Back to articles

പ്രൊക്രസ്റ്റസിന്റെ കട്ടിൽ

September 22, 2017

ഭർത്താവിന്റെ വീട്ടിൽ നിന്നും അമിതമായ നിയന്ത്രണങ്ങൾ തന്റെ മേൽ അടിച്ചേല്പിക്കുന്നു. ജോലി രാജി വെപ്പിച്ചു. വിലപ്പിടിപ്പുള്ളതെല്ലാം ഭർത്താവിന്റെ ലോക്കറിൽ വെച്ചു. ചെക്കു ബുക്കും എ.ടി.എം കാർഡും അലമാരയിൽ വെച്ചു പൂട്ടി. പുറത്തു പോകണമെങ്കിൽ ഭർത്താവിന്റെയും അമ്മായി അമ്മയുടെയും അനുവാദം വേണം.  പൈസ വേണ്ടത് അമ്മയോട് ചോദിച്ചു വാങ്ങണം. എന്തു ചെയ്താലും കുറ്റപ്പെടുത്തും, ഭർത്താവും അമ്മയും ആഗ്രഹിക്കുന്നതുപോലെ മാത്രമേ പെരുമാറാൻ പാടുള്ളു, പക്ഷേ അവരാഗ്രഹിക്കുന്നത് എന്താണ് എന്നൊട്ടു പറയുകയുമില്ല. ഇങ്ങനൊക്കെ പരാതി പറഞ്ഞിട്ടുള്ള കുറെ ഭാര്യമാരെ എനിക്കറിയാം.

ഇതെ പോലെ സങ്കടം പറഞ്ഞു വരുന്ന ഭർത്താക്കന്മാരും ഉണ്ട്. അതിൽ, എന്നോട് സംസാരിച്ച് വന്നപ്പോൾ അസ്വസ്ഥനായി കാണപ്പെട്ട ഒരു ഭർത്താവിനോട്, വിഷയം മാറ്റാനായി ഞാൻ ചോദിച്ചു, മോനേ പ്രൊക്രസ്റ്റസിന്റെ കട്ടിൽ എന്ന് കേട്ടിട്ടുണ്ടോ?

കട്ടിലൊക്കെ ഉണ്ടങ്കിളേ, കട്ടിലിനൊന്നും ഒരു കുഴപ്പവും ഇല്ല, അതിൽ കിടക്കണ്ട ആളിനാണ് പ്രശ്നം. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടു രണ്ടു വർഷമായി, ഭാര്യയ്ക്ക് കരിയർ ആണ് സർവ്വപ്രധാനം. ദിവസം പത്ത് മണിക്കൂർ ജോലിയുണ്ട്, ബാക്കി സമയം ഓരോരോ പരീക്ഷകൾ എഴുതി പാസ്സായി ജോലിക്കയറ്റം നേടാനുള്ള വ്യഗ്രതയിലാണ് എന്റെ ഭാര്യ. ഒരു പ്രൊമോഷൻ കിട്ടിയപ്പോൾ അതിന്റെ ജോലിഭാരവും ടെൻഷനും കൂടി. ഉടനെ അടുത്ത ലെവലിൽ എത്തിയാൽ മെച്ചമാകും എന്നു പറഞ്ഞ് പിന്നെയും ഒരു പരീക്ഷയ്ക്ക് പഠിത്തം തുടങ്ങിയിരിക്കുന്നു.

ഒരിക്കൽ  വളരെ കഷ്ടപ്പെട്ട് ഉള്ളിലെ ദേഷ്യം അടക്കി ഒരു തമാശ ഉണ്ടാക്കി ഞാനവളോടു ചോദിച്ചു, എടാ നമ്മുക്ക്  ഒന്നു രണ്ട് മക്കളും ആയി അച്ഛനും അമ്മയും കളിച്ച് ജീവിക്കണ്ടേ? അപ്പോൾ അവളു പറയുന്നു, എനിക്ക് അമ്പീഷൻ ഒന്നും ഇല്ലാത്തതെന്താ? ഏതോ ഒരു പരീക്ഷ എഴുതി ഞാനും ജോലിയിൽ കയറ്റം വാങ്ങണം അത്രെ. കയറ്റം കിട്ടിയില്ലെങ്കിലും, പരീക്ഷ പാസായാൽ രണ്ടു പേർക്കും കൂടി വിദേശത്തു പോയി ജോലി ചെയ്യാൻ അവസരം കിട്ടും അത്രെ. ഇവിടുത്തെ കുശുമ്പും പാരവെയ്പും ഒക്കെ അവസാനിക്കാൻ വിദേശത്തു പോകുന്നതാ നല്ലത് എന്നാണ് അവളുടെ വാദം.

വടി കൊടുത്ത് അടി വാങ്ങിയ പോലായി ഞാൻ! എനിക്ക് വിദേശത്തു പോകാൻ ഒരു ഇഷ്ടവും ഇല്ല, അങ്കിളേ, ജീവിക്കാൻ വേണ്ടി അല്ലേ ജോലി ചെയ്യുന്നത്? അല്ലാതെ ജോലി ചെയ്യാൻ വേണ്ടി മാത്രമാണോ നമ്മള് ജീവിക്കേണ്ടത്?

മോനേ, നിന്റെ ഭാഗം മാത്രം കേട്ടിട്ടു എനിക്കു തോന്നുന്നത്, കട്ടിലു തന്നെയാണ് നിങ്ങളുടെ പ്രശ്നം എന്നാണ്. വെറും സാധാരണ കട്ടിലല്ല, പ്രൊക്രസ്റ്റസിന്റെ കട്ടിൽ. ആ കട്ടിലിന്റെ കഥ നിന്റെ ഭാര്യയോട് പറഞ്ഞു കൊടുക്കാൻ നീ ശ്രമിക്കരുത്. ഞാനെഴുതാം, മോനത് ഭാര്യക്ക് വായിക്കാൻ പാകത്തിന് വെച്ചാൽ മതി.

പുരാതന ഗ്രീസിലെ എലീസിയമിലേക്കുള്ള റോഡിന് വിശുദ്ധവഴി എന്നാണ് ഗ്രീക്ക് പുരാണത്തിൽ പറയപ്പെടുന്നത്. പ്രൊക്രസ്റ്റസ് എന്നൊരു കരുത്തനായ ഇരുമ്പ് പണിക്കാരൻ ആ വഴിയിൽ ഒരു സത്രം നടത്തുന്നുണ്ടായിരുന്നു.. വഴിയാത്രക്കാർക്കെല്ലാം തന്റെ സത്രത്തിൽ സൌജന്യ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യും പ്രൊക്രസ്റ്റസ്.

പ്രൊക്രസ്റ്റസിന്റെ ഏറ്റവും പ്രധാന ആകർഷണ വാഗ്ദാനം - ഓരോരുത്തരുടെയും കൃത്യ സൈസിലുള്ള കട്ടിൽ തന്റെ സത്രത്തിലുണ്ട് എന്നതാണ്. താല്പര്യം ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനൊന്നും  ആർക്കും സാധിക്കില്ല. അവരെ നിർബന്ധിച്ചും, വേണ്ടി വന്നാൽ ബലം പ്രയോഗിച്ചും സത്രത്തിൽ കൊണ്ടു വരും എന്നിട്ട് താൻ നിർമ്മിച്ച ഇരുമ്പ് കട്ടിലിൽ കിടത്തും.

കിടക്കുന്ന യാത്രക്കാരന് കട്ടിലിന്റെ അത്ര നീളം ഇല്ലായെങ്കിൽ, അയാളെ ഇരുമ്പു തല്ലി പരത്തുന്ന കൂടംകൊണ്ട് ഇടിച്ചും, കമ്പിപ്പാര കൊണ്ടു കുത്തിയും വലിച്ചു നീട്ടി കട്ടിലിന്റെ ഒപ്പം നീളമാക്കും. കിടക്കുന്നവരുടെ നീളം കട്ടിലിനേക്കാൾ കൂടുതലാണെങ്കിൽ അധികമുള്ള നീളം, കാലിന്റെ ഭാഗത്തു നിന്നം മുറിച്ച് കളഞ്ഞ് കട്ടിലിന്റെ നീളത്തിന് ഒപ്പമാക്കും. എങ്ങിനെ വന്നാലും സത്രത്തിൽ കയറുന്നവരെല്ലാം കൊല്ലപ്പെടും, അവരുടെ പക്കലുള്ളതെല്ലാം പ്രൊക്രസ്റ്റസ് സ്വന്തമാക്കുകയും ചെയ്യും. പ്രൊക്രസ്റ്റസ് എന്ന വാക്കിന്റെ അർത്ഥം തന്നെ വലിച്ചു നീട്ടുന്നവൻ എന്നാണ്.

പ്രൊക്രസ്റ്റസ് ഈ അക്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുന്ന കാലത്ത്, തീസിയൂസ് എന്ന വീരൻ എലീസിയമിൽ നിന്നും ഏതൻസിലേക്ക്, രാജാവാകാനുള്ള തന്റെ ജൈത്രയാത്രക്കിടയിൽ ഈ സത്രത്തിലെത്തി. പ്രൊക്രസ്റ്റസ് പതിവു പോലെ തീസിയൂസിനെയും കട്ടിലിൽ കിടത്തി, അത്ഭുതമെന്നേ പറയേണ്ടു, തീസിയൂസിന് ആ  കട്ടിൽ അളവ് കൃത്യം പാകമായിരുന്നു. തീസിയൂസ്സ് കട്ടിലിൽ നിന്നെണീറ്റ് പ്രൊക്രസ്റ്റസിനെ പിടിച്ചു ബലമായി ആ കട്ടിലിൽ കിടത്തി. പ്രൊക്രസ്റ്റസിന് കട്ടിലിനേക്കാൾ നീളം കുറവായി കണ്ടതിനാൽ, അനേകം വഴിയാത്രക്കാരേ അടിച്ചു പരത്തിയ അതേ ഇരുമ്പുകൂടവും പാരയും ഉപയോഗിച്ച് തീസിയൂസ്, പ്രൊക്രസ്റ്റസിനെ അടിച്ചു പരത്തി, വലിച്ചു നീട്ടി, കൊന്നു കളഞ്ഞു. അളക്കുന്ന നാഴി കൊണ്ട് തന്നെ തിരിച്ചും അളക്കുക എന്നതായിരുന്നു തീസിയൂസിന്റെ രീതി.

പ്രൊക്രസ്റ്റസിന്റെ കട്ടിൽ എന്ന പ്രയോഗം രൂപം കൊണ്ടത് ഈ പുരാണ കഥയിൽ നിന്നാണ്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയും, അത് നടപ്പിലാക്കുവാൻ, കർക്കശമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിനെയാണ് ഈ പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്.

ഇന്നത്തെ കാലത്ത് മഴു, കമ്പി, ഇരുമ്പു കൂടം തുടങ്ങിയ മാരകായുധങ്ങൾ സാധാരണമല്ല, കൈക്കരുത്ത് ഉപയോഗിക്കുന്നതും വിരളമായിട്ടുണ്ട്. പകരം മാനസികവും,വൈകാരികവും ആയ ആയുധങ്ങളാണ് പലരും ഉപയോഗിക്കുന്നത്. ബോധപൂർവ്വം, അറിഞ്ഞുകൊണ്ട്, മറ്റുള്ളവരെ ദ്രോഹിക്കാനായി മാത്രം ഇങ്ങിനെ ചെയ്യുന്ന ദുഷ്ട കഥാപാത്രങ്ങൾ വളരെ അപൂർവ്വം മാത്രമാണ്.

എന്നാൽ സ്വന്തം കാര്യം മാത്രം ചിന്തിച്ച്, മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കാതെ, അവരെ വലിച്ചു നീട്ടാനും വെട്ടിച്ചുരുക്കാനും ശ്രമിച്ചിട്ടില്ലാത്ത ഒരാളും ഉണ്ടാവില്ല. നമ്മുടെ എല്ലാം ഉള്ളിൽ പ്രൊക്രസ്റ്റസിന്റെ പോലെയുള്ള ഒരു കട്ടിൽ ഒളിഞ്ഞു കിടപ്പുണ്ട്. എങ്കിലും മനപൂർവ്വം ദ്രോഹിക്കാൻ ഉദ്ദേശിച്ചല്ലാത്തതിനാൽ, പ്രതിരോധം കാണുമ്പോൾ നമ്മൾ വിട്ടു കളയും, അങ്ങിനെ കാര്യമായ പരിക്കേൽക്കാതെ നമ്മൾ രക്ഷപ്പെടുന്നു എന്നേയുള്ളു.

മോന്റെ ഭാര്യ അവളുടെ കട്ടിലിൽ നിന്നെ ഫിറ്റു ചെയ്യാനാണ് ശ്രമിക്കുന്നത്. അവളുടെ കട്ടിലിന് നിന്റെ ആഗ്രഹങ്ങളേക്കാളും നീളമുണ്ട്, നീയാണെങ്കിൽ മനസ്സില്ലാ മനസ്സോടെ ഒഴിഞ്ഞുമാറലിന്റെ പ്രതിരോധം ആണ് പയറ്റുന്നത്. അവള് നിന്റെ കട്ടിലിൽ ഫിറ്റ് ആകണമെന്ന് നീയാഗ്രഹിക്കുന്നു. നിന്റെ ഭാര്യയുടെ ആഗ്രഹത്തിന്റെ തീക്ഷണതയും, അതു സാധിച്ചെടുക്കാനുള്ള അവളുടെ ചെയ്തികളുടെ ആർജ്ജവവും കേട്ടിട്ട് എനിക്കു തോന്നുന്നത്, അവളുടെ ആഗ്രഹത്തിന് നിന്റെ കട്ടിലിനേക്കാൾ നീളമുണ്ട് എന്നാണ്.

അങ്ങിനെയെങ്കിൽ നിനക്ക് രണ്ട് മാർഗ്ഗങ്ങൾ സ്വീകരിക്കാം.
ഒന്ന് - അവളെ വെട്ടിച്ചുരുക്കി നിന്റെ കട്ടിലിൽ ഫിറ്റ് ആക്കാൻ  ശ്രമിക്കാം. നീ വിജയിച്ചാൽ  അവളൊരു വികലാംഗയായി, നിന്റെ പ്രാരാബ്ദമായി, ആയുഷ്കാലം മുഴുവൻ നിന്റെ കൂടെ കഴിഞ്ഞേക്കാം. അല്ലെങ്കിൽ തീസിയൂസിന്റെ പോലെ നിന്നെ ആ കട്ടിലിൽ കിടത്തി വലിച്ച് നീട്ടി വികലാംഗനാക്കിയേക്കാം.

രണ്ട് -  അവളുടെ ആർജ്ജവത്തെ ബഹുമാനിച്ച്, ആ കട്ടിലിൽ ഫിറ്റാകാൻ സഹായകരമാകും വിധമുള്ള നിലപാടുകളും പ്രതികരണങ്ങളും കൊടുക്കുക. അവളുടെ താല്പര്യങ്ങൾ കൂടി സാധിക്കാനുതകും വിധം, നല്ല മനസോടെ നിന്റെ കട്ടിൽ അവളുടെ പാകത്തിന് എത്ര വേണമോ, അത്രയും വലുതാക്കി കൊടുക്കുക.

അവളോടല്ലേ ഇത് പറയേണ്ടത് എന്ന് മോന്റെ ഉള്ളിൽ  ഇപ്പോൾ തോന്നുന്നുണ്ടോ? എങ്കിൽ എനിക്ക് നിന്നോട് സഹതപിക്കാൻ മാത്രമേ സാധിക്കൂ. കാരണം നീ പണ്ടേ തന്നെ വികലാംഗനായി കഴിഞ്ഞിരിക്കുന്നു. അവളോടും ഞാനിതു തന്നെ പറയുന്നു, മോളേ, അവന്റെ താല്പര്യങ്ങൾ കൂടി സാധിക്കാനുതകും വിധം, നല്ല മനസ്സോടെ, സ്നേഹപൂർവ്വം, നിന്റെ കട്ടിൽ അവന്റെ പാകത്തിന് മാറ്റാൻ പരിശ്രമിക്കണം.

ദാമ്പത്യം എന്നത് പരസ്പര സ്നേഹവും വിശ്വാസവും അതിൽ നിന്നും ഉരുത്തിരിയുന്ന മനശ്ശാന്തിയുമാണ്. അത് പൊരുത്തപ്പെടലാണ്, പൂഴിപ്പോരങ്കമല്ല.

George Kadankavil - September 2017

 

What is Profile ID?
CHAT WITH US !
+91 9747493248