Back to articles

നാലും മൂന്നും കൂട്ടിയാൽ എത്രയാ കുതിരേ !?

August 01, 2013

എന്റെ മകളുടെ  പ്രൊഫൈൽ അവിടെ ഇട്ടിട്ട് കൊല്ലം രണ്ടായി. കല്യാണക്കാര്യം പറഞ്ഞോണ്ട് എത്ര പേരെയാണ് ഞാൻ  വിളിച്ച് സംസാരിച്ചിരിക്കുന്നത്. അവര് കേൾക്കും, തിരികെ വിളിച്ച് പറയാമെന്ന് സമ്മതിക്കും, പക്ഷേ ഒരു മറുപടിയും പിന്നെയില്ല. നമ്മളൊരു പ്രൊപ്പോസൽ കൊടുത്താൽ വേണമെന്നോ വേണ്ടെന്നോ ഒരു മറുപടി തരേണ്ടത് സാമാന്യ മര്യാദ അല്ലേ? നിങ്ങടെ വെബ് സൈറ്റിൽ രണ്ട് ക്ളിക്ക് കൊടുത്താൽ നമ്മുടെ പ്രൊപ്പോസൽ അവർക്ക് ക്ളോസ്സ് ചെയ്യാവുന്നതല്ലേ ഉള്ളൂ. എന്നിട്ടും ഈ കേമന്മാർ അങ്ങിനെ പോലും ചെയ്യുന്നില്ല്ലല്ലോ?

ഈ  മാതാപിതാക്കളോടും പിള്ളേരോടും ജോർജ്ജ് സാറു തന്നെ ഒന്നു പറയ്, ഏതെങ്കിലും പ്രൊപ്പോസലു വന്നാൽ അത് കണ്ടില്ലെന്നു നടിക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് ചേർന്നതല്ലെന്ന്. വേണ്ടാത്തത് വേണ്ടെന്ന് പറയാൻ മടിക്കുന്നവർ കപടനാട്യക്കാരല്ലേ?

ഞാനിതു മടുത്തു സാറേ. അവൾക്കാണെങ്കിൽ വയസ്സ് ഇരുപത്തെട്ടായി. നിങ്ങളൊരു കാര്യം ചെയ്യ്, അവളുടെ ജനനത്തീയതി ഒരു രണ്ട് കൊല്ലം കുറച്ചേക്ക്.

ഏകപക്ഷീയമായി നിർത്താതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന ശുദ്ധഗതിക്കാരനായ ഒരു കുട്ടനാടൻ കാരണവരാണ് ഫോണിന്റെ അങ്ങേത്തലക്കൽ. മുമ്പും ഇദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ആള് റേഡിയോ പോലെയാണ്, ഇങ്ങോട്ട് മാത്രമേ സംസാരമുള്ളു, അങ്ങോട്ട് ഒന്നും പറയാൻ അവസരം തരില്ല. അഥവാ പറഞ്ഞാലും അത് ശ്രദ്ധിക്കുകയോ, വേണ്ടവിധം മനസ്സിലാക്കുകയോ ചെയ്യാറില്ല. ഇപ്പോഴും അങ്ങനെ തന്നെ ഭാഷണം നിർത്താതെ തുടരുകയാണ്.

ജോർജ്ജേ അവളുടെ ഫോട്ടോ മൂന്നാലെണ്ണം സൈറ്റിൽ ഇട്ടിട്ടുണ്ട്. ഒന്നും ഒരു സുമാറില്ല. നിങ്ങളാ ഫോട്ടോ ഒന്നു മിനുക്കി ഭംഗിയാക്കണം. ആ മൂന്നാമത്തെ ഫോട്ടോ എടുത്ത് ഒന്നാമതാക്കി....

അച്ചായാ ഒന്നു ബ്രേക്ക് പിടിച്ചേ. ഓരോന്നോരോന്നായിട്ട് ഞാനിതെല്ലാം നോട്ട്  ചെയ്തോട്ടെ. അച്ചായനിപ്പോൾ മൂന്നു കാര്യങ്ങൾ പറഞ്ഞു.

പ്രൊപ്പോസൽ വന്നാൽ മറുപടി കൊടുക്കാത്ത പലരോടും ഞാൻ സംസാരിച്ചിട്ടുണ്ട്. അവരുടെ വീട്ടിൽ ഈ പ്രൊപ്പോസൽ സംബന്ധിച്ച്, അപ്പനും അമ്മയും കാൻഡിഡേറ്റും ചേർന്ന്, ഒരു അഭിപ്രായ ഐക്യം ഉണ്ടാകാത്തതാണ് ഒരു പ്രധാന കാരണം. അച്ചായന് മറുപടി കിട്ടാത്ത കേസൊക്കെ ഇവിടെ  അറിയിച്ചാൽ മതി ഞങ്ങൾ വിളിച്ച് ചോദിച്ച് മറുപടി വാങ്ങിത്തരാം.

പ്രിയപ്പെട്ടവരേ, നിങ്ങൾക്ക് താല്പര്യം ഇല്ലാത്ത ഒരു പ്രൊപ്പോസൽ വന്നാൽ ''Unable to Proceed'' എന്ന് മറുപടി കൊടുത്ത് എത്രയും പെട്ടെന്ന്  അത് ക്ളോസ്സ് ചെയ്തേക്കുക...

ഫോട്ടോയുടെ കാര്യം അച്ചായനും കൂടി സഹകരിക്കണം. ഒരു പാസ്പ്പോർട്ട് സൈസ്സും, പിന്നെ ഏതോ വെഡ്ഡിംഗ് ആൽബത്തിൽ നിന്നും വെട്ടിയെടുത്ത രണ്ട് ഫോട്ടോയും ആണ് അച്ചായൻ ഇവിടെ ഇട്ടിരിക്കുന്നത്. മിനുക്കാൻ ഒന്നാമത് അതിന് ഡെപ്ത്  ഇല്ല, പിന്നെ ഫോട്ടോ മിനുക്കി അവളെ നേരിൽ കാണുന്നതുമായി ഒരു സാമ്യവും ഇല്ലാത്ത പടം ഇട്ട്, അത് കണ്ട് ആരെങ്കിലും പെണ്ണു കാണാൻ വരുമ്പോഴത്തെ സ്ഥിതി ഒന്ന് ആലോചിച്ചേ.

നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ആവശ്യമാണ് ഇവളുടെ കല്യാണം. അതിന് നല്ല ഫോട്ടോ ഒരത്യാവശ്യ ഘടകമാണ്. ഒരു സ്റ്റുഡിയോയിൽ പോയി രണ്ട് മൂന്ന് നല്ല ഫോട്ടോ എടുക്കണം. അത് പ്രയാസമാണെങ്കിൽ വേറൊരു സൂത്രം ചെയ്യാം. കുടുംബത്തിൽ ഏതെങ്കിലും ചടങ്ങിനു പോകുമ്പോൾ മകളെകൂടി കൊണ്ടു പോകുക. ഒരു കവറിൽ അഞ്ഞൂറ് രൂപയെങ്കിലും ഇട്ട്, നിങ്ങളുടെ അഡ്ഡ്രസ്സും ഫോൺ നമ്പരും, ഈമെയിലും എഴുതി, കയ്യിൽ സൂക്ഷിക്കുക. അവിടെ വരുന്ന ഫോട്ടോഗ്രാഫറോട് പറഞ്ഞ്  കവറും കൊടുത്ത് ഇവളുടെ കുറച്ച് നല്ല ഫോട്ടോ എടുത്ത് അയച്ചു തരാൻ ആവശ്യപ്പെടാം.

അവളുടെ കല്യാണത്തിന്റെ വർക്ക് കിട്ടാനും സാദ്ധ്യത ഉള്ളതിനാൽ ഫോട്ടോഗ്രാഫറും ഉത്സാഹിക്കും. അയാളെടുത്തു തന്ന നല്ല ഫോട്ടോ കൊണ്ട് കല്യാണം ശരിയായാൽ കല്യാണത്തിന്റെ ഫോട്ടോ വർക്ക് അയാൾക്കു തന്നെ കൊടുക്കാമല്ലോ.

ജനനത്തീയ്യതി തിരുത്തുന്നത് നിസ്സാരമായി കാണരുത്. അതിന്റെ അപകടം അറിഞ്ഞിരിക്കണം. മനസ്സമ്മതത്തിനും കല്യാണത്തിനും കുറി കൊണ്ടു ചെല്ലുമ്പോൾ അതിൽ മാമ്മോദീസ തിയതിയും ജനന തിയതിയും മറ്റും രേഖപ്പെടുത്താറില്ലേ, ആളെ വിളിച്ചു കൂട്ടി നടത്തുന്ന ചടങ്ങിനിടയിൽ പ്രായത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചു എന്ന് നിങ്ങളെപ്പറ്റി ആക്ഷേപം ഉയർന്നാൽ അച്ചായൻ എന്തു ചെയ്യും?

കല്യാണം നടക്കാൻ വേണ്ടി പ്രായം കുറച്ച് കാണിക്കുന്നത് എക്കാലവും രഹസ്യമായിരിക്കില്ല. എപ്പോഴെങ്കിലും സത്യം പുറത്തു വരും. ജീവിതകാലം മുഴുവൻ നിങ്ങളുടെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടാനിടയാക്കുന്ന ഒരു കെണിയാണിത്. അതുകൊണ്ട് എന്റെ പൊന്നച്ചായാ, കുറുക്കു വഴികൾ നോക്കാതെ നേരേ വാ നേരേ പോ എന്ന വഴി തന്നെ സ്വീകരിക്കുന്നതാ നല്ലത്.

നിങ്ങളയക്കുന്ന പ്രൊപ്പോസൽ ഫോളോഅപ്പ് ചെയ്യാൻ ഞാൻ തീർച്ചയായും സഹായിക്കാം. എന്നാലും ചെറുക്കൻ കൂട്ടരോട് അച്ചായൻ നേരിട്ട് സംസാരിക്കേണ്ടി വരും. അപ്പേൾ ഇങ്ങനെ നിർത്താതെ സംസാരിക്കുന്ന ശൈലി മാറ്റി  അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്ന ശൈലി പഠിച്ചെടുക്കണം.

എന്റെ ജോർജ്ജ് സാറെ, ഈ വയസ്സാൻകാലത്ത് ഞാനിനി വല്യ കമ്യൂണിക്കേഷൻ ഒക്കെ പഠിക്കണം അല്ലേ?

അതെ, പഠിക്കണം. മനസ്സുവെച്ചാൽ അച്ചായന് സാധിച്ചെടുക്കാവുന്നതേ ഉള്ളു. ഒരിടത്ത് ഒരു കുതിരയുണ്ടായിരുന്നു. അതിന്റെ ഉടമസ്ഥൻ അതിനെ കണക്ക് കൂട്ടാൻ പരിശീലിപ്പിച്ചു. കുതിരയെ ആളുകളുടെ മുമ്പിൽ നിർത്തിയിട്ട് ചോദിക്കും, നാലും മൂന്നും കൂട്ടിയാൽ എത്രയാ കുതിരേ?

കുതിര അപ്പേൾ കുളമ്പടിക്കാൻ തുടങ്ങും ഒന്ന്, രണ്ട്, മൂന്ന് ഏഴാകുമ്പോൾ നിർത്തും. ഉടനെ അടുത്ത ചോദ്യം അഞ്ചും അഞ്ചും കൂട്ടിയാൽ എത്രയാ കുതിരേ? കുതിര കുളമ്പടിക്കും പത്താകുമ്പോൾ നിർത്തും.

കണക്കുകൂട്ടാനറിയുന്ന കുതിരയെ കാണാൻ വരുന്നവരുടെ എണ്ണം ദിവസേന കൂടി വന്നു. കുതിരയുടെ കഴിവുകളും വിപുലമായി. കണക്ക് കടന്ന് അക്ഷരമാലയും, ലളിതമായ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്കും വരെ കുളമ്പടിച്ച് ഉത്തരം നൽകി ഈ കുതിര മനുഷ്യ വംശത്തെത്തന്നെ അമ്പരപ്പിച്ച് വലിയ പ്രശസ്തി നേടി.

പക്ഷേ ചില  ശാസ്ത്രജ്ഞന്മാർക്ക് ഇത്  ഒരു വെല്ലുവിളിയായി തോന്നി. വിശേഷ ബുദ്ധിയില്ലാത്ത ഒരു ജന്തുവിന് അരിത്തമാറ്റിക് സ്കിൽ സാദ്ധ്യമല്ല എന്നായിരുന്നു അവരുടെ വാദം. കുതിരയെ ഒരു വേദിയിൽ കൊണ്ടു വന്ന് അവർ പരസ്യമായി ചോദ്യങ്ങൾ ചോദിച്ചു. കുതിര എല്ലാത്തിനും കുളമ്പടിച്ച് ശരി ഉത്തരം നൽകി. ഈ കഴിവ് ശാസ്ത്രീയമായി വിശദീകരിക്കാൻ കഴിയാതെ ശാസ്ത്രജ്ഞന്മാർ കുഴങ്ങി.

അതിലൊരു ശാസ്ത്രജ്ഞന് പെട്ടെന്നൊരു ബുദ്ധി തോന്നി അയാൾ മറ്റാരും കേൾക്കാതെ കുതിരയുടെ ചെവിയിൽ ശബ്ദം കുറച്ച് ചോദിച്ചു - നാലും മൂന്നും കൂട്ടിയാൽ എത്രയാ കുതിരേ? കുതിര കുളമ്പിട്ടടിച്ചു കൊണ്ടേയിരുന്നു. അന്നാദ്യമായി കുതിരയ്ക്ക് ഉത്തരം തെറ്റി. പിന്നെ ആ ശാസ്ത്രജ്ഞൻ കുതിരയെ സദസ്സിന് പുറംതിരിച്ച് നിർത്തി ഉച്ചത്തിൽ ചോദ്യം ആവർത്തിച്ചു. അപ്പോഴും കുതിരയ്ക്ക് തെറ്റി.

പിന്നീട്  കുതിരയെ സദസ്സിനു നേരേ നിർത്തി ഉച്ചത്തിൽ ചോദ്യം ആവർത്തിച്ചു. നാലും മൂന്നും കൂട്ടിയാൽ എത്രയാ കുതിരേ?

ഒന്ന്  - രണ്ട് - മൂന്ന് - നാല് - അഞ്ച് - ആറ് - ഏഴ്. കുതിര കുളമ്പടി നിർത്തി. അതാ ശരി ഉത്തരം.

ശാസ്ത്രജ്ഞൻ ഒന്നു ചിരിച്ചു, പിന്നെ സദസ്സിനെ നോക്കി കുതിരയുടെ രഹസ്യം വെളിപ്പെടുത്തി. ഈ കുതിരയ്ക്ക് കണക്കു കൂട്ടാനല്ല അറിയുന്നത്. നമ്മുടെ മുഖഭാവം വായിക്കാനാണറിയുന്നത്. ശരി ഉത്തരം എത്തുമ്പോൾ നമ്മുടെ മുഖത്തുണ്ടാവുന്ന ഭാവമാറ്റം നോക്കി കുളമ്പടി നിർത്തും, മിടുക്കൻ കുതിര.

അച്ചായാ മനുഷ്യന്റെ ഭാവമാറ്റം മനസ്സിലാക്കാൻ വിശേഷബുദ്ധിയില്ലാത്ത ഒരു കുതിരക്ക് സാധിച്ചെങ്കിൽ, വിശേഷബുദ്ധിയുള്ള അച്ചായന് അതിൽ കൂടുതലും സാധിക്കില്ലേ?

അച്ചായൻ സംഭാഷണം നിയന്ത്രിക്കുക. അവനവനെ മാത്രം ശ്രദ്ധിക്കുന്നത് മാറ്റി ഇടപെടുന്നവരെ കൂടി ശ്രദ്ധിക്കുകയും, ശ്രവിക്കുകയും വേണം. അവരെന്തെങ്കിലും ചോദിച്ചാൽ, ആലോചിച്ച് ഉചിതമായ മറുപടികൾ വ്യക്തമായി പറയുകയും ചെയ്യണം. ഭാര്യയുടെയും മകളുടെയും അടുത്ത് ഈ ശൈലി ഉടനെ പരിശീലിക്കണം. കുറുക്കു വഴി നോക്കുന്നവരാണ് വളച്ചുകെട്ടിയും, വായടക്കാതെയും സംസാരിക്കുന്നത്. നമ്മളിപ്പോൾ നേരേ വാ നേരേ പോ ലൈനിലല്ലേ, ഇനി ഒക്കെ ശരിയായി വരും. ഞങ്ങളും സഹായിക്കാം..

Clever Hans Effect
George Kadankavil - August 2013

What is Profile ID?
});
CHAT WITH US !
+91 9747493248