Back to articles

ഒരു വീട്ടിൽ നിന്നും രണ്ടു കല്യാണം!...

October 01, 2008

ജോർജ്ജ് സാറേ, ഞങ്ങൾക്കൊരു ആശയക്കുഴപ്പം, എന്റെ മൂത്ത സഹോദരനും  എനിക്കും ഓരോ വിവാഹാലോചനകൾ വന്നു. പെൺകുട്ടികൾ രണ്ടുപേരും സഹോദരിമാരാണ്. ഒരു വീട്ടിലെ ചേട്ടാനിയന്മാർ മറ്റൊരു വീട്ടിലെ സഹോദരിമാരെ വിവാഹം  ചെയ്താലുള്ള ഭവിഷ്യത്തുകൾ എന്തൊക്കെയാണ്, നാട്ടുകാർ പരിഹസിക്കുമോ എന്നൊക്കെയുള്ള ചിന്തകൾ കാരണം ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല.

അനിയാ സാധാരണമല്ലാത്ത ഒരു കാര്യമാണ് ഈ ആലോചന. ഇവിടെ ഞാനെന്ന വ്യക്തിയുടെ അഭിപ്രായമല്ല പ്രമാണം.

വിവാഹം എന്നത് പ്രായപൂർത്തിയായ, മാനസിക പക്വതയുള്ള രണ്ട് വ്യക്തികളുടെ തീരുമാനമാണ് സംശയമില്ല, അതേ സമയം അവരവരുടെ സമൂഹത്തിന്റെ, സമുദായത്തിന്റെ, ആചാരം കൂടിയാണ്.

പണ്ടു മുതലേ നമ്മുടെ പൂർവ്വികർക്ക് ഉണ്ടായിട്ടുള്ള അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ് ഓരോ സമൂഹത്തിലെയും ആചാരങ്ങളും, അതിന്റെ  കീഴ് വഴക്കങ്ങളും. അതു തച്ചുടച്ച് ഒരു വിപ്ളവം സൃഷ്ടിക്കാനല്ലല്ലോ താങ്കളുടെ ഉദ്ദേശം, സ്വസ്ഥമായൊരു കുടുംബ ജീവിതത്തിനു വേണ്ടിയല്ലേ.

ഒരു വ്യക്തിക്ക് നാട്ടു നടപ്പിൽ നിന്നും, കീഴ് വഴക്കങ്ങളിൽ നിന്നും വിഭിന്നമായി പ്രവർത്തിക്കേണ്ട , സാഹചര്യം വന്നാൽ. ഉചിതമായ തലങ്ങളിൽ കൂടിയാലോചന നടത്തി അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. അതിന് ഞാൻ സഹായിക്കാം. ഈ വിഷയം നമ്മുടെ വൈവാഹിക സംഗമത്തിൽ ചർച്ച ചെയ്യാം.

സംഗമത്തിന്റെ അഭിപ്രായങ്ങൾ

രണ്ട് കുടുംബങ്ങളുടെയും  ബന്ധുബലം കുറയും. രോഗങ്ങൾ, കഷ്ടതകൾ, ആപത്ത്, അത്യാഹിതങ്ങൾ, പാരമ്പര്യ ദോഷങ്ങൾ ഇവ രണ്ട് കൂട്ടരെയും ഒരുപോലെ പൂർണ്ണമായി ബാധിക്കുമ്പോൾ ഒരു ബന്ധു കുടുംബം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നു പശ്ചാത്തപിക്കാനിടയാകും.

സഹോദരങ്ങളുടെ കഴിവുകളും, ബലഹീനതകളും, പൂർവ്വചരിത്രവും മുഴുവനായി അറിയുന്നതിനാൽ തമ്മിൽ ഒരു കലഹമോ മത്സരമോ ഉണ്ടായിപ്പോയാൽ അത് അങ്ങേയറ്റം വഷളാകാനും, ഒരുമയുണ്ടെങ്കിൽ ഏറ്റവും നല്ല വളർച്ചയുണ്ടാകാനും സാധിക്കുന്ന സ്ഥിതിവിശേഷം ഇവർക്ക് ലഭിക്കും.

എന്തെങ്കിലും പ്രത്യേക സാഹചര്യമോ അവസ്ഥയോ ഉണ്ടെങ്കിൽ മാത്രം ഇങ്ങനെയുള്ള ആലോചന പരിഗണിക്കേണ്ടതുള്ളു എന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ഒരു  വിവാഹബന്ധം നിലനിൽക്കുന്ന വീട്ടിൽ നിന്നും പിന്നീട് മറ്റൊരു വിവാഹം കൂടി നടത്തുന്നതിന്, കത്തോലിക്കർക്ക്, കാനൻ നിയമം അനുസരിച്ച് തടസ്സമുണ്ട്, തക്കതായ സാഹചര്യമുണ്ടെന്ന് സഭാ അധികാരികളെ ബോദ്ധ്യപ്പെടുത്തി അനുമതി വാങ്ങേണ്ടതുണ്ട്. രണ്ട് വിവാഹവും ഒരുമിച്ചാണ് നിശ്ചയിക്കുന്നെങ്കിൽ അത് തടസ്സമാവില്ല എന്നും അറിയാൻ കഴിഞ്ഞു.

ഇങ്ങനെ വിവാഹം  കഴിഞ്ഞിരിക്കുന്ന പലരെയും നേരിട്ട് അറിയുന്നവരും ചർച്ചകളിൽ പങ്കെടുത്തിരുന്നു. അവരുടെ അഭിപ്രായത്തിൽ ആ കുടുംബങ്ങൾ നല്ല യോജിപ്പിലും സ്നേഹത്തിലുമാണ് കഴിയുന്നത്.

ഇത്തരം ബന്ധുത പരാജയപ്പെട്ട സംഭവങ്ങൾ ആർക്കും ചൂണ്ടിക്കാട്ടുവാനുണ്ടായിരുന്നില്ല. ഇരട്ട സഹോദരന്മാർക്ക് വിവാഹത്തിനായി ഇരട്ട സഹോദരിമാരേ അന്വേഷിക്കുന്നത് നാട്ടു നടപ്പുള്ളതാണ്, ആരും അതിന് ആക്ഷേപം പറയാറില്ല.

ഈ വിഷയം ഉന്നയിച്ച ആളിന് ഒരു തീരുമാനമെടുക്കുവാൻ ഈ പരാമർശങ്ങൾ സഹായകരമാകട്ടെ എന്നു ഹൃദയപൂർവ്വം ആശിക്കുന്നു.

George Kadankavil - October 2008

What is Profile ID?
CHAT WITH US !
+91 9747493248