Back to articles

നാടൻ + മറുനാടൻ - ഫോർമുല!

May 01, 2010

ഞങ്ങൾ മലയാളികളാണെങ്കിലും 35 വർഷമായി ബാംഗ്ളൂരിൽ സ്ഥിര താമസമാണ്. മക്കൾ ജനിച്ചതും വളർന്നതും ഇവിടെത്തന്നെ. പല ഭാഷക്കാരും ദേശക്കാരുമായ കുട്ടികളോടൊപ്പമാണ് അവരുടെ കൂട്ടുകെട്ട്. അതു കൊണ്ടു തന്നെ അവരുടെ കാഴ്ചപ്പാടുകൾ നാട്ടിലെ കുട്ടികളിൽ നിന്നും വ്യത്യസ്തവും, വിശാലവും ആണ്. എന്നു കരുതി, ഇപ്പോൾവിവാഹം അന്വേഷിക്കുമ്പോൾ അന്യ ഭാഷക്കാരനെക്കൊണ്ടോ, അന്യ ദേശക്കാരനെക്കൊണ്ടോ വിവാഹം നടത്താൻ അങ്ങോട്ട് മനസ്സ് വരുന്നില്ല. മലയാളി പയ്യന്മാരെ പലരെയും പരിഗണിച്ചെങ്കിലും , അവരുടെ കാഴ്ചപ്പാടുകൾ വളരെ സങ്കുചിതമായി അനുഭവപ്പെടുന്നു. ഞങ്ങളെപ്പോലുള്ള മറുനാടൻ മലയാളികൾക്കു വേണ്ടി മാത്രമായി എന്തെങ്കിലും പദ്ധതി ബെത് ലെഹം മുൻകൈ എടുത്തു നടപ്പാക്കിയാൽ അനേകർക്ക് അത് ഒരു വലിയ ഉപകാരം ആകും.

നാടും വീടും വിട്ട് അന്യ ദേശങ്ങളിൽ ചെന്ന് വേരുറപ്പിച്ച ധാരാളം ആളുകളുണ്ട് നമ്മുടെ ഇടയിൽ. അത്തരം അനേകം വിവാഹാർത്ഥികൾ ബെത് ലെഹമിൽ ഉണ്ട്. ഇത്തിരി സമയം എടുത്ത് വെബ് സൈറ്റിൽ സെർച്ച് ചെയ്താൽ ഇവരെ കണ്ടെത്താനാകും.

ഉചിതമായ തീരുമാനമെടുക്കാൻ ചില കാഴ്പ്പാടുകൾ മനസ്സിലാക്കി  വെക്കുന്നത് സഹായകരമായിരിക്കും. നാടിനു പുറത്തും, രാജ്യത്തിനും പുറത്തും അനേകം വർഷം ജീവിച്ച് പല തരത്തിലുള്ള പ്രവാസികളെ അടുത്തറിയാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഉപരി പഠനത്തിനോ, ഉപജീവനത്തിനോ വേണ്ടി നാടുവിട്ടു പോയവരാണ് ഭൂരിപക്ഷം പ്രവാസികളും. അവരുടെ ആശ്രിതരായി ചേക്കേറിയവരും, അവരെ വിവാഹം ചെയ്ത് പ്രവാസികളായവരും, അവർക്ക് അവിടെ ജനിച്ചവരുമായി പ്രവാസി സമൂഹം ഇന്ന് വളർന്ന് വലുതായിരിക്കുന്നു. പ്രവാസികളുടെ ജന്മനാടാണ് ഇന്ന് കേരളം. പ്രവാസമാണ്  കേരളത്തിന്റെ മുഖ്യ തൊഴിലും, സമ്പത്തും. പ്രവാസത്തോട് ആഭിമുഖ്യമുള്ള ഒരു തലമുറയാണ് ഇവിടെ വളർന്നു വരുന്നതും.

കേരളത്തിനു പുറത്ത് വീട് വെച്ച് സ്ഥിര താമസമാക്കിയവർക്ക്, കേരളത്തിലെ ചില സാമൂഹ്യ അവസ്ഥകളോട് പൊതുവെ ഒരു അതൃപ്തി ഉള്ളിലുണ്ട്. അവർ പക്ഷേ ഒന്നു മനസ്സിലാക്കണം, കേരളത്തിൽ സ്ഥിരവാസം  ഉള്ളവർക്കും ചിലപ്പോൾ അങ്ങിനെ തോന്നാറുണ്ട് എന്ന്. മറ്റ് പ്രദേശങ്ങളിൽ വസിക്കുന്നവർക്കും ഇങ്ങനൊക്കെ  തോന്നുന്നുണ്ടായിരിക്കും. സ്വന്തം ദേശത്തോട് ഉള്ള സ്നേഹവും, പ്രതിബദ്ധതയും മനുഷ്യർക്കു നഷ്ടപ്പെടുന്നെങ്കിൽ അത് ലോകം വികസിച്ച് ചെറുതാകുന്നതിന്റെ ഫലമായിരിക്കുാം, പക്ഷേ അത് നമ്മുടെ മൂല്യശോഷണത്തിന്റെ അടയാളമാണ്. സ്വന്തം മൂല്യയങ്ങൾ നഷ്ടപ്പെടുത്തരുത്. നല്ലതെന്നും മോശം എന്നും നമ്മൾ കരുതുന്ന ആളുകൾ എല്ലായിടത്തും ഉണ്ട്. എല്ലാവരും മോശക്കാരായതു കൊണ്ട് ഞാനും മോശക്കാരനാകേണ്ടതില്ല, അവരിൽ നിന്നും ഒളിച്ചോടുകയോ, അവരെ ഒഴിവാക്കുകയോ വേണ്ട. മോശം എന്നു കരുതപ്പെടുന്നവരിൽ നിന്നുപോലും  നല്ല അനുഭവങ്ങൾ നേടിയെടുക്കുവാൻ ഉചിതമായ പെരുമാറ്റം കൊണ്ട് സാധിക്കും. അങ്ങിനെയാണ് പല പ്രവാസികളും മറുനാട്ടിൽ പച്ചപിടിച്ചത്.

മറുനാട്ടിലെ ജീവിതത്തിന് കേരളത്തിലെ ജീവിതവുമായി നോക്കുമ്പോൾ നല്ലതും മോശവുമായ നിരവധി പ്രത്യേകതകൾ ഉണ്ട്. കൂടുതൽ സഞ്ചരിക്കുന്നവർക്ക് സ്വാഭാവികമായും കൂടുതൽ ആളുകളോട് ഇടപെടുവാൻകഴിയും. വ്യത്യസ്ത ഭാഷയും സംസ്കാരവും ഉള്ള ആളുകളോട് ഇടപഴകുന്നതിനാൽ ഇവരുടെ കാഴ്ചപ്പാടുകൾ വിശാലമാകും. (ചിലപ്പോൾ വികൃതമാകാനും ഇടയുണ്ട് എന്നു മറക്കുന്നില്ല). ബൃഹത്തായ വികസന പദ്ധതികളുടെ ഗുണഭോക്താവായി ജീവിക്കാൻ അവസരം ലഭിച്ച ഒരു മറുനാടൻ മലയാളിക്ക് , നാട്ടിൽ(ട്ട) വട്ടത്തിൽ ചുരുക്കം ആളുകളോട് മാത്രം ഇടപഴകി, ചുരുങ്ങിയ സംവിധാനങ്ങൾ മാത്രം പരിചയിച്ച് വളർന്നിരിക്കുന്ന മനുഷ്യരുടെ, കൊച്ചു കൊച്ചു കാര്യങ്ങളെ കുറിച്ചുള്ള വലിയ ബഹളങ്ങളും, വികാരവും, അഭിപ്രായ പ്രകടനങ്ങളും കാണുമ്പോൾ, ഇവരുടെ കാഴ്ചപ്പാടുകൾ സങ്കുചിതം ആണല്ലോ എന്ന് തോന്നിപ്പോകും. കേരളത്തിലെ ഭൂപ്രകൃതിയുടെ ഭംഗിയും മനോഹാരിതയും സ്വന്തമായി കിട്ടിയതു കൊണ്ടാകാം, മലയാളിക്ക് പൊതുവേ കുറച്ച് തിണ്ണമിടുക്കും, കുനുഷ്ടുും, പത്രാസും കൂടുതലാണ്. മറുനാട്ടിൽ സ്ഥിര താമസമാക്കിയവർക്ക് ഈ പത്രാസ്സ് കുറെ പോയിട്ടുണ്ടാകാം. എന്നിരുന്നാലും, നാട്ടിലെത്തിയാൽ സമത്വം കാണിക്കുന്നവരാണ് മിക്കവരും.

നാളികേരത്തിന്റെ നാട്ടിലെ നാഴി മണ്ണിനെ നെഞ്ചിലേറ്റി നടക്കുന്നവരാണ് ഒട്ടു മിക്ക പ്രവാസി മലയാളികളും. "ബ്ളഡി മലയാളീസ് "  എന്ന് ചിന്തിക്കുന്നവരും ഉണ്ട്. ഇവരുടെ മക്കളെ ശ്രദ്ധിച്ചാൽ, ചിലർക്ക് മാതാപിതാക്കളുടെ അതേ മനോഭാവം ആണ്, ചിലർക്ക് നേരേ വിപരീത മനോഭാവവും. അതുകൊണ്ടു തന്നെ  "നാടൻ+ മറുനാടൻ"  "മറുനാടൻ + മറുനാടൻ"  "മറുനാടൻ+ നാടൻ" എന്നൊന്നും ഒരോ ഫോർമുല ഉണ്ടാക്കി കല്യാണം ആലോചിക്കാൻ കഴിയില്ല. ഒരാളുടെ രീതികൾ അങ്ങിനെതന്നെ ഉൾകൊള്ളുന്ന ഒരു പങ്കാളിയെ റെഡിമെയ്ഡ് ആയി കിട്ടും എന്ന് കരുതി കല്യാണം അന്വേഷിക്കരുത്.

സ്വർഗ്ഗത്തിൽ നിശ്ചയിച്ച ആളേ പങ്കാളി ആവുകയുള്ളൂ. സ്ഥാപിത താല്പര്യങ്ങളില്ലാതെ അത് കണ്ടെത്താനുള്ള ചില നിമിത്തങ്ങളാണ് ഞങ്ങൾ സൃഷ്ടിക്കുന്നത്. കണ്ടെത്തുന്ന പങ്കാളിയുടെ പ്രത്യേകതകളുമായി ഒരു സമന്വയം സൃഷ്ടിക്കാൻ നിങ്ങളുടെ മക്കൾക്ക് പ്രാപ്തി ഉണ്ടെങ്കിൽ ഏതു കോമ്പിനേഷൻ ആയാലും അവരുടെ വിവാഹ ജീവിതം അർത്ഥപൂർണ്ണമാകും. 

അതുകൊണ്ട് മക്കളെ പ്രാപ്തി ഉള്ളവരാകാൻ സഹായിക്കുക. ഇതാണ് എനിക്കറിയാവുന്ന ഫോർമുല.

George  Kadankavil - May  2010

What is Profile ID?
CHAT WITH US !
+91 9747493248