Back to articles

കഴുത ഒരു മോശം ജീവിയല്ല !..

May 01, 2013

ഫോണിന്റെ അങ്ങേ തലയ്ക്കൽ നല്ല കനമുള്ള ഇരുത്തം വന്ന ഒരു പുരുഷ ശബ്ദം ചോദ്യരൂപേണ എന്നെ വിളിക്കുകയാണ് - മിസ്റ്റർ കാടൻകാവിൽ ?

അതേ അത് ഞാനാണ്, പറയൂ സാർ;

- ഭാര്യയുടെ ശമ്പളത്തെ കുറിച്ച് നിങ്ങളെഴുതിയത് വായിച്ചു.
എനിക്ക് നിങ്ങളോടൊരു ചോദ്യമുണ്ട്. ചോദിച്ചോട്ടെ ?

ധൈര്യമായി ചോദിച്ചോളു സാർ, ഉത്തരം അറിയില്ലെങ്കിൽ പോലും, എന്റെ കാഴ്ച്ചപ്പാട് ഞാൻ ഷെയർ ചെയ്യാം.

താങ്ക് യൂ ജോർജ്ജ്, എനിക്കറിയേണ്ടത് ഇതാണ്, കുടുംബ ജീവിതത്തിൽ നമ്മൾ കഴുതയാകണോ, കുതിരയാകണോ ?

എന്തോ ഒരു കെണിയാണ് ഈ ചോദ്യത്തിന് പിറകേ വരുക എന്ന് Intution കിട്ടിയെങ്കിലും ഞാൻ ഒഴിഞ്ഞു മാറാതെ ഏറ്റുപിടിച്ചു.

കുടുംബത്തിലെ ക്ലേശങ്ങൾ തരണം ചെയ്യാൻ നമ്മൾ കഴുതയെ പോലെ ആവണം.

പ്രതികൂല സാഹചര്യങ്ങളോട് യുദ്ധം ചെയ്യേണ്ടി വരുമ്പോൾ കുതിരയെ പോലെയും ആകണം എന്നാണ് ഞാൻ കരുതുന്നത്.

രണ്ടു പേരും കഴുതകളായാലോ ?

അച്ചായാ, കഴുതയാകുന്നതും, കഴുതയെപ്പോലെ ആകുന്നതും തമ്മിൽ വ്യത്യാസമില്ലേ ? രണ്ടു പേരും കഴുതയെപ്പോലെ അദ്ധ്വാനിക്കുമെങ്കിൽ അതാണ് അത്യുത്തമം.
മനുഷ്യൻ മൃഗമാകുന്നതാണ് അധഃപതനം. മറ്റ് ജന്തുക്കളുടെ ഉപകാരപ്രദമായ രീതികൾ ശ്രദ്ധിച്ച് അതിൽ നമുക്ക് അനുയോജ്യമായ ശൈലികൾ വശംവരുത്തി, ആ ജന്തുക്കളെപ്പോലെ അദ്ധ്വാനിച്ച് ഒാരോരോ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനാണ് മനുഷ്യന് വിശേഷ ബുദ്ധി എന്നൊരു സംഗതി സൃഷ്ടാവ് തന്നിരിക്കുന്നത്.

കഴുത ഒരു മോശം ജീവിയൊന്നുമല്ല. യേശു രാജകീയമായി പട്ടണ പ്രവേശനം നടത്തിയത് ഒരു കഴുതയുടെ പുറത്തായിരുന്നു.

തന്റെ ഭാരം വഹിക്കുവാൻ ദൈവപുത്രൻ കഴുതയെ തിരഞ്ഞെടുത്തത് എന്തിനായിരിക്കണം എന്നൊന്നു ചിന്തിച്ചേ. പരാതി കൂടാതെ ഭാരം വഹിക്കുന്ന ജീവികൾക്കാണ് ദൈവത്തെ വഹിക്കുവാൻ അവസരം ലഭിക്കുക എന്ന് ചിന്തിക്കുന്നവർക്ക് എത്ര കഴുതയാകാനും മടിതോന്നില്ല.

നേരും നെറിയുമുള്ള ഒരു ഉപജീവന മാർഗ്ഗം കണ്ടെത്താനും, അതങ്ങിനെ തന്നെ നിലനിർത്താനും കുതിരയുടെ ചുറുചുറുക്കോടെ ഓടിപ്പാഞ്ഞ് നടന്ന് വേണമെങ്കിൽ ഒരശ്വമേധം തന്നെ നടത്താം.

കുടുംബത്തിന്റെ സ്വത്തും ജീവനും അഭിമാനവും സംരക്ഷിക്കാൻ ചിലപ്പോൾ പടക്കുതിരയെപ്പോലെ ആകേണ്ടി വന്നാൽ അതിനും മടിക്കേണ്ട.

സന്ദർഭോചിതമായി പ്രവർത്തിച്ച് ക്ലേശങ്ങളോട് മല്ലടിച്ച് തൃപ്തിയും സന്തോഷവും കണ്ടെത്തേണ്ടവർ, പരസ്പരം കുറ്റപ്പെടുത്തിയും, ആക്ഷേപിച്ചും സ്വയം കഴുതകളാകാൻ ഇടയാകുന്നത്, നമ്മുടെ മത്സര ബുദ്ധി, നിയന്ത്രണമില്ലാത്ത നാക്ക്, വകതിരിവില്ലാത്ത വാക്ക് പെരുമാറ്റം ഇവ മൂലമാണ്.

ജീവിത ക്ലേശങ്ങളോട് പൊരുതി അത് മറികടക്കുന്നവർക്കേ ജീവിതത്തിൽ തൃപ്തിയും സന്തോഷവും കണ്ടെത്താൻ സാധിക്കുകയുള്ളൂ. ഈ ബോദ്ധ്യമുള്ള ഏതൊരു ഭാര്യയ്ക്കും ഭർത്താവിനും സ്വന്തം കുടുംബത്തിനുവേണ്ടി ഏതു ക്ലേശങ്ങളും ഒരു കഴുതയെപ്പോലെ വഹിക്കാൻ അനായാസം സാധിക്കും.

പക്ഷേ നിർഭാഗ്യവശാൽ ലാളിച്ച് വഷളാക്കപ്പെട്ട കുട്ടികളാണ് ഇന്ന് നമ്മൾ. നമ്മുടെ ക്ലേശങ്ങളെല്ലാം പരിഹരിച്ച് തരേണ്ടത് മറ്റാരുടേയോ കടമയാണെന്നാണ് നാമെല്ലാം ധരിച്ചുവച്ചിരിക്കുന്നത്.

നമ്മുടെ ഏതു ക്ലേശത്തിനും ആരെയെങ്കിലും കുറ്റപ്പെടുത്തി
ശീലിച്ചിരിക്കുന്നവരാണ് നമ്മൾ.

പത്ര മാധ്യമങ്ങളിലെല്ലാം എപ്പോഴും ആരെയെങ്കിലും കുറ്റപ്പെടുത്തുന്ന വാർത്തകളാണ് നാം സ്ഥിരം കണ്ടുകൊണ്ടിരിക്കുന്നത്.

സർക്കാരിനെ കുറ്റപ്പെടുത്തുന്നു, അല്ലെങ്കിൽ ജനപ്രതിനിധികളെ കുറ്റപ്പെടുത്തുന്നു, സ്ഥാപനങ്ങളെ, മേലധികാരികളെ, മതങ്ങളെ, നേതാക്കളെ, എല്ലാം തരത്തിനു തരം പോലെ കുറ്റപ്പെടുത്തി സ്വന്തം കുറവുകൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് ഈ കാലഘട്ടത്തിന്റെ ശാപമായി മാറിയിരിക്കുന്നു.

മുട്ടയാണോ കോഴിയാണോ ആദ്യം വന്നത് എന്ന ചോദ്യം പോലെ ഈ കുറ്റപ്പെടുത്തൽ ശൈലി കുടുംബത്തിലാണോ, സമൂഹത്തിലാണോ ആദ്യം തുടങ്ങിയതെന്ന് ഒന്നു ചിന്തിച്ചു നോക്കണം.

ഈ ദുഷിത വലയം കുടുംബത്തിൽ ആരംഭിച്ചു എന്നാണ് ഞാൻ കരുതുന്നത്. മക്കൾ മാതാപിതാക്കളെ കുറ്റപ്പെടുത്തും, അവർ മക്കളെ
കുറ്റപ്പെടുത്തും, അമ്മായി അപ്പനെ, അമ്മായി അമ്മയെ, സഹോദരങ്ങളെ , അയൽക്കാരെ, കുറഞ്ഞപക്ഷം സ്വന്തം പങ്കാളിയോടെങ്കിലും നിങ്ങളെന്നെ കഴുതയാക്കുകയാണ് എന്ന് കുറ്റപ്പെടുത്തി ക്ലേശങ്ങളിൽ നിന്നും ഒളിച്ചോടാനാണ് നമ്മൾ ശ്രമിക്കുന്നത്.

കുഞ്ഞുങ്ങളെപ്പോലും നമ്മൾ അതാണ് അറിയാതെ ശീലിപ്പിച്ചുകൊണ്ടിരിക്കുന്നത്.

പിച്ചവെച്ചു നടക്കുന്ന കുഞ്ഞ് നിലത്ത് ഒന്നു വീണാൽ ഉടനെ അമ്മ ആ നിലത്ത് ഒരടി വെച്ചുകൊടുക്കും. "ങ്ഹാ കുട്ടീനെ വീഴിച്ചോ" എന്നും ചോദിക്കും. അതോടെ കുട്ടികരച്ചിൽ നിർത്തിയേക്കും. പക്ഷേ കുഞ്ഞിന് ഒരു കാര്യം മനസ്സിൽ ആഴത്തിൽ പതിയും, ഞാൻ വീണത് എൻ്റെ കുഴപ്പം കൊണ്ടല്ല, ഈ തറയുടെ കുഴപ്പം കൊണ്ടാണ്.
എനിക്കൊരു വീഴ്ച്ച പറ്റിയാൽ, ഞാൻ ആർക്കിട്ടെങ്കിലും ഒരടി വെച്ചു കൊടുക്കുകയും വേണം.

ചെറുപ്പം മുതലേ ശീലിച്ചിരിക്കു ന്നതിനാൽ, പരാതി പറയാൻ എല്ലാവർക്കും വളരെ എളുപ്പമാണ്. പക്ഷേ കഴമ്പില്ലാത്തതും, ന്യായമല്ലാത്തതുമായ കുറ്റപ്പെടുത്ത ലുകൾ കേൾക്കാനിടയാകുന്നവർ
സ്വാഭാവികമായും പ്രതികരിച്ചു പോകും. പിന്നെ ആരോപണ പ്രത്യാരോപണങ്ങൾ, ഇക്കാര്യത്തിൽ കൂടുതൽ വൈദഗ്ദ്യം കാണിക്കുന്ന ആൾ കുതിര ആണെന്നും, ആരോപണ യുദ്ധത്തിൽ മിടുക്ക് കാണിക്കാൻ കഴിയാതെ പോയ ആൾ കഴുതയാണെന്നും ഒക്കെ ചിന്തിക്കാൻ തുടങ്ങും. പിന്നെ മറ്റെ ആളെ ഒഴിവാക്കാനായിരിക്കും അടുത്ത ശ്രമം.

രണ്ടുപേരും കഴുതകളാണെങ്കിലോ എന്നു താങ്കൾ ചോദിച്ചില്ലേ?

അത് നിങ്ങൾ പരസ്പരം സ്നേഹ മുള്ളവരായതു കൊണ്ടാണ്.

കുറ്റപ്പെടുത്തലുകളുടെ ദൂഷിത വലയത്തിൽ അറിയാതെ വീണു പോയവരായിരിക്കാം നിങ്ങൾ. എങ്ങിനെയെങ്കിലും ഇതിൽനിന്നും കരകയറണം എന്ന് അച്ചായൻ്റെ ഉള്ളിൽ ആഗ്രഹമുള്ളതുകൊണ്ടാണ് എന്നെ വിളിച്ച് ഇങ്ങിനെ ചോദിക്കാൻ തോന്നിയത്.

ഒരു പയ്യൻ മാതാപിതാക്കളുടെ ഫോൺ പരസ്പരം മാറ്റി വെയ്ക്കുന്ന ഒരു പരസ്യം താങ്കൾ കണ്ടിരിക്കുമല്ലോ. മറ്റേ ആളിൻ്റെ അവസ്ഥയും പരിമിതികളും മനസ്സിലാക്കാൻ "What an Idea"

അച്ചായൻ ഇനി ഒറ്റ കാര്യമെ ചെയ്യേണ്ടതുള്ളൂ. മറ്റെ കക്ഷിയുടെ ഭാഗത്തു നിന്നുകൊണ്ട് അവരുടെ അവസ്ഥയും പരിമിതികളും മനസ്സിലാക്കുക. അവരുടെ നല്ല വശങ്ങൾ ഓരോന്നും പ്രത്യേകം ശ്രദ്ധിക്കുക. അതിനെ ആത്മാർത്ഥമായി അഭിനന്ദിക്കുക. ചെയ്തു കിട്ടുന്ന ഏറ്റവും ചെറിയ പ്രവർത്തിക്കു പോലും നന്ദി പ്രകടിപ്പിക്കുക.

"Catch Her Doing Good"
"Appreciate it from your Heart".

What is Profile ID?
CHAT WITH US !
+91 9747493248