Back to articles

കളളസാക്ഷ്യത്തിനല്ലേ കടുത്തശിക്ഷ വേണ്ടത് ?

February 01, 2013

എനിക്കൊരു ഡിബേറ്റിന് പറയാൻ കുറച്ച് പോയിന്റ്സ് വേണമായിരുന്നു എന്നു പറഞ്ഞാണ് ഒരു പെൺകുട്ടി എന്നെ വിളിക്കുന്നത്. മാനഭംഗത്തിന് വധശിക്ഷ നൽകണമോ എന്ന വിഷയത്തിലാണത്രെ ഡിബേറ്റ്.

മോളെ, നിയമത്തിന്റെ നൂലാമാലകളും, നിയമം നടപ്പാക്കുന്നവരുടെ പ്രാപ്തികളും പരിമിതികളും, നിയമം കൈകാര്യം ചെയ്യാത്തവർക്ക് മനസ്സിലാകണമെങ്കിൽ, ഒന്നുകിൽ അവർക്ക് നിയമം ലംഘിച്ച പരിചയം വേണം, അല്ലെങ്കിൽ നിയമലംഘനത്തിന് ഇരയായ അനുഭവം വേണം. അതില്ലാത്തവർ ഇത്തരം ചർച്ചയിൽ വിദഗ്ദ്ധ നിർദ്ദേശങ്ങൾ പറയേണ്ടതില്ല. നിങ്ങളുടെ ആശംങ്കകളും, നിങ്ങൾ കാണുന്ന വൈരുദ്ധ്യങ്ങളും, അതൊഴിവാക്കാൻ സഹായിച്ചേക്കാവുന്ന നടപടികളുമാണ് മോൾ അവതരിപ്പിക്കേണ്ടത്.

ചർച്ചയിൽ നിന്നും നിയമ നിർമ്മാണത്തിന് പ്രസക്തി ഉള്ള എന്തെങ്കിലും ആശയം ഉരുത്തിരിഞ്ഞാൽ, അത് നിയമം നിർമ്മിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ നടപടി ഉണ്ടാക്കാൻ ശ്രമിക്കണം.

ചർച്ചക്കുചെല്ലുമ്പോൾ നീ മനസ്സിൽ കരുതേണ്ട ചില കാര്യങ്ങൾ പറയാം.

ഈ ചർച്ചക്ക് ആസ്പദമായ സംഭവം കടുത്ത ശിക്ഷ കൊടുക്കേണ്ട ക്രൂരമായ കുറ്റകൃത്യമാണ് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി ഇതാവർത്തിക്കുന്നത് നിരുത്സാഹപ്പെടുത്താൻ സഹായകരമാകണം.

ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നാൽ എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് അറിവും കഴിവും നേടാൻ ചർച്ച സഹായകരമാകണം.

കാടുകയറി ചർച്ച ചെയ്ത് സ്ത്രീയും പുരുഷനും ശത്രുക്കളാണെന്നു വരുത്തരുത്.

സ്ത്രീത്വത്തിന്റെ മൂല്യത്തെയും, സ്ത്രീയുടെ പരിമിതികളെയും കുറ്റവാളികളിൽ നിന്ന് സംരക്ഷിക്കാനാണ് മാർഗ്ഗം തേടേണ്ടത്. കുറ്റവാളികൾക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല എന്ന് മറക്കരുത്.

കാലം പുരോഗമിക്കും തോറും, കുറ്റകൃത്യങ്ങളുടെ ഭീകരത വർദ്ധിച്ചു വരുന്നതു കാണുമ്പോൾ ശിക്ഷ ചെറുതായതു കൊണ്ടാണോ ഇങ്ങിനെ സംഭവിക്കുന്നത്, ശിക്ഷയുടെ ഭീകരതയും വർദ്ധിപ്പിക്കേണ്ടതില്ലേ എന്നു ചിന്തിച്ചു പോകുന്നത് നമ്മുടെ മനസ്സിന്റെ കാഠിന്യവും വർദ്ധിച്ചുവരുന്നതു കൊണ്ടായിരിക്കാം.

കുറ്റം രേഖപ്പെടുത്തുന്നതിനും, തെളിയിക്കുന്നതിനും, ഒരു വിധി ഉണ്ടാകുന്നതിനും അത് നടപ്പിലാക്കുന്നതിനും എല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്ന മെനക്കേട്, ദുഷ്പേര്, അവിശ്വാസം, അനാസ്ഥ, അഴിമതി, കാലതാമസം ഇവയല്ലേ നമ്മളെ അസ്വസ്ഥരാക്കുന്നത് ?

ഇതേക്കുറിച്ചു കേൾക്കുന്ന വൈരുദ്ധ്യം നിറഞ്ഞ വാർത്തകളിലെ സ്ഥാപിത താൽപര്യങ്ങളല്ലേ സമൂഹത്തിന്റെ നീതിബോധം തന്നെ നഷ്ടപ്പെടുത്തുന്നത് ?

സത്യം എന്താണെന്ന് വെളിപ്പെടുന്നില്ല എന്നതല്ലേ ഇതിന്റെയെല്ലാം മൂലകാരണം ?

സത്യം പറഞ്ഞിട്ടും, അത് തെളിയിക്കാൻ സാധിക്കാതെ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ലേ ?
അവരിൽ പലരും പിന്നീട് കൊടിയ കുറ്റവാളികളായിട്ടില്ലേ ?

മനുഷ്യർ കള്ളം പറയുന്നതു കൊണ്ടല്ലേ പലപ്പോഴും സത്യം വെളിപ്പെടാത്തത്.

അങ്ങിനെയെങ്കിൽ കള്ളം പറയുന്നതിനും കള്ളസാക്ഷ്യം പറയുന്നതിനും അല്ലേ കടുത്ത ശിക്ഷകൾ ഏർപ്പെടുത്തേണ്ടത് ?

കള്ളം പറയുന്നത് കണ്ടുപിടിക്കാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ പലതുണ്ട് ഇക്കാലത്ത്. വിദഗ്ദ്ധരുടെ പരീക്ഷണത്തിന്റെ ഫലം പരിഭാഷപ്പെടുത്തിയാണ് ഇതിൽ കള്ളം നിശ്ചയിക്കപ്പെടുന്നത്.
പക്ഷേ ആ വിദഗ്ദ്ധർ പറയുന്നതിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെട്ടാലോ ?

പണ്ട് രാജഭരണ കാലത്ത് തിളച്ച എണ്ണയിൽ കൈമുക്കുന്ന പരീക്ഷകൾ നടന്നിരുന്നതായി വായിച്ചിട്ടുണ്ട്. അക്കാലത്തിൽ നിന്നും ശാസ്ത്രം എത്ര പുരോഗമിച്ചു. എങ്കിലും, ഇന്നും കള്ളം പറയുന്നതും , സത്യം പറയുന്നതും തെളിയിക്കാൻ സാധാരണക്കാർക്ക് പ്രാപ്യമായ വിശ്വസനീയ മാർഗ്ഗം ഒന്നുപോലുമില്ല.
പ്രപഞ്ചം കീഴടക്കി എന്ന് ഊറ്റം കൊള്ളുന്ന മനുഷ്യവർഗ്ഗത്തിന് ഒരു വലിയ പോരായ്മയായി ഇത് ഇന്നും നിലനിൽക്കുന്നു.

നീ ശാസ്ത്ര വിദ്യാർത്ഥിനിയല്ലേ ? കള്ളം കണ്ടുപിടിക്കാനുള്ള ലളിത മാർഗ്ഗം കണ്ടുപിടിക്കും എന്ന വാശിയോടെ പഠിക്കാനും , പ്രവർത്തിക്കാനും ഈ ചർച്ച ചിലപ്പോൾ നിനക്കൊരു നിമിത്തമായേക്കാം.

ഒരു കുറ്റകൃത്യം എങ്ങിനെയാണ് സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കുന്നത് എന്ന് ചിന്തിച്ചു നോക്കണം. അസാധാരണത്വം കൊണ്ടോ, ഉന്നത വ്യക്തികൾ ഉൾപ്പെട്ടതു കൊണ്ടോ, ഉയർന്ന തോതിലുള്ള നാശങ്ങൾ കൊണ്ടോ, സമൂഹത്തിനാകെ അരക്ഷിതത്വം ജനിപ്പിക്കുന്നതിനാലോ ഒക്കെയാണ് ചില കുറ്റകൃത്യങ്ങൾ കോളിളക്കം സൃഷ്ടിക്കുന്നത്.

സ്തോഭജനകമായ ഒരു സംഭവത്തിന് സമൂഹത്തിന്റെ ശ്രദ്ധ ലഭിക്കുന്നതിനാൽ വാർത്തകൾ വിപണനം ചെയ്യുന്നവർ അപകടങ്ങൾക്കും , കുറ്റകൃത്യങ്ങൾക്കും , ഭയാശങ്കകൾക്കും കൂടുതൽ പ്രാധാന്യം കൊടുത്തു പ്രചരിപ്പിക്കും. കോളിളക്കം സൃഷ്ടിക്കാവുന്ന എന്തെങ്കിലും കണ്ടെത്തി മുതലെടുക്കാൻ ഇവിടെയും ശ്രമം നടക്കാം.

ഒരു സംഭവം വിവാദമാക്കി അതു കൊണ്ട് പ്രയോജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ഇനിയുമുണ്ട്. ആരോടെങ്കിലുമുള്ള വിരോധം തീർക്കാനോ, രാഷ്ട്രീയ നേട്ടത്തിനോ, കച്ചവടലാഭം കണ്ടിട്ടും ഒക്കെ സംഭവം വിവാദമാക്കി, കുളം കലക്കി മീൻ പിടിക്കാൻ അവരും ശ്രമിക്കും.

കൃത്യത്തിൽ പങ്കില്ലെങ്കിലും അന്വേഷണം കൊണ്ട് ദോഷം സംഭവിക്കുന്ന ചിലരും ഉണ്ടാവാം. ഒരു കേസ് അന്വേഷിക്കുമ്പോൾ വേറെ കേസിലെ പ്രതികളെ പിടികിട്ടി എന്നൊക്കെ വാർത്തകൾ വായിച്ചിട്ടില്ലേ. ഇവരും പുകമറകൾ സൃഷ്ടിച്ച് ശ്രദ്ധതിരിക്കാൻ ശ്രമിക്കും.

വാർത്തകൾ വിപണനം ചെയ്യുന്നവർക്ക് ഇതെല്ലാം വിൽപ്പന വസ്തുവാണ്. അതു പ്രചരിപ്പിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ് അവരും.

തെറ്റും ശരിയും , നന്മയും തിന്മയും ഒക്കെ വേർതിരിക്കാനാവാത്ത വിധം മായം കലർന്ന വാർത്തകൾ, കണ്ടും കേട്ടും വായിച്ചും, സമൂഹത്തിൽ പൊതുവേ മനസ്സിന് മാർദ്ദവം നഷ്ടപ്പെട്ടിട്ടുണ്ടാവണം. അതിനാലായിരിക്കണം മാനഭംഗത്തിന് വധശിക്ഷ വേണം എന്ന മുറവിളി ഇപ്പോൾ ഉയരുന്നത്.

വധശിക്ഷ - വധശിക്ഷ - എന്നു മുറവിളി കൂട്ടുന്നത്, അവനെ കൊല്ലണം എന്ന് ജനങ്ങൾ കൂട്ടം കൂടിനിന്ന് ആക്രോശിക്കുന്നതു പോലെയാണ്. ഇത് കൂടുതൽ ക്രൂരമായി തിരിച്ചടിക്കാനല്ലേ ആ കുറ്റവാളിയെ പ്രേരിപ്പിക്കുക?

ഇങ്ങിനെ ആക്രോശിക്കുന്നവരും ഒരു കുറ്റവാളിയും തമ്മിൽഎന്താണ് വ്യത്യാസം ? ഇത് പ്രേരണകുറ്റമല്ലേ ? സമൂഹത്തിന്റെ ഇത്തരം ഹൃദയ കാഠിന്യം ആയിരിക്കില്ലേ കൂടുതൽ കുറ്റവാളികളെ സ്രഷ്ടിക്കുന്നത്?

എന്തു ശിക്ഷ നൽകണം എന്ന ചർച്ചയാണ് കൂടുതൽ അഭികാമ്യം. ഈ ചർച്ചകൾ അഭിപ്രായം പറഞ്ഞ് സ്വയം മുറിവുണക്കാനായി നമുക്കുള്ള ഒരു തെറാപ്പിയാണ്. ഇതിന് വളരെ പ്രസക്തിയുണ്ട്. ചിന്തിക്കാനും, സ്വയം ബോധവത്കരണത്തിലൂടെ സാമൂഹ്യ ബോധവത്കരണവും, അഭിപ്രായ സമന്വയവും സൃഷ്ടിക്കാൻ ഈ ചർച്ചകൾ അത്യാവശ്യമാണ്.

എല്ലാത്തരം കുറ്റവാളികളെയും കൂടി ഒന്നിച്ച് ഒരേ ജയിലിൽ പാർപ്പിച്ച് ശാരീരികമായി പീഢിപ്പിച്ച് ശിക്ഷിച്ചു കൊണ്ടിരിക്കുന്നത് പ്രതികൂല ഫലം സൃഷ്ടിക്കുന്നു എന്നാണ് എന്റെ അഭിപ്രായം.
ആദ്യമായി ശിക്ഷിക്കപ്പെടുന്ന ഒരു കുറ്റവാളിയെ, സ്ഥിരം കുറ്റവാളികളുടെ ഇടയിൽ താമസിപ്പിച്ച്, ശിക്ഷകൾ അനുഭവിക്കാൻ ശീലിപ്പിച്ച് കൂടുതൽ ഹൃദയ കാഠിന്യമുള്ള കുറ്റവാളി ആക്കുന്ന Residential Criminal Training School ആയി ജയിലുകൾ മാറുന്നത് ഒരു സാമൂഹ്യ ദുരവസ്ഥയാണ്.

കുറ്റകൃത്യം ചെയ്തവരുടെ മനോഭാവത്തിനാണ് മാറ്റം വരേണ്ടത്. അതിനാൽ ആദ്യ കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന എല്ലാ കുറ്റവാളികൾക്കും ശിക്ഷക്കുപകരം ഒരു തിരുത്തൽ സംവിധാനം ഒരുക്കുകയാണ് വേണ്ടത്.

ചിട്ടയും നിഷ്ഠയും ശീലിക്കാൻ സാധിക്കുന്ന, യോഗ, ധ്യാനം, ഏകാന്തത, വ്യായാമം, അദ്ധ്വാനം തുടങ്ങിയ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള ഒരു ജീവിത ക്രമത്തിലേക്ക് ഒരു വർഷം അവരെ വിടുക. നന്മയും തിന്മ തിരിച്ചറിയാനും, നേരായ വഴിയിലൂടെയുള്ള ഉപജീവിതത്തിനും അവരെ പ്രാപ്തരാക്കുന്ന ഒരു പരിശീലന കളരി ആയി പ്രാഥമിക ജയിലുകൾ രൂപാന്തരപ്പെടുത്തണം. ഒരു വർഷത്തെ പരിവർത്തന പരിശീലനത്തിനു ശേഷം നിരീക്ഷണ വിധേയരായി അവരെ സ്വതന്ത്രരാക്കണം.

മാറ്റത്തിന് അവസരം കൊടുത്തിട്ടും മാറാൻ സാധിക്കാത്തവരെന്ന് നിരീക്ഷണത്തിൽ ബോധ്യമായവരെ മാത്രം ശിക്ഷയുടെ ശേഷകാലം സാധാരണ ജയിൽ വാസത്തിനു വിടുക.

സ്വതന്ത്രമായി ജീവിക്കാൻ അനുവദിച്ചാൽ മറ്റനേകം പേർക്ക് ജീവനാശം വരുത്തും എന്ന അവസ്ഥയിലുള്ള കുറ്റവാളി ആണെങ്കിൽ വധശിക്ഷയും പരിഗണിക്കാവുന്നതാണ്.

മോളിങ്ങനെയൊക്കെ ചർച്ചയിൽ പറഞ്ഞാൽ, എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്ന് മറ്റുള്ളവർ പരിഹസിച്ചേക്കാം. പക്ഷേ എന്തെങ്കിലും മാറ്റം ആരെങ്കിലും സ്വപ്നം കാണുകയും, അതു പങ്കുവെക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തെങ്കിലേ അത് എപ്പോഴെങ്കിലും യാഥാർത്ഥ്യമായി തീരൂ.

അടുത്ത കാലത്ത് മാർ ക്രിസോസ്റ്റം തിരുമേനി ഒരു ജയിൽ സന്ദർശിക്കാൻ ചെന്നു. അദ്ദേഹം തടവുകാരോട് ഇങ്ങനെ പറഞ്ഞു, ''നിങ്ങൾ പിടിക്കപ്പെട്ടു അതിനാൽ അകത്തു കഴിയുന്നു. ഞാൻ പിടിക്കപ്പെട്ടില്ല അതിനാൽ പുറത്തു കഴിയുന്നു. നിങ്ങളും ഞാനും തമ്മിൽ ഇത്രേ ഉള്ളൂ വ്യത്യാസം''.

ഒരു തലനാരിഴയുടെ വ്യത്യാസത്തിനാണ് കുറ്റവാളി എന്നു മുദ്ര കുത്തപ്പെടാതെ നമ്മൾ പുറത്ത് കഴിയുന്നത്. ധാരാളം കള്ളം പറയുന്ന, കള്ള സാക്ഷ്യവും കാപട്യവും കൊണ്ട് അർഹതയില്ലാത്തത് അനുഭവിക്കുന്ന, ഏത് ക്രൂരകൃത്യവും എപ്പോൾ വേണമെങ്കിലും ചെയ്തേക്കാവുന്ന ഒരു മൃഗം ഒളിഞ്ഞും തെളിഞ്ഞും എല്ലാ മനുഷ്യരുടെയും ഉള്ളിലുണ്ട്.

ഞാൻ മാറിയെങ്കിലേ സമൂഹം മാറുകയുള്ളൂ. ഒരു കള്ളമെങ്കിലും പറയാതെ ഒരു ദിവസം പോലും മുന്നോട്ട് നീക്കാൻ സാധിക്കാത്ത ഇക്കാലത്ത്, ഇനി ഞാൻ കള്ളം പറയില്ല, തെറ്റ് ചെയ്യില്ല എന്ന് സ്വയം പ്രതിജ്ഞ എടുക്കുന്നത് ഒരു നല്ല തുടക്കമാകും എന്നുപറഞ്ഞ് മോൾക്ക് ചർച്ച അവസാനിപ്പിക്കാം.

All The Best.
George Kadankavil

What is Profile ID?
CHAT WITH US !
+91 9747493248