Back to articles

ഡൈവോഴ്സിയുടെ പെണ്ണുകാണൽ

March 01, 2003

''മകൻ രണ്ടാഴ്ചത്തെ അവധിക്ക് വന്നിരിക്കുകയാണ്. ഈ സമയം  കൊണ്ട് ഒരു വിവാഹം നടത്തണം. ആദ്യത്തെ കല്യാണം പിരിയേണ്ടി വന്നു. കോടതിയിൽ നിന്നും വിവാഹമോചനം കിട്ടിയിട്ടുണ്ട്, പള്ളിയിൽ നിന്ന് ഉടനെ കിട്ടും.

നല്ല സുന്ദരി ആയിരിക്കണം, നല്ല വിദ്യാഭ്യാസം വേണം, സാമ്പത്തികം ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല. ഏതെങ്കിലും ക്ഷയിച്ചുപോയ നല്ല തറവാട്ടിൽ നിന്നുള്ള കുട്ടി ആയാൽ നന്നായിരിക്കും. ബാദ്ധ്യതകളില്ലാത്ത പുനർവിവാഹവും നോക്കാം. ഇത്രമാത്രമേ ഞങ്ങൾക്ക്  ആഗ്രഹം ഉള്ളു.

നല്ല ധനാഢ്യനാണെന്ന് കാഴ്ചയിൽ തന്നെ മനസ്സിലാകുന്ന ഒരു കാരണവരും മകനുമാണ് മുന്നിലിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആഗ്രഹം കുറച്ചഹങ്കാരം ആണല്ലോ എന്ന് എനിക്ക് ആദ്യം തോന്നിയെങ്കിലും, തകർന്ന കുടുംബ ജീവിതത്തിനു പകരം പുതിയ ഒരു ജീവിതം കണ്ടെത്താനുള്ള വ്യഗ്രത ആണെന്ന് കൂടുതൽ സംസാരിച്ചപ്പോൾ മനസ്സിലായി.

പുനർവിവാഹത്തിന്റെ വഴികളെക്കുറിച്ചുള്ള അറിവില്ലായ്മ ആണ് ഇങ്ങനെ ചിന്തിക്കാൻ കാരണം.

പുനർവിവാഹം എന്നൊരു വിവാഹ പരസ്യത്തിന് ധാരാളം മറുപടികൾ ലഭിക്കും. അവയെല്ലാം തന്നെ പുനർവിവാഹ ക്കാരുടെതായിരിക്കും. അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രത്യേകതകൾ ഉള്ളവരുടേതായിരിക്കും.

എത്ര ക്ഷയിച്ചുപോയ തറവാടാണെങ്കിലും, നല്ല സൌന്ദര്യവും വിദ്യാഭ്യാസവുമുള്ള പെൺകുട്ടികളുടെ ആലോചനകൾ ഈ പരസ്യത്തിന് ലഭിക്കാറില്ല.

ബാദ്ധ്യതകളില്ലാത്ത പുനർവിവാഹങ്ങളാണ് മിക്കപ്പോഴും പരിഗണിക്കാൻ ലഭിക്കുന്നത്. അങ്ങനെ ഒരാളെ വിവാഹം ചെയ്യണമെങ്കിൽ ആദ്യം  ഇവർ തമ്മിൽ കണ്ട് ഇഷ്ടപ്പെടണമല്ലോ. ഇത് മിക്കവാറും സംഭവിക്കാതെ പോകുന്നതായിട്ടാണ് കണ്ടുവരുന്നത്.

വിവാഹമോചനത്തിലേക്ക് നയിച്ച സംഭവങ്ങളും, അതിന്റെ തുടർ നടപടികളും അതിനിരയായ വ്യക്തികളുടെ മനസ്സിൽ  ആഴമുള്ള മുറിവുകൾ സൃഷ്ടിക്കുന്നുണ്ട്. ഇതുണങ്ങാൻ കർമ്മവും കാലവും സ്നേഹവും ആണ് ലഭിക്കേണ്ടത്. എന്നാൽ ഒരത്യാഹിതത്തി നിരയായവർക്ക് പുനരധിവാസം തേടുന്നതു പോലെ വീട്ടുകാർ ഉടനെ ഒരു പുനർവിവാഹത്തിന് ആലോചിക്കും. ആ വ്യക്തി ഒരുപക്ഷെ വീണ്ടുമൊരു വിവാഹത്തിന് മനസ്സുകൊണ്ട് തയ്യാറെടുത്തിട്ടുണ്ടാവില്ല. വീട്ടുകാരെ തൃപ്തിപ്പെടുത്താൻ വെറുതെ ചടങ്ങിന് നിന്നു കൊടുക്കും. അതുകൊണ്ട് കാര്യമില്ലല്ലോ.

ഈ വേദനകൾ തരണം ചെയ്തവരാണെങ്കിൽ പോലും, പുനർവിവാഹക്കാരായ ഒരു സ്ത്രീയും പുരുഷനും തമ്മിൽ പെണ്ണുകാണൽ നടക്കുമ്പോൾ അവരുടെ മനസ്സിൽ തികട്ടി വരുന്ന ഒരുപിടി കാര്യങ്ങളുണ്ട്.

ഈ ആളിന്റെ വിവാഹം തകർന്നത്  എന്തുകൊണ്ടായിരിക്കും?

ഇവരു പറയുന്നതു സത്യമായിരിക്കുമോ?

എന്റെ പഴയ പങ്കാളിയെപ്പോലെ ആയിരിക്കുമോ ഈ ആളും?

എന്റെ ആദ്യവിവാഹത്തെക്കുറിച്ച് എന്താണ് പറയേണ്ടത്?

അതു കേൾക്കുമ്പോൾ ഈ ആൾക്ക് എന്തുതോന്നും?

ഈ ആളെ വിശ്വസിക്കാമോ?

ഇത്രയും അനുഭവിച്ച ഞാൻ ഇനി എങ്ങനെയാണ് ഒരാളെ വിശ്വസിക്കുക?

ഇനി വിശ്വസിച്ച് എല്ലാം തുറന്നു പറയാൻ ആത്മാർത്ഥമായി ശ്രമിച്ചാലും, പറയുന്നതെല്ലാം പൂർണ്ണമായി സത്യമായിരിക്കില്ല. കാരണം വിവാഹമോചനം ലഭിക്കണമെങ്കിൽ കോടതിയും സഭയും അംഗീകരിക്കുന്ന ചില അവസ്ഥകളും ആരോപണങ്ങളും ഉണ്ടായേ തീരൂ.

അതുകൊണ്ടുതന്നെ, രണ്ടുകൂട്ടരും യാഥാർത്ഥ്യങ്ങൾ മാറ്റിവെച്ച്, ഈ ചട്ടക്കൂടിനകത്ത് വരുന്ന വിധത്തിൽ അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പഠിക്കേണ്ടിവരും. കാര്യം നടക്കണമെങ്കിൽ ഇങ്ങനെ ചെയ്യണം എന്നേ വക്കീലിനും പറയാൻ സാധിക്കുകയുള്ളു. പലവട്ടം പറയുമ്പോൾ അർദ്ധ സത്യങ്ങളും, അസത്യങ്ങളും, സത്യമാണെന്നു വിശ്വസിക്കുന്ന അവസ്ഥയിലെത്തും. ഇതവരുടെ വ്യക്തിത്വത്തെ, ഇന്റഗ്രിറ്റിയെ, പ്രതികൂലമായി ബാധിക്കും.

പരസ്പരം ഇഷ്ടവും വിശ്വാസവും ഉടലെടുക്കേണ്ട പെണ്ണുകാണൽ ഇവിടെ സംശയത്തിന്റെ കരിനിഴലിലാണ്. ഇങ്ങനെ നൂറുകണക്കിന് പെണ്ണുകാണൽ നടക്കാറുണ്ട്, പക്ഷെ ഇഷ്ടപ്പെടുക എന്നത് അപൂർവ്വമായി മാത്രമെ സംഭവിക്കുന്നുള്ളു. ഇതുകേട്ട് താങ്കൾ അന്വേഷണങ്ങൾ അവസാനിപ്പിക്കേണ്ട. ഈ പശ്ചാത്തലം മനസ്സിലാക്കി, ലഭിക്കുന്ന ആലോചനകളിലെല്ലാം ഇരുവർക്കും അടുത്തറിയാൻ അവസരം ഉണ്ടാക്കണം. ഒരു കൌൺസിലറുടെ അടുക്കൽ രണ്ടുപേരും കൂടി ഒരുമിച്ച്ചെന്ന് തുറന്നു സംസാരിക്കുന്ന തായിരിക്കും കൂടുതൽ ഫലപ്രദം.

ജീവിതയാത്രക്കിടയിൽ എവിടെയെങ്കിലും വെച്ച് നല്ലൊരു പങ്കാളിയെ കണ്ടുമുട്ടാനും, അടുത്തറിയാനും, ഹൃദയം തുറക്കാനും, വീണ്ടുമൊരു കുടുംബ ജീവിതം കരുപ്പിടിപ്പിക്കുവാനും ഇടയാക്കണമെ എന്നു തമ്പുരാനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുക. പറ്റിപ്പോയ അത്യാഹിതത്തിന്റെ പേരിൽ അന്തർമുഖരാകാതെ, ചുറ്റുമുള്ളവർക്ക് ഉപകാരങ്ങൾ ചെയ്ത് സന്തോഷിക്കുന്ന ഒരു വ്യക്തിയായി ജീവിക്കുക.

കാലം പുതിയ വഴികൾ തുറന്നുതരും.

George Kadankavil - March 2003

What is Profile ID?
CHAT WITH US !
+91 9747493248