Back to articles

തലയിൽ ഒരു ചങ്ങാടം

November 15, 2018

''ഞാൻ എന്നും വീട്ടിൽ വഴക്കാണ്''. ഇതു പറഞ്ഞാണ് ഒരു പെൺകുട്ടി ഭർത്താവിനെയും കൂട്ടി എന്നെ കാണാൻ വന്നിരിക്കുന്നത്.

"നീ എന്തിനാ വഴക്കുണ്ടാക്കുന്നത്?"

"ഭർത്താവിൻ്റെ അമ്മക്ക് എന്നെ തീരെ ഇഷ്ടമല്ല. ചേട്ടനെ ആണെങ്കിൽ വീട്ടിൽ ആർക്കും ഒരു വിലയുമില്ല - അതാണ് എന്റെ പ്രധാന വിഷമം".

"മോളേ, ഉപജീവനത്തിന് വകയുണ്ടാക്കാനോ, വീട്ടുകാര്യങ്ങൾ നേരാംവണ്ണം നടത്തിക്കൊണ്ടു പോകാനോ പ്രാപ്തി ഇല്ലാത്തവരെയാണ് വീട്ടുകാർ സാധാരണ വില  വയ്ക്കാതിരിക്കുന്നത്. ആരുടെ വരുമാനം കൊണ്ടാണ് നിങ്ങളുടെ കുടുംബം നടത്തുന്നത്?"

"എനിക്ക് സർക്കാർ ജോലിയുണ്ട്, ചേട്ടന് സ്വയം തൊഴിലാണ്. സാമാന്യം നല്ല വരുമാനം ഞങ്ങൾക്കുണ്ട്. അതുകൊണ്ടാണ് കുടുംബം നടത്തുന്നത്."

"ദിവസവും നല്ല യാത്രയുണ്ട്. രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് ജോലിക്ക് പുറപ്പെട്ടാൽ, ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ രാത്രി എട്ടുമണിയാകും."

"ചേട്ടന്റെ അപ്പൻ ചെറുപ്പത്തിലെ മരിച്ചു. ചേട്ടന്റെ ബന്ധുക്കളാണ് ചേട്ടനെ പഠിപ്പിക്കാനും മറ്റും സഹായിച്ചിരുന്നത്. ചേട്ടൻ ഡിപ്ലോമ പാസ്സായതാണ്. വിദേശത്ത് ജോലിയുണ്ടായിരുന്നു. ചേട്ടന്റെ അമ്മയും, അപ്പന്റെ അമ്മയും മാത്രമാണ് വീട്ടിൽ. വല്യമ്മച്ചിക്ക് വയ്യാണ്ടായി എന്നു പറഞ്ഞാണ് വിദേശത്തെ ജോലി നിർത്തി ചേട്ടൻ നാട്ടിൽ തിരിച്ചു വന്നത്."

"അമ്മച്ചിമാരെ നോക്കാൻ ഒരാളെ വേണ്ടിയിട്ടാണ് കല്യാണം കഴിച്ചതത്രെ. ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കെട്ടിയാൽ അടങ്ങി ഒതുങ്ങി കഴിഞ്ഞോളും എന്നു പറഞ്ഞാണത്രേ ചേട്ടന്റെ ബന്ധുക്കൾ എന്നെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിച്ചത്.''

"മോളേ, നിന്റെ ഭർത്താവിനോട് ഞാനൊന്നു ചോദിക്കട്ടെ - ഇതൊക്കെതന്നെയാണോ നിങ്ങളുടെ  പ്രശ്നങ്ങൾ?"

''എനിക്കൊന്നും പറയാനില്ല സാർ. ഇവള് തന്നെയാണ് സാറിനെ വിളിച്ച് അപ്പോയിന്റ്മെന്റ് എടുത്തത്. ഇവിടെ കൂട്ടിക്കൊണ്ടു വരണം എന്ന് നിർബന്ധം പിടിച്ചു, നടന്നില്ലെങ്കിൽ വലിയ പുകിലുണ്ടാക്കും. അതു കൊണ്ടാ ഞാൻ കൂട്ടിക്കൊണ്ടു വന്നത്. എനിക്ക് ഒന്നും പറയാനില്ല, സാറ് അവളോട് മാത്രം സംസാരിച്ചാൽ മതി.''

"ശരിയാണോ മോളേ, നിനക്ക് അത്രക്ക് വാശിയും നിർബന്ധ ബുദ്ധിയും ഉണ്ടോ?"

"ഉണ്ട് സാർ, ഞാൻ ഉദ്ദേശിച്ചതു പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ എനിക്ക് സഹിക്കാൻ പറ്റില്ല".

"നിന്റെ വീട്ടിലും അങ്ങനെ ആയിരുന്നോ?"

"അതെ, ഞാൻ എന്തെങ്കിലും കാര്യത്തിന് വാശിപിടിച്ചാൽ, എന്റെ അപ്പച്ചനോ, അമ്മച്ചിയോ, ചേട്ടനോ, ചേച്ചിയോ ആരെങ്കിലും അത് എങ്ങിനെയും സാധിച്ചു തരുമായിരുന്നു".

"നീ പാവപ്പെട്ട വീട്ടിലെ ആണെന്നല്ലേ പറഞ്ഞത് പിന്നെ എങ്ങനെയാ അവര് നിന്റെ വാശികളൊക്കെ സാധിച്ചു തന്നിരുന്നത്?"

"പാവപ്പെട്ടതെന്നു പറഞ്ഞാൽ പട്ടിണി കിടക്കുന്ന വീടൊന്നും ആയിരുന്നില്ല സാർ.
അപ്പച്ചന് ജോലി ഉണ്ടായിരുന്നു. വീതം വെച്ചു കിട്ടിയ അഞ്ചു സെന്റ് ഭൂമിയിൽ അപ്പച്ചൻ ഒരു വീടു വെച്ചു. ഞങ്ങളെ മൂന്നു പേരെയും പഠിപ്പിച്ച് ജോലിക്കാരാക്കി. അതിന്റെയൊക്കെ കടം ഉണ്ടായിരുന്നതു കൊണ്ട് എനിക്ക് സ്ത്രീധനം തരാൻ ഒന്നും ഇല്ലായിരുന്നു. ഇവര് സ്ത്രീധനം ഒന്നും വേണ്ട എന്നു പറഞ്ഞ് വന്നപ്പോൾ അപ്പച്ചന് അത് വലിയ ഒരു ആശ്വാസമായി. അങ്ങനെയാണ് ഈ വിവാഹം നിശ്ചയിച്ചത്".

"മോളേ, ഇനി ഞാൻ ചോദിക്കുന്നതിന് നല്ലവണ്ണം ആലോചിച്ച് ആത്മാർത്ഥമായി നീ ഉത്തരം പറയണം. സ്ത്രീധനം വേണ്ടാത്ത ഒരു ചെറുക്കനെ കിട്ടിയതു കൊണ്ടാണോ, അതോ നിനക്ക് ഇഷ്ടപ്പെട്ട പുരുഷനാണ് ഈ ചെറുക്കൻ എന്നു കരുതിയതു കൊണ്ടാണോ - നീ ഈ വിവാഹത്തിന് സമ്മതിച്ചത്?"

"ചേട്ടനോട് ശരിക്കും ഇഷ്ടം തോന്നിയതുകൊണ്ടാണ് ഈ വിവാഹത്തിന് ഞാൻ സമ്മതം പറഞ്ഞത്".

"ഇപ്പോഴും ഇഷ്ടമാണോ?"

"അതെ''

നീ പാവപ്പെട്ട വീട്ടിലെയാണ് എന്ന് ആരാ നിന്നോട് പറഞ്ഞത്?"

''ചേട്ടന്റെ ഒരാന്റിയാണ് അത് പറഞ്ഞത്. പാവപ്പെട്ട വീട്ടിലെ പെണ്ണായാൽ അടങ്ങി ഒതുങ്ങി കഴിഞ്ഞോളും എന്നു കരുതിയാണ് ഈ കല്യാണം ഞങ്ങൾ നടത്തിയത് എന്ന്''

മോളേ, ബന്ധുക്കളുടെ വായടക്കാൻ ശ്രമിക്കുന്നത് പാഴ് വേലയാണ്. ഭർത്താവിന്റെ അമ്മയോ, വല്യമ്മച്ചിയോ നിന്നോട് ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ?

''ഉണ്ട് സാർ, അമ്മച്ചി ഒരിക്കൽ പറഞ്ഞു ഇത്രയ്ക്ക് കിടന്ന് ചാടാൻ, അതിനുമാത്രം ഒന്നും ഇങ്ങോട്ട് കൊണ്ടു വന്നിട്ടില്ലായിരുന്നല്ലോ എന്ന്''

മോളേ ആ പറഞ്ഞതിന്റെ അർത്ഥം -  നീ സ്ത്രീധനം കൊണ്ടുവന്നില്ല എന്നല്ലല്ലോ, നീ നിന്റെ നില മറന്ന് പെരുമാറുന്നു, എന്തോ നിഗളം നീ കാണിക്കുന്നു, എന്നൊക്കെയാണ് ആ പറഞ്ഞതിന്റെ അർത്ഥം. സ്ത്രീധനം കൊണ്ടു വന്നിട്ടില്ല എന്നത് ഒരു കുറ്റബോധം ആയി നിന്റെ മനസ്സിൽ കൊണ്ടു നടക്കുന്നത് നീ തന്നെയാണ്.

ജോലിയും  ദീർഘയാത്രയും കഴിഞ്ഞ് ജീവിക്കാനുള്ള സമയം നിനക്ക് കണ്ടെത്താനാവുന്നില്ല എന്നതാണ് നിന്റെ യഥാർത്ഥ പ്രശ്നം. ഈ അവസ്ഥ മാറാൻ സഹായിക്കുന്ന കാര്യങ്ങളാണ് നീ കണ്ടെത്തേണ്ടത്. ജോലിയിൽ സ്ഥലം മാറ്റത്തിന് ശ്രമിക്കാം. ജോലിസ്ഥലത്തേക്ക് താമസം മാറ്റാം. പുതിയ ജോലി കണ്ടെത്താം. നിലവിലുള്ള ആയാസം കുറയ്ക്കാം. ഉദാഹരണത്തിന് ടൂ വീലർ ഉപയോഗിച്ചാൽ വീട്ടിൽ നിന്നും ബസ് സ്റ്റാൻഡ് വരെ പോകുന്ന സമയനഷ്ടം കുറയ്ക്കാം. ഉള്ള സാഹചര്യങ്ങൾ മാറ്റാനോ, കാര്യക്ഷമമാക്കാനോ ആണ് നീ ശ്രമിക്കേണ്ടത്.

പക്ഷേ, അതിന് നിന്റെ ഭർത്താവിന്റെയും, അമ്മയുടെയും, വല്യമ്മച്ചിയുടെയും ഒക്കെ സഹകരണം കൂടിയേ തീരൂ. നിന്നെക്കൊണ്ട് അവർക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കിലെ നിന്റെ ബുദ്ധിമുട്ട് കുറയണം എന്ന് അവർക്കും ആഗ്രഹം ഉണ്ടാവുകയുള്ളു. അമ്മമാരെ ഒഴിവാക്കിയിട്ട് നിന്റെ ഭർത്താവിനെയും കൊണ്ട് എങ്ങോട്ടെങ്കിലും മാറാം എന്ന് ചിന്തിക്കേണ്ട, പുതിയ പ്രശ്നങ്ങൾ അതോടെ തുടങ്ങും. അവരെ സ്നേഹിച്ച് നിന്റെ സാന്നിദ്ധ്യം ആഗ്രഹിക്കുന്നവരാക്കി മാറ്റണം. സ്നേഹിക്കാനുള്ള മാർഗ്ഗങ്ങളാണ് ശ്രദ്ധയും സ്പർശവും. അവരുടെ കാര്യങ്ങളിൽ നീ ഇനി മുതൽ വേണ്ടത്ര ശ്രദ്ധ ചെലുത്തണം. അവരോട്  ഇതുവരെ കാണിച്ച അവിവേകങ്ങൾക്ക് ആത്മാർത്ഥമായി മാപ്പ് ചോദിക്കണം.

പിന്നെ വല്യമ്മച്ചിക്ക് മരുന്ന് വാങ്ങാനും കുഴമ്പു പുരട്ടാനും, അമ്മയ്ക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കാനും, അടുക്കളയിൽ സഹായിക്കാനും ഒക്കെ നീ സന്തോഷത്തോടെ തയ്യാറാവണം. അപ്പോൾ നിന്റെ ബുദ്ധിമുട്ടു കുറയ്ക്കാൻ അവരും സഹകരിക്കും.

നിന്റെ വാശി പിടിക്കുന്ന സ്വഭാവം ഒരു തരം അഹംഭാവം (ഈഗോ) ആണ്. അഹം ഭാവം എന്നു പറയുന്നത് മോശം ഭാവമല്ല. ഓരോരോ സാഹചര്യങ്ങൾ നേരിടാൻ മനുഷ്യൻ അപ്പപ്പോൾ അവശ്യം സ്വീകരിക്കുന്ന നിലപാടുകളും, പ്രതികരണ ശൈലികളുമാണ് നമ്മൾ അഹംഭാവം എന്നു കണക്കാക്കുന്നത്. സമൂഹത്തിൽ ജീവിക്കാൻ മനുഷ്യന് ഏതെങ്കിലും ഒരു ഈഗോ കൂടിയേ തീരൂ.

എന്നാൽ ഉചിതമല്ലാത്തതും, നിലയ്ക്കുചേരാത്തതും, മറ്റുള്ളവർക്കോ അവനവനു തന്നെയോ ദ്രോഹം സംഭവിക്കുന്നതുമായ നിലപാടുകൾ എടുക്കുമ്പോൾ അത് അഹങ്കാരം (Conflicting Ego) ആയി മാറും.

ഒരു നദികടക്കാൻ മറ്റുമാർഗ്ഗമൊന്നും ഇല്ലാതെ വന്നപ്പോൾ നീ രണ്ട് മരക്കഷണം കൂട്ടിക്കെട്ടി ഒരു ചങ്ങാടം ഉണ്ടാക്കി ആ നദി കടന്നു എന്നു കരുതുക. അതുപോലെ നിന്റെ വീട്ടിലെ പരിമിതമായ ജീവിത സാഹചര്യത്തിൽ നല്ല പരിഗണനയും ഇഷ്ടവിഭവങ്ങളും കിട്ടാൻ നീ നിന്റെ ചെറുപ്പത്തിൽ ഉണ്ടാക്കിയെടുത്ത ഒരു ചങ്ങാടമായിരുന്നു വാശി പിടുത്തം എന്ന നിൻ്റെ അഹംഭാവം.  അന്ന് നിനക്ക് അത് സഹായകരമായി. നദി കടന്നു കഴിഞ്ഞെങ്കിലും, ഇപ്പോഴും നീ ആ ചങ്ങാടം നിന്റെ തലയിൽ ചുമന്നു കൊണ്ടു നടക്കുകയാണ്. അതു കാണുന്നവരാണ് നിന്നെ അഹങ്കാരി എന്നു കണക്കാക്കി നിന്നോട് പെരുമാറുന്നത്.

തലയിലിരിക്കുന്ന ആ ചങ്ങാടമാണ് നിനക്ക് ഭാരമാകുന്നത്. ഇത് പഴയ നദിയല്ല, പുതിയ സമുദ്രമാണ്, അതിനു പറ്റിയ ഒരു തോണിയാണ് നീ ഇനി തയ്യാറാക്കേണ്ടത്. തനിച്ച് കയറി തുഴയാനല്ല, കൂട്ടായി കുടുംബമായി ഉദ്ദേശിച്ച കരയിൽ കൊണ്ടെത്തിക്കാനാണ് നീ പരിശ്രമിക്കേണ്ടത്.

വീട്ടുകാർക്ക് നിന്നെയല്ല ഇഷ്ടപ്പെടാത്തത്. നിന്റെ അഹങ്കാരം ആണ് അവർക്ക്  ഇഷ്ടപ്പെടാത്തത്. അഹങ്കാരം മാറ്റി ഒരു നല്ല കുടുംബിനിയുടെ അഹംഭാവം (സ്വഭാവം) സ്വീകരിക്കുക.

പ്രിയപ്പെട്ടവരേ, ഒരാളുടെ ഏതെങ്കിലും കുറവു മുതലെടുക്കാം എന്നു കരുതി വിവാഹം ചെയ്യരുത്. ആ വ്യക്തിയെ ഇഷ്ടപ്പെട്ടു എന്ന പരിഗണന കൊണ്ട്  മാത്രമേ വിവാഹം ചെയ്യാൻ പാടുള്ളൂ. കണ്ടുപിടിച്ച കുറവുകൾ വിളിച്ചു പറയരുത്. സത്യത്തിൽ അത് കുറവ് അല്ല, അയാളുടെ പ്രത്യേകതകൾ ആണ്.

എനിക്കിഷ്ടപ്പെട്ടതു കൊണ്ട് കെട്ടി എന്നു തറപ്പിച്ചു പറയാൻ കഴിയുമെങ്കിൽ മാത്രം കെട്ടിയാൽ മതി.

November 2018 -  George  Kadankavil

What is Profile ID?
CHAT WITH US !
+91 9747493248