വിമാനത്തിന്റെ ഇന്ധനം നിറക്കുന്ന ടാങ്കുകൾ ഇരുവശത്തുമുള്ള അതിന്റെ ചിറകുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
രണ്ടു ടാങ്കുകളിൽ നിന്നും ആനുപാതികമായിട്ടാണ് എൻജിനിലേക്ക് ഇന്ധനം എടുക്കുന്നതും.
ഒരു ടാങ്കിൽനിന്നു മാത്രം ഇന്ധനം ഉപയോഗിച്ചാൽ മറ്റേ ടാങ്കു വെച്ചിരിക്കുന്ന ചിറകിന് ഭാരം കൂടി വിമാനം നിയന്ത്രിക്കാൻ പ്രയാസമാകും.
വെറുതെ രണ്ട് കൂറ്റൻ ടാങ്കുകൾ അല്ല, പരസ്പരം പൈപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി അറകളുള്ള ഒരു സംവിധാനമാണ്, വിമാനത്തിന്റെ ഇന്ധന ടാങ്ക്. അല്ലായിരുന്നെങ്കിൽ വിമാനം വശങ്ങളിലേക്ക് ചെരിയുമ്പോൾ, ഇന്ധനം ആ വശത്തേക്ക് ഒഴുകി, ആ വശത്തിന് ഭാരം കൂടി, വിമാനത്തിന്റെ ബാലൻസ് നഷ്ടപ്പെടുമായിരുന്നു.
രോഗികൾക്ക് കിടക്കാനുള്ള വാട്ടർ ബെഡ്ഡ്, പല അറകളായിട്ടാണ് അത് നിർമ്മിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ, രോഗി കിടക്കുന്ന ഭാഗം കുഴിഞ്ഞും, മറ്റ് ഭാഗങ്ങൾ വീർത്തും വരുമായിരുന്നു. മാത്രമല്ല ബെഡ്ഡിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു ഓട്ട വീണാൽ, വെള്ളം മുഴുവനും ഒറ്റയടിക്ക് ഒഴുകിപ്പോകുകയും ചെയ്യും.
കോഴികളെ ലോറിയിൽ കൊണ്ടു വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കമ്പിക്കൂടുകളിലിട്ട്, ആ കൂടുകളാണ് വണ്ടിയിൽ അട്ടിയടുക്കി വെക്കുന്നത്. അല്ലായിരുന്നെങ്കിൽ, അടിയിലുള്ള കോഴികൾക്ക് എന്താണ് സംഭവിക്കുക?.
തേനീച്ചക്കൂട്, പല അറകളായിട്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ തേനിന്റെ ഭാരം കൂടുമ്പോഴോ, കാറ്റത്ത് ഇളകുമ്പോഴോ, ഒക്കെ കൂട് തകർന്ന്, തേൻ ഒഴുകി നഷ്ടപ്പെടുമായിരുന്നു.
പ്രകൃതിയിൽ ഉള്ളതോ, മനുഷ്യൻ നിർമ്മിച്ചതോ ആയ എല്ലാ സംവിധാനങ്ങളും, ഏതെങ്കിലും തരത്തിൽ ബാലൻസ് ചെയ്താണ് രൂപപ്പെട്ടു വന്നിരിക്കുന്നത്.
ബാലൻസ് ചെയ്യാത്തത് നശിച്ചു പോകുന്നു. പക്ഷേ, ആ നാശം മറ്റെന്തിനെയെങ്കിലും ബാലൻസ്ഡ് ആകാൻ സഹായിക്കുന്നു എന്നതാണ് സത്യം.
ഓരോ സമൂഹവും കുടുംബങ്ങൾ എന്ന കൊച്ചു കൊച്ചു കൂടുകൾ ഇണക്കി, ബാലൻസ് ചെയ്ത് രൂപപ്പെട്ടു വന്നതാണ്.
കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും ബന്ധവും ആണ് ഈ കൂടുകളുടെ ബലവും ഉറപ്പും.
കുടുംബങ്ങൾ കെട്ടുറപ്പോടെ നിലനിൽക്കാനാണ് സദാചാര മൂല്യങ്ങളും ചിട്ടകളും ഒക്കെ നമ്മൾ തന്നെ നിശ്ചയിച്ച് വെച്ചിരിക്കുന്നത്.
ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഒരു ഇളക്കമോ, തകർച്ചയോ, ആ കുടുംബത്തെ ആകെ തകർക്കാതിരിക്കാനും. ഒരു കുടുംബത്തിന്റെ തകർച്ച, ആ സമൂഹത്തെ ആകെ തകർക്കാതിരിക്കാനും ഉതകും വിധം, അനേക കാലം കൊണ്ട് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നതാണ് നമ്മുടെ കുടുംബക്കൂടുകളുടെ ക്രമീകരണം.
ഇതിനെയാണ്, നമ്മൾ "സാമൂഹ്യ വ്യവസ്ഥിതി" എന്നു വിളിക്കുന്നത്.
വളർച്ചയെത്തുമ്പോൾ ഭൂരിപക്ഷം മനുഷ്യർക്കും ഒരു ഇണയുടെ ആവശ്യമുണ്ട്.
ഇണയെ കണ്ടെത്തുന്നവർ, ഒരു കുടുംബം സ്ഥാപിച്ച്, ഇണചേരലിന്റെ ഉത്തരവാദിത്വങ്ങൾ കൂടി ഏറ്റെടുക്കണം എന്നതാണ് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി.
ഓരോ വ്യക്തിയുടെയും, ചെയ്തികളുടെ ഭവിഷ്യത്ത്, അയാളുടെ കുടുംബത്തെക്കൂടി ബാധിക്കുമെന്നതിനാൽ, വ്യക്തികൾ വീണ്ടുവിചാരത്തോടെ പ്രവർത്തിക്കുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനെ ഇത് ഏറെ സഹായിക്കുന്നു.
ഇണചേരലിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തവർ തമ്മിലുള്ള ശാരീരിക ബന്ധത്തിന് ശേഷം ഉടലെടുക്കുന്ന, സംഭവങ്ങളെയും, അവസ്ഥകളെയും എങ്ങിനെ കൈകാര്യം ചെയ്യണം എന്നതിലെ അവ്യക്തത, സമൂഹത്തെ ഭയപ്പെടുത്തുന്ന ഒന്നാണ്.
അവിവാഹിതയായ ഒരു സ്ത്രീ ഗർഭം ധരിച്ചാൽ, പങ്കാളിയായ പുരുഷൻ അവളെ വിവാഹം ചെയ്ത് കുടുംബം സ്ഥാപിക്കുമോ?
അതോ പുതിയ മേച്ചിൽപ്പുറം തേടി അയാൾ പോകുമോ?
അയാൾ നിലവിൽ വിവാഹിതനാണെങ്കിൽ, ആ കുടുംബത്തിന് എന്തു സംഭവിക്കും?
അവൾ അവിവാഹിതയായി തന്നെ ആ കുഞ്ഞിനെ പ്രസവിക്കുമോ? അവിവാഹിതയുടെ കുഞ്ഞിന്, സമൂഹത്തിലെ ഭൂരിപക്ഷത്തിനൊപ്പം ബാലൻസ്ഡ് ആയി വളരാൻ സാധിക്കുമോ?
അതിനു കഴിയാതെ വന്നാൽ ആ കുഞ്ഞു വളർന്നു വരുമ്പോൾ സാമൂഹ്യ വിരുദ്ധ പ്രവണത കാണിക്കില്ലേ?
അല്ലെങ്കിൽ അവൾ ഗർഭച്ഛിദ്രത്തിന് തുനിഞ്ഞാലോ?
ആ കൊലപാതകത്തിന് ആരൊക്കെ കൂട്ടു നിൽക്കേണ്ടി വരും?
പിന്നീട് ആ രഹസ്യം സൂക്ഷിക്കാൻ വേണ്ടി എന്തെല്ലാം അന്യായങ്ങൾ ചെയ്യേണ്ടി വരും?
ഏതെല്ലാം പീഢകൾ സഹിക്കേണ്ടി വരും?
ഇതെല്ലാം ഭയന്ന് അവൾ ആത്മഹത്യ ചെയ്താലോ?
കുടുംബം എന്ന കൂടിന്റെ ഉറപ്പല്ലേ ഇവിടെ നശിക്കുന്നത്?
കുറേ കുടുംബങ്ങൾക്ക് ഇത്തരം അവസ്ഥ വന്നാലോ?
തേനീച്ചക്കൂട് തകർന്നു വീഴും പോലെ ആ സമൂഹം തകരാനിടയാകില്ലേ?
ഉത്തരം കണ്ടെത്താൻ സാധിക്കാത്ത ഇത്തരം അനേകം പ്രശ്നങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, നിയമപ്രകാരം ഉത്തരവാദിത്വം ഏറ്റെടുക്കാത്തവർ തമ്മിലുള്ള ഇണചേരൽ, സമൂഹം ഭയപ്പെടുന്നു. അതിനാലാണ്, ഇത്തരം അപകടങ്ങളിൽ ചെന്നുപെടാതെ, വീണ്ടു വിചാരത്തോടെ ജീവിക്കാൻ, ഓരോ കുടുംബത്തിലും കുഞ്ഞുങ്ങളെ സദാചാരം പഠിപ്പിക്കുന്നത്.
സദാചാര സംബന്ധമായ പല നിയമങ്ങളും നമുക്കുണ്ട്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അത് നിയമപാലകരെ അറിയിക്കുക, ആവശ്യമെങ്കിൽ സാക്ഷി പറയുക എന്നതാണ് പൊതു ജനത്തിന്റെ കടമ.
നടപടി എടുക്കേണ്ടത് നിയമപാലകരാണ്.
നിയമങ്ങൾ നിർമ്മിക്കുന്നതും, നിയമപാലനത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതും,
നമ്മൾ തെരഞ്ഞെടുത്ത ഭരണാധികാരികളാണ്.
സ്വകാര്യമായത് പരസ്യമായി നടത്തുന്നത് കടുത്ത രോഷപ്രകടനമാണ്.
ഇത് സമൂഹത്തോടുള്ള വെല്ലുവിളിയായി കാണക്കാക്ക പെടുന്നതിനാൽ, ഇത്തരം പ്രകടനങ്ങളെ എതിർക്കുന്നവർ എക്കാലത്തും ഉണ്ടായിരിക്കും.
അതുപോലെ തന്നെ ഉപജീവനത്തിന് മാർഗ്ഗമില്ലാത്ത ആണും പെണ്ണും ചേർന്ന് കുടുംബ ജീവിതം ആരംഭിച്ചാലും സമൂഹം സംശയദൃഷ്ടിയോടെ ആയിരിക്കും അവരെ വീക്ഷിക്കുക.
അവരെങ്ങിനെ കുടുംബം പുലർത്തും?
നിവൃത്തികേടു കൊണ്ട് അവിഹിതമോ അന്യായമോ ആയ പ്രവർത്തികളിൽ അവരേർപ്പെടുമോ?
എന്നൊക്കെ ഉള്ള ഭയം അസ്ഥാനത്താണ് എന്നു പറയാനാവില്ല.
പഠിച്ച് ഉപജീവനത്തിന് മാർഗ്ഗമുണ്ടാക്കേണ്ട പ്രായത്തിൽ, മാതാപിതാക്കളെ ഒളിച്ച്, കാമുകീ കാമുകന്മാരായി ചുറ്റിത്തിരിയുമ്പോൾ പലതരത്തിലുള്ള ഭയപ്പാടുകളെ നേരിടേണ്ടി വരും.
മനസ്സിലെ ആഗ്രഹം പോലെ ജീവിക്കാനുള്ള അവകാശം ഉണ്ടെങ്കിലും, അതിന് സ്വാതന്ത്ര്യം ഇല്ലല്ലോ എന്ന് പരിതപിക്കുന്ന ഇവർക്ക്, സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന പല വിധ വ്യാപാരങ്ങളും, ഇടപാടുകളും ഉയർന്നു വരും.
പക്ഷേ അതിൽ പെട്ടു കഴിഞ്ഞാൽ, ഒരു പക്ഷേ, സ്വാതന്ത്ര്യം എന്തെന്ന് പിന്നീട് ഒരിക്കലും ഇവരറിയുകയേ ഇല്ല.
സ്വതന്ത്രരെന്ന് നമ്മുടെ ചെറുപ്പക്കാർ അസൂയപ്പെടുന്ന വിദേശത്തും, പയ്യൻ ചെന്ന് പെണ്ണിന്റെ മാതാപിതാക്കളുടെ അനുവാദം ചോദിച്ചാണ് ഡേറ്റിംഗിന് കൂട്ടിക്കൊണ്ടു പോകുന്നത്.
അനുവാദം ചോദിക്കാൻ മാതാപിതാക്കൾ എന്ന അനുഗ്രഹം ഇല്ലാത്ത ഹതഭാഗ്യരായ കുട്ടികളാണ്, അവിടേയും, തോന്നിയപോലെ നടക്കുന്നത്.
അവരുടെ ജീവിതം എന്നും ഏതെങ്കിലും വിധത്തിലുള്ള സമരം തന്നെ.
മാതാപിതാക്കൾ എന്ന ബഹുവചനം അനുഭവിക്കാൻ അവസരം ലഭിക്കാത്ത കുറേ കുട്ടികളേക്കൂടി ഇവരും സൃഷ്ടിക്കുന്നു.
വ്യവസ്ഥിതി മാറണമെങ്കിൽ അത് ആദ്യം അംഗീകരിക്കപ്പെടേണ്ടത് അവനവന്റെ കുടുംബത്തിലാണ്.
കുടുംബാംഗങ്ങൾ ഉറച്ച ഒരു തീരുമാനമെടുത്താൽ അത് നടന്നു കിട്ടാനുള്ള സാഹചര്യം ഇന്ന് കേരളത്തിലുണ്ട് എന്നാണ് എന്റെ അനുഭവം.
ഒരു ജോഡിയായി പൊതു സ്ഥലങ്ങളിൽ ഒന്നിച്ചു പോകാനാഗ്രഹിക്കുന്ന ആണിനും പെണ്ണിനും, അവരുടെ കുടുംബങ്ങളുടെ അംഗീകാരമുണ്ടെങ്കിൽ, സമൂഹത്തെ ഭയപ്പെടാതെ പോകാനുള്ള സാഹചര്യം ഇപ്പോഴും ഇവിടെ നിലവിലുണ്ട്.
സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രാപ്തി തെളിയിച്ച ശേഷം, ഇണയെ കണ്ടെത്തി, ഇണയോടൊപ്പം സമൂഹത്തിലിറങ്ങാൻ അനുവദിക്കുന്ന കുടുംബങ്ങൾ കുറെയെങ്കിലും ഇക്കാലത്തുണ്ട്.
ഇത് നിങ്ങൾക്ക് സംഭവിക്കണമെങ്കിൽ നിങ്ങൾ, മാതാപിതാക്കളോട് സൌഹൃദത്തിൽ കഴിയണം.
മാതാപിതാക്കൾ കുറെ ഉത്തരവാദിത്വങ്ങൾ മക്കളെ ഏല്പിച്ചു കൊടുക്കുകയും, മക്കൾ അത് ഏറ്റെടുത്ത് നിറവേറ്റുകയും ചെയ്യണം.
കുടുംബത്തിൽ എന്തൊക്കെ സംഭവിക്കുന്നു, അത് എങ്ങിനെയൊക്കെയാണ് കൈകാര്യം ചെയ്യുന്നത്, ഓരോ തീരമാനങ്ങളും എടുത്തത് എന്തു കൊണ്ട്, എന്നൊക്കെ മക്കളോട് വിശദീകരിക്കുന്ന കുറച്ച് മാതാപിതാക്കളെങ്കിലും നമുക്കിടയിലുണ്ട്.
പക്ഷേ, സ്വന്തം മക്കളോട്, ഇതൊന്നും വിശദീകരിക്കാൻ നിവർത്തി ഇല്ലാത്തവരും, മനസ്സില്ലാത്തവരുമാണ് പലരും.
ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, മാതാപിതാക്കൾ ഇക്കാര്യങ്ങൾ മക്കളോട് തുറന്ന് സംസാരിക്കണം.
പഠിച്ച്, പഠിച്ച് ഉന്നതങ്ങളിൽ എത്തിയവർക്കും, പഠിപ്പ് തീരേ കുറഞ്ഞു പോയവർക്കും യോജിച്ച ഇണകളെ കിട്ടാനില്ല എന്ന അവസ്ഥ ഇപ്പോൾ രൂക്ഷമായി കൊണ്ടിരിക്കുന്നു.
ഇതും ഗുരുതരമായ ഒരു സാമൂഹ്യ പ്രതിസന്ധിയാണ്. യോജിപ്പിന്റെ നിർവചനം പ്രായോഗികമായി മാറ്റി, ഈ പ്രതിസന്ധി മറി കടന്നിരിക്കുന്നവരുണ്ട്.
ഇണയുടെ കാര്യത്തിൽ അമിത പ്രതീക്ഷകളും, കടും പിടുത്തങ്ങളും കൊണ്ട്, കുടുംബം സൃഷ്ടിക്കാൻ കാലതാമസം വരുന്നത് ഒഴിവാക്കാൻ മാതാപിതാക്കളും മക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മാതാപിതാക്കളുടെ മാതൃകാപരമായ ജീവിതമാണ്, മക്കൾക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച സദാചാര പരിശീലനം എന്നും മറക്കരുതേ. . .