Back to articles

ഒരു എൻജിനീയറുടെ ഉയിർത്തെഴുന്നേൽപ്പ്!

July 27, 2022

അമേരിക്കയിൽ സോഫ്റ്റ് വെയർ കൺസൾട്ടിംഗ് ബിസിനസ്സ് തഴച്ചു വളരുന്ന കാലം. ഇൻഡ്യ പോലുള്ള രാജ്യങ്ങളിൽ നിന്നും സോഫ്റ്റ് വെയർ എൻജിനീയർമാരെ റിക്രൂട്ട് ചെയ്ത്, വിസ നടപടികൾ പൂർത്തിയാക്കി അമേരിക്കയിൽ എത്തിക്കും. അവിടെയുള്ള വലിയ കമ്പനികൾക്ക് അപ്പപ്പോഴുണ്ടാകുന്ന ആവശ്യത്തിന് ഉതകുന്ന സ്കിൽ ഉള്ളവരെ പ്രോജക്ട്  നടക്കുന്ന കാലത്തേക്ക് മാത്രമായി പ്ളെയ്സ് ചെയ്യും. ഓരോരുത്തരും ജോലിചെയ്യുന്ന സമയത്തിനുള്ള പ്രതിഫലം മണിക്കൂർ അടിസ്ഥാനത്തിൽ കൺസൾട്ടിംഗ് കമ്പനിക്ക്  ലഭിക്കും. പ്രോജക്ടിൽ കയറിയാലും ഇല്ലെങ്കിലും എൻജിനീയർമാർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള മാസശമ്പളവും മറ്റ് ബാദ്ധ്യതകളും കൺസൾട്ടിംഗ് കമ്പനി വഹിക്കണം. ഇതായിരുന്നു ബിസിനസ്സ് മോഡൽ.

അമേരിക്കയിൽ  പുതുതായി  തുടങ്ങിയ ഒരു കമ്പനിയിൽ എനിക്ക് എച്ച് 1 വിസ കിട്ടി. റിക്രൂട്ട്മെന്റിന്റെ ചുമതല ആയിരുന്നു. ബാംഗ്ളൂർ, മദ്രാസ്, ബോംബെ എന്നിവിടങ്ങളിൽ ഇന്റർവ്യൂകൾ നടത്തി 50 പേരെ സെലക്ട് ചെയ്തു. ടെലിഫോണിലൂടെയും നേരിട്ടും client ഇന്റർവ്യൂകൾ  ഏർപ്പാടാക്കി, എത്രയും പെട്ടെന്ന് പ്രോജക്ടിൽ കയറ്റിയെങ്കിലേ കമ്പനിക്ക് വരുമാനം കിട്ടിത്തുടങ്ങൂ. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കും എന്നത് പണ്ടുമുതലേ നമ്മുടെ രക്തത്തിലും ഉണ്ടല്ലോ. അതുകൊണ്ട് ഇവരിൽ ഏറ്റവും മിടുക്കരെ വേണം, വിസ പ്രോസസ്സ് ചെയ്ത് ആദ്യം അമേരിക്കയിൽ എത്തിക്കാൽ.

ഐ.ഐ.ടിയിൽ നിന്നും റാങ്ക് നേടി എം.ടെക് കഴിഞ്ഞ് നല്ല പൊസിഷനിൽ  ഇന്ത്യയിൽ ജോലിചെയ്യുന്ന മോഹൻ എന്ന കർണ്ണാടക സ്വദേശിക്ക് ആണ് കൂട്ടത്തിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസം. ഞങ്ങൾ ഏറ്റവും കൂടുതൽ ശമ്പളം ഓഫർ ചെയ്തിരുന്നതും ഇദ്ദേഹത്തിന് ആയിരുന്നു. ഫസ്റ്റ് ബാച്ചിൽ തന്നെ ഞങ്ങൾ മോഹനെ അമേരിക്കയിൽ  എത്തിച്ചു. എല്ലാവർക്കും കമ്പനി ഗസ്റ്റ് ഹൗസിൽ  താമസവും കൊടുത്തു.

ഐ.ഐ.ടിക്കാരനെ മണിക്കൂറിൽ 80 ഡോളർ റേറ്റിൽ ഏതെങ്കിലും ദീർഘകാല പ്രോജക്ടിൽ കയറ്റി വിടാനായിരുന്നു ഞങ്ങളുടെ മുൻഗണന. ആളെത്തും മുമ്പ് തന്നെ ഇദ്ദേഹത്തിന്റെ റസ്യുമെ 50 ഓളം പ്രോജക്ടുകൾക്ക് അയച്ചു കൊടുത്തു. ദിവസവും ഒന്നും രണ്ടും അന്വേഷണം വരാൻ തുടങ്ങി. ആൾ അമേരിക്കയിൽ എത്തി, രണ്ട് ദിവസം കൊണ്ട് ജെറ്റ് ലാഗ് മാറി, ഓറിയന്റേഷൻ പരിപാടികൾ കഴിഞ്ഞ്, ടെലിഫോൺ ഇന്റർവ്യുവിന് റെഡിയാക്കി.

ആദ്യത്തെ കോൾ;

ഒരു എച്ച് ആർ എക്സ്പെർട്ട് മോഹനോട് ഒരു മണിക്കൂർ സംസാരിച്ചു. ഇന്റെർവ്യു ഫെയിൽഡ്. തുടർന്ന് നിരവധി ഇന്റർവ്യുകൾ, പക്ഷേ എല്ലാം ചീറ്റിപ്പോയി.

കൂടെ വന്നവരെല്ലാം ഓരോ പ്രോജക്ടിൽ കയറിയിട്ടും ഞങ്ങളുടെ മിടുമിടുക്കൻ ബെഞ്ചിലാണ്. കമ്പനിക്ക് ഇയാൾ ബാദ്ധ്യത ഏറ്റിക്കൊണ്ടിരിക്കുന്നു. രണ്ടു മാസം ആയിട്ടും പെർഫോം ചെയ്യാത്തതിനാൽ നാട്ടിലേക്ക് തിരിച്ചയച്ച് കൂടുതൽ ബാദ്ധ്യത ഒഴിവാക്കാം എന്നു ഞങ്ങൾ പരിഗണിച്ചു തുടങ്ങി.

അപ്പോഴാണ് ഒരു റിക്രൂട്ടർ മുഖാന്തിരം അറിഞ്ഞത് ഇയാൾ സംസാരിക്കുമ്പോൾ ശ്...ശ്... എന്ന് പാമ്പ് ചീറ്റുന്നപോലെ  ഒരു ശബ്ദം വരുമത്രെ. പണി അറിയാമെങ്കിലും കമ്യൂണിക്കേഷൻ പോരാത്തതിനാലാണ് അവരെടുക്കാത്തത് എന്ന്.

ഇതറിഞ്ഞതോടെ മോഹൻ തളർന്നു പോയി.

മോഹനുമായി ഒരു കൗൺസിലിംഗ് നടത്തി,  അപ്പോഴാണ് അവൻ തുറന്ന് പറയുന്നത്, ഉറങ്ങുമ്പോൾ തള്ള വിരൽ വായിൽ വെച്ചുകൊണ്ടാണത്രെ അവൻ  കിടക്കുന്നത്.

ശ്... എന്ന ശബ്ദം എപ്പോഴും വരില്ല, ടെൻഷൻ തോന്നുമ്പോൾ  മാത്രമേ ഉള്ളു.

ഏതായാലും ഒരു സ്പീച്ച് തെറാപ്പിസ്റ്റിനെ കാണാം എന്ന് ഇദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചു. പക്ഷേ, സ്പീച്ച് തെറാപ്പിസ്റ്റിനെ അന്വേഷിച്ചപ്പോൾ അവരുടെ ഫീസ്, ഞങ്ങളെ പോലെ ഒരു ചെറിയ കമ്പനിക്ക് താങ്ങാവുന്നതിലും അധികം. അതുകൊണ്ട് ചികിത്സ പരിപാടി ഉപേക്ഷിച്ചു, ആ ആഴ്ച അവസാനം തിരികെ ഇന്ത്യക്ക് വിടാനുള്ള ടിക്കറ്റ്  ബുക്കു ചെയ്തു.

പിറ്റെ ദിവസം ഒരു ഇന്റർവ്യൂ കൂടി ഉണ്ട്, അത് ലാസ്റ്റ് ചാൻസ് ആണ്, നമുക്ക് അവസാന കൈക്ക് ഒരു നാടൻ ശ്രമം നടത്തി നോക്കാം എന്നു പറഞ്ഞ്, വായിൽ ചെറിയ ഉരുളൻ കല്ലിട്ടു കൊണ്ട് ഉച്ചത്തിൽ പുസ്തകം വായിപ്പിച്ചു. ഞങ്ങൾ നല്ല കേൾവിക്കാരായി ആത്മാർത്ഥമായി പ്രോത്സാഹിപ്പിച്ചു. മണിക്കൂറുകളോളം മോഹൻ ഉച്ചത്തിൽ വായന തുടർന്നു. ഒടുവിൽ എപ്പോഴോ കിടന്നുറങ്ങി. രാത്രി ഞാൻ പോയി നോക്കി, മോഹൻ നല്ല ഉറക്കമാണ്. ഏതായാലും തള്ളവിരൽ വായിലിട്ടിട്ടില്ല. അത്രയെങ്കിലും സമാധാനം.

പിറ്റേന്നും മോഹൻ ഉച്ചത്തിൽ വായന തുടർന്നു. ഇന്റർവ്യുവിന് ഫോൺ വന്നപ്പോൾ പേടിച്ച് പേടിച്ച് വന്ന് ഫോണെടുത്തു. സംസാരിക്കാൻ തുടങ്ങിയപ്പോൾ അത്ഭുതം,

ഒരു കുഴപ്പവും ഇല്ല, നല്ല മണി മണി ആയി പേശുന്നു.

മോഹനെ 80 ഡോളർ റേറ്റിൽ പ്രോജക്ടിൽ എടുത്തു. മോഹന് പിന്നീട് ഗ്രീൻകാർഡ് കിട്ടി ഇപ്പോഴും അമേരിക്കയിൽ ജോലിയിൽ തുടരുന്നു, ആ ചെറിയ കമ്പനി ഇപ്പോൾ ആയിരത്തിലധികം ജോലിക്കാരുള്ള മൾട്ടി നാഷണൽ ആയി കൊച്ചിയിലും പ്രവർത്തിക്കുന്നുണ്ട്.

എല്ലാം  തീർന്നു എന്നു കരുതിയ ഒരു ഘട്ടത്തിൽ നിന്നും നിശ്ചയദാർഢ്യവും  കഠിന പരിശ്രമവും  കൊണ്ട് മോഹൻ ഉയിർത്തെഴുന്നേറ്റതു ചുറ്റുമുള്ളവരുടെ പ്രോത്സാഹനം കൊണ്ടു കൂടിയാണ്.

ആരെങ്കിലും വീഴുന്നത് കണ്ണിൽ പെട്ടാൽ, അവരെ പ്രോത്സാഹിപ്പിച്ച് ആ വീഴ്ചയിൽ നിന്നും എഴുന്നേൽക്കാൻ സഹായിക്കേണ്ടത് നമ്മുടേയും കൂടി കടമയാണ്.

എന്നിരുന്നാലും വീണവനും കൂടി തോന്നണം ഒന്നെഴുന്നേൽക്കണം എന്ന്............

ജോർജ് കാടൻകാവിൽWhat is Profile ID?
});
CHAT WITH US !
+91 9747493248