Back to articles

ഒറ്റക്കാലൻ കൊക്ക്

March 25, 2017

അങ്കിളേ ഈ ആണുങ്ങളൊക്കെ ഭയങ്കര പിശുക്കന്മാരാണോ? അല്പം ഇടറിയ സ്വരത്തിലാണ് ഒരു പെൺകുട്ടി ഫോണിൽ വിളിച്ച് ഇതു ചോദിക്കുന്നത്.

ഒരു Pandora's box തുറക്കാൻ പോകുന്ന പ്രതീതി തോന്നിയതിനാൽ ഞാൻ തിരിച്ചു ചോദിച്ചു;

മോൾക്ക് എത്ര പിശുക്കന്മാരെ പരിചയമുണ്ട്?

എനിക്ക് ഒരു പിശുക്കനെയേ അറിയൂ അതെന്റെ ഭർത്താവാണ്.

എങ്കിൽ നമുക്ക് നിന്റെ ഭർത്താവിന്റെ പിശുക്കിനെ കുറിച്ച് സംസാരിക്കാം. പുരുഷ വർഗ്ഗത്തെയും സ്ത്രീ വർഗ്ഗത്തെയും ക്ളാസിഫിക്കേഷൻ നടത്തുന്നത് ആ വിഷയത്തിൽ ഗവേഷണം ചെയ്യുന്നവർക്ക് വിട്ടു കൊടുത്തേക്കാം.

നിന്റെ ഭർത്താവിന്റെ ഏതു പെരുമാറ്റമാണ് നിന്നെ വേദനിപ്പിച്ചത്? എന്തായിരുന്നു പുള്ളിക്കാരന്റെ പിശുക്ക്?

അങ്കിളേ, അതിനെ പിശുക്കെന്നല്ല, എച്ചിത്തരം എന്നോ മറ്റോ ആണ് പറയേണ്ടത്. കൂട്ടുകാരെ വീട്ടിലേയ്ക്ക് ഭക്ഷണത്തിന് ക്ഷണിച്ചിട്ട് ഇറച്ചിയും മീനും ഒക്കെ വാങ്ങി കൊണ്ടു തന്നു. ഞങ്ങള് പുതുതായി തനിച്ച് താമസിക്കാൻ തുടങ്ങിയതേ ഉള്ളൂ. എനിക്കാണെങ്കിൽ പാചകം ഒന്നും അത്ര വശമില്ല. ഞാൻ അമ്മയെയും, ചേച്ചിയെയും ഫോണിൽ വിളിച്ച്, പാചകം ചെയ്യുന്ന വിധം മനസ്സിലാക്കി ഒരു വിധത്തിൽ ഒപ്പിച്ചെടുത്തു. മീൻകറി ഇളക്കിയപ്പോൾ കഷണം കുറെ ഉടഞ്ഞു പോയി. അതു കണ്ടിട്ടു പുള്ളിക്കാരൻ പറയുകയാണ്, ആയിരം രൂപയുടെ മീനാണ്, ഒരു കഷണത്തിന് നൂറു രൂപ വരും, കണ്ടില്ലേ എല്ലാം പൊടിച്ച് നാശമാക്കിയിരിക്കുന്നത് എന്ന്.

എനിക്ക് സങ്കടം വന്നിട്ട് വയ്യാ, എങ്കിലും ഞാൻ പുറത്ത് ഒന്നും കാണിച്ചില്ല, കൂട്ടുകാർക്ക് ശാപ്പാട് കൊടുത്ത് സന്തോഷമായിട്ട് പറഞ്ഞു വിട്ടു. ഇപ്പോൾ ഇരുന്ന് ഓർക്കും തോറും ദേഷ്യവും സങ്കടവും വന്നിട്ട് എനിക്ക് സഹിക്കുന്നില്ല അങ്കിളേ. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല, പക്ഷേ ഈ വർത്തമാനം എന്റെ ഉള്ളിൽ കിടന്ന് നീറിക്കൊണ്ടിരിക്കുകയാണ്. എനിക്കെന്തെങ്കിലുമൊന്ന് ചെയ്യണം അല്ലാതെ സമാധാനം ആവില്ല. അങ്കിളു പറ, ഞാൻ എന്താ ചെയ്യേണ്ടത്?

എന്റെ മോളേ, നീ എത്ര മിടുക്കി ആണെന്ന് നിനക്ക് അറിയില്ല. നിന്റെ സ്ഥാനത്ത് വേറെ വല്ല പെൺകുട്ടികളും ആയിരുന്നെങ്കിൽ ഇത് വഴക്കും ബഹളവും  ആക്കി, സ്ഥിരം കുടുംബ കലഹത്തിലും ബന്ധം പിരിയലിലും വരെ ചെന്നെത്തുമായിരുന്നു.

പക്ഷേ നീ വളരെ വിവേകപൂർവ്വം ഒരു സ്ഫോടനം ഒഴിവാക്കി, നിന്റെ കുടുംബത്തിന്റെ ഭാവി കാത്തു രക്ഷിച്ചു. മിടുക്കീ, മിടുമിടുക്കീ, hats off to you.

നീ പറഞ്ഞപോലെ നിന്റെ കെട്ടിയവന് ഒരു പണി കൊടുക്കണം. അതിനുള്ള സൂത്രം ഞാൻ പറഞ്ഞുതരാം. അങ്ങേര് പക്ഷേ പിശുക്കോ എച്ചിത്തരമോ അല്ല പറഞ്ഞത്, അവസരോചിതം അല്ലാതെ ഒരു എക്കണോമിക്സ് പറഞ്ഞതാണെന്നാ എനിക്ക് തോന്നുന്നത്. നീ തിന്നതിനെക്കുറിച്ച് ഇങ്ങിനെ കണക്ക് പറഞ്ഞാലേ അത് എച്ചിത്തരം ആവുകയുള്ളു. ഏതായാലും ഇത് നിനക്ക് ഒരു ലോട്ടറി അടിച്ച പോലെ കാണാം. ഈ വർത്തമാനം, ഇനി നിനക്ക് ഇടക്കിടക്ക് പറയാനുള്ള ഒരു തമാശ കളിയാക്കൽ ആക്കി മാറ്റാം. ഉദാഹരണത്തിന് ജയൻ സ്റ്റെലിൽ ഇങ്ങനെ പറയുക - ഒരു ആയിരം രൂഭായ്കക്ക് മീൻ വാങ്ങി തന്നാാാാൽ, കുറച്ച് മീൻപൊടി ഉണ്ടാക്കാമായിരുന്നുുു.

ഇനി ഒരു കഥ കൂടി പറഞ്ഞു തരാം ആവശ്യം വരുമ്പോൾ എടുത്ത് വീശാം.

പണ്ട് മൂന്നാറിൽ ഒരു സായിപ്പ് തന്റെ തോട്ടത്തിൽ താമസിച്ചിരുന്നു. ഒരിക്കൽ സായിപ്പ് കുശിനിക്കാരനെയും കൂട്ടി നായാട്ടിന് പോയി. ഒരു പാടത്തു നിന്നും മൂപ്പർ ഒരു കൊക്കിനെ വെടിവെച്ചിട്ടു. കുശിനിക്കാരൻ ഓടി പോയി കൊക്കിനെ  എടുത്തു കൊണ്ട് വന്നു. പിന്നെ അവർ തിരികെ ബംഗ്ളാവിലെത്തി. നീ ഈ കൊക്കിനെ വറുത്ത് റെഡിയാക്ക്, ഞാൻ കുളിച്ചു വരാം എന്നു പറഞ്ഞ് സായിപ്പു കുളിക്കാൻ പോയി. കുശിനിക്കാരൻ കൊക്കിനെ തൊലി പൊളിച്ച്, ഉപ്പും മഞ്ഞളും കുരുമുളകും മസാല പുരട്ടി, മുഴുവനോടെ എണ്ണയിൽ മുക്കി പൊരിച്ചു. പൊരിച്ച കൊക്കിന്റെ മണം അടിച്ച്,അതിന്റെ രുചിയെക്കുറിച്ച് ഓർത്തപ്പോൾ കൊതി സഹിക്കാൻ വയ്യാതെ കുശിനിക്കാരൻ ആ കൊക്കിന്റെ ഒരു കാല് പിരിച്ച് അടർത്തിയെടുത്ത് ചൂടോടെ തിന്നു. ബാക്കി കൊക്കിനെ ഒന്നു കൂടി എണ്ണയിലിട്ട് മൊരിച്ച് കാലടർത്തിയ പാട് മറച്ചു.

സായിപ്പ് കുളി കഴിഞ്ഞ് വന്ന് ഭക്ഷണത്തിന് ഇരുന്നു. കുറച്ച് കഴിച്ചു കഴിഞ്ഞപ്പോഴാണ് കൊക്കിന് കാൽ ഒന്നേ ഉള്ളുവെന്ന് ശ്രദ്ധിക്കുന്നത്. ഉടനെ കുശിനിക്കാരനോടു ചോദിച്ചു ഇതിന്റെ ഒരു കാല് കാണുന്നില്ലല്ലോ?

ഉടനെ കുശിനിക്കാരൻ പറഞ്ഞു, സായിപ്പേ, കൊക്കിന് ഒരു കാൽ മാത്രമേ ഉണ്ടായിരുന്നുള്ളു. സായിപ്പു അതു വിശ്വസിച്ചില്ല, രണ്ടു പേരും കൂടി തർക്കമായി. ഒടുവിൽ കുശിനിക്കാരൻ പറഞ്ഞു, സായിപ്പേ നമ്മൾക്ക് ആ പാടത്ത് പോകാം. എന്നിട്ട് ഞാൻ കാണിച്ചു തരാം. കൊക്കിന് ഒരു  കാല് മാത്രമേ ഉള്ളൂ എന്ന്. സായിപ്പ് സമ്മതിച്ചു. ഭക്ഷണം കഴിഞ്ഞ ഉടൻ രണ്ടു പേരും കൂടി പാടത്ത് പോയി. നോക്കുമ്പോൾ കുറെ കൊക്കുകൾ ഒറ്റക്കാലിൽ തപസ്സ് ചെയ്യുന്ന പോലെ നിന്ന് ഉറങ്ങുന്നു. കുശിനിക്കാരൻ സായിപ്പിനോട് പറഞ്ഞു നോക്ക് സായിപ്പേ കൊക്കുകൾക്കെല്ലാം ഒറ്റ കാല് മാത്രമേ ഉള്ളു. സായിപ്പ് അപ്പോൾ ശൂ- ശൂുുു എന്ന് ശബ്ദം വെച്ചു, ഉടനെ കൊക്കുകൾ മറ്റേ കാലും താഴ്ത്തി പറന്നു പോയി. അതു കാണിച്ച് സായിപ്പു കുശിനിക്കാരനോടു പറഞ്ഞു, നോക്ക് കൊക്കിന് രണ്ടു കാലുണ്ട്. കുശിനിക്കാരന് പക്ഷേ കൂസലൊന്നും ഉണ്ടായില്ല. അയാളു പറഞ്ഞു, സായിപ്പേ തിന്നാൻ നേരത്ത് സായിപ്പ് ഇതുപോലെ ശൂ ശൂൂൂന്ന് വെച്ചായിരുന്നെങ്കിൽ, ആ കൊക്കും ഇതുപോലെ മറ്റേക്കാൽ പുറത്ത് എടുക്കുമായിരുന്നു. സായിപ്പ് പ്ളിംഗ്.

പണ്ട് കുടുംബങ്ങളിൽ പറഞ്ഞിരുന്ന ചില ചൊല്ലുകളുണ്ട്. ചട്ടീം കലോം ആകുമ്പോൾ തട്ടീം മുട്ടീം ഒക്കെ ഇരിക്കും. ചായക്കടയാണേൽ ഗ്ളാസ്സ് പൊട്ടും. അളക്കുന്ന നാഴിക്ക് അരിവില അറിയാമോ? അരിയും തിന്നു ആശാരിച്ചിയേം കടിച്ചു എന്നിട്ടും നായക്ക് മുറുമുറുപ്പ്, അടി കൊള്ളാൻ ചെണ്ടയും, പണം വാങ്ങാൻ മാരാരും. കറിയുടെ സ്വാദ് തവിക്കറിയില്ല. കുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്. കുരയ്ക്കുന്ന പട്ടി കടിക്കില്ല. തേങ്ങ എത്ര അരച്ചാലും കറി താളു തന്നെയല്ലേ?

ടെൻഷൻ വരുന്ന സന്ദർഭങ്ങളിൽ പിരിമുറുക്കം അയക്കാൻ അല്പം നർമ്മബോധം ഉപകരിക്കും എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് മോളേ, ഞാൻ പറയുന്നത് കേൾക്ക് - ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാം.

പ്രിയപ്പെട്ടവരേ, വാക്കു കൊണ്ടോ, പ്രവർത്തികൊണ്ടോ അബദ്ധത്തിൽ സംഭവിക്കുന്ന കൊച്ചു കൊച്ചു മുറിവുകളെ, ഇതുപോലെ എന്തെങ്കിലും ഒക്കെ തമാശയും സരസ സംഭാഷണവും കൊണ്ട് കുടുംബജീവിതത്തിന്റെ രസച്ചരട് പൊട്ടിക്കാതെ, നർമ്മം ചാലിച്ച്, വേദനകളെ വഴി തിരിച്ചു വിടാൻ സാധിക്കില്ലേ? എടുത്തു ചാടി പ്രതികരിച്ചാൽ പൊട്ടിത്തെറികൾ ആണ് സംഭവിക്കുക. കോടതിയിൽ പ്രതിക്ക് സംശയത്തിന്റെ ആനൂകൂല്യം നൽകി വെറുതെ വിട്ടു എന്നൊക്കെ കേട്ടിട്ടില്ലേ?  അതുപോലെ കുടുംബ ജീവിതത്തിൽ പങ്കാളിക്ക് വിവരക്കേടിന്റെ ആനൂകൂല്യം കൊടുത്താൽ മതി, പൊട്ടിത്തെറികൾ ഒഴിവാക്കാം. ഈ പെൺകുട്ടി കാണിച്ച അത്രയെങ്കിലും വിവേകം നമ്മുടെ കുട്ടികൾക്കും ഉണ്ടാവണമേ എന്ന പ്രാർത്ഥനയോടെ.

Kadankavil - March 2017

What is Profile ID?
CHAT WITH US !
+91 9747493248