Back to articles

സ്വവർഗ്ഗ അനുരാഗം സ്വഭാവ വൈകല്യമാണ്

August 01, 2009

സ്വവർഗ്ഗ അനുരാഗം സ്വഭാവത്തിന്റെ ഭാഗമായി  തന്നെ  ജനിച്ചിരിക്കുന്നവരുണ്ടാകും. ഇത് ഒരു വൈകല്യമാണ്. മറ്റ് വൈകല്യങ്ങൾ പോലെയാണ് ഇതും പരിഗണിക്കേണ്ടത്. ഒരു വ്യക്തി വളർന്ന് സ്വവർഗ്ഗരതിയിൽ മാത്രം താല്പര്യം തുടങ്ങുമ്പോഴേ അയാൾക്കു പോലും  ഇത് തിരിച്ചറിയാൻ സാധിക്കൂ. ഇങ്ങനെയുള്ളവരുടെ സ്ഥിതിവിവര കണക്കുകൾ നമ്മുടെ രാജ്യത്ത് ഉണ്ടോ എന്ന് അറിയില്ല.

ജന്മനാ അല്ലാതെ, ജീവിച്ച ചുറ്റുപാടുകളിൽ നിന്നും ഈ സ്വഭാവം ആർജ്ജിച്ചെടുത്തവരാണെങ്കിൽ, മാറ്റിയെടുക്കാവുന്ന ഒരു സ്വഭാവദൂഷ്യം മാത്രം ആണ് ഇത്. എതിർവർഗ്ഗത്തോടുള്ള വിരോധം കൊണ്ടോ, അവരോട്  ഇടപഴകാൻ അവസരം ലഭിക്കാത്തതു കൊണ്ടോ, സ്വവർഗ്ഗത്തോട് മാത്രം ഇടപെട്ടു വളർന്നതു കൊണ്ടോ ഒക്കെ ആവാം ഇങ്ങനെ സംഭവിച്ചത്.

വംശം നിലനിർത്താൻ മനുഷ്യന്  പ്രകൃതി തന്നിരിക്കുന്ന കഴിവാണ് പ്രത്യുല്പാദനശേഷി. ഇതിന് സ്ത്രീയും പുരുഷനും ചേർന്നേ മതിയാകൂ എന്നതാണ് പ്രകൃതി നിയമം. സൃഷ്ടിയുടേയും, അതിന്റെ  പരിപാലനത്തിന്റേയും  ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് ലഭിക്കുന്ന പ്രചോദനവും, പ്രതിഫലവുമാണ് രതിസുഖം. ഇതനുവർത്തിക്കുന്നതിനുള്ള വ്യവസ്ഥാപിത മാർഗ്ഗമാണ് കുടുംബം. അനേകം തലമുറകളായി അനുവർത്തിച്ച് ഏറ്റവും ഉചിതമെന്ന് കാലം തെളിയിച്ച സംവിധാനമാണ് നമ്മുടെ കുടുംബ വ്യവസ്ഥ.

ഇത്തരം ബോദ്ധ്യങ്ങളും, ധാർമ്മിക മൂല്യങ്ങളും കൊണ്ട് കെട്ടിപ്പടുത്തിരിക്കുന്ന കോടിക്കണക്കിനു കുടുംബങ്ങളാണ്, ഭാരതത്തെ, ആരോഗ്യകരമായ കുടുംബ ബന്ധങ്ങളുള്ള രാജ്യമായി ലോകജനതക്കു മുമ്പിൽ ഉയർത്തി കാട്ടുന്നത്. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റാണ് കുടുംബം. സ്വവർഗ്ഗരതി നിയമാനുസൃതമാക്കണം എന്നു ചിന്തിക്കുന്നവർ സ്വന്തം കുടുംബത്തിന്റെയും, രാജ്യത്തിന്റെയും ധാർമ്മിക അടിത്തറയാണ് ഇളക്കുന്നത്.

സ്വവർഗ്ഗരതി നിയമാനുസൃതം ആകുമ്പോൾ സമൂഹത്തിന് ഉണ്ടാകാവുന്ന തോന്നൽ; ഇതു നല്ലതാണ്, ഇതുവരെ നിരോധിച്ചു വെച്ചിരുന്നതാണ്, ഇനി എല്ലാവർക്കും ഇഷ്ടം പോലെ സ്വവർഗ്ഗരതി നടത്താം. എന്നൊക്കെ ആയിപ്പോവില്ലേ?

ജന്തു സഹജമായ വികാരങ്ങളെ നിയന്ത്രിച്ച് ഒരുവിധം  നേരേ ചൊവ്വേ ജീവിച്ചു വരുന്ന നമ്മുടെ  മക്കൾ; അപ്പൻ, അമ്മ, സഹോദരങ്ങൾ എന്നതിന്റെയൊക്കെ പാവനത മറന്ന്, പാഠശാലകളിൽ തന്നെ സ്വവർഗ്ഗ രതിയും നടത്തിയിട്ട് വരുന്നത് സങ്കല്പിക്കുവാൻ ഏതെങ്കിലും മാതാപിതാക്കൾക്ക് സാധിക്കുമോ?

സൃഷ്ടിയുടെ ഉത്തരവാദിത്വങ്ങളും, കടമകളും ഏറ്റെടുക്കാതെ രതിസുഖം മാത്രം കാംക്ഷിക്കുന്നതു കൊണ്ടല്ലേ സൃഷ്ടി സാദ്ധ്യതകളൊഴിവാക്കുന്ന പ്രകൃതി വിരുദ്ധ ബന്ധങ്ങൾക്ക് ആഗ്രഹിക്കുന്നത്?

കുടുംബാംഗങ്ങളുടെയും, അവരുടെ പ്രവർത്തികളുടെയും  ഉത്തരവാദിത്വങ്ങളും കടമകളും ഏറ്റെടുക്കുന്നതിനാലാണ്, സമൂഹം കുടുംബങ്ങൾക്ക് ചില അവകാശങ്ങളും, ആനുകൂല്യങ്ങളും നിശ്ചയിച്ചിരിക്കുന്നത്.

സ്വവർഗ്ഗരതി നിയമ വിധേയമായാൽ അടുത്ത മുറവിളി സ്വവർഗ്ഗ വിവാഹം നിയമാനുസൃതമാക്കണം എന്നതാകും. സ്വവർഗ്ഗ വിവാഹം വഴി കുടുംബത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടുകയും, ഉത്തരവാദിത്വങ്ങൾ ഒഴിവാക്കുകയും ചെയ്യാമെങ്കിൽ ആ കുറുക്കു വഴി തേടാൻ ധാരാളം ആളുണ്ടായേക്കാം.

സ്വവർഗ്ഗാനുരാഗം എന്ന വൈകല്യം ജന്മനാ സംഭവിച്ചു പോയ ഏതാനും വ്യക്തികളുടെ പേരിൽ കോടിക്കണക്കിന് കുടുംബങ്ങളുടെയും അതുവഴി ഭാരതത്തിന്റെയും ധാർമ്മിക അടിത്തറ തകരാനിടയാകരുത്.

ഈ വിഭാഗത്തിൽ പെട്ടവരുടെ സ്ഥിതിവിവര കണക്കുകൾ ഉണ്ടാകണം. അവരുടെ പ്രത്യേകതകൾ പഠിക്കണം. ഇവർക്ക് അന്തസ്സുള്ള സാമൂഹ്യജീവിതം സാദ്ധ്യമാകും വിധം ചികിത്സയോ, പുനരധിവാസ പ്രവർത്തനങ്ങളോ നടത്താനുള്ള സംവിധാനമാണ് ആദ്യം ഒരുക്കേണ്ടത്.

ഹതഭാഗ്യരായ ഈ മനുഷ്യർക്ക് ശിക്ഷയല്ല മോചനമാണ് ആവശ്യം.

George Kadankavil - August 2009

What is Profile ID?
CHAT WITH US !
+91 9747493248