Back to articles

ഈ അത്യാഹിതങ്ങളും നമ്മൾ അതിജീവിക്കണം.

April 04, 2020

പലരും ചോദിക്കാറുണ്ട് എന്തേ സാർ നല്ല നേരങ്ങളിൽ ഇങ്ങനെ അത്യാഹിതങ്ങൾ വന്ന് നമ്മുടെ സ്വപ്നങ്ങൾ തകരുന്നതെന്ന്. കൃത്യമായി ഉത്തരം നൽകാൻ ഒരു മനുഷ്യനും സാധിക്കാത്ത ചോദ്യം. ഉത്തരം കാട്ടിത്തരാൻ കാലത്തിനു മാത്രമേ കഴിയൂ.
എന്തിനാണ് ജനിച്ചതെന്നോ, എപ്പോഴാണ് മരിക്കുകയെന്നോ അറിഞ്ഞുകൂടാത്ത മനുഷ്യൻ, ജീവിതത്തിൽ ഉണ്ടാകാറുള്ള ഓരോ സംഭവങ്ങൾക്കും ഓരോ പേരുകളിട്ടുവന്നു. അതിൽ ഒരു സംഭവത്തിന് ആരോ കൊടുത്ത പേരാണ് അത്യാഹിതം.
ഓരോ സംഭവവും നമ്മളോരോരുത്തരെ കൊണ്ടും ഓരോരോ വിധത്തിൽ പ്രതികരിപ്പിക്കുന്നു. ഓരോ പ്രതികരണവും പുതിയ സംഭവങ്ങൾ സൃഷ്ടിക്കുന്നു. ഇതൊക്കെ എന്തിനായിരുന്നു എന്നു ചോദിച്ചാൽ, എല്ലാം നല്ലതിനായിരുന്നു എന്നങ്ങു വിശ്വസിക്കുക. അപ്പോൾ കൂടുതൽ നല്ല സംഭവങ്ങൾ അനുഭവിക്കാനിടയാകം, ഇതാണെൻറെ അനുഭവം.
വേദനിപ്പിക്കുന്ന സംഭവങ്ങളോട് പ്രതിഷേധവും, പ്രതികാരവും, നിരാശയും ഒക്കെ വച്ചു പുലർത്തുന്നവരാണ് അധികവും എന്നെനിക്കു തോന്നുന്നു. ഇവരുടെ പ്രതികരണങ്ങൾ, അവരവർക്കു തന്നെ കൂടുതൽ വേദനിപ്പിക്കുന്ന സംഭവങ്ങളായിരിക്കും സൃഷ്ടിക്കുക. ഇത് ചുറ്റുമുള്ളവരെയും, ഇവരുടെ വേണ്ടപ്പെട്ടവരെയും വീണ്ടും വേദനിപ്പിക്കും.
എങ്കിലും ഒന്നും പ്രതികരിക്കാതെ എല്ലാം ഉള്ളിൽ ഒതുക്കുന്നതിനേക്കാൾ ഭേദം ഏതെങ്കിലും വിധത്തിൽ പ്രതികരിക്കുന്നതു തന്നെയാണ്.
പ്രതീക്ഷിക്കാത്ത സമയത്ത് എപ്പോൾ വേണമെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് അത്യാഹിതങ്ങൾ കടന്നു വരും. അതേക്കുറിച്ച് ആകുലപ്പെട്ടതു കൊണ്ട് കാര്യമില്ല. നമ്മുടെ പരിധിയിലുള്ള പ്രതിവിധികൾ ചെയ്യുക, ആകാശം ഇടിഞ്ഞു വീഴുന്നതു കണ്ടാൽ ഒരു കുട നിവർത്താനെങ്കിലും ശ്രമിക്കണം
ചെയ്യേണ്ടത് എല്ലാം ചെയ്യുക. ഫലത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കരുത്. സംഭവിക്കേണ്ടതു മാത്രമേ സംഭവിക്കുകയുള്ളൂ. സംഭവിക്കുന്നത് എല്ലാം നല്ലതിനാണ്. സംഭവിക്കാനിരിക്കുന്നതും നല്ലതിന് തന്നെ. ഒന്നും നമ്മൾ ഇവിടേക്ക് കൊണ്ടുവന്നിട്ടില്ല. ഒന്നും നമ്മൾ ഇവിടെ നിന്നും കൊണ്ടു പോവുകയുമില്ല. ഇന്നെനിക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു. നാളെ ഇത് വേറെ ആരുടേതെങ്കിലും ആയി തീരുകയും ചെയ്യും.
An incident is never the end of Everything.
It is just the beginning of a new set of Incidents.

"There are no Accidents"

പ്രിയപ്പെട്ടവരെ,
ഇന്നു ജീവിച്ചിരിക്കുന്ന ആർക്കും ജീവിതത്തിൽ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ലോകം. നാളെയെക്കുറിച്ച് വേവലാതിപ്പെടുന്നതു കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലല്ലോ. രാജ്യത്തിന്റെ ഭരണ സംവിധാനം നിർദ്ദേശിക്കുന്ന പ്രതിരോധ നടപടികളോട് സഹകരിക്കുകയും കൂടെയുള്ളവരെ അതിനു സഹായിക്കുകയുമാണ് ഇപ്പോൾ നമ്മുടെ കർത്തവ്യം.
നിരവധി ആളുകൾ മനസ്സു മടുത്തും ടെൻഷനിലും ആണ് കഴിയുന്നത് എന്നു ചിലരോട് സംസാരിച്ചപ്പോൾ തോന്നാനിടയായി. വിഷമഘട്ടങ്ങളിൽ ഉൾവലിയരുത്. മറ്റുള്ളവരുമായി സമ്പർക്കത്തിൽ തുടരണം. പരിചയക്കാരെ ഫോണിൽ വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കണം. ഉത്സാഹം പകർന്നു കൊടുക്കുക.
സ്വന്ത ജീവൻ അപകടപ്പെടാമെന്നറിഞ്ഞു കൊണ്ട് തന്നെ കോവിഡിനെതിരെ പൊരുതുന്ന രാജ്യത്തിൻറെ ധീരപോരാളികളാണ് നമ്മുടെ മെഡിക്കൽ, ഹെൽത്ത്, പോലീസ്, സപ്ളൈ, സർക്കാർ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും, വോളൻറിയർമാരും, ഭരണാധികാരികളും.
സ്തുത്യർഹമായ ഈ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
എല്ലാവരും സുരക്ഷിതരായിരിക്കണമേ, എല്ലാം നന്മയ്ക്കായി വന്നു ഭവിക്കണമേ എന്ന പ്രാർത്ഥനയോടെ,
ജോർജ്ജ് കാടൻകാവിൽ
ഡയറക്ടർ, ബെതലെഹം.
01 Apr 2020.

What is Profile ID?
CHAT WITH US !
+91 9747493248