Back to articles

എന്റെ കല്യാണം മനം കുളിർപ്പിക്കുന്നതാകണം

January 01, 2012

അങ്കിൾ എന്റെ വിവാഹം  ഉറപ്പിച്ചിരിക്കുകയാണ്. നല്ല പയ്യനാണ്, ഞങ്ങൾ തമ്മിൽ നല്ല ഇഷ്ടമായി. ദിവസവും ഫോണിൽ സംസാരിക്കുന്നുണ്ട്. എന്നെപ്പോലെ തന്ന Simple & Straight forward ആണ് പുള്ളിക്കാരനും. വളരെ ലളിതമായ രീതിയിൽ വിവാഹം നടക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ വീട്ടുകാർക്ക് ഇത് വലിയ ആഘോഷമാക്കണം. രണ്ട് വീട്ടിലും ഇനി വേറെ കല്യാണം ഒന്നും നടക്കാനില്ല, അതുകൊണ്ട് ഇത് അടിച്ചു പൊളിക്കണം എന്നാണ് അവരുടെ ആഗ്രഹം.  അവർക്ക് കടപ്പാടുള്ള എല്ലാവരെയും വിളിച്ച് സദ്യകൊടുത്ത് കടപ്പാട് എല്ലാം നിവർത്തിക്കണം എന്നാണ് ഞങ്ങളുടെ മാതാപിതാക്കൾ പറയുന്നത്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ആയിരുന്നു എന്റെ ചേച്ചിയുടെ വിവാഹം. മനസ്സമ്മതത്തിന് എഴുനൂറ് പേരെയാണ് ക്ഷണിച്ചിരുന്നത്. അന്ന് ആ പയ്യൻ പള്ളിയിലെത്താൻ കുറച്ച് താമസിച്ചു. വിളിച്ചിട്ട് മൊബൈൽ കിട്ടുന്നുമില്ല. അപ്പോഴേക്കും ഞങ്ങളനുഭവിച്ച മാനസിക വിഷമം . . . . . .

ഒന്നും പറയേണ്ട!. ഇത്രയും പേരെ ക്ഷണിക്കേണ്ടിയിരുന്നില്ല എന്നുപോലും തോന്നിപ്പോയി. കുറച്ച് വൈകിയെങ്കിലും അവരെത്തി, ചടങ്ങുകൾ മുറപോലെ നടന്നു.

കല്യാണത്തിന് ആയിരം പേരെയാണ് ക്ഷണിച്ചിരുന്നത്. രാവിലെ 5 മണിക്ക് ഞാൻ ചേച്ചിയെയും കൊണ്ട് ബ്യൂട്ടിഷന്റെ അടുത്ത് പോയി. ചേച്ചിയെ ഒരുക്കി അതി മനോഹരിയാക്കി. നടക്കുമ്പോഴും, ഇരിക്കുമ്പോഴും ഒക്കെ ഏതെങ്കിലും സേഫ്റ്റി പിന്നോ, ക്ളിപ്പോ, വലിയുന്ന സ്വരം കേൾക്കും, എന്തെങ്കിലും ഒക്കെ അഴിഞ്ഞു പോയെങ്കിലോ എന്നു കരുതി അനങ്ങാൻ പോലും  പേടിയായി, നാലു മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ തിരികെ വീട്ടിലെത്തിയപ്പോൾ  മുതൽ ഫോട്ടോഗ്രാഫർമാരുടെ കസ്റ്റഡിയിൽ ആയി ചേച്ചി.

ഇടത്തോട്ടൊന്നു മാറിക്കേ, വലത്തോട്ടൊന്നു മാറിക്കേ, മുഖം ചെരിച്ചേ, തല ഉയർത്ത്, കസേരയിൽ പിടിക്ക്, ഇങ്ങോട്ട് നോക്ക്, അങ്ങോട്ട് നോക്ക്, ചിരിക്ക് നടക്ക് സ്തുതി ചൊല്ല് . . . . . . . . .  സർക്കസ്സിലെ റിംഗ് മാസ്റ്ററുടെ ചാട്ട ശബ്ദിക്കും പോലെ  ഫോട്ടോഗ്രാഫർ ക്ളിക്ക് ക്ളിക്ക് ക്ളിക്ക് എന്ന് അടിച്ചുകൊണ്ടേയിരിക്കുന്നു. ലൈറ്റ് ഹൌസിലെപ്പോലെ വീഡിയോഗ്രാഫറും ലൈറ്റുകൾ കറക്കി വീശുന്നു. മുറിയിൽ മുഴുവനും ലൈറ്റും കുടയും കേബിളും സ്റ്റാന്റും കിടുപിടികളും.

അപ്പന്റെയും അമ്മയുടെയും, കാരണവന്മാരുടെയും അനുഗ്രഹം വാങ്ങി കണ്ണും മനസ്സും നിറഞ്ഞ് വികാരഭരിതയായി കല്യാണപന്തലിലേക്ക് ഇറങ്ങേണ്ട നേരത്ത്, ചേച്ചിയുടെ  മനസ്സിൽ ഈ സിനിമാ അഭിനയത്തിന്റെ ടെൻഷൻ ആയിരുന്നത്രെ.

പള്ളിയിൽ ചെന്ന് മിന്നു കെട്ടു കഴിഞ്ഞതോടെ കാര്യങ്ങൾക്ക് ഒരു നിയന്ത്രണം വന്നു. ഫോട്ടോഗ്രാഫർമാർ അപ്രത്യക്ഷരായി. പക്ഷേ, വി. കുർബാന കഴിഞ്ഞതും അവർ വീണ്ടും പ്രത്യക്ഷപ്പെട്ടു. നേർച്ച ഇടലും ഒപ്പിടലും കഴിഞ്ഞ് ഹാളിൽ കയറും മുമ്പ് പെണ്ണിനെയും ചെറുക്കനെയും അവർ തട്ടിക്കൊണ്ടു പോയി. മന്ത്രകോടി മാറിക്കഴിഞ്ഞാൽ  പിന്നെ കല്യാണ വേഷത്തിൽ പെണ്ണിനെ കിട്ടില്ലല്ലോ എന്നാണവരുടെ വെപ്രാളം. ആയിരത്തോളം അതിഥികൾ അക്ഷമരായി ഹാളിൽ കയറാൻ കാത്തു നിൽക്കുകയാണ്. അവരുടെ ക്ഷമ കെടാൻ തുടങ്ങിയപ്പോഴേക്കും, എങ്ങനെയോ വരനെയും വധുവിനെയും അവർ കൊണ്ടു വന്നു.

ഇനി വേദിയിലെ ചടങ്ങുകളാണ്. ഭാഗ്യത്തിന് ആദ്യത്തെ ചടങ്ങ് ഒരു കരിക്കിൻ വെള്ളം കുടിക്കലായിരുന്നു. പക്ഷേ പയ്യന്റെ കുസൃതി കൂട്ടുകാർ ആരോ അതിൽ ഉപ്പു കലർത്തിയാണ് വെച്ചിരുന്നത്. മണിക്കൂറുകൾ നീണ്ട യജ്ഞത്തിന് ശേഷം പരവേശത്തോടെ ഒന്നു തൊണ്ട നനക്കാൻ നോക്കുമ്പോൾ അതും ഒരു ഷോക് ട്രീറ്റ്മെന്റ്. ദോഷം പറയരുതല്ലോ, കുസൃതികൾ കുടിക്കാൻ നല്ല വെള്ളവും വെച്ചിരുന്നു. അക്ഷരാർത്ഥത്തിൽ ചേച്ചി വെള്ളം കുടിച്ചു. എന്നിട്ടും ഇതൊന്നും പുറത്തു കാണിക്കാതെ, ഒരു പ്ളാസ്റ്റിക് ചിരിയും ഫിറ്റുചെയ്ത് സ്റ്റേജിലെ ചടങ്ങുകൾ ഒരുവിധം പൂർത്തിയാക്കി, മന്ത്രകോടി മാറാൻ അണിയറയിലേക്ക് രക്ഷപ്പെട്ടു. എട്ടൊമ്പതു മണിക്കൂർ നേരത്തെ പീഢകൾക്കു ശേഷം ഒന്നു ടോയിലറ്റിൽ പോകാൻ കഴിഞ്ഞത്, കല്യാണം കഴിച്ചതിനേക്കാൾ വലിയ ആശ്വാസം ആയിട്ടുണ്ടാകണം ചേച്ചിക്ക്.

മന്ത്രകോടി മാറി വന്നപ്പോഴേക്കും അതിഥികൾ ഭക്ഷണം കഴിഞ്ഞുവന്ന് ആശംസ പറയാൻ ക്യൂ നിൽക്കുകയാണ്. പെണ്ണും ചെറുക്കനും ഒന്നും കഴിച്ചിട്ടില്ല. ആശംസ പറയാനെത്തുന്നവരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അവർ. ഫോട്ടോ തെളിവാകും എന്നതിനാൽ വന്ന അതിഥികൾക്ക് സ്റ്റേജിൽ കയറി ക്യാമറക്കു മുമ്പിൽ ഹാജർ വെച്ചിട്ടേ പോകാനാകൂ. നീണ്ട ഫോട്ടോ സെഷനു ശേഷം ആളൊന്നൊതുങ്ങിയപ്പോഴാണ് ഇവർക്ക് സ്വന്തം വിവാഹ വിരുന്നിന്റെ ഭക്ഷണം കിട്ടിയത്. പിന്നെയും കുറെ ഫോട്ടോ എടുപ്പ്, അതുകഴിഞ്ഞ് വീട്ടിൽ ചെന്ന് കുറച്ചു ചടങ്ങുകൾ കൂടി. പിന്നെയും കുറെ ഫോട്ടോ, അഞ്ചാറു കിലോ ഭാരമുള്ള ആൽബവും കുറെ സിഡികളും ഒരുലക്ഷം രൂപയോളം ബില്ലും കിട്ടി. പയ്യന്റെ വീട്ടിലും കിട്ടി ഇതുപോലെ ഒരു സെറ്റ്.

രണ്ടു വീട്ടിലുമായി ഒരു നൂറു പേരിൽ താഴെയേ ഈ ആൽബങ്ങൾ കണ്ടിട്ടുള്ളു. വീഡിയോ മുഴുവൻ  കണ്ടവർ ആരും തന്നെ ഇല്ല. ഒരു വർഷം ആയെങ്കിലും ചേച്ചിക്ക് അത് മുഴുവൻ ഒന്നു കാണാൻ ഇതുവരെ സമയം കിട്ടിയിട്ടില്ല. ഇങ്ങനെ കയ്യിലിരിക്കുന്ന കാശു കൊടുത്ത്  Torturing വിലയ്ക്കു വാങ്ങുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലാകുന്നില്ല അങ്കിൾ.

അങ്കിളെ എന്റെ ജീവിതത്തിലെ ഏറ്റവും മോഹിച്ചിരുന്ന സുന്ദര മുഹൂർത്തം ഇങ്ങനെയുള്ള പീഢകൾ കൊണ്ടല്ല അവിസ്മരണീയമാക്കേണ്ടത്.  അത് ഞങ്ങളുടെ മനം  കുളിർപ്പിക്കുന്ന ഒരു  അനുഭവം ആകണം എന്നാണ് എന്റെ ആഗ്രഹം. പങ്കെടുക്കുന്നവർക്ക് എല്ലാം പരസ്പരം ഹൃദ്യമായി ഇടപഴകാൻ സാവകാശം കിട്ടണം. അവരോട് സംവദിക്കാൻ ഞങ്ങൾക്കും സാവകാശം കിട്ടണം. അങ്ങനെ ഒരു സ്വകാര്യ സംഭവം ആയിരിക്കണം എന്റെ വിവാഹം എന്ന് വലിയ മോഹം ഉണ്ട്. അങ്കിളെന്നെ ഒന്നു സഹായിക്കണം, ഞങ്ങളുടെ മാതാപിതാക്കളെ ഞങ്ങൾ  പറഞ്ഞ് സമ്മതിപ്പിക്കാം. പക്ഷേ മറ്റുള്ളവർ ഞങ്ങളെ മനസ്സിലാക്കാൻ വേണ്ടി അങ്കിളിതെക്കുറിച്ച് എഴുതി പ്രസിദ്ധപ്പെടുത്തണം........

എന്റെ അനുഭവത്തിൽ വിവാഹങ്ങൾ ആർഭാടകരമാകുന്നത് വരനോ വധുവോ അതാഗ്രഹിക്കുന്നതു കൊണ്ടു കൂടിയാണ്. Torturing ആയിപ്പോകുന്നത് വിവരക്കേടുകൊണ്ടും. ശരീരത്തിന്റെ ചലനം മുടക്കുന്ന വിധം വേഷം ധരിക്കുന്നതിനു പകരം ഉചിതമായ വേഷവും, അലങ്കാരങ്ങളും ആഭരണങ്ങളും ഉപയോഗിക്കാൻ ബ്യൂട്ടിഷ്യനോട് പറയാമായിരുന്നു. ഫോട്ടോഗ്രാഫറോട് എത്ര ഫോട്ടോ വേണം എന്നും ബജറ്റ് എത്രയാണെന്നും മുൻകൂട്ടി പറയുന്നതിനു പകരം അടിപൊളി ആയിരിക്കണം എന്ന് പറഞ്ഞ് ബ്ളാങ്ക് ചെക്ക് കൊടുക്കുമ്പോൾ അവർ എട്ടും പത്തും കിലോയുള്ള ആൽബം നിർമ്മിക്കാനായി നിങ്ങളെ കൂടുതൽ പീഢിപ്പിച്ചെന്നിരിക്കും.

ഏറ്റവും അടുപ്പമുള്ള ബന്ധുക്കളെയും, തൊട്ടടുത്ത അയൽക്കാരെയും മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ലളിതമായി നടത്തുന്ന വിവാഹങ്ങളിൽ  പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതൊക്കെ വളരെ ഹൃദ്യമായാണ് എനിക്ക് അനുഭവപ്പെട്ടത്. എന്റെ  വിവാഹവും അങ്ങനെ ആയിരുന്നു, അതുകൊണ്ട് സ്വന്തം വിവാഹം ഉള്ളിൽത്തട്ടി ആസ്വദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.

പക്ഷേ, കടപ്പാട് നിവർത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹം ചിലർക്കെങ്കിലും ഒഴിവാക്കാനാവാത്ത കാര്യമാണ്. അങ്ങനെയെങ്കിൽ ദിവ്യ മുഹൂർത്തം സ്വകാര്യമായി നടക്കട്ടെ, മറ്റൊരു ദിവസം റിസപ്ഷൻ നടത്താമല്ലോ. ബ്യൂട്ടിഷ്യനും, ഫോട്ടോഗ്രാഫറും ഒക്കെ ആയി ഒരു പാർട്ടി മൂഡിൽ തന്നെ അത് ആഘോഷിക്കാം. നവദമ്പതികൾക്ക് ടെൻഷനില്ലാതെ സ്വന്തം വിവാഹ പാർട്ടി ആസ്വദിക്കാൻ ഇതേ പോംവഴിയുള്ളു.

മോളെ, നീ പറഞ്ഞ കാര്യങ്ങൾ ഞാൻ എഴുതി പ്രസിദ്ധപ്പെടുത്താം. മറ്റുള്ളവർ ആക്ഷേപിക്കുമോ എന്ന് ഭയന്ന് നിന്റെ ബോദ്ധ്യങ്ങൾ ബലികഴിക്കേണ്ട.  വിവാഹം കഴിക്കുന്ന പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്നത്ര ലളിതമായി വിവാഹം നടത്താൻ നിങ്ങളുടെ ഈഗോയുടെ അനുവാദം മാത്രമേ വേണ്ടതുള്ളു. നിങ്ങൾ രണ്ടുപേരും കൂടി ആലോചിച്ചിട്ട് ഇക്കാര്യത്തിൽ യോജിപ്പുണ്ടെങ്കിൽ ധൈര്യമായിത്തന്നെ നിങ്ങളുടെ വിവാഹം ഈ വിധം ലളിതമായും പവിത്രമായും ഏറ്റം വേണ്ടപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ നിർവഹിക്കുക. ആകാശം ഇടിഞ്ഞു വീഴുകയില്ല..

George Kadankavil - January 2012

What is Profile ID?
CHAT WITH US !
+91 9747493248