Back to articles

വര്‍ഷം മാറിയാലും; ലക്ഷ്യം മറക്കേണ്ട!

March 25, 2020

മെറി ക്രിസ്തുമസ് ആന്‍റ് ഹാപ്പി ന്യൂഇയര്‍ എന്നു പറഞ്ഞാണ് എന്‍റെ സുഹൃത്ത് അച്ചായന്‍ ഫോണില്‍ വിളിച്ചത്. പുതു വര്‍ഷം എത്തും മുമ്പ് തന്നെ ബെത്ലെഹമിന്‍റെ ആപ് ഒക്കെ ഇറക്കിയല്ലോ? നന്നായിട്ടുണ്ട് കേട്ടോ!. ആരോട് ഇടപെട്ടാലും അവരുടെ എന്തെങ്കിലും ഒരു നന്മ കണ്ടു പിടിച്ച് നല്ലതു പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹത്തെ എനിക്ക് വലിയ കാര്യമാണ്. നാലു മക്കളുടെയും വിവാഹം ബെത്ലെഹം വഴിയാണ് നടന്നത് എന്ന് ഒരുപാട് പേരോട് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷത്തെ പരിചയമുണ്ട്. ആ ഉത്സാഹത്തോടെ ഞാന്‍ സംഭാഷണം ഏറ്റുപിടിച്ചു.

അച്ചായാ പറയൂ, ഒത്തിരി നാളായല്ലോ വിശേഷങ്ങള്‍ കേട്ടിട്ട്. മുത്തശ്ശനും മുത്തശ്ശിയ്ക്കും ഇപ്പോള്‍ നല്ല നേരമ്പോക്ക് ആയിരിക്കുമല്ലേ?.

ജോര്‍ജ്ജേ നേരമില്ല എന്നത് സത്യമാണ്, അതിന് പക്ഷേ നേരമ്പോക്ക് എന്നു പറയാന്‍ പറ്റില്ല. മക്കള് നാലു പേരും ഭാര്യമാരും ജോലിയിലാണ്. പ്ളേസ്കൂള്‍ പ്രായമായപ്പോള്‍ കൊച്ചു മക്കളും മറുനാട്ടിലായി. അല്ലെങ്കിലും കുഞ്ഞുങ്ങള്‍ അപ്പനമ്മമാരുടെ കൂടെ വളരണം. മുത്തശ്ശനും മുത്തശ്ശിയും വല്ലപ്പോഴും ചെന്ന് അവരെ വഷളാക്കി കൊടുത്താല്‍ മതി. അത് ഞങ്ങള് തരം കിട്ടുമ്പോഴൊക്കെ ചെയ്യുന്നുണ്ട്. സ്കൈപ്പും വാട്ട്സാപ്പും ഒക്കെ വെച്ച് ദൂരം അരികിലാക്കാന്‍ ഞങ്ങളും പഠിച്ചെടുത്തു. ഇപ്പോള്‍ കംപ്യൂട്ടറം ഫോണും ഒക്കെ കുത്തി നേരെയാക്കാന്‍, മക്കളെ കാണുന്നതിലും കൂടുതല്‍ നേരം ചിലവഴിക്കണം. ചില ആസ്തികള്‍ കൈവശമാകുമ്പോള്‍ സത്യത്തില്‍ നമ്മള്‍ അതിന്‍റെ ഉടമയല്ല, അടിമയായിട്ടാണ് മാറുന്നത്.

എന്തുപറ്റി അച്ചായാ വല്ല ആശ്രമത്തിലും ചേര്‍ന്നോ? ഭയങ്കര വേദാന്തമാണല്ലോ ഇത്തവണ?

ഹ്ങൂം, പഴുത്ത പ്ളാവില വീഴുമ്പോ, പച്ച പ്ളാവില ചിരിക്കും. നിന്‍റെ കാലം വരുമ്പോള്‍ നീയും പറയും ഇതിലും വലിയ വേദാന്തം! ങാ കാലത്തെക്കുറിച്ചു പറഞ്ഞപ്പോഴാ, ജോര്‍ജ്ജിനറിയുമോ കാലത്തിനും നാലു ജാതികളുണ്ടത്രെ!

ആദ്യത്തെ കാലഘട്ടം - ബ്രാഹ്മണകാലം എന്നു പറയാം. ജ്ഞാനവും വിദ്യയും ആയിരുന്നു ആ കാലഘട്ടത്തിന്‍റെ കറന്‍സി. അത് ക്രമേണ ക്ഷത്രിയ കാലമായി മാറി. ധീരതയും, വീരത്വവും, ആയോധനവും, മറ്റുമായിരുന്നു അന്നത്തെ കറന്‍സി. ജ്ഞാനിയേയോ, വീരനേയോ, മറ്റെന്തിനെ വേണമെങ്കിലും വിലയ്ക്ക് വാങ്ങാന്‍ പ്രാപ്തിയുള്ള വൈശ്യരുടെ കാലഘട്ടമായിരുന്നു അടുത്തത്. പണവും വസ്തുക്കളുമാണ് ഈ കാലത്തിന്‍റെ കറന്‍സി. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് തെളിയിച്ച വൈശ്യ കാലഘട്ടത്തിന്‍റെ അന്ത്യ പാദം കടന്ന്, അനിവാര്യമായിരിക്കുന്ന ശൂദ്രകാലത്തിന്‍റെ ആദ്യപാദത്തിലേയ്ക്ക് അറിയാതെ ഒഴുകിയടുത്തു കൊണ്ടിരിക്കുകയാണ് നമ്മള്‍ ഇപ്പോള്‍.

സമയമാണ് ഈ കാലഘട്ടത്തിന്‍റെ കറന്‍സി. ഇന്നു കൈയ്യിലുള്ള സമയം മാത്രമല്ല, ഭാവിയില്‍ ലഭിക്കാനുള്ള സമയം പോലും മുന്‍കൂട്ടി പണയപ്പെടുത്തി, സമയം ലാഭിക്കാനുള്ള സൗകര്യങ്ങളും, സംവിധാനങ്ങളും തലയിലേറ്റുന്ന മണ്ടത്തരമാണ് നമ്മളിപ്പോള്‍ ചെയ്യുന്നത്. മനുഷ്യരെല്ലാം ഓരോരോ സംവിധാനങ്ങളുടെ അടിമയായി മാറുന്ന ശൂദ്രകാലഘട്ടം????!!!

ഇതൊരു വേദാന്തമാണോ, വസ്തുതയാണോ എന്ന് ജോര്‍ജ്ജ് ഓലോചിക്ക്. ഈ ചിന്ത മറികടക്കാന്‍ എന്തെങ്കിലും സൂത്രം തോന്നുന്നുണ്ടെങ്കില്‍ അതെക്കുറിച്ച് എഴുതണം...

പ്രവചനം പോലെയുള്ള അച്ചായന്‍റെ ഈ വേദാന്തം കേട്ടിട്ട് ഞാന്‍ ശരിക്കും ഒന്നു കിടുങ്ങി. ഭയപ്പെടുത്തുന്ന ഒരു സാഹചര്യമാണല്ലോ നമുക്ക് നേരിടേണ്ടി വരുന്നത് എന്നായിരുന്നു എന്‍റെ ആദ്യത്തെ ചിന്ത. പക്ഷേ ഉടനെ തോന്നി, മനുഷ്യനെ ഭയപ്പെടുത്തുന്ന എന്തെങ്കിലും സാഹചര്യം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അറിഞ്ഞുകൂടാത്ത എല്ലാത്തിനെയും മനുഷ്യന് ഭയമായിരുന്നു.

ഭയം മറികടക്കാന്‍ ഒറ്റമാര്‍ഗ്ഗമേ ഉള്ളൂ, വിശ്വാസം! സൃഷ്ടാവില്‍ വിശ്വസിക്കണം. സൃഷ്ടികളില്‍ നിറഞ്ഞു നില്‍ക്കുന്ന സൃഷ്ടാവിന്‍റെ ചൈതന്യത്തിലും, പദ്ധതികളിലും വിശ്വസിക്കണം. അപ്പോള്‍ ഭയം മറികടക്കാം. സമയം എല്ലാക്കാലത്തും വിലപിടിച്ച ഒരു കമ്മോഡിറ്റി തന്നെയായിരുന്നു. ഇന്നത്തെ കറന്‍സിക്കു വേണ്ടി നാളത്തെ സമയം പണയം വെയ്ക്കുന്നതാണ് വലിയ അപകടം. പക്ഷേ ഭയപ്പെടേണ്ട. ഏറ്റവും വിലപിടിച്ച, ഏവര്‍ക്കും പ്രാപ്യമായ ഒരു നിധി കൂടി തമ്പുരാന്‍ നമുക്ക് തന്നിട്ടുണ്ട്. അതാണ് അനുഭൂതികള്‍. മനോഭാവം കൊണ്ട് സ്വയം സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നായതിനാല്‍ ഇത് ആരും കറന്‍സി ആക്കി മാറ്റാനിടയില്ല. മാത്രമല്ല കൊടുക്കും തോറും ഏറിടുകയും ചെയ്യും.

അനുഭൂതികള്‍ ലഭിക്കണമെങ്കില്‍ അനുഭവങ്ങള്‍ ഉണ്ടാകണം. അനുഭവങ്ങളില്‍ നിന്നും അനുഭൂതികള്‍ വേര്‍തിരിച്ചെടുക്കുന്ന ഒരു സോഫ്റ്റ് വെയര്‍ ആണ് ഹൃദയം. മറ്റുള്ളവരെ ഹൃദയം കൊണ്ട് കാണണം, കേള്‍ക്കണം. ഹൃദയം കൊണ്ട് സംവദിക്കണം. പോരാ സ്വന്തം ഹൃദയത്തെയും കേള്‍ക്കണം.

അനുഭവങ്ങള്‍ ലഭിക്കാന്‍ മറ്റ് മനുഷ്യരോട് ഇടപഴകണം. ഏറ്റവും മികച്ച അനുഭൂതി സൃഷ്ടിക്കാന്‍ ഒരു ജീവിത പങ്കാളി വേണം, പിന്നെ കുഞ്ഞുങ്ങള്‍ വേണം. അതാണ് കുടുംബം. കുടുംബം നിലനിര്‍ത്താന്‍ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും വേണം. അപ്പോള്‍ സുസ്ഥിരമായ അനുഭവങ്ങള്‍ ലഭിക്കാനുള്ള ഒരു സംവിധാനമാകും. കാലമേതായാലും അന്നത്തെ കറന്‍സി ഏതായിരുന്നാലും, അത് ചിലവഴിക്കമ്പോള്‍ ഈ അടിസ്ഥാന ഘടകങ്ങള്‍ അവഗണിക്കാതിരിക്കുക. കൊടുത്തിരിക്കുന്ന അനുഭൂതികളുടെ അതേ അളവുതന്നെയാണ് തിരികെയും ലഭിക്കുന്നത്.

വര്‍ഷം മാറിയാലും ലക്ഷ്യം മാറേണ്ട.

What is Profile ID?
});
CHAT WITH US !
+91 9747493248