Back to articles

നോക്കണേ അവന്റെ ഒരു ഗമണ്ട് ! !

January 01, 2013

ഒരു കൊമ്പനാന മദമിളകി ചിന്നം വിളിയുമായി കാട് വിറപ്പിച്ച് നടക്കുകയാണ്. ചെറിയ മൃഗങ്ങളെല്ലാം അവന്റെ പാതയിൽ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്നു. പെട്ടന്നതാ മുന്നിലൊരു സിംഹം! ആന പാഞ്ഞുചെന്ന് സിംഹത്തിന്റെ വഴി തടഞ്ഞുകൊണ്ട് ചോദിച്ചു, എടോ തനിക്ക് എന്റെ അത്രയും വലുപ്പം ഉണ്ടോ ?

സിംഹം ആനയെ ഒന്നു നോക്കി, മദപ്പാട് ആണെന്നു മനസ്സിലാക്കി ഒന്നും മിണ്ടാതെ സിംഹത്തിന്റെ വഴിക്കുപോയി.

കുറച്ചു കഴിഞ്ഞപ്പോൾ ആന ഒരു കടുവയെ കണ്ടു.

എന്തെടോ കടുവേ തനിക്ക്  എന്റെ അത്രയും വലുപ്പം ഉണ്ടോ ?

വെറുതെ പണിയുണ്ടാക്കല്ലേ - എന്ന ഭാവത്തിൽ ആനയെ നോക്കി, ഗ്ർർ എന്ന് അലറിയിട്ട് കടുവ അതിന്റെ വഴിക്ക് പോയി.

അപ്പോഴാണ് മാളത്തിൽ നിന്നും തല പുറത്തേക്കിട്ട് കാഴ്ച കണ്ടിരിക്കുന്ന ഒരെലിയെ ആന കാണുന്നത്. എടാ പെരുച്ചാഴി നിനക്ക് എന്റത്രേം വലുപ്പമുണ്ടോടാ ?

ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കണ്ട എന്നു പറയുന്നതു പോലെ മാളത്തിലിരിക്കുന്ന എലിക്ക് ആനയെ പേടിക്കണ്ടല്ലോ, ആന യുടെ മുഖത്ത് നോക്കി എലി പറഞ്ഞു, എടാ ആനത്തടിയാ ഞാനിപ്പോൾ ഡയറ്റിംഗിലാ അതാ നിന്റത്രേം വലുപ്പം ഇല്ലാത്തത്, അല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു.

എലിയാണെങ്കിലും നോക്കണേ അവന്റെ ഒരു ഗമണ്ട്.

"Matching Qualification and it's Implication in Marriage Alliance" ഇതായിരുന്നു കഴിഞ്ഞ സംഗമത്തിൽ വിവാഹാർത്ഥികൾക്ക് ആശയ വിനിമയത്തിനു കൊടുത്ത വിഷയം. വളരെ പ്രായോഗികമായ കാഴ്ചപ്പാടുകളാണ് നമ്മുടെ കുട്ടികളുടെ അഭിപ്രായങ്ങളിൽ പ്രകടമായത്.

വിദ്യാഭ്യാസയോഗ്യതകളല്ല വിവാഹ ജീവിതത്തിന്റെ അളവുകോലെന്ന് എല്ലാ വിവാഹാർത്ഥികളും എെക്യകണ്ഠേന അഭിപ്രായപ്പെട്ടു.

ഭാര്യയുടേത്, ഭർത്താവിന്റേത് എന്ന് ഉത്തരവാദിത്വങ്ങൾ തരം തിരിക്കാതെ സാഹചര്യത്തിന് അനുസരിച്ച് ഉത്തരവാദിത്വങ്ങൾ പങ്ക് വെയ്ക്കാനും, ഏറ്റെടുക്കാനും, ആത്മാർത്ഥമായി അത് നിർവഹിക്കാനും ഉള്ള സന്മനസ്സാണ് കുടുംബജീവിതം വിജയിപ്പിക്കാൻ പങ്കാളികൾക്ക് വേണ്ടതെന്ന് നമ്മുടെ കുട്ടികൾക്ക് നന്നായി അറിയാം എന്ന് ഈ ചർച്ച കൊണ്ട് എനിക്ക് ബോദ്ധ്യമായി.

വലിയ സാങ്കേതിക ജ്ഞാനമല്ല, മറിച്ച് നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പോലും ഉചിതവും, പ്രായോഗികവും , കുടുംബത്തിന് സ്വീകാര്യവുമായ, തീരുമാനങ്ങളെടുക്കാനുള്ള "Common sense and Presence of Mind" ആണ് ഗൃഹനാഥനും ഗൃഹനാഥയ്ക്കും വേണ്ട ഏറ്റവും പ്രധാന യോഗ്യത എന്നും കുട്ടികൾ അഭിപ്രായപ്പെട്ടു.

ഒരാൾ ക്ഷീണിക്കുമ്പോൾ മറ്റേയാൾസ്വാഭാവികമായി ഏറ്റെടുക്കുന്ന "Complimenting each other" മനോഭാവവും, ആ വിശ്വാസത്തോടെയുള്ള പ്രവർത്തികളുമാണ് ഒരു കുടുംബത്തെ മാതൃകാ കുടുംബം ആക്കുന്നത് എന്നും കുട്ടികൾ കണ്ടെത്തി.

ഇതൊക്കെയാണെങ്കിലും - ഭാര്യയെക്കാൾ വിദ്യാഭ്യാസം കുറവാണ് ഭർത്താവിനെങ്കിൽ, ഭാവിയിൽ ഈഗോ ക്ളാഷ് ഉണ്ടായേക്കും എന്ന് പറഞ്ഞ് കേട്ടിരിക്കുന്നത്, ഒരു വിഷമസന്ധി ആയി തന്നെ കുട്ടികൾ കണക്കാക്കി യിരിക്കുന്നു. അതിനാലാണ് ഈ കഥ ഞാൻ ഇവിടെ പറയുന്നത്.

ഈഗോ അഥവാ അഹംഭാവം; ഏതൊരു മനുഷ്യനും ജീവിച്ചിരിക്കുന്ന കാലത്തോളം; ഞാനെന്നഭാവം (അഹംഭാവം) കൂടിയേ തീരു. അഹംഭാവം മോശം കാര്യമല്ല.
"നിനക്ക് ഞാനില്ലേ" (മേ ഹൂം നാ) എന്ന ഭാവത്തിന് എന്താ ഒരു ശക്തി എന്നാലോചിച്ചു നോക്കിക്കേ.

ഇത്തരം ഈഗോ നല്ലതാണ്. ആവശ്യമാണ്. എന്റെ കുടുംബം, എന്റെ ഭാര്യ, എന്റെ മക്കൾ, എന്റെ അപ്പൻ, എന്റെ അമ്മ, എന്റെ ജോലി, എന്റെ സ്വത്ത്, എന്റെ പ്രിയപ്പെട്ടവർ - മനുഷ്യർ ഇങ്ങിനെയൊക്കെ ചിന്തിക്കുന്നവർ ആയതിനാലാണ് ഇവിടെ സിവിലൈസേഷൻ ഉണ്ടായതും, നിലനിൽക്കുന്നതും, മെച്ചപ്പെടുന്നതും.

ഞാൻ മാത്രം - എന്റെ മാത്രം - എന്നെപ്പോലെ - എന്നെക്കാളുപരി - എന്നൊക്കെ ചിന്തിക്കാൻ തുടങ്ങുമ്പോഴാണ് മനുഷ്യന് മദം പൊട്ടുന്നത്. അങ്ങനെ മദം പൊട്ടി നമ്മുടെ വലുപ്പം പത്തു പേരെ കാണിക്കാനായി ചിന്നം വിളിച്ച് നാടും കാടും കുലുക്കി ഇറങ്ങി പുറപ്പെട്ടാൽ, സിംഹവും കടുവയും ഒക്കെ നമ്മളെ പുച്ഛച്ചിട്ട് അവരുടെ വഴിക്ക് പോയെന്നിരിക്കും.
പക്ഷെ വല്യ വലുപ്പമൊന്നും ഇല്ലാതെ മാളത്തിൽ കഴിയുന്ന ഏതെങ്കിലും എലി തിരികെയും ഒരു പൂശു തന്നെന്നിരിക്കും.

ചുരുക്കി പറഞ്ഞാൽ ഈഗോ അസ്ഥാനത്ത് പ്രകടിപ്പിക്കു മ്പോഴാണ് ക്ളാഷ് ആകുന്നത്.

ഒരാളുടെ Qualification ന്റെ റിസൽട്ടല്ല മറിച്ച് അയാളുടെ Attitude ന്റെ റിസൽട്ടാണ് ഇത്തരം ക്ളാഷുകൾ.
വിദ്യാഭ്യാസ യോഗ്യതയുമായി ഇതിനു വലിയ ബന്ധമൊന്നുമില്ല. ദമ്പതികൾക്കിടയിൽ ക്ളാഷ് വരുമ്പോൾ പൊരുതാൻ ഉപയോഗിക്കുന്ന ഒരു ആയുധം മാത്രമാണ് വിദ്യാഭ്യാസത്തിലെ അന്തരം.
ചിലരത് വാളാക്കും, ചിലരത് പരിചയാക്കും. ചിലരുടെ വിട്ടുകാർ ഈ അന്തരത്തെക്കുറിച്ച് പറഞ്ഞ്; പറഞ്ഞ്; വഷളാക്കാറുമുണ്ട്.

ഈഗോ ക്ളാഷ് എന്ന് പറയപ്പെടുന്ന ഇത്തരം ദമ്പതിമാരുടെ വിദ്യാഭ്യാസം, ഇനി തുല്യമാക്കിയാലും ക്ളാഷ് ഒഴിവാകുമായിരുന്നില്ല, കാരണം ഇവരുടെ ബന്ധം; ഹൃദയങ്ങൾ തമ്മിലായിരുന്നില്ല.
മറിച്ച് ബുദ്ധിയുടെ കണക്കു കൂട്ടലുകളുടെ ഫലമായി സംഭവിച്ച ഒരു ചടങ്ങ് മാത്രമായിരുന്നു. അത് ക്രമേണ അസംബന്ധം ആയി മാറിപ്പോയി.
പ്രായോഗിക ബുദ്ധിയുള്ളവർ ആയിരുന്നെങ്കിൽ, ഇത്തരം സന്ദർഭങ്ങളിൽ വാശി വെടിഞ്ഞ് അവസരത്തിനൊത്ത് ഉയർന്ന് ക്ളാഷ് ന്യൂട്രലൈസ് ചെയ്യുമായിരുന്നു.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ നേടിയ പെൺകുട്ടികളുടെ എണ്ണത്തെക്കാൾ വളരെ കുറവാണ് തുല്യ യോഗ്യതയുള്ള ആൺ കുട്ടികളുടെ എണ്ണം എന്നത്, നമ്മുടെ നാട്ടിലെ ഒരു വസ്തുതയാണ്. അതുപോലെ തന്നെ ഗ്രാജുവേഷനിൽ താഴെ വിദ്യാഭ്യാസമുള്ള ആൺകുട്ടികളുടെ എണ്ണം അതേ വിദ്യാഭ്യാസമുള്ള പെൺകുട്ടികളുടെ എണ്ണത്തെക്കാൾ വളരെ കൂടുതലാണ്, എന്നതും വിഷമിപ്പിക്കുന്ന ഒരു വസ്തുതയാണ്.
ആൺകുട്ടികൾ പലരും ഉന്നത വിദ്യാഭ്യാസം വേണ്ടെന്നു വെച്ച് പെങ്ങന്മാരെ പഠിപ്പിക്കാൻ സഹായിച്ചു. ഇപ്പോൾ നാട്ടിൽ ഈ പഠിച്ച പെണ്ണുങ്ങൾക്കു പറ്റിയ പഠിത്തമുള്ള ചെക്കന്മാരുമില്ല, ഈ ചെക്കന്മാർക്കു പറ്റിയ പഠിത്തമുള്ള പെണ്ണുങ്ങളുമില്ല.

ഇത് ഇന്ന് പല കുടുംബങ്ങളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രതി സന്ധി തരണം ചെയ്യണമെങ്കിൽ നമ്മുടെ മനോഭാവം മാറ്റിയേ മതിയാകൂ.

പറ്റിയ പെണ്ണിനെയോ, ചെറുക്ക നെയോ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിച്ചെടുത്ത് ഈ പിള്ളേരുടെ വിവാഹം നടത്തിക്കാൻ ആർക്കും സാധിക്കില്ല. ഉള്ള പെണ്ണും ചെക്കനും തമ്മിൽ പൊരുത്തപ്പെടാൻ സഹായിക്കുന്ന മനോഭാവം വളർത്തി, അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതു മാത്രമാണ് പോംവഴി.

വിദ്യാഭ്യാസ യോഗ്യതയിലെ ഏറ്റക്കുറച്ചിൽ അല്ല ഈഗോ ക്ലാഷിന്റെ കാരണം എന്ന് നാമെല്ലാം മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വിവാഹാർത്ഥികളോടും ഒരു വാക്ക്- ബുദ്ധിയും മനസ്സും സൂത്രക്കാരാണ്. - അവ സംശയിക്കും, കണക്ക് കൂട്ടും, പരിഭാഷകൾ നടത്തും, കൃത്യമായ തെളിവില്ലാതെ ബുദ്ധി ഒന്നും വിശ്വസിക്കില്ല. മനസ്സ് ഏതു കാര്യത്തിനും അർത്ഥവും അന്തരാർത്ഥവും, അനർത്ഥങ്ങളും കണ്ടുപിടിക്കും.
മിക്കപ്പോഴും വ്യക്തി ബന്ധങ്ങൾ വഷളാകുന്നത് മറ്റേയാളുടെ പ്രവർത്തികളെ സംശയപൂർവ്വം വിശകലനം ചെയ്യുമ്പോഴല്ലേ ?

അതിനാൽ നിങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ, അന്തിമ തീരുമാനം എടുക്കുന്നത് നിങ്ങളുടെ ഹൃദയം കൊണ്ട് ആയിരിക്കണം.

ഹൃദയത്തിൽ എെക്യപ്പെട്ട പങ്കാളിയുമായി എന്തെങ്കിലും ക്ളാഷ് ബുദ്ധിയിൽ ഉണ്ടായാലും അത് ഹൃദയത്തിൽ അലിഞ്ഞു പൊയ്ക്കൊള്ളും.

ബുദ്ധിക്ക് പോലും നിരക്കാത്ത ആഴമുള്ള വിശ്വാസം അതാണ്  ഹൃദയത്തിന്റെ ശൈലി. അനിർവചനീയമായ അനുഭവം ആണത്.

So listen to the Heart and Go with the Heart.

George Kadankavil

What is Profile ID?
CHAT WITH US !
+91 9747493248