Back to articles

സ്വർഗ്ഗ-നരക ജംഗ്ഷനിലെ കള്ളനും! സത്യവാനും!

February 02, 2018

സ്വർഗ്ഗത്തിലേക്കുള്ള വഴി അന്വേഷിച്ചു  അലഞ്ഞു നടന്ന ഒരാൾ വഴിക്കു വെച്ച് ഒരു ദിവ്യ പുരുഷനെ കണ്ടുമുട്ടി. തന്റെ അതുവരെയുള്ള കഥകളെല്ലാം വിവരിച്ച്, തനിക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടുമോ എന്നു ചോദിച്ചപ്പോൾ, ആ ദിവ്യ പുരുഷൻ പറഞ്ഞു, നിങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്ന വഴി തന്നെ തുടർന്നു പോകുക. കുറച്ചു ചെല്ലുമ്പോൾ വഴി രണ്ടായി പിരിയും, അതിൽ ഒരു വഴി സ്വർഗ്ഗത്തിലേക്കും മറ്റേത് നരകത്തിലേക്കും പോകും. അതിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി ഏതെന്നു മനസ്സിലാക്കാൻ ഒറ്റ മാർഗ്ഗമേ ഉള്ളൂ. അവിടെ കള്ളം മാത്രം പറയുന്ന ഒരാളും, സത്യം മാത്രം പറയുന്ന ഒരാളും നില്പുണ്ടാകും. രണ്ടാളെയും കണ്ടാൽ, ഒരു വിധത്തിലും അവരുടെ സ്വഭാവം തിരിച്ചറിയാൻ സാധിക്കില്ല. അതിൽ ഏതെങ്കിലും ഒരാളോടു മാത്രം ഒരേയൊരു ചോദ്യം ചോദിച്ചാൽ അവർ, അവരുടെ സ്വഭാവം അനുസരിച്ചുള്ള ഉത്തരം തീർച്ചയായും പറയും.

ശരിയായ ഒരു ചോദ്യം ചോദിച്ചാൽ സ്വർഗ്ഗത്തിലേക്കുള്ള വഴി നിങ്ങൾക്കു തിരിച്ചറിയാൻ സാധിക്കും.

ആ ശരിയായ ചോദ്യം ഏതാണ്?

നാക്കെടുത്താൽ കള്ളം മാത്രം പറയുകയും, അത് ഭംഗിയായി അഭിനയിച്ച് ഫലിപ്പിക്കുകയും, അതിനു തെളിവുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു മിടുക്കനാണ് എന്റെ ഭർത്താവ് എന്നു പരാതി പറഞ്ഞ ഒരു സഹോദരിക്ക് വിഷയം മാറി ചിന്തിക്കാൻ വേണ്ടി കൊടുത്തതാണീ കടങ്കഥ.

കോഴിക്കോടാണ് എന്റെ വീട്. എനിക്ക് വീടിനടുത്ത് കോൺട്രാക്ട് അടിസ്ഥാനത്തിൽ തരക്കേടില്ലാത്ത ഒരു ജോലിയുണ്ട്. ഒന്നര വർഷം മുമ്പ് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഭർത്താവിന് എറണാകുളത്താണ് ജോലി. സർക്കാർ ഉദ്യോഗസ്ഥനാണ്. എനിക്കും എറണാകുളത്ത് ജോലി ശരിപ്പെടുത്താം എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾ തമ്മിൽ വഴക്കായി.

എന്തിനാ നിങ്ങൾ വഴക്കടിച്ചത്?

പുള്ളിക്കാരന്റെ ഫോണിൽ വാട്സ് ആപ്പ് തുറന്നാൽ നിറയെ പെൺകുട്ടികളുടെ ഫോട്ടോയും ഇക്കിളി മെസ്സേജുകളും ആണ്. ഞാൻ അത് സൂത്രത്തിൽ അൺലോക്ക് ചെയ്ത് തുറന്നു നോക്കി.

യൂ ആർ എ ഹാക്കർ, യൂ ഹാക്ക്ഡ് ഇൻ റ്റു മൈ ഫോൺ, എന്നൊക്കെ പറഞ്ഞ് പുള്ളി ഭയങ്കര ബഹളം വെച്ചു. ആ ഭാവമാറ്റം കണ്ടപ്പോൾ എന്തൊക്കെയോ ഭയങ്കര രഹസ്യങ്ങൾ ആ ഫോണിലുണ്ട് എന്നാണ്  എനിക്കു തോന്നിയത്.

നിങ്ങൾക്ക് പരസ്ത്രീ ബന്ധം ഉണ്ട്, എന്നെ ചതിക്കുകയായിരുന്നു അല്ലേ? ഇവളുമാരൊക്കെ ആരാ? എന്നു ചോദിച്ച് ഞാനും തിരിച്ച് ബഹളം വെച്ചു.

അപ്പോൾ അയാൾ എന്റെ മുഖത്ത് ഒറ്റ അടി വെച്ചു തന്നു. നീയെന്റെ ഭാര്യ ആണ്, ഞാൻ പറയുന്നത് അനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം എന്നു പറഞ്ഞു.

ജീവിതത്തിൽ ആദ്യമായിട്ടാ ഞാൻ അടി കൊള്ളുന്നത്, മുഖം തരിച്ചു പോയി. തലകറങ്ങുന്നതുപോലെ തോന്നി, ഞാൻ തളർന്ന് വീണു പോയി. പുള്ളിക്കാരൻ കതകു തുറന്ന് പുറത്തു പോയി, പിറ്റേന്നു രാവിലെയാണ് വന്നത്. വന്ന ഉടനേ പറഞ്ഞു നിന്റപ്പൻ വിളിക്കുന്നു. നിന്നെ കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ബാക്കി നമുക്ക് അവിടെ ചെന്നിട്ടു സംസാരിക്കാം. എന്നു പറഞ്ഞ് പുള്ളി ലീവെടുത്ത് എന്നെ കൂട്ടി എന്റെ വീട്ടിൽ  വന്നു എന്റെ അപ്പച്ചനോടു പറഞ്ഞു.

മകൾക്കു പരപുരുഷ ബന്ധം ഉണ്ട്, ഞങ്ങൾ ഒന്നിച്ചു താമസിച്ച 15 ദിവസത്തിൽ ഇവൾക്ക് ഒരുത്തന്റെ ഫോണിൽ നിന്നും 38 കോളുകൾ വന്നു, എന്നു പറഞ്ഞ് ഒരു കോൾ ലിസ്റ്റ് കാണിച്ചു. ഇത്രക്ക് പിരിയാൻ വയ്യാത്ത ഒരുത്തനുണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ ഇവളെന്നെ കല്യാണം കഴിച്ചത്?

എന്റെ ഓഫീസിൽ എനിക്ക് പകരം വന്ന പയ്യന്, കംപ്യൂട്ടറിൽ പലതും അറിയില്ലായിരുന്നു. സംശയം ചോദിക്കാൻ അവൻ പല പ്രാവശ്യം വിളിച്ചതാ,  എന്നൊന്നും പറഞ്ഞിട്ട് ആള് അടങ്ങാതെ ക്രൂദ്ധനായി സ്ഥലം വിട്ടു.

ഇപ്പോൾ ഒന്നര വർഷമായി, ഇവിടെ വരികയോ, എന്നെ വിളിക്കുകയോ ചെയ്തിട്ടില്ല. ഞാൻ അങ്ങോട്ടു വിളിച്ചാൽ കട്ട് ചെയ്യും, അല്ലെങ്കിൽ കേൾക്കാനറയ്ക്കുന്ന തെറി വിളിക്കും. ബന്ധം ഒഴിഞ്ഞു കൊടുത്താൽ മതി, അതിനല്ലാതെ വേറെ ഒരു കാര്യത്തിനും എന്നെ വിളിച്ചു പോകരുത് എന്ന് താക്കീത് ചെയ്തിരിക്കുന്നതിനാൽ ഞാൻ പിന്നെ വിളിക്കാറില്ല.

ഇപ്പോൾ ഒരു ന്യൂസ് കിട്ടി, എന്റെ ഭർത്താവിന് മറ്റൊരാളുടെ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന്. അതിന്റെ തെളിവ് വീഡിയോ കയ്യിലുണ്ടെന്നു പറഞ്ഞ് ഒരജ്ഞാതന്റെ മെസ്സേജ് കിട്ടി. അവരത് മീഡിയയിൽ കൊടുക്കാൻ പോകുകയാണ്, എന്തേലും അന്വേഷണം വന്നാൽ ഞാൻ കൂടി അവരോട് സഹകരിച്ചാൽ അയാളുടെ സർക്കാർ  ജോലി തെറിക്കും. ഇയാൾക്ക് എന്തെങ്കിലും ഒരു ശിക്ഷ ഞാനും കൊടുക്കണ്ടേ സാർ.

മോളേ, നിന്റെ ഭർത്താവിനോട് പ്രതികാരം ചെയ്യാൻ വേണ്ടി അജ്ഞാതരോടു കൂട്ടു കൂടരുത്. അവരുടെ ഉദ്ദേശം നിന്നെ സഹായിക്കുക എന്നതല്ല. അയാളെ ഉപദ്രവിക്കുക എന്നതാണ്. അയാളുടെ ഭാര്യയെ കെണിയിൽ  വീഴ്ത്തിയാലും അയാളെ ഉപദ്രവിക്കുന്ന ഫലം അവർക്കു കിട്ടില്ലേ.

നിനക്കുള്ള പരാതി പറയാൻ നാട്ടിലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക. District Women Protection Officer എന്നൊരു സംവിധാനം കേട്ടിട്ടുണ്ടോ? എല്ലാ കളക്ടറേറ്റിലും ഇങ്ങനെ ഒരു ഉദ്യോഗസ്ഥ ഉണ്ട്. പോലീസും കോടതിയും കൂടാതെ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാവുന്ന സംവിധാനമാണിത്. ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനായതു കൊണ്ട് നടപടിക്ക് പെട്ടെന്ന് ഫലം കിട്ടാനിടയുണ്ട്.

അജ്ഞാതരുടെ കഥകൾ കണ്ണും പൂട്ടി വിശ്വസിക്കരുത്. ഭർത്താവ് മിടുക്കനാണെന്നല്ലേ നീ പറഞ്ഞത്, ഈ അജ്ഞാതൻ നിന്നെ പരീക്ഷിക്കാൻ പുള്ളിക്കാരൻ വിട്ട ആരെങ്കിലും ആണെങ്കിലോ? നേരേ വാ നേരേ പോ എന്ന മാർഗ്ഗം മാത്രമേ എനിക്ക് പറയാനറിയൂ. എന്റെ അഭിപ്രായത്തിൽ അയാൾക്കു വേണ്ടത് നീ വിട്ടുകൊടുത്തേക്കുക. നിനക്ക് വേണ്ടത് എന്താണെന്ന് സ്വയം ആലോചിച്ച് നിശ്ചയിക്കുക. അതിനു വേണ്ട കഴിവും അവസരവും തരണേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കുക.

അയാൾ എന്നെ ചതിച്ചില്ലേ അങ്കിൾ, ഇനി വേറെ ഒരു പെണ്ണിനെ കൂടി അയാൾ ചതിക്കുന്നത്   കാണാൻ ഞാൻ കൂട്ടു നിക്കണോ?

മോളേ, നിനക്ക് സ്വർഗ്ഗ നരക ജംഗ്ഷനിലെ കള്ളനെ പിടിക്കണോ? അതോ സ്വർഗ്ഗത്തിൽ പോകണോ?

ആരാ കള്ളൻ ആരാ സത്യവാൻ എന്നറിയില്ലെങ്കിലും, പോകേണ്ടത് എങ്ങോട്ടാണെന്ന് നിശ്ചയമുണ്ടെങ്കിൽ വഴി കണ്ടു പിടിക്കാൻ മാർഗ്ഗമുണ്ട്.

സ്വർഗ്ഗ നരക ജംഗ്ഷനിൽ നിൽക്കുന്നതിൽ ഒരാളോടു ഇങ്ങിനെ ചോദിക്കുക -
സ്വർഗ്ഗത്തിലേക്കുള്ള വഴി ഏതാണെന്ന് മറ്റേ ആളിനോടു ചോദിച്ചാൽ, അയാൾ ഏതു വഴി കാണിച്ചു തരും - എന്ന്. ചോദിച്ച ആൾ കള്ളനായാലും, സത്യവാനായാലും പ്രശ്നമില്ല, അയാൾ കാട്ടി തരുന്ന വഴി നരകത്തിലേക്ക് ഉള്ളതായിരിക്കും. മറ്റേ വഴിയേ പോയാൽ സ്വർഗ്ഗത്തിലേക്ക് പോകാം.

ഒരു ചോദ്യം കൂടി ചോദി ക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ അതിലെ കള്ളനാരാ സത്യവാനാരാ എന്നു  കൂടി മനസ്സിലാക്കാമായിരുന്നു. പക്ഷേ നമ്മുടെ ലക്ഷ്യം അതല്ല്ല്ലോ. ലക്ഷ്യം മറക്കാതിരിക്കുക, ലക്ഷ്യത്തിൽ എത്താൻ ഉള്ള പ്രവർത്തികളിൽ നിന്നു വ്യതിചലിക്കുകയും അരുത്.

ഭർത്താവിന്റെ ഫോണിലെ അവളുമാരൊക്കെ ആരാ എന്നതാവരുതായിരുന്നു നിന്റെ ലക്ഷ്യം. ഭർത്താവുമായി പൊരുത്തപ്പെട്ട്, സാവധാനം അയാളെ നിന്റെ ആകർഷണ വലയത്തിൽ ആക്കി ജീവിതം ആസ്വദിക്കുക എന്നതായിരുന്നു ലക്ഷ്യം വെക്കേണ്ടിയിരുന്നത്. അതിനി പറഞ്ഞിട്ടു കാര്യമില്ല. മാറ്റാനാവാത്ത ചില സ്വഭാവ വിശേഷങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരുന്നിരിക്കണം.

ഇനി നിനക്ക് എന്തു വേണം എന്നു നിശ്ചയിക്കലാണ് പ്രധാനം. ജീവിതത്തിൽ എന്തായി തീരണം എന്നു ചിന്തിക്കുക. അതിനു തക്ക പ്രവർത്തി മണ്ഡലം തിരഞ്ഞെടുക്കുക. ഉള്ള ജോലിയിൽ തന്നെ കൂടുതൽ മികവും, ജോലിക്കപ്പുറത്തേക്കും കടന്നുള്ള സേവന താല്പര്യവും കാണിക്കുക. നിന്റെ കഴിവും സാമർത്ഥ്യവും  ആത്മാർത്ഥതയും, കഠിനാദ്ധ്വാനവും, ത്യാഗങ്ങളും കൊണ്ട്, ചുറ്റുമുള്ളവരുടെ ബഹുമാനം ആർജ്ജിക്കുക.

മറ്റുള്ളവർ ബഹുമാനം തരുമ്പോൾ നിന്റെ ആകർഷണീയതയും കൂടും. ആളുകൾക്ക് നിന്നോട് താലപര്യവും ഉളവാകും. അങ്ങിനെ സ്നേഹം കണ്ടെത്താൻ നിനക്ക് ഇടയാകും. ചിലപ്പോൾ നിന്നെയും നിന്റെ കഴിവുകളെയും മാനിക്കുന്ന, സ്നേഹിക്കുന്ന ഒരു ജീവിത പങ്കാളിയെയും ലഭിച്ചെന്നു വരും.
When you over analyse others, you start thinking like others.
So beware what and who occupies your mind.

George Kadankavil - February 2018

What is Profile ID?
CHAT WITH US !
+91 9747493248