Back to articles

മണക്കൂസും തൊരപ്പനും! ഉറപ്പില്ലാപൈലിയും മാറ്റിവെപ്പുമാത്തനും!

March 07, 2018

തലങ്ങും വിലങ്ങും ധാരാളം ഇടനാഴികൾ നിറഞ്ഞ ജീവിതമെന്ന ഒരു പട്ടണത്തിൽ, "മണക്കൂസ്", "തൊരപ്പൻ" (Sniff and Scurry) എന്ന രണ്ട് എലികളും, "ഉറപ്പില്ലാപൈലി", "മാറ്റിവെപ്പുമാത്തൻ" (Hem and Haw) എന്ന രണ്ടു കൊച്ചു മനുഷ്യരും ജീവിച്ചിരുന്നു. അന്നന്നയപ്പം തേടി നടന്ന ഇരു കൂട്ടരും ഒരു ദിവസം ധാരാളം ചീസ് കൂടിക്കിടക്കുന്ന ഒരു ഇടനാഴിയിലെത്തി. ആഹാ-ചീസ്! അളവില്ലാത്ത പോലെ തോന്നിക്കുന്ന ചീസ് കുമ്പാരം. ഇഷ്ടം പോലെ തിന്നാം.

ഇരുകൂട്ടരും ദിവസവും ഇവിടെ ഈ ചീസുപുരത്തുവന്ന് ചീസ് തിന്നൽ പതിവാക്കി. പൈലിയും മാത്തനും ചീസുകൂമ്പാരത്തിൽ നിന്നും ദിവസവും മൂക്കറ്റം തിന്നു ചവിട്ടി തുപ്പി ഏമ്പക്കം വിട്ടു പോകും. ക്രമേണ അവരിത് അവരുടെ അവകാശമായി സ്വയം പ്രഖ്യാപിച്ച് അഹങ്കാരത്തോടെ ദിനങ്ങൾ പിന്നിട്ടു. പക്ഷേ ഒരു ദിവസം ചീസ് പുരത്ത് വന്നപ്പോൾ, അവിടെ ചീസ് കാണാനില്ല.

മണക്കൂസും തൊരപ്പനും, ഇതു പ്രതീക്ഷിച്ചിരുന്നതാണ്. കാരണം അവർ എല്ലാ ദിവസവും കൃത്യസമയത്ത് വന്ന് വേഷം മാറി, വർക്കിംഗ് ഡ്രസ്സ് ധരിച്ച്, അവരുടെ ഭാഗത്തുള്ള ചീസ് മണത്തും, തുരന്നും അതിന്റെ അളവും, ഗുണവും പരിശോധിച്ച്, ആവശ്യത്തിനുള്ളതുമാത്രം ഭക്ഷിക്കുകയും, ബാക്കി ഭദ്രമാക്കി വെച്ച ശേഷം തങ്ങളുടെ വേശം മാറി വീട്ടിൽ പോകുന്ന, കൃത്യനിഷ്ഠയും, സൂക്ഷവും ഉള്ളവരായിരുന്നു. ചീസിന്റെ അളവ് കുറഞ്ഞു വരുന്നത്, അവർ അപ്പപ്പോൾ മനസ്സിലാക്കിയിരുന്നു.  ചീസു തീരുമ്പോൾ എന്തു ചെയ്യണമെന്നും അവർ മനസ്സിൽ പദ്ധതികൾ തയ്യാറാക്കിയിരുന്നു. ചീസു തീർന്നു എന്നു കണ്ട ഉടൻ തന്നെ മണക്കൂസും തൊരപ്പനും പുതിയ ചീസുപുരം തേടി യാത്ര ആരംഭിച്ചു. യാത്രയിൽ വിശപ്പടക്കാൻ ആവശ്യമായ ചീസ് അവർ കരുതി വെച്ചിട്ടും ഉണ്ടായിരുന്നു.

പൈലിയും മാത്തനും ആണെങ്കിലോ? തോന്നുമ്പോൾ വരും തോന്നിയപോലെ തിന്നും, എന്നിട്ടു തോന്നുമ്പോൾ പോകുന്ന, അസ്സൽ തോന്ന്യവാസികൾ ആയിട്ടാണ് കഴിഞ്ഞിരുന്നത്. ചീസ് തീരുന്ന കാര്യം അവർ ശ്രദ്ധിച്ചിട്ടേ ഇല്ല. തങ്ങൾക്കു വേണ്ട ചീസ് നിത്യവും അവിടെ ലഭിക്കേണ്ടത്, അവരുടെ അവകാശമായിട്ടാണ് കരുതിയിരുന്നത്. തങ്ങളെ ചീസു തന്ന് പരിപാലിക്കേണ്ടത്, വേറെ ആരുടേയോ കടമയാണ് എന്ന ഭാവത്തിൽ ആയിരുന്നു അവരുടെ പെരുമാറ്റം.

പെട്ടെന്ന് ഒരു ദിവസം ചീസ് കാണാതായപ്പോൾ, എന്തു ചെയ്യണം എന്നറിയാതെ അവരാകെ അന്ധാളിച്ചു പോയി. അയ്യോ ഞങ്ങടെ ചീസ് ആരോ അടിച്ചു മാറ്റിയേ എന്നു രണ്ടാളും വലിയ വായിൽ നിലവിളി തുടങ്ങി. പിന്നെ ചീസ് അടിച്ചു മാറ്റിയവനെതിരെ  കുറെ തെളിവിളിച്ചു, പിന്നെ ഭീഷണികൾ നടത്തി. എന്നിട്ടും ചീസ് കാണാനില്ല. കുറ്റപ്പെടുത്താനും പകരം വീട്ടാനും വേറെ ആരേയും കിട്ടാത്തതിനാൽ, അവർ പരസ്പരം കുറ്റപ്പെടുത്തി, വഴക്കിട്ടു, ബഹളം വെച്ചു, കരഞ്ഞു, തമ്മിൽ തല്ലി, പിണങ്ങി വീട്ടിൽ പോയി. അങ്ങിനെ രണ്ടാളും കടുത്ത കോപത്തിലും നിരാശയിലും അന്നു രാത്രി കഴിച്ചു കൂട്ടി.

പിറ്റേന്നു രാവിലെ പൈലി എണീറ്റു പതിവുപോലെ ചീസുപുരത്തേക്ക് പോകാൻ ഒരുങ്ങി മാത്തനെ വിളിച്ചു. പക്ഷേ മാത്തൻ പറഞ്ഞു, എന്റെ ചീസ് അടിച്ചു മാറ്റിയവനോട് പ്രതികാരം ചെയ്യുന്നതുവരെ ഞാൻ എങ്ങോട്ടുമില്ല. ഇനി എന്തു ചെയ്യണം എന്ന് പൈലിക്ക് വലിയ ഉറപ്പൊന്നും ഇല്ലായിരുന്നെങ്കിലും, അവൻ അന്നും ചീസുപുരത്തേക്ക് തന്നെ പോയി. അവിടെ മിച്ചം കിടന്ന ചില ചീസ് കഷ്ണങ്ങൾ കണ്ടത് എടുത്ത് ഭക്ഷിച്ച് അവൻ വിശപ്പ് അടക്കി. തിരികെ വീട്ടിൽ വന്നപ്പോൾ ഒരു കഷ്ണം മാത്തനും കൊടുത്തു കൊണ്ടു പൈലി പറഞ്ഞു, മാത്താ, ചീസുപുരത്ത് വഴിയിൽ അവിടെയും ഇവിടെയും ഒക്കെയായി ചീസു കഷ്ണങ്ങൾ കിടപ്പുണ്ട്. നമുക്ക് പോയി അതു കുറെ ശേഖരിച്ച് വിശപ്പടക്കി, പുതിയ ഏതെങ്കിലും ചീസുപുരം തേടി കണ്ടു പിടിക്കാം.

മാത്തന് നല്ല കലി വന്നു. വഴിയിൽ കിടക്കുന്നത് പെറുക്കി തിന്നാനോ? എന്റെ പട്ടി വരും. എന്തോരം ചീസുണ്ടാരുന്ന ആളാ ഞാൻ? എന്നിട്ടിപ്പം വഴീന്ന് പെറുക്കി തിന്നാനോ? എടാ, ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?

പൈലിക്ക് പറയാൻ മറുപടി ഒന്നും ഇല്ലായിരുന്നു. അവൻ കിടന്നുറങ്ങി. രാവിലെ എണീറ്റു നോക്കുമ്പോൾ മാത്തൻ ഇരുന്ന് പിറുപിറുക്കുന്നു. എന്റെ ചീസുകൊണ്ടു പോയവന്റെ തലേൽ ഇടിത്തീ വീഴണേ എന്നും മറ്റും പതം പറഞ്ഞ് ശപിക്കുകയാണ് മാത്തൻ. ഇനി എന്തു ചെയ്യണം എന്ന് ഒരു ഉറപ്പില്ലാതെ രണ്ട് ദിവസം ഈ ശപിക്കലും, മുറുമുറുപ്പും കേട്ടിരുന്നപ്പോൾ പൈലിക്ക് ഒരു കാര്യം ബോദ്ധ്യമായി, സാഹചര്യം മാറിയതനുസരിച്ച് താനും മാറിയില്ലെങ്കിൽ സ്വയം നശിച്ചു പോയേക്കാം എന്ന്. " If You Do Not Change, You Can Become Extinct"

അടുത്ത ദിവസം രാവിലെ പൈലി കുളിച്ചു ഫ്രഷ് ആയി വന്ന് മാത്തനോടു പറഞ്ഞു, ഞാൻ എവിടെങ്കിലും ചീസ് കിട്ടുമോ എന്ന് അന്വേഷിച്ച് പോകുകയാണ്. തിരിച്ചു വരുമോ എന്നു പോലും അറിയില്ല. ചീസ് കണ്ടെത്താതെ ഇനി എനിക്കു വിശ്രമമില്ല, നീ വരുന്നോ? മാത്തൻ ഇല്ലെന്നു തലകുലുക്കി.

പുതുതായി കിട്ടിയ ബോദ്ധ്യത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് പൈലി, ചീസ് തേടി ജീവിതത്തിന്റെ അജ്ഞാത ഇടനാഴികളിലേക്ക് ഭയത്തോടെ ഇറങ്ങി. പെട്ടെന്ന് അവന്റെ ഉള്ളിൽ ഒരു ചോദ്യമുയർന്നു, എനിക്ക് ഭയം ഇല്ലായിരുന്നെങ്കിൽ, ഞാനെന്തു ചെയ്യുമായിരുന്നു.? "What Would You Do If You Weren't Afraid?"

ആ ചോദ്യം സ്വയം ചോദിച്ച്, അതിനുള്ള ഉത്തരം ആലോചിച്ചപ്പോഴേക്കും, പൈലിയുടെ മനോഭാവം ആകെ മാറി. ചീസ് ഒന്നും കണ്ടെത്തിയില്ലെങ്കിൽ പോലും, അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പുതിയൊരു ബോദ്ധ്യം ആണ് അവന് ലഭിച്ചത്, ഭയത്തിനും അപ്പുറത്തേക്ക് കടന്നു ചെല്ലാമെങ്കിൽ, നമുക്ക് സ്വാതന്ത്ര്യം അനുഭവപ്പെടും എന്ന്. "When you move beyond your fear, you feel free."

പൈലിയുടെ ഉള്ളിൽ ഭയം മാറി. കാഴ്ചപ്പാടിന്റെയും, ധാരണകളുടെയും ബന്ധനങ്ങൾ അഴിഞ്ഞു. പകരം ഉത്സാഹം അനുഭവപ്പെട്ടു, അവന്റെ ഉറപ്പില്ലായ്മ അതോടെ മാറി. അവൻ അതുവരെ കടന്നു ചെല്ലാൻ ഭയപ്പെട്ടിരുന്ന ഇടനാഴികൾ പോലും താണ്ടി, ഒടുവിൽ ധാരാളം ചീസ് നിറഞ്ഞ ഒരു പുതിയ ചീസുപുരത്ത് എത്തിച്ചേർന്നു. സ്വന്തം അനുഭവങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ പ്രകാരം ഉറപ്പില്ലാ പൈലി, ഉറപ്പുള്ള പൈലി ആയി, ചിട്ടയിലും നിഷ്ഠയിലും പ്രവർത്തനം തുടങ്ങി.

പഴയ കൂട്ടുകാരനെ പൈലി മറന്നില്ല. മാത്തനെ പോയി വിളിച്ചു കൊണ്ടു വരാൻ ആഗ്രഹിച്ചെങ്കിലും, ചെയ്തില്ല. കാരണം, മാത്തൻ അവന്റെ ഉള്ളിലെ മാറ്റത്തിന് സ്വയം തയ്യാറായെങ്കിൽ മാത്രമേ അവനു നിലനിൽക്കാൻ സാധിക്കു. മാത്തന്റെ ചീസ് മാത്തൻ തന്നെ കണ്ടെത്തണം. അതിന് മാത്തനെ സഹായിക്കാനായി, പൈലി തനിക്കു കിട്ടിയ തിരിച്ചറിവുകൾ, താൻ  വന്ന ഇടനാഴികളിൽ ചുവരെഴുത്തുകളായി പതിപ്പിച്ച്, മാത്തന്റെ കാലൊച്ച കേൾക്കുവാൻ പ്രാർത്ഥനയോടെ കാത്തിരുന്നു. (കൂട്ടുകാരൻ നന്നായപ്പോൾ നമ്മളെ മറന്നു എന്നു സങ്കടം പറയുന്നവർ ഇതു ശ്രദ്ധിക്കുമല്ലോ.)

ഡോ.സ്പെൻസർ ജോണസൻ എഴുതിയ "Who Moved My Cheese" എന്ന പുസ്തകത്തിന്റെ രത്നചുരുക്കമാണ് ഈ കഥ. കഥാപാത്രങ്ങളുടെ പേരും സംഭാക്ഷണവും മലയാളീകരിച്ചത് പൈലിയെപ്പോലെ അനുഭവിച്ച ഒരു സഹോദരിയുടെ അഭ്യർത്ഥന മാനിച്ചാണ്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം ആയി. ഒരു ചില്ലി കാശുപോലും സ്ത്രീധനം വാങ്ങില്ല എന്ന് നിർബന്ധം ഉള്ള ആദർശ ധീരനായിരുന്നു ഭർത്താവ്. അതുകൊണ്ട്, അപ്പച്ചൻ അവളുടെ പിതൃസ്വത്ത് വിഹിതമായി 40 ലക്ഷം രൂപ ഡിപ്പോസിറ്റ് അവളുടെ പേർക്ക് ഇട്ടു കൊടുത്തു. ആ പണം എന്തു ചെയ്യണം എന്നു ഭർത്താവിനോടു ചോദിച്ചപ്പോൾ, നീ തന്നെ അത് യുക്തി പൂർവ്വം ചിലവഴിച്ചു കൊള്ളു എന്നായിരുന്നു മറുപടി.

ആദ്യമായിട്ടാണ് ഇത്രയും പണം കൈകാര്യം ചെയ്യാൻ അവസരം കിട്ടിയത്. എന്തു ചെയ്യണം എന്ന് ഉറപ്പില്ലാതിരുന്ന നേരത്ത്, താമസിക്കുന്ന ഫ്ളാറ്റിലെ കൂട്ടുകാരികളോട് ഉപദേശം ചോദിച്ചു. പിന്നെ പാർട്ടിയും സൊസൈറ്റിലേഡി ചമയലും ഒക്കെ ആയി, മൂന്നു വർഷം കൊണ്ട് ആ പണം അടിച്ചുപൊളിച്ചു നിക്ഷേപം പൂജ്യം ആയി. ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയപ്പോഴാണ് ചീസ് തീർന്നു എന്നു മനസ്സിലാക്കിയത്. റിക്കവറിക്കാരുടെ നിശിത സംഭാഷണവും കേട്ട് അന്ധാളിച്ച് ഇരുന്നപ്പോഴാണ്, ഈ പുസ്തകം വായിക്കുന്നത്. പിന്നെ തയ്യൽ പഠിച്ചു, പഴയ ചീസുപുരത്തു നിന്നും പെറുക്കി കൂട്ടിയ കഷ്ണങ്ങൾ കൊണ്ട്, കുറച്ച് തിരിച്ചടവു നടത്തി, കൂടാതെ ഒരു ബൊട്ടീക്ക് തുടങ്ങി, ക്രമേണ പുരോഗമിച്ച്, ഏഴു വർഷം കൊണ്ട്, പണ്ട് കളഞ്ഞതിലും അധികം തിരിച്ച് നേടി. വഷളായികിടന്ന സ്വന്തം കുടുംബജീവിതവും ഭംഗിയാക്കിയ കഥ ഇവർ എന്നോടു വിവരിച്ചു.

അവളെപ്പോലെ അബദ്ധം പറ്റിയിരിക്കുന്നവർക്കു വേണ്ടി, ഈ കഥ ഒന്നു മലയാളീകരിച്ച്  എഴുതാമോ എന്നായിരുന്നു ഈ സഹോദരിയുടെ അഭ്യർത്ഥന.

പ്രിയപ്പെട്ടവരെ, മാറ്റം എന്നത്, മാറ്റമില്ലാത്ത ഒരു പ്രക്രിയ ആണ്. മാറ്റത്തെ ഭയപ്പെട്ട് നിഷ്ക്രിയരായാൽ നാശമായിരിക്കും ഫലം. മാറ്റത്തിനനുസരിച്ച് സ്വയം മാറാനുള്ള സന്നദ്ധതയാണ് മനസ്സിൽ സൂക്ഷിക്കേണ്ടത്. ഭയം മാറിയാൽ ഉത്സാഹം തോന്നും. ലോകത്ത് എല്ലാവർക്കും മനസ്സിലാകുന്ന ഉന്മേഷം പകരുന്ന ഭാഷയാണ് ഉത്സാഹം. "The Language of Enthusiasm".

ചീസ് എന്നത് വെറും ഭക്ഷണം മാത്രമല്ല, ജീവിതത്തിലെ ഓരോ അത്യാവശ്യവും ആണ് അപ്പോഴത്തെ നമ്മുടെ ചീസ്. വിവാഹം അന്വേഷിക്കുന്നവർക്ക് ചീസ് എന്നത് അവർക്കു യോജിക്കുന്ന ഒരു പങ്കാളി ആണ്. ചീസ് കൂനയിൽ കിടന്ന് തിന്നു മദിക്കുന്നതല്ല ജീവിതം. ചീസു കണ്ടെത്താനുള്ള ഉത്സാഹഭരിതമായ യാത്രയാണ് ഏറ്റവും ആസ്വാദ്യകരമായ ജീവിതം.

ആ യാത്ര ബോധപൂർവ്വം ചെയ്യാൻ ഈ കുറിപ്പുകൾ താങ്കൾക്കും ഉപകരിക്കട്ടെ എന്ന പ്രാർത്ഥനയോടെ....

George Kadankavil - March 2018


What is Profile ID?
CHAT WITH US !
+91 9747493248