Back to articles

ലിവിംഗ് ടുഗതറിലെ, ഔദാര്യങ്ങളും ! അവകാശങ്ങളും !

October 20, 2023

വിവാഹം കുടുംബ ജീവിതം ഇതൊന്നും എനിക്ക് സാധിക്കില്ല, അതു കൊണ്ട് ഞാനെന്റെ കൂട്ടുകാരിയോടോ, കൂട്ടുകാരനോടോ ഒപ്പം ജീവിക്കാൻ പോകുന്നു. എനിക്ക് ലിവിംഗ് ടുഗതർ മതി, എന്നൊക്കെ പറഞ്ഞ് ബഹളം വെയ്ക്കുന്ന മക്കളോട് എന്തു പറയണം എന്നറിയാതെ അന്തം വിട്ടു ഷോക്കടിച്ചു പോകുന്ന മാതാപിതാക്കൾക്കു വേണ്ടിയാണ് ഈ കുറിപ്പ് ഞാനെഴുതുന്നത്.

നിങ്ങളുടെ വേണ്ടപ്പെട്ട ഒരാൾ, സ്വന്തം വീട്ടിൽ താമസം തുടരാനാവാത്ത ഒരവസ്ഥയിൽ അയാളുടെ വീടുവിട്ടിറങ്ങി നിങ്ങളുടെ അടുത്തു വന്നാൽ, അത്യാവശ്യം വേണ്ടുന്ന കുറെ സഹായങ്ങൾ നിങ്ങൾ അയാൾക്കു ചെയ്തു കൊടുക്കില്ലേ?

ഇതു നിങ്ങളുടെ നല്ലമനസ്സു കൊണ്ടു ചെയ്തു കൊടുത്താൽ അത് –മഹാമനസ്കത.

നിങ്ങൾക്കു ചുമതല ഉള്ളതു കൊണ്ടു ചെയ്തതാണെങ്കിൽ അത് – നിങ്ങളുടെ കടമ.

അതു ലഭിക്കാൻ അയാൾക്ക് അർഹതയുള്ളതു കൊണ്ടു ചെയ്താൽ അത് – അയാളുടെ അവകാശം.

അയാളുടെ ബലഹീനതയെ മുതലെടുക്കാമെന്നു കണക്കാക്കി ചെയ്യുന്നത് ചൂഷണം.

സഹതാപമോ സഹാനുഭൂതിയോ മൂലം ചെയ്യുന്നത് –ഔദാര്യം.

ഔദാര്യവും ചൂഷണവും നിവർത്തികേടും ഒക്കെ ക്രമേണ ഇരുകൂട്ടർക്കും ഭാരമായി മാറും. പിന്നെ വഴക്കും പിണക്കവും പ്രശ്നങ്ങളുമായി എന്നും അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

റോട്ടി- കപ്പടാ- മക്കാൻ- ഭക്ഷണം വസ്ത്രം താമസം, പിന്നെ എന്തെങ്കിലും അസുഖമാണെങ്കിൽ മരുന്നും, ഇത്രയുമാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ.

നമ്മളെല്ലാം ഈ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന ഇടമാണ് നമ്മുടെ വീട് അഥവാ കുടുംബം.

അതിനു വേണ്ട വകകൾ സംഘടിപ്പിക്കാനുള്ള ചുമതല കുടുംബനാഥനും കുടുംബനാഥയ്ക്കുമാണ്. ഇതിനാവശ്യമായ ധനവും വസ്തുക്കളും കണ്ടെത്താനുള്ള മാർഗ്ഗത്തിനാണ് ഉപജീവന മാർഗ്ഗം എന്നു പറയുന്നത്.

ഉപജീവനത്തിനു പ്രാപ്തിയാകുന്ന കുടുംബാംഗങ്ങളും സ്വമേധയാ ഇതിലേക്ക് പങ്കു ചേരുന്നുണ്ട്. ഇതിനൊക്കെ ലിഖിതവും അലിഖിതവുമായ ധാരാളം കീഴ്-വഴക്കങ്ങൾ, ഒട്ടേറെ മനുഷ്യരുടെ വേദനകളിൽ നിന്നും പാഠങ്ങൾ പഠിച്ച്, അനേക കാലം കൊണ്ടാണ്, കുടുംബം എന്ന സംവിധാനത്തിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

പ്രിയ മാതാപിതാക്കളേ, നിങ്ങൾ പരിചയിച്ചു വന്ന സുരക്ഷിതമായ ഈ കുടുംബ സംവിധാനത്തിൽ നിന്നും വ്യത്യസ്തമായ ഒരു നിലപാടു, പ്രായപൂർത്തിയായ നിങ്ങളുടെ മകനോ മകളോ എടുത്താൽ, ഉടനെ അവരോടു വഴക്കടിക്കുകയോ ബഹളമുണ്ടാക്കുകയോ അല്ല വേണ്ടത്.

പകരം അവരുദ്ദേശിക്കുന്ന ഭാവി ജീവിതത്തിലെ, അവരുടെ നയങ്ങളും, അതിലെ അവകാശങ്ങളും ഔദാര്യങ്ങളും ആലോചിച്ചു വിലയിരുത്തി, അതു വ്യക്തമാക്കുന്ന ഒരു രൂപരേഖ തയ്യാറാക്കാനാണ് അവരോട് ആവശ്യപ്പെടേണ്ടത്.

നിങ്ങളുടെ നിർദ്ദേശം അവഗണിച്ച് വീടു വിട്ടു പോകുന്ന സാഹചര്യം ഉണ്ടായാൽ, കാണ്മാനില്ലായെന്ന് പോലീസിൽ പരാതി കൊടുക്കുകയും, പോലീസിന്റെ ഇടപെടലിലൂടെ ഇപ്രകാരം ഒരു രൂപരേഖ രേഖപ്പെടുത്തി വെയ്ക്കാൻ ശ്രമിക്കാവുന്നതുമാണ്.

അങ്ങിനെ നിങ്ങളുടെ മകനോ മകളോ സ്വന്തം വഴി തിരഞ്ഞെടുക്കുന്ന പക്ഷം, നിങ്ങളുടെ രക്ഷാകർതൃസ്ഥാനവും, അവരുടെ അനന്തരാവകാശങ്ങളും സംബന്ധിച്ച്, നിങ്ങളുടെ നിലപാടു നിങ്ങൾക്കും വ്യക്തമാക്കാവുന്നതാണ്.

ഒരുമിച്ചു താമസിച്ചു ജീവിക്കാനുദ്ദേശിക്കുന്ന രണ്ട് വ്യക്തികൾക്ക്, അവരുടെ ജീവിത ക്രമീകരണത്തിന്റെ നിബന്ധനകൾ വ്യക്തമായി പ്രതിപാദിക്കുന്ന ഒരു പങ്കാളിത്ത രേഖ അത്യാവശ്യമാണ്. രണ്ട് പങ്കാളികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഭാവിയിലെ സംഘർഷം ഒഴിവാക്കാനും, രണ്ടു പേരുടെയും കുടുംബാംഗങ്ങളുടെ അനാവശ്യ ഇടപെടൽ ഒഴിവാക്കാനും, അപകട ഘട്ടങ്ങളിൽ തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമില്ലാതെ നിർണ്ണായക തീരുമാനങ്ങളെടുക്കാനും ഈ പ്രമാണം സഹായകരമാകും.

രണ്ട് വ്യക്തികളും അടുത്ത ബന്ധത്തിലാണെങ്കിലും പങ്കാളിത്ത രേഖ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇതിൽ ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ ഇനി കൊടുക്കുന്നു.

 

സ്ഥാവര ജംഗമ വസ്തു വകകളുടെ ഉടമസ്ഥാവകാശം: വസ്തുവകളുടെ ഉടമസ്ഥത പങ്കാളികൾക്ക് സംയുക്തമാണോ, വ്യക്തിഗതമാണോ എന്ന് രേഖയിൽ വ്യക്തമാക്കിയിരിക്കണം. ഇത് സംയുക്തമായ ഉടമസ്ഥതയിലാണെങ്കിൽ, പങ്കാളികൾ വേർപിരിഞ്ഞാൽ സ്വത്ത് എങ്ങനെ വിഭജിക്കുമെന്ന് രേഖയിൽ വ്യക്തമാക്കണം.

സാമ്പത്തിക പങ്കാളിത്തം: മോർട്ട്ഗേജ്, യൂട്ടിലിറ്റികൾ, മറ്റ് ചെലവുകൾ എന്നിവയിലേക്ക് ഓരോ പങ്കാളിയും എത്ര വീതം സ്വന്ത സമ്പാദ്യത്തിൽ നിന്നു ചെലവ് ചെയ്യുമെന്ന് രേഖ വ്യക്തമാക്കണം. ഏതെങ്കിലും അപ്രതീക്ഷിത ചെലവുകൾ എങ്ങനെ നൽകപ്പെടും എന്നതിലും ധാരണയുണ്ടാകേണ്ടത് പ്രധാനമാണ്.

ഉത്തരവാദിത്തങ്ങൾ: വീട്ടു ജോലികൾ, അറ്റകുറ്റപ്പണികൾ എന്നിവയിൽ ഓരോ പങ്കാളിയുടെയും ഉത്തരവാദിത്തങ്ങൾ എന്തൊക്കെയെന്നു രേഖയിൽ വ്യക്തമാക്കണം. പ്രധാന പർച്ചേസുകളെക്കുറിച്ച് ആര് എങ്ങനെ തീരുമാനങ്ങൾ എടുക്കണം എന്നതിലും ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.


തീരുമാനമെടുക്കൽ പ്രക്രിയ: സുപ്രധാനമായ കാര്യങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കാമോ എന്ന് വ്യക്തതമാക്കിയിരിക്കണം. അല്ലാത്ത പക്ഷം തർക്കങ്ങൾ ഉടലെടുക്കും.


തർക്കപരിഹാര മാർഗ്ഗങ്ങൾ: തർക്കങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് രേഖ വ്യക്തമാക്കണം. ഇതിൽ മധ്യസ്ഥത, അല്ലെങ്കിൽ കോടതിയിൽ പോകൽ എന്നിവ ഉൾപ്പെട്ടേക്കാം.


വിമോചന പ്രക്രിയ: പങ്കാളികൾ വേർപിരിഞ്ഞാൽ, ആസ്തിയും ബാദ്ധ്യതകളും എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് രേഖ വ്യക്തമാക്കണം.
 
അതിഥി നയം: ഓരോ പങ്കാളിക്കും ഒരേ സമയം എത്ര അതിഥികൾ ഉണ്ടായിരിക്കാം? ആർക്കൊക്കെ രാത്രി തങ്ങാം എന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ?
 
വളർത്തുമൃഗ നയം: വളർത്തുമൃഗങ്ങൾ അനുവദനീയമാണോ? അങ്ങനെയെങ്കിൽ, എത്ര, ഏതുതരം? വളർത്തുമൃഗ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം ആർക്ക്?
 
സന്ദർശകർ: അനുമതിയില്ലാതെ വസ്തുവിൽ പ്രവേശിക്കാൻ ആർക്ക് ഒക്കെ അവകാശം ഉണ്ട്?
 
സ്വകാര്യത: സ്വകാര്യത എങ്ങനെ മാനിക്കപ്പെടും? അതിഥികൾക്ക് അനുവദിനീയം അല്ലാത്ത ഏതെങ്കിലും കാര്യങ്ങൾ ഉണ്ടോ?
 
അനന്തരാവകാശം: ഒരു പങ്കാളി മരിച്ചാൽ എന്ത് സംഭവിക്കും? മറ്റേ പങ്കാളിക്ക് സ്വത്ത് അനന്തരാവകാശമായി ലഭിക്കുമോ?

നികുതികൾ:നികുതികൾ ആര് ആരുടെ പേരിൽ എങ്ങനെ കൈകാര്യം ചെയ്യും?

 

പങ്കാളിത്ത കരാർ ഒപ്പിടുന്നതിന് മുമ്പ് ഒരു അഭിഭാഷകൻ അത് അവലോകനം ചെയ്യേണ്ടത് പ്രധാനമാണ്. ഡോക്യുമെന്റ് നിയമാനുസൃതമാണെന്നും രണ്ട് പങ്കാളികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നുവെന്നും ഉറപ്പാക്കാൻ ഇത് സഹായിക്കും.

കഴിയുന്നത്ര വ്യക്തമായി കാര്യങ്ങൾ വിവരിക്കുക. രേഖയിൽ നിങ്ങൾ കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ഭാവിയിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

നിങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് യാഥാർത്ഥ്യ ബോധമുള്ളവരായിരിക്കുക. സംഭവിക്കാവുന്ന എല്ലാ സാഹചര്യങ്ങളും ഒരു എഗ്രിമെന്റിൽ കവർ ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്.

എന്തിനാണ് ഇങ്ങിനൊരു കരാറെന്നു ചിലെരിങ്കിലും ചോദിച്ചേക്കാം. എത്ര വേണ്ടപ്പെട്ട ആളായിരുന്നാലും, ഒരു വലിയ തുക ഒരു രേഖയുമില്ലാതെ അവർക്കു നിങ്ങൾ കടം കൊടുക്കുമോ?.

ഏതു തുകയേക്കാളും വിലപ്പെട്ടതല്ലേ നിങ്ങളുടെ ജീവിതം? അത് മറ്റൊരാളെ ഏല്പിക്കുമ്പോൾ അതിന്റെ രൂപരേഖ കൂടിയേ തീരൂ.

. . .

ഇത്തരം ഒരു പ്രശ്നമുണ്ടെന്നു, എന്നെ വിളിച്ചു സങ്കടം പറഞ്ഞ ഒരു പിതാവിനോടു എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാനായിട്ടാണ്, ഇതെല്ലാം ഇന്റർനെറ്റിൽ പരതി കണ്ടു പിടിച്ച് എഴുതിയതു. പക്ഷേ, ഇവിടെ വിവരിച്ചതിലും എത്രയോ അധികം സംഭവങ്ങളും സാദ്ധ്യതകളും നിറഞ്ഞതാണ് മനുഷ്യജീവിതം !

മക്കളുണ്ടായാൽ അവരുടെ ഉത്തരവാദിത്വം രക്ഷാകർതൃത്വം ഇതൊക്കെ എങ്ങിനെ കൈകാര്യം ചെയ്യണം. കടക്കെണിയിൽ പെടുക, പാപ്പരാകുക, കുറ്റവാളിയാകുക, ജയിൽശിക്ഷ, അപകടത്തിൽ പെടുക, അംഗവൈകല്യം സംഭവിക്കുക. അങ്ങിനെ അനിശ്ചിതമായ സംഭവങ്ങളുടെ ഘോഷയാത്രയാണ് ജീവിതമെന്ന് വ്യക്തമായി മനസ്സിലാക്കാൻ മക്കളെ സഹായിക്കുക. അത് വിജയിപ്പിക്കാൻ സന്നദ്ധമാണെന്ന് അവരു വ്യക്തമാക്കി, ഇത്തരം ഒരു രൂപരേഖയും തയാറാക്കി അവരുടെ വഴി തിരഞ്ഞെടുത്താൽ, അവരെ തടയേണ്ട എന്നാണ് എന്റെ അഭിപ്രായം.

വളർച്ചയെത്തിയ കുഞ്ഞുങ്ങളെ കൊത്തിമാറ്റുന്ന തള്ളക്കോഴിയെക്കുറിച്ച്, ശ്രീ കടമ്മനിട്ടയുടെ കവിതയിലെ വരികൾ ഒന്നു ശ്രദ്ധിക്കുക - എന്നൂമെന്റെ ചിറകിന്റെ കീഴിൽ, നിന്നൂ നിന്റെ വയറു നിറക്കാം എന്നൂ തോന്നുന്ന തോന്നലും വേണ്ട, നിന്റെ ജീവിതം നിൻകാര്യം മാത്രം.

 

What is Profile ID?
CHAT WITH US !
+91 9747493248