Back to articles

വിഡ്ഢി, ഈ കൂശ്മാണ്ഡം, ഊംം?

November 01, 2003

''വിശ്വാസം ഉണ്ടെങ്കിൽ എന്തും ചെയ്യാൻ സാധിക്കും എന്നു പറഞ്ഞിട്ടുണ്ടല്ലോ എന്നിട്ടെന്തേ ജോർജ്ജ് സാറേ നമുക്കൊന്നും അതു സാധിക്കാത്തത്?

ഉദ്യോഗത്തിൽനിന്നും വിരമിച്ച് ഇപ്പോൾ ആത്മീയ കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ഒരാളാണ് ഇതു ചോദിക്കുന്നത്.
ഇതിന് ഉത്തരം തരാൻ ഞാനാളല്ല. എന്റെ കാഴ്ചപ്പാട് മാത്രം പറയാം. ചെറുപ്പത്തിൽ വേദപാഠ ക്ലാസ്സിൽ ഞാനൊരു സംശയം ചോദിച്ചു.

''അച്ചോ ഞാൻ ഈ മലയോട് മാറാൻ പറഞ്ഞിട്ട് അതു മാറുന്നില്ലല്ലോ?''

''നിനക്ക് വേണ്ടത്ര വിശ്വാസം ഇല്ലാത്തതു കൊണ്ടാ!
പിന്നെ, ഈ മല മറിച്ചിട്ടു വേണോ നിനക്ക് തമ്പുരാനെ പരീക്ഷിക്കാൻ?.

തമ്പുരാനെ വിശ്വസിച്ചു ജീവിച്ചാൽ, മലപോലത്തെ പ്രശ്നങ്ങൾ വരുമ്പോൾ നിനക്ക് മറിച്ചിടാൻ പറ്റും.''

ഇതായിരുന്നു എനിക്ക് കിട്ടിയ മറുപടി.
ഞാനത് വിശ്വസിക്കുന്നു.

വിഡ്ഢി കൂശ്മാണ്ഡം എന്നൊരു പ്രയോഗം കേട്ടിട്ടുണ്ടോ?

അതൊരു കഥയാണ്. പണ്ട്, പ്രസിദ്ധനായ ഒരു വിഷഹാരി നമ്പൂതിരി ഉണ്ടായിരുന്നു. വളരെ ദൂരെ നിന്നു പോലും പാമ്പുകടിയേറ്റവരെ ഈ നമ്പൂതിരിയുടെ ഇല്ലത്തു കൊണ്ടു വരും. മന്ത്രവും മരുന്നും കൊണ്ട് ധാരാളം പേരുടെ ജീവൻ അദ്ദേഹം രക്ഷിച്ചിട്ടുണ്ട്. അതിന് ധാരാളം പണവും സമ്മാനങ്ങളും നമ്പൂതിരിക്ക് ലഭിച്ചിരുന്നു.

നമ്പൂതിരിയുടെ അടിയാൻമാരിൽ ഒരാളായ രാമന് ഇതുകണ്ട് കലശലായ മോഹം കയറി. എങ്ങനെയും വിഷവൈദ്യം പഠിക്കണം. രാമൻ ദിവസവും നമ്പൂതിരിയുടെ ഇല്ലത്ത് ചെന്ന് വിഷബാധയേറ്റ് വരുന്നവരുടെ ചികിത്സകൾ കാണാൻ തുടങ്ങി.  വിഷമിറക്കുന്ന പല രീതികളും രാമന് കാണാൻ കഴിഞ്ഞു.

പക്ഷെ നമ്പൂതിരി ചൊല്ലുന്ന മന്ത്രം എന്താണെന്ന് രാമന് ഒരു പിടിയും കിട്ടിയില്ല. ഒരുദിവസം രണ്ടും കല്പിച്ച്, നമ്പൂതിരിയോട് വിഷവൈദ്യം പഠിപ്പിച്ചു തരണേ എന്നപേക്ഷിക്കാൻ രാമൻ ഇല്ലത്തുചെന്നു. രാമന്റെ പറമ്പിൽ വിളഞ്ഞ വലിയ കുമ്പളങ്ങ, ഗുരുദക്ഷിണ കൊടുക്കാനായി തലയിൽ ചുമന്നു കൊണ്ടാണ് പോയത്.

നമ്പൂതിരിക്ക് സംഭാഷണം കുറവാണ്, രാമനെ കണ്ടപ്പോൾ എന്താ വന്നത് എന്ന അർത്ഥത്തിൽ

''ഊംം?'' എന്നു നീട്ടി മൂളി.

''അടിയൻ - വിഷവൈദ്യം - മോഹം - ൺട്'' രാമൻ പറഞ്ഞൊപ്പിച്ചു.

നമ്പൂതിരി പിന്നെ കുമ്പളങ്ങയിലേക്ക് കൈ ചൂണ്ടി ''വിഡ്ഢീ ഈ കൂശ്മാണ്ഡം'' എന്നു പറഞ്ഞിട്ട്, എന്തിനാണ്, എന്ന അർത്ഥത്തിൽ,''ഊംം?'' എന്ന് കനത്തിൽ ഒന്നു മൂളി.
കൂശ്മാണ്ഡം എന്നു പറഞ്ഞാൽ കുമ്പളങ്ങ ആണെന്നറിയാത്ത രാമൻ, മന്ത്രമാണ്  നമ്പൂതിരി പറഞ്ഞുതന്നത്, എന്ന് ശരിക്കും വിശ്വസിച്ചു.

ഭക്ത്യാദരങ്ങളോടെ രാമൻ കുമ്പളങ്ങ തലയിൽ നിന്നിറക്കി നമ്പൂതിരിയുടെ കാൽക്കൽ വെച്ച് സാഷ്ടാംഗം നമസ്കരിച്ചു.
നമ്പൂതിരി "എടാ" എന്നു വിളിച്ചതൊന്നും രാമൻ പിന്നെ കേട്ടില്ല, ഗുരുവിന്റെ കാൽചുവട്ടിൽ നിന്ന് ഒരുപിടി മണ്ണും വാരിയെടുത്ത് രാമൻ കുടിലിലേക്ക് ഓടി.

നമ്പൂതിരി തനിക്ക് വിഷവൈദ്യം പഠിപ്പിച്ചുതന്നു എന്ന് രാമൻ മറ്റ് അടിയാൻമാരോട് പറഞ്ഞു; വാർത്ത പരന്നു. പാമ്പുകടിയേറ്റവരെ രാമൻ അങ്ങോട്ട് ചെന്ന് ചികിത്സിക്കാനും തുടങ്ങി.
നമ്പൂതിരി തയ്യാറാക്കിയിരുന്നപോലെ മരുന്നുകൾ തയ്യാറാക്കി,

''വിഡ്ഢീ - ഈ- കൂശ്മാണ്ഡം -ഊംം''

എന്ന് മന്ത്രം ചൊല്ലി രാമൻ മരുന്ന് പ്രയോഗിക്കും. ചികിത്സ കിട്ടിയവർ എല്ലാം രക്ഷപ്പെടുകയും  ചെയ്തു.
രാമൻ അതിപ്രശസ്തനായ ഒരു വിഷഹാരി ആയിത്തീർന്നു. രാമന്റെ വിശ്വാസം രാമനെ രക്ഷിച്ചു.
ആകട്ടെ, വിശ്വാസം കൊണ്ട് എന്തു നേടാനാണ് താങ്കൾ ആഗ്രഹിക്കുന്നത്?

തൊട്ടുസുഖപ്പെടുത്തിയും, മരിച്ചവനെ ഉയർപ്പിച്ചും, അപ്പം വർദ്ധിപ്പിച്ചും വിശ്വാസം പഠിപ്പിക്കാനുള്ള ദൌത്യം ആ നസ്രായന്റേതായിരുന്നു.
അവിടുന്ന് അത് നിറവേറ്റി കഴിഞ്ഞു. എങ്കിലും, ലോകം എപ്പോഴും ഒരു മിശിഹായ്ക്കുവേണ്ടി കാത്തിരിക്കും. അങ്ങനെയൊരു  ദൌത്യമാണോ താങ്കൾ ആഗ്രഹിക്കുന്നത്?

അതോ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ കഴിയുന്ന മകളുടെ കാര്യത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കണെ എന്ന ആഗ്രഹമാണോ?
നിന്നെക്കുറിച്ച് ഒരു പദ്ധതി എനിക്കുണ്ട് എന്ന് വായിച്ചിട്ടില്ലേ?. മകളെക്കുറിച്ചുള്ള പദ്ധതിയിൽ ഒരു പുരുഷൻ കൂടി ഉണ്ടെങ്കിൽ, അവളുടെ പ്രായം എത്ര കടന്നാലും അവൻ വന്നിരിക്കും.

താങ്കൾക്ക് വേണമെങ്കിൽ ഇതു വിശ്വസിക്കാം അല്ലെങ്കിൽ സംശയിക്കാം.
സംശയിക്കുമ്പോൾ  മനസ്സിന് അസ്വസ്ഥത തോന്നും.
എന്നാൽ വിശ്വസിക്കുമ്പോൾ സ്വസ്ഥത ലഭിക്കും, ഉത്സാഹം തോന്നും, കർമ്മനിരതനാകും, വാതിലുകൾ തുറക്കപ്പെടും, അത്ഭുതങ്ങൾ സംഭവിക്കും.

George Kadankavil - November 2003

What is Profile ID?
});
CHAT WITH US !
+91 9747493248