Back to articles

ഇണയെ ആകര്‍ഷിക്കാന്‍ എന്തു വേണം !

June 05, 2023

ഇണയെ ആകര്‍ഷിക്കാനുള്ള കഴിവ്, എല്ല ജീവികള്‍ക്കും സൃഷ്ടാവ് തന്നെ നല്‍കിയിട്ടുണ്ട്

പണ്ടത്തെപ്പോലെ മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന ആളെ വിവാഹം ചെയ്യുന്ന രീതി ഇപ്പോഴില്ല. ഇന്ന്. വിവാഹം ആലോചിക്കുമ്പോള്‍ ആ പുരുഷനും സ്ത്രീയും തമ്മില്‍ ഒരു ആകര്‍ഷണം തോന്നിയെങ്കിലേ, ആ ആലോചന അടുത്ത പടിയിലേക്ക് നീങ്ങുകയുള്ളു.

പ്രോപ്പോസല്‍ ഒന്നും ശരിയാകുന്നില്ല  എന്നു എന്‍റടുത്ത് സങ്കടം പറയുന്ന വിവാഹാര്‍ത്ഥികളോട്, ഞാന്‍ പറയാറുണ്ട്, നിനക്ക് നിന്‍റെ ഇണയെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല, അതുകൊണ്ടാണ് വിവാഹം ശരിയാകാത്തതെന്ന്.

അപ്പോള്‍ അവരെന്നോടു ചോദിക്കും - ഒരു ഇണയെ ആകര്‍ഷിക്കാന്‍ അവരിനി എന്തു ചെയ്യണം ?

പരസ്പരം ആകര്‍ഷിക്കപ്പെടണമെങ്കില്‍ നിങ്ങള്‍ക്ക് ആദ്യം വേണ്ടത് പരസ്പര ബഹുമാനമാണ്.

സ്ത്രീയോ പുരുഷനോ ആയാണ് നമ്മള്‍ ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരം സഹകരിച്ച് ഒത്തു ചേര്‍ന്നെങ്കിലേ മനുഷ്യന്‍റെ ജന്മവും അതുവഴി മനുഷ്യ വംശത്തിന്‍റെ നിലനില്പും സാധ്യമാവുകയുള്ളു.

സ്ത്രീയ്ക്കും പുരുഷനും അതുല്യമായ പ്രാധാന്യമാണ് ഈ പ്രപഞ്ചത്തിലുള്ളത്.

ഒന്ന് മറ്റേതിനേക്കാള്‍ കൂടിയതോ കുറഞ്ഞതോ
അല്ല.

ഈ തിരിച്ചറിവുള്ളവര്‍ക്കേ പരസ്പരം ബഹുമാനിക്കാന്‍ സാധിക്കൂ.

സ്ത്രീയും പുരുഷനും എതിര്‍ ലിംഗമാണ്, പക്ഷേ എതിരാളികളല്ല. ഏതെങ്കിലും തിക്താനുഭവങ്ങള്‍ കാരണം സ്ത്രീ വര്‍ഗ്ഗത്തെയോ, പുരുഷവര്‍ഗ്ഗത്തെയോ ഒന്നടങ്കം ശത്രുക്കളായി സ്വന്തം മനസ്സില്‍ കാണുന്നവരുണ്ട്. സ്ത്രീയും പുരുഷനും ശത്രുക്കളല്ല, പരസ്പര പൂരകങ്ങള്‍ ആണെന്ന ഉറച്ച വിശ്വാസം വേണം, എങ്കില്‍മാത്രമേ പരസ്പരം ആകര്‍ഷിക്കാന്‍ സാധിക്കൂ.

ഒരു സ്ത്രീയെ ആകര്‍ഷിക്കാന്‍, പുരുഷന് സ്വയം മതിപ്പും, ആത്മവിശ്വാസവും ഉണ്ടായിരിക്കണം. അവളുടെ ഇഷ്ടങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയും അവള്‍ പറയുന്നത് സജീവമായി കേള്‍ക്കുകയും വേണം. അവളുമായുള്ള ആശയവിനിമയത്തില്‍ അവന്‍ മാന്യത പുലര്‍ത്തണം. വാക്കിലും പ്രവര്‍ത്തിയിലും ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളവനായിരിക്കണം. അവളെ സംരക്ഷിക്കാനും, കുടുംബം പുലര്‍ത്താനും പ്രാപ്തി ഉള്ളവനാണെന്ന് അവള്‍ക്ക് ധൈര്യം തോന്നണം.

കൂടാതെ, അവളുടെ ഏതെങ്കിലും നേട്ടങ്ങള്‍, കഴിവുകള്‍, സല്‍പ്രവര്‍ത്തി, ഉചിതമായ പെരുമാറ്റം, ഉത്സാഹം, വേഷം, ഭാഷ, തൊഴില്‍, കുടുംബ പശ്ചാത്തലം മുതലായവയിലെ നല്ല കാര്യങ്ങള്‍ ശ്രദ്ധിച്ച്, അതിനു ആത്മാര്‍ത്ഥമായി അഭിനന്ദനങ്ങള്‍ നല്‍കുക. അവളുടെ പ്രത്യേകതകള്‍ ശ്രദ്ധിച്ച് അതിനെ പ്രോത്സാഹിപ്പിക്കുന്ന വിധം സംസാരിക്കുക. അടുപ്പം തുടരുന്നുവെങ്കില്‍  വിശേഷ ദിനങ്ങള്‍ ആസ്വാദ്യകരം ആക്കുവാന്‍ ഉള്ളവ ആസൂത്രണം ചെയ്യുക, അല്ലെങ്കില്‍  അവളെ ആശ്ചര്യപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കുക, തുടങ്ങിയവ വഴി അവന്‍റെ സാമീപ്യവും ഇടപെടലുകളും അവളില്‍ സന്തോഷം ഉളവാക്കും വിധം പെരുമാറണം.

അവളുടെ പരിമിതികളെ പരിഹസിക്കാനോ മുതലെടുക്കാനോ ചിന്തിക്കരുത്, ഏതു പരിമിതിക്കും ചില ഗുണവശങ്ങള്‍ ഉണ്ടായിരിക്കും, ആ ഗുണവശം കണ്ടുപിടിച്ച് അതെക്കുറിച്ച് അവളോടു നിങ്ങളുടെ ഉള്ളില്‍ മതിപ്പ് തോന്നണം.

കൂടാതെ, സ്വന്തം പരിമിതികളുടെയും ഗുണവശങ്ങള്‍ തിരിച്ചറിയണം. അപ്പോള്‍ പിന്നെ സ്വന്തം പരിമിതികള്‍, സ്വയം അംഗീകരിക്കാനും വേണ്ടപ്പോള്‍ തുറന്നു പറയാനും പ്രയാസമാവില്ല. അല്ലാത്ത പക്ഷം, അത് ഒളിപ്പിച്ചു വെയ്ക്കാനുള്ള ശ്രമത്തില്‍ നിങ്ങളുടെ ആത്മാര്‍ത്ഥത നഷ്ടപ്പെടാനും, പരിശ്രമം പാഴായി പോകാനുമിടയുണ്ട്.

   മറുവശത്ത്, ഒരു പുരുഷനെ ആകര്‍ഷിക്കാന്‍, ഒരു സ്ത്രീ അവന്‍റെ സാമീപ്യത്തിലും പെരുമാറ്റത്തിലും സന്തോഷം പ്രകടിപ്പിക്കണം. അവനുമായുള്ള ആശയവിനിമയത്തിന് ഉത്സാഹം കാണിക്കണം. അവന്‍റെ ഉപജീവന പ്രവര്‍ത്തികളും, ഹോബികളും ഇഷ്ടങ്ങളും, കുടുംബ പശ്ചാത്തലവും എന്തെന്ന് അറിയാന്‍ താല്‍പ്പര്യം കാണിക്കുകയും, സജീവമായി ശ്രദ്ധിക്കുകയും പ്രോത്സാഹിപ്പിക്കുകയും, നല്ല കാര്യങ്ങളെ അഭിനന്ദിക്കുകയും ചെയ്യണം. ഇടപെടലുകളില്‍ ബഹുമാനവും സത്യസന്ധതയും ഉത്സാഹവും പുലര്‍ത്തണം.

അടുപ്പം തുടരുന്നുവെങ്കില്‍ അവന്‍റെ വിശേഷ ദിനങ്ങള്‍ക്ക് വേണ്ടി, രസകരവും ആവേശകരവുമായ എന്തെങ്കിലും ആസൂത്രണം ചെയ്യാം, ചിന്താപൂര്‍വ്വമായ സമ്മാനങ്ങള്‍ നല്‍കാം, അല്ലെങ്കില്‍ അവനു ആത്മാര്‍ത്ഥമായ ആശംസകള്‍ നല്‍കാം. അവന്‍ ഒരു നല്ല വ്യക്തി എന്ന നിലയില്‍ അവനോട് മതിപ്പും ആദരവും പ്രകടിപ്പിക്കുന്നത്, നിങ്ങളെക്കുറിച്ച് തിരിച്ച് അവന്‍റെ ഉള്ളിലും മതിപ്പുളവാക്കും.

ആത്യന്തികമായി, നിങ്ങളുടെ ഇടപെടലില്‍ മറ്റുള്ളവര്‍ക്ക് സന്തോഷം തോന്നണമെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ സന്തോഷം ഉണ്ടായിരിക്കണം. നിരാശയ്ക്കു പകരം പ്രത്യാശ ഉണ്ടായിരിക്കണം.

ഒരാള്‍ക്ക് നിങ്ങളോട് ആകര്‍ഷണം തോന്നണമെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണം. നിങ്ങളുടെ ഇടപെടലുകളില്‍ മറു പാര്‍ട്ടിയെക്കുറിച്ച് സഹാനുഭൂതിയും ശ്രദ്ധയും ചിന്തയും ഉണ്ടായിരിക്കണം. സാമാന്യ ബോധവും മര്യാദകളും പാലിച്ച്, അവരെ അടുത്തറിയാന്‍ ആദരവോടെ ആത്മാര്‍ത്ഥമായി നിങ്ങള്‍ പരിശ്രമിക്കുന്നതായി അവര്‍ക്കും ബോദ്ധ്യപ്പെടണം. നിങ്ങളുടെ സാമീപ്യത്തില്‍ മറ്റേ ആള്‍ക്ക് സുരക്ഷിതത്വവും അഭിമാനവും അനുഭവപ്പെടണം.


  ആകര്‍ഷണം പ്രേമമായി മാറിയാലോ?

  • നിങ്ങള്‍ അയാളെക്കുറിച്ച് തന്നെ എന്തെങ്കിലും എപ്പോഴും ആലോചിച്ചിരിക്കും.
  • അയാളോടൊപ്പം സമയം ചിലവഴിക്കാന്‍ മോഹം തോന്നും
  • അയാളോട് ഒരു വൈകാരിക ബന്ധം ഉള്ളതായി തോന്നും
  • അവരുടെ സന്തോഷത്തിനും ആവശ്യങ്ങള്‍ക്കും ആയിരിക്കും പിന്നെ നിങ്ങളുടെ മുന്‍ഗണന.
  • അയാളേക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലും വ്യത്യസ്തമായ  അനുഭവങ്ങള്‍ സംഭവിക്കും. (The socalled “Butterflies in your Stomach”)
  • അയാളുടെ അടുത്തായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ശാന്തിയും ആശ്വാസവും സുരക്ഷിതത്വവും അനുഭവപ്പെടും.
  • അയാള്‍ക്കു വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് മനസ്സില്‍ ബുദ്ധിമുട്ട് തോന്നില്ല.
  • അയാളെ സഹായിക്കാനും പരിചരിക്കാനും ശക്തമായ ആഗ്രഹം തോന്നും.
  • അയാളോടൊപ്പം നിങ്ങളുടെ ഭാവി നിങ്ങള്‍ മനസ്സില്‍കാണാന്‍ ആരംഭിക്കും.

 

ഇതൊക്കെ ഉണ്ടെങ്കിലും അത് പ്രേമം തന്നെ ആയിരിക്കണം എന്നു നിര്‍ബന്ധമില്ല. പ്രേമമാണോ അല്ലയോ എന്നു സ്വയം വിലയിരുത്താനുള്ള ചില ലക്ഷണങ്ങള്‍ മാത്രമാണിത്. ശരിക്കും പ്രേമം ആണെങ്കില്‍ നിങ്ങളുടെ ഹൃദയം എപ്പോഴും അത് നിങ്ങളോട് മന്ത്രിച്ചു കൊണ്ടേയിരിക്കും. ഒരു സ്നേഹ ബന്ധത്തിന്‍റെ ആരംഭം ആണിത്.

സ്നേഹിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്, ശ്രദ്ധയും സ്പര്‍ശവും. കൊടുത്തതും ലഭിച്ചതുമായ സ്പര്‍ശനങ്ങള്‍ വിശകലനം ചെയ്യണം, എവിടെ എങ്ങനെ സ്പര്‍ശിച്ചു എന്നത് മനസ്സിന്‍റെ ഏതുതലത്തില്‍ നിന്നുള്ള ഇഷ്ടമാണെന്നു തിരിച്ചറിയാന്‍ സഹായിക്കും. ശരീരം കൊണ്ടല്ലാതെ മനസ്സുകൊണ്ട് മറ്റെ ആളെ സ്പര്‍ശിക്കാനും, നിശബ്ദമായി സംസാരിക്കുവാനും ഒക്കെ ഉള്ള കഴിവ് സ്നേഹത്തിനുണ്ട്.

 എത്ര ശക്തമായ പ്രേമമായിരുന്നാലും ശരി, അത് വിവാഹത്തില്‍ എത്തണമെങ്കില്‍ രണ്ടു പേര്‍ക്കും കുടുംബ ജീവിതം നയിക്കാനാവശ്യമായ ചില പ്രധാന കഴിവുകള്‍ കൂടിയേ തീരു.  അത് എന്തൊക്കെ എന്ന് അടുത്ത കുറിപ്പില്‍.

സസ്നേഹം  ജോര്‍ജ്ജ് കാടന്‍കാവില്‍

വിവാഹത്തിന് പരിഗണിക്കേണ്ട സുപ്രധാന കഴിവുകള്‍ !

Click to Read or Listen

 

What is Profile ID?
CHAT WITH US !
+91 9747493248