ ജീവിതം ആസ്വദിക്കാൻ അവസരം കിട്ടും. അതു വരെ ക്ഷമയോടെ അനിയൻ കാത്തിരിക്കണം.

George Kadankavil - November 2007

What is Profile ID?
CHAT WITH US !
+91 9747493248