Back to articles

ലോക്ക്ഡൌണിലെ കല്യാണ വിശേഷങ്ങൾ

May 25, 2021

ഈ പ്രശ്നം, ഇതെങ്ങിനെ പരിഹരിക്കണം എന്ന് ആരെങ്കിലും പറഞ്ഞുതരുമോ?

വീടിന്റെ വരാന്തയിൽ മഴയും ആസ്വദിച്ച്, കൊച്ചു വർത്തമാനം പറഞ്ഞിരിക്കുകയാണ് ഏലിയാമ്മയും വറീതും. ചുഴലിക്കാറ്റിന്റെ മിച്ചം വന്ന കുറച്ചു കാറ്റ്, നല്ല ശക്തമായിത്തന്നെ കോട്ടയത്ത് വറീതിന്റെ പുരയിടത്തിൽ കൂടെയും വീശുന്നുണ്ട്. കാറ്റത്ത് മുറ്റത്തു നിക്കുന്ന മരം നൃത്തം ചെയ്യുന്നതു കണ്ട് രസിച്ചിരുന്ന വറീതിന് പെട്ടെന്ന് ബോധോദയം വന്നു. “മരം ഒടിഞ്ഞു നമ്മടെ നേരെ വീഴുവാണെടീ, ഓടിയ്ക്കോ” എന്നു പറഞ്ഞ് വറീത് വീടിനകത്തേയ്ക്ക് ഒറ്റ ഓട്ടം.
“നിക്ക് മനുഷ്യാ എന്നെക്കൂടെ കൊണ്ടു പോ” എന്നു പറഞ്ഞ് ഏലി പുറകേ ഓടി. ഭാഗ്യത്തിന്, മരം വീടിനു മുകളിൽ വീഴാതെ മുറ്റത്ത് തന്നെ വീണ് കൂടുതൽ നാശനഷ്ടം ഒഴിവായി.


ഇതു കണ്ടു നിന്ന ഇളയമകൻ വാവ ചുമ്മാ തമാശിന് ഏഷണി പറഞ്ഞു. “മരം വീണപ്പോൾ ചാച്ചൻ അമ്മച്ചിയെ ഇട്ടേച്ച് ഓടിക്കളഞ്ഞല്ലോ, അമ്മച്ചിയോട് സ്നേഹമില്ലാഞ്ഞിട്ടല്ലേ” എന്ന്. അതു കേട്ടതും,“നിങ്ങളെന്തിനാ മനുഷ്യാ എന്നെ ഇട്ടേച്ച് ഓടിയത്” എന്നു ചോദിച്ച് ഏലിയാമ്മ അതേറ്റു പിടിച്ചു.

വറീത് ചമ്മലോടെ “നീ എന്റെ തൊട്ടു പിന്നാലെ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഓടിക്കോടീ എന്നു പറഞ്ഞിട്ടല്ലേ ഞാൻ ഓടിയത്. ആപത്തു വന്നാൽ ആദ്യം അവനവന്റെ ജീവൻ രക്ഷിക്കണം. എന്നിട്ട് അടുത്തുള്ളവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കണം എന്നാ പ്രമാണം. വിമാനത്തിൽ എയർ ഹോസ്റ്റസ് ഡെമോ കാണിക്കുന്നത് കണ്ടിട്ടില്ലേ ഓക്സിജൻ മാസ്ക് മുന്നിൽ വീഴുമ്പോൾ ആദ്യം സ്വന്തം മുഖത്ത് വെക്കണം, എന്നിട്ട് വേണം അടുത്തിരിക്കുന്നവരെ സഹായിക്കാൻ” എന്നൊക്കെ വിശദീകരിച്ചെങ്കിലും, ഏലിയും വാവയും കളിയാക്കൽ നിർത്തിയില്ല. വറീത് മിണ്ടാതെ പിണങ്ങി ഇരുപ്പായി.
 
ലോക്ക്ഡൌൺ കാലത്ത് ബെത്-ലഹം സ്പോൺസർ ചെയ്ത് കൊച്ചി എഫ്.എം. 102.3 ൽ ശനി ഞായർ രാവിലെ 9.30 ന് പ്രക്ഷേപണം ചെയ്തു വരുന്ന കല്യാണവിശേഷങ്ങൾ എന്ന റേഡിയോ നാടകത്തിലെ ഭാഗമാണ് ഇത്.

ഒടുവിൽ ഏലിയാമ്മ വാവയോട്, പണ്ട് ചാച്ചൻ ചെയ്ത ത്യാഗങ്ങളെകുറിച്ചും, വീരകൃത്യങ്ങളെക്കുറിച്ചും മറ്റും, വറീതിന്റെ നന്മകളും ഗുണങ്ങളും വിവരിക്കുന്നു. പക്ഷേ വറീത് എന്നിട്ടും പിണക്കത്തിൽ തന്നെ എന്നു പറഞ്ഞാണ് ഈ രംഗത്തിന്റെ റിക്കോർഡിംഗ് അവസാനിപ്പിച്ചിരിക്കുന്നത്.

ഇലയ്ക്കും മുള്ളിനും കേടില്ലാതെ എല്ലാവരുടെയും മനഃപ്രയാസം മാറ്റാൻ എന്തു ചെയ്യണമെന്ന് ഇതു വായിക്കുന്നവർക്ക് എന്തെങ്കിലും ആശയം തോന്നുന്നുണ്ടെങ്കിൽ കമന്റ് അറിയിക്കണെ.


എന്താണ് ഈ കുടുംബ സമസ്യക്ക് ഉചിതമായ പരിഹാരം? നാട്ടുകാർക്കെല്ലാം കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം പറഞ്ഞു കൊടുക്കുന്ന എനിക്ക് ഈ ചോദ്യം ഇട്ടു തന്നിരിക്കുകയാണ്, റേഡിയോ നാടകത്തിന്റെ രചയിതാവ് ഗീതാദാസ്.

ഏലിയാമ്മ ആയി ശ്രീമതി ആശാലതയും, വാവയായി ഡാനിയും, വറീത് ആയി ഞാനുമാണ് ശബ്ദം കൊടുത്തിരിക്കുന്നത്. കോവിഡ് സുരക്ഷാ കാരണങ്ങളാൽ മറ്റ് കഥാപാത്രങ്ങളെ കഥയിൽ ക്വാറന്റയിനിലാക്കി ഫോൺ വഴിയാണ് പങ്കെടുപ്പിക്കുന്നത്. ബ്ളെസ്സ് റിട്ടയർമെന്റ് ഹോമിൽ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റുഡിയോയിൽ റിക്കോർഡിംഗ് ചെയ്യുന്നതിനാൽ ഇതു വരെ ലോക്ക് ഡൌൺ പരിമിതികൾ അതിജീവിക്കാൻ ഈ പ്രോഗ്രാമിന് സാധിച്ചു. നാളത്തെ കാര്യം അറിഞ്ഞുകൂടാ, വരുന്നതു പോലെ കാണാം എന്ന് സ്വയം ധൈര്യപ്പെടുത്തി അന്നന്ന് ചെയ്യാവുന്ന കാര്യങ്ങൾ ഞങ്ങൾ അങ്ങ് ചെയ്ത് കൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ടവരേ, ഒരു വർഷത്തിലധികമായി നമ്മൾ ഇങ്ങിനെ ലോക്ക്ഡൌൺ അവസ്ഥയിൽ ജീവിക്കാൻ തുടങ്ങിയിട്ട്. മുമ്പത്തേതിലും അധികം വിവാഹങ്ങൾ ആർഭാടരഹിതമായി ഇപ്പോൾ നടക്കുന്നു, എന്നത് വളരെ നല്ല കാര്യമാണ്. പക്ഷേ, ഈ അടച്ചു പൂട്ടി ഇരുപ്പ് പലരുടെയും മനം മടുപ്പിക്കുന്നുണ്ട്.

ഇപ്പോൾ ദീർഘനാളായി വീട്ടിലിരിക്കുവാൻ നിർബന്ധിതരായ സാഹചര്യത്തിൽ, ജോലി ചെയ്ത് ഓടി നടന്നിരുന്നവർക്ക്, വല്ലാത്ത വീർപ്പു മുട്ടലും അസ്വസ്ഥതയുമാണ്. എനിക്കും അങ്ങിനെ തന്നെ. ഇത് മറികടക്കാൻ നമ്മൾ ബോധപൂർവ്വം എന്തെങ്കിലും ചെയ്തേ മതിയാവൂ.

ക്രിയാത്മകമായ എന്തെങ്കിലും പ്രവർത്തികളിൽ ഏർപ്പെടുകയാണ് ഒരു മാർഗ്ഗം. ചുറ്റുമുള്ള പക്ഷികളെയും പ്രാണികളെയും വീക്ഷിച്ച് അവയുടെ ഫോട്ടോ എടുക്കലും, ഗൂഗിൾ നോക്കി അവ ഏത് പക്ഷിയാണെന്ന് പരിശോധിക്കലുമാണ്, ഇപ്പോഴത്തെ എന്റെ പ്രധാന നേരംപോക്ക്. ഒരുപാട് മാനസിക ഉല്ലാസം എനിക്ക് ഇതിൽ നിന്നും ലഭിക്കുന്നുണ്ട്.  

ഇതു മടുക്കുമ്പോൾ പരീക്ഷിക്കാൻ ഞാൻ കരുതി വെച്ചിരിക്കുന്ന ആശയങ്ങൾ കേട്ടു നോക്കൂ, താല്പര്യം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കും പരീക്ഷിക്കാം.

1. Keep a Timetable and Dress properly –  ഒന്നും ചെയ്യാനില്ലല്ലോ എന്നു പറഞ്ഞ്,  നമ്മുടെ ഉറക്കവും പ്രവർത്തികളും, തോന്നിയ പോലെ ആവരുത്. ദൈനംദിന കാര്യങ്ങൾക്ക് സ്ഥിരമായ ഒരു സമയക്രമം പാലിക്കണം. ആരും കാണാനില്ലല്ലോ? ആരേ കാണിക്കാനാ? എന്നൊക്കെ ചിന്തിച്ച്, തോന്നിയ പോലെ വേഷം ധരിക്കുന്ന ശീലം തുടങ്ങിയാൽ അവനവനോടുള്ള മതിപ്പ് നഷ്ടപ്പെടുമേ. മുഷിഞ്ഞ വസ്ത്രങ്ങൾ ഇട്ടു നടക്കാതെ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. തലമുടി പുരികം താടി മീശ തുടങ്ങിയവ വൃത്തിയിൽ ഒതുക്കി വെയക്കാൻ ശ്രദ്ധിക്കുക. ഓഫീസിൽ പോകുന്ന ഫോർമൽ വേഷം വല്ലപ്പോഴും എങ്കിലും ഒന്ന് ധരിച്ച് കണ്ണാടിയിൽ നോക്കണം. ഒരു സെൽഫിയും എടുത്ത് പോസ്റ്റ് ചെയ്തോളു.

 2. Improve our Vocabulary -പുതിയ വാക്കുകൾ പഠിക്കാം. സംഭാഷണത്തിനിടയിൽ ശ്രദ്ധിക്കുന്ന ഏതെങ്കിലും വാക്കെടുത്ത് അതിന്റെ പര്യായപദങ്ങൾ നോക്കുക. മറ്റു ഭാഷകളിൽ ആ വാക്കിന് ഉപയോഗിക്കുന്ന പദം എന്താണ് എന്നും നോക്കാം. കൂടുതൽ ഉചിതമായ വാക്കുകൾ അറിയുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നമ്മുടെ വാമൊഴിയും വരമൊഴിയും (verbal and written communication) കൂടുതൽ ഫലപ്രദമാക്കും. ധാരാളം ആളുകൾ വായനയിലേക്കും ശ്രദ്ധിക്കുന്നു എന്നത്, ലോക്ക്ഡൌണിൽ വീണു കിട്ടിയ ഒരു നന്മയാണ്. ഇനി എഴുതാനും കൂടി ആരംഭിക്കുക. കടലാസ്സും പോനയുമെടുത്ത് കണ്ണടച്ച് ഇരിക്കുക. അഞ്ച് മിനിട്ടിന് ശേഷം കണ്ണ് തുറന്ന്, അതുവരെ മനസ്സിൽ വന്ന ചിന്തകളിൽ എന്തൊക്കെ ഓർത്തിരിക്കുന്നു എന്ന് ആലോചിക്കുക. അത് കടലാസ്സിലേക്ക് പകർത്തണം. ഇനി അത് വായിച്ചു നോക്കണം. അതിനെ കൂടുതൽ അടുക്കും ചിട്ടയും ഭാഷാശുദ്ധിയും വരുത്തി ഒന്നു മാറ്റിയെഴുതുക. കൺഗ്രാജുലേഷൻസ്, നിങ്ങൾ ഇതാ ഒരു എഴുത്തുകാരൻ അഥവാ എഴുത്തുകാരി ആയിരിക്കുന്നു.

 3. Learn a New Language – പുതിയഒരു ഭാഷ പഠിക്കാൻ ശ്രമിക്കാം. ഓരോ ഭാഷയും പഠിക്കുമ്പോൾ ആ ഭാഷ  സംസാരിക്കുന്ന അത്രയും മനുഷ്യരോടും കൂടി ഇടപെടാനും ഇടപാട് നടത്താനും ഉള്ള സാദ്ധ്യതയാണ് നമ്മൾ വർദ്ധിപ്പിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്, ഹിന്ദി, ബംഗാളി ഭാഷകൾ നിങ്ങൾക്ക് സംസാരിക്കാനെങ്കിലും അറിയുമെങ്കിൽ എന്തെല്ലാം പ്രയോജനം ഉണ്ടെന്ന് ആലോചിച്ചു നോക്കിക്കേ. ഗൂഗിൾ ചേട്ടനോട് ചോദിച്ചാൽ മതി, ഇതെല്ലാം ഫ്രീ ആയി പഠിപ്പിച്ചു തരും.

 4.  Improve or Repair Tools / Devices – അല്പം എൻജിനീയറിംഗ് അഭിരുചി ഉള്ളവർക്ക്,അടുക്കളയിലോ, ഗാർഡനിലോ ഉപയോഗിക്കാവുന്ന പുതിയ ഉപകരണങ്ങൾ ഉണ്ടാക്കുകയോ, പഴയത് റിപ്പയർ ചെയ്യുകയോ ആകാം.

5. Create some Art – ചിത്രം വരയ്ക്കാം, പെയിന്റ് ചെയ്യാം, ശില്പം ഉണ്ടാക്കാം. കുറഞ്ഞപക്ഷം പഴയ ഫോട്ടോ ആൽബങ്ങൾ എടുത്ത് നോക്കി, അതിലെ ചിത്രങ്ങൾ എല്ലാം മൊബൈലിൽ ഫോട്ടോ എടുത്ത് ഡിജിറ്റൽ ആക്കുകയെങ്കിലും ചെയ്യാമല്ലോ.

 6. Plant some Trees / Vegetables / Flowers –ഗാർഡനിംഗിൽ താല്പ്പര്യം ഉള്ളവരെല്ലാം തന്നെ ഇക്കാലത്ത് അത്യുത്സാഹത്തോടെ ചെയ്യുന്ന ഒന്നാണ് പൂന്തോട്ടവും പച്ചക്കറി കൃഷിയും. കുറച്ച് ഭൂമിഉണ്ടെങ്കിൽ അത്യാവശ്യം ചെയ്യേണ്ട മറ്റൊന്നു കൂടിയുണ്ട്, അല്പം ചേന, കപ്പ, കാച്ചിൽ എന്നിവയുടെ കൃഷി. രണ്ട് വർഷമായി രാജ്യത്തെ കൃഷി തകിടം മറിഞ്ഞ് കിടക്കുന്നതിനാൽ, ഭാവിയിൽ ഭക്ഷ്യ ക്ഷാമം അനുഭവപ്പെടാതെ ഇരിക്കാൻ ഇത് സഹായിച്ചേക്കും.

ഇതുവരെ സംഭവിച്ചതും, ഇനി സംഭവിക്കാനിരിക്കുന്നതും, നല്ലതിനാണെന്ന് വിശ്വസിക്കുക. യുക്തിപരമായി ചിന്തിച്ച് അപ്പപ്പോഴത്തെആവശ്യങ്ങൾ സാധിച്ചെടുക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുക. പ്രവർത്തനംവിജയിച്ചോ എന്നതിനേക്കാൾ പ്രസക്തം, ഉത്സാഹത്തോടെ പരിശ്രമിക്കുന്നുണ്ട്എന്നതാണ്.

വിവാഹം എപ്പോൾ നടത്തണം എന്നു നിശ്ചയിക്കാൻ സാധിക്കുന്നില്ല എങ്കിലും, ഇപ്പോൾ വീണു കിട്ടിയ സമയം, വിവാഹ അന്വേഷണം നടത്താൻ വിനിയോഗിക്കുന്നപ്രായോഗിക ബുദ്ധിയാണ് ബഹുഭൂരിപക്ഷം ബെത്-ലെഹം അംഗങ്ങളിലും കണ്ടു വരുന്നത്.

അസ്വസ്ഥത തോന്നുന്ന ചിലരൊക്കെ എന്നെ വിളിച്ച് സംസാരിക്കാറുണ്ട്.റെഡിമെയ്ഡ് പരിഹാരങ്ങൾ ഒന്നും നൽകാൻ ഇല്ലെങ്കിലും, ഏതാനും ആശ്വാസ വാക്കുകൾപറയാനെങ്കിലും സാധിക്കുന്നുണ്ട്.

കോവിഡിനെതിരെ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാവരേയും നമുക്ക് ആദരവോടെ ഓർമ്മിക്കാം. ആ യോദ്ധാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് നിർത്തുന്നു.


ജോർജ്ജ് കാടൻകാവിൽ.
ഡയറക്ടർ ബെത്‌ലെഹം 9249392518

What is Profile ID?
CHAT WITH US !
+91 9747493248