Back to articles

അവളെ ഡിവോഴ്സ് ചെയ്തിട്ട് ഇവളെ കല്യാണം കഴിച്ചാലോ???

November 01, 2013

''99 ശതമാനം മാച്ചിംഗ് എന്ന് തലക്കെട്ടിൽ സാറെഴുതിയ ഒരു ലേഖനം വായിക്കാനിടയായി. അത് പലയാവർത്തി ഞാൻ വായിച്ചു. അതുകൊണ്ടാണ് ഇപ്പോൾ താങ്കളെ നേരിൽ കാണാൻ വന്നിരിക്കുന്നത്. ആ ലേഖനം അവസാനിപ്പിച്ചത് ഇങ്ങനെ ആയിരുന്നു.'' - ''പെണ്ണുകാണൽ വേണം എന്ന് തീരുമാനിക്കാൻ ബുദ്ധിയും മനസ്സും ഉപയോഗിക്കണം. തമ്മിൽ കാണുമ്പോൾ ഹൃദയം കൊണ്ട് കൂടി കാണണം. ഹൃദയം സമ്മതിച്ചെങ്കിൽ മാത്രം വിവാഹത്തിന് സമ്മതം പറയുക''.

നിർഭാഗ്യവശാൽ ഹൃദയം പറഞ്ഞതു കേൾക്കാതെ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് മാത്രം ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത ആളാണ് ഞാൻ. എന്റെ  ജൂനിയറായി പഠിച്ച പെൺകുട്ടിയാണ്. കോളേജിൽ ഞാൻ ധൈര്യം കൊടുത്ത് സഹായിച്ചു. അതോടെ എന്നെ മാത്രമെ വിവാഹം കഴിക്കൂ എന്ന വാശിയിലാണ് അവൾ ജീവിച്ചിരുന്നത്. അവളുടെ വാശിയും  നിർബന്ധബുദ്ധിയും എനിക്ക് വളരെ അരോചകമായിരുന്നു. അതിനാൽ അവളെ വിവാഹം ചെയ്യാൻ സാധിക്കില്ല എന്ന് ഞാൻ തുറന്നു പറഞ്ഞു. ഒരു അടുക്കളക്കാരിയായി നിങ്ങളുടെ കൂടെ കഴിഞ്ഞോളാം,  നിങ്ങളെക്കൂടാതെ എനിക്ക് ജീവിക്കാൻ വയ്യ, നിങ്ങളുപേക്ഷിച്ചാൽ ഞാൻ ആത്മഹത്യ ചെയ്യുകയേ ഉള്ളു, എന്നൊക്കെ പറഞ്ഞ് വർഷങ്ങൾ കടന്നു പോയി. ഒടുവിൽ എനിക്ക് ഒരു ജോലി കിട്ടിയശേഷം  വിവാഹം നടത്താം എന്നു സമ്മതിച്ചു.

ആറു വർഷം  മുമ്പ് ഞങ്ങളുടെ വിവാഹം കഴിഞ്ഞു. രണ്ടു പേർക്കും ഇപ്പോൾ ജോലിയുണ്ട്. ഒരു കുഞ്ഞുണ്ട്, അവന് മൂന്ന് വയസ്സായി. അവളുടെ  വാശിയും നിർബന്ധബുദ്ധിയും  അതേ പടി തുടരുന്നു. ഞാൻ ഇടക്ക് പൊട്ടിത്തെറിക്കും, പിന്നെ കുറച്ച് നാളത്തേക്ക് കുഴപ്പമില്ല, പക്ഷേ വീണ്ടും പഴയതു പോലെയാകും. ഇടക്ക് ആത്മഹത്യ ചെയ്യാനും അവൾ ശ്രമിച്ചു. ഞാൻ പിന്നെ ഒന്നിനും പ്രതികരിക്കാതെ ആയി.

രണ്ടു വർഷം മുമ്പ്, കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
സാറെഴുതിയിരുന്നില്ലേ - ''ഹൃദയത്തിന്റെ പരിധിക്കുള്ളിൽ  വേവ് ലെങ്തും ഫ്രീക്വൻസിയും മാച്ച് ചെയ്യുന്ന വേറൊരു ഹൃദയം കണ്ടെത്തിയാൽ ആ അനുഭവം ഷെയർ ചെയ്യപ്പെടും. അത് പുതിയൊരു അനുഭവം സൃഷ്ടിച്ചേക്കാം, എങ്കിൽ  തുടർന്ന് പരസ്പര അനുഭവങ്ങളുടെ  ശൃംഗല തന്നെ  ഉരുത്തിരിഞ്ഞേക്കാം.  കാരണം അനുഭവങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഹൃദയം ആർദ്രമാകുകയോ ഊഷ്മളമാകുകയോ ചെയ്യും. ഇതിനാണ് അനുഭൂതികൾ എന്നു പറയുന്നത്. അനുഭൂതികൾ ആണ് മനുഷ്യന്റെ  നിലനില്പിന്റെ ആധാരം'' -  ഇങ്ങനെയുള്ള അനുഭൂതികൾ അക്ഷരാർത്ഥത്തിൽ ഞാൻ അനുഭവിച്ചത് ഈ പെൺകുട്ടിയുടെ  സാന്നിദ്ധ്യത്തിലാണ്.

എന്തൊരു മനപ്പൊരുത്തമാണെന്നോ ഞങ്ങൾ തമ്മിൽ. ഞാൻ എന്തെങ്കിലും മനസ്സിൽ വിചാരിച്ചാൽ  അതു തന്നെയായിരിക്കും അവളുടെ  മനസ്സിലും. ഞാനിടുന്ന ഡ്രസ്സിന് മാച്ചു ചെയ്യുന്ന കളറായിരിക്കും അവളിട്ടു വരുന്ന ഡ്രസ്സിനും. ഞാൻ എന്തിനെങ്കിലും വിഷമിച്ചിരിക്കുന്നതു കണ്ടാൽ, അവൾ വന്ന്  ഇന്ന കാര്യത്തെക്കുറിച്ചാണോ വിഷമിച്ചിരിക്കുന്നത് എന്ന് ചോദിക്കും. അതിനെന്തെങ്കിലും പരിഹാരവും അവൾ ഉപദേശിച്ചു തരും. എനിക്ക്  എന്റെ ജീവിതത്തിന്റെ  ശിഷ്ടകാലം ഇവളോടൊപ്പം ജീവിച്ചു തീർക്കണം എന്നാഗ്രഹമുണ്ട്. ഇവൾക്കും എന്നോടൊപ്പം ജീവിക്കണം  എന്നാണ് ആഗ്രഹം.  പക്ഷേ വീട്ടുകാർ ഇവൾക്ക് വിവാഹം ആലോചിക്കുകയാണ്. അടുത്ത ആഴ്ച ഇവളുടെ  വിവാഹ നിശ്ചയം ആണ്, എന്തു ചെയ്യണം എന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. ഞാൻ പറഞ്ഞാൽ ഇവൾ ഈ വിവാഹം ഒഴിവാക്കി എനിക്കു വേണ്ടി കാത്തിരിക്കും. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ എന്തെങ്കിലും വഴിയുണ്ടോ സാർ?.....

ഇക്കാര്യം നിങ്ങളുടെ ഭാര്യക്ക് അറിയുമോ?
ഇല്ല, എന്റെ ഭാര്യ രണ്ടാഴ്ചമുമ്പ് വഴക്കുണ്ടാക്കി ഡിവോഴ്സ് വേണം എന്നാവശ്യപ്പെട്ട് അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്.

ഡിവോഴ്സിന്റെ കാര്യത്തിൽ നിങ്ങൾ രണ്ടു പേരും കൂടി എന്തു തീരുമാനം എടുത്തു?
ഒരു തീരുമാനവും  എടുത്തിട്ടില്ല. വീട്ടിൽ പോയ ശേഷം ഭാര്യയുമായി സംസാരിച്ചിട്ടേ ഇല്ല.

മോനേ, ഞാനെഴുതിയതിന്റെ അവസാനവാചകം വിട്ടുകളഞ്ഞതെന്തേ?
നിലനില്പിനാവശ്യമായ അനുഭൂതികൾ നിരന്തരം സൃഷ്ടിക്കാനുള്ള അത്യുത്കൃഷ്ടമായ ഒരു സംവിധാനമാണ് കുടുംബം. എന്നു കൂടി ഞാനെഴുതിയിരുന്നല്ലോ? സ്വന്തം കുടുംബം എന്ന ആ സംവിധാനത്തിന് ആറു വർഷം മുമ്പ് നിയമാനുസൃതം നിങ്ങൾ രൂപം കൊടുത്തതാണ്. ആ തീരുമാനം ബുദ്ധിമോശം ആയിപ്പോയോ എന്ന് ഇപ്പോൾ സംശയിക്കുന്നു. എന്നാലും, ആ സംവിധാനത്തിനുള്ളിൽ നിങ്ങൾ ഇപ്പോഴും ധാരാളം അനുഭവങ്ങൾ സൃഷ്ടിച്ചു കൊണ്ടാണിരിക്കുന്നത്. അതിലെ മോശം  അനുഭവങ്ങൾ മാത്രമാണ് ഇപ്പോൾ നിങ്ങളുടെ  ശ്രദ്ധയിലുള്ളത്. അതു കൊണ്ടു തന്നെ നിങ്ങൾ ഇനി സൃഷ്ടിക്കുന്നതും മോശം  അനുഭവങ്ങൾ തന്നെയായിരിക്കും.

നിങ്ങൾ സൃഷ്ടിച്ച കുടുംബത്തിന്റെ ഭാവി എന്താകണം എന്ന് ആദ്യം ഒരു തീരുമാനമുണ്ടാക്കണം, അത് നടപ്പിലാകുകയും വേണം. അതു കഴിഞ്ഞേ വേറൊരു കുടുംബം രൂപപ്പെടുത്ത കാര്യം പരിഗണിക്കാൻ നിങ്ങൾക്ക് ധാർമ്മികമായ അവകാശം ലഭിക്കുകയുള്ളു.

നിങ്ങൾ ആത്മപരിശോധന നടത്തി  ഇനിപ്പറയുന്ന കാര്യങ്ങൾക്ക് സത്യസന്ധമായ  ഉത്തരം  നിങ്ങളുടെ ഹൃദയത്തിൽ നിന്നും കണ്ടെത്തണം.
- ഇങ്ങനൊരു പെൺകുട്ടിയെ കണ്ടെത്താൻ ഇടയായിരുന്നില്ലെങ്കിൽ വിവാഹ മോചനത്തിന് ശ്രമിക്കുമായിരുന്നോ?
- കുറേക്കൂടി ശ്രമിച്ചിരുന്നെങ്കിൽ കുടുംബത്തിൽ ഇനിയും നല്ല അനുഭവങ്ങൾ സൃഷ്ടിക്കുവാൻ നിങ്ങൾക്കു സാധിക്കുമായിരുന്നോ?
- നിങ്ങളുടെ ഭാര്യയുടെ പ്രത്യേകതകൾ മനസ്സിലാക്കാനും നിങ്ങളുടെ അവസ്ഥ അവളെ ബോദ്ധ്യപ്പെടുത്താനുമായി അവളോട് ഉള്ളു തുറന്ന് സംസാരിച്ചിരുന്നോ?
- കുടുംബത്തിന്  ചേരും വിധം പെരുമാറാൻ അവൾക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുകയും, അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നോ?
- അടുക്കളക്കാരിയായി കഴിഞ്ഞു കൊള്ളാം എന്നു പറഞ്ഞ് വലിഞ്ഞു കയറി വന്നവളായിട്ടാണോ അവളെ കണ്ടിരുന്നത്?
-  അവൾ ചെയ്ത എന്തെങ്കിലും നല്ല കാര്യത്തെക്കുറിച്ച് അവളെ അഭിനന്ദിച്ചിട്ടുണ്ടോ?
- അറിവില്ലാത്ത കാര്യങ്ങൾ സൌമ്യമായി അവൾക്ക് വിശദീകരിച്ച് കൊടുത്തിട്ടുണ്ടോ?
-  നിങ്ങളുടെ ഭാര്യ നിങ്ങളിൽ നിന്നും എന്താഗ്രഹിച്ചിരുന്നു എന്ന് വ്യക്തമായി അറിയാമോ?
- കുറച്ചു കൂടി ബഹുമാനവും സ്നേഹവും അംഗീകാരവും അവൾക്ക് കൊടുത്തിരുന്നെങ്കിൽ അവളുടെ പെരുമാറ്റം മെച്ചപ്പെടുമായിരുന്നോ?

ഇതിനെല്ലാം പാതിയെങ്കിലും അനുകൂലമായ ഉത്തരങ്ങളാണ് ഹൃദയത്തിൽ  ലഭിക്കുന്നതെങ്കിൽ, സഹപ്രവർത്തകയെ അവളുടെ കർമ്മത്തിനും കാലമെന്ന മഹാ മാന്ത്രികന്റെ പരിചരണത്തിനുമായി വിട്ടു കൊടുത്തേക്കുക. സഹപ്രവർത്തകയിൽ നിന്നും ഇതുവരെ കിട്ടിയ നല്ല  അനുഭൂതികൾ, നിങ്ങളുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാനുള്ള ചില വിലപ്പെട്ട മുത്തുകളാണ്. മണ്ണും പെണ്ണും പൊന്നുമല്ല, അവസാനകാലത്ത് കുറെ ഓർമ്മകൾ മാത്രമായിരിക്കും മനുഷ്യർക്കെല്ലാം മിച്ചം ലഭിക്കുന്ന സമ്പാദ്യം. ആ സമ്പാദ്യത്തിൽ മാത്രമായിരിക്കും അപ്പോൾ അവന്റെ മനസ്സും. ആ സമ്പത്തിൽ അധർമ്മത്തിന്റെ കറപുരളാൻ അനുവദിക്കരുത്.

പ്രതികൂലമായ ഉത്തരങ്ങൾ മാത്രമാണ് ലഭിക്കുന്നതെങ്കിൽ വിവാഹ മോചനം  തേടിക്കൊള്ളുക. അപ്പോഴും  ഇവളെ കെട്ടാൻ വേണ്ടി ആയിരിക്കരുത് അവളെ ഡിവോഴ്സ് ചെയ്യുന്നത്. അത് അധർമ്മമാണ്, ധാർമ്മിക ശക്തികളുടെ പിന്തുണ നിങ്ങൾക്ക് നഷ്ടപ്പെടും.

ഡിവോഴ്സ് കിട്ടി കഴിയുമ്പോൾ, മാത്രം പുനർവിവാഹത്തെക്കുറിച്ച് ആലോചിച്ചാൽ മതി. അന്ന് ആ പെൺകുട്ടി അവിവാഹിതയായി കഴിയുന്നുണ്ടെങ്കിൽ ഇവളെത്തന്നെ വിവാഹം ചെയ്തു കൊള്ളു. പക്ഷേ, ഡിവോഴ്സ് വാങ്ങിവരാം, അതുവരെ എനിക്കു വേണ്ടി കാത്തിരിക്കണം എന്ന് ഇവളോട് പറയരുത്, അത് ഗൂഢാലോചന ആയിപ്പോകും.

ഇത് ഒരാൾക്ക് മാത്രം സംഭവിച്ച കാര്യമല്ല. ഒന്നിലധികം പേർ എന്നോട് പങ്കു വെച്ചിരിക്കുന്ന അനുഭവങ്ങളെക്കുറിച്ചാണ് ഞാനെഴുതാറുള്ളത്. അത് വായിച്ച് പലരും എന്റെ  കാര്യമാണോ ഇത്തവണ എഴുതിയിരിക്കുന്നത് എന്ന് ചോദിക്കാറുമുണ്ട്. അതിൽ, വിവാഹബന്ധം എങ്ങനെയും രക്ഷപ്പെടുത്തണം എന്നാഗ്രഹമുള്ള ആർക്കും, ഇത് തങ്ങളെക്കുറിച്ച് എഴുതിയിരിക്കുന്നതാണ് എന്ന് കരുതാം. അവർക്ക്, പങ്കാളിയുമായി ഉള്ളു തുറന്ന ഷെയറിംഗിന് ഈ ആശയങ്ങൾ നിമിത്തമാകട്ടെ എന്ന് ആശംസിക്കുന്നു...

George Kadankavil - November 2013

What is Profile ID?
CHAT WITH US !
+91 9747493248