Back to articles

ഇഷ്ടവും സ്നേഹവും

February 01, 2005


'ഇഷ്ടം എന്നതു തന്നെയല്ലെ സാർ സ്നേഹം?''

ആരെ വിവാഹം ചെയ്യണം എന്ന് ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങിയ ഒരു പെൺകുട്ടിയാണ് എന്നോടിതു ചോദിക്കുന്നത്. കണക്കിലെ ചോദ്യത്തിന്  ഉത്തരം കിട്ടുന്ന പോലെ, കൃത്യമായി ഇക്കാര്യത്തിൽ ഒരു ഉത്തരം തരാൻ എനിക്ക് പ്രാപ്തിയില്ല. എങ്കിലും അന്ധന്മാർ ആനയെക്കണ്ടതുപോലെ നമുക്കൊരു വിചിന്തനം നടത്തിനോക്കാം.

മോൾക്ക് ഐസ്ക്രീം ഇഷ്ടമാണോ? അതെ!,  സ്നേഹമാണോ? അല്ല!,

അമ്മയെ ഇഷ്ടമാണോ? അതെ!, സ്നേഹമാണോ? അതെ!

ഏതെങ്കിലും പയ്യന്മാരെ ഇഷ്ടമാണോ? ഉംം!, സ്നേഹമാണോ? അറിയില്ല!

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ചിലപ്പോൾ സാധാരണയിൽ കവിഞ്ഞ ഇഷ്ടം തോന്നാം. ആ ഇഷ്ടം അയാളോടു പ്രകടിപ്പിക്കുകയും, അയാളുടെ ഇഷ്ടം തിരികെ ലഭിക്കുകയും ചെയ്യുമ്പോഴാണ് സ്നേഹം ആരംഭിക്കുന്നത്. സ്നേഹിക്കുക എന്നാൽ ഇഷ്ടത്തോടെയുള്ള ഇടപെടലുകളാണ്. മറ്റെയാൾക്ക് അനുഭവപ്പെടാത്ത ഇഷ്ടം സ്നേഹമാകുന്നില്ല. ഇഷ്ടം അങ്ങോട്ടു കൊടുത്തപോലെ തിരിച്ചും കിട്ടിയെങ്കിലെ പരസ്പര സ്നേഹമാകുന്നുള്ളു.

സ്നേഹിക്കാനുള്ള മാർഗ്ഗങ്ങളാണ് ശ്രദ്ധയും സ്പർശവും. മറ്റെ ആളിന്റെ കാര്യങ്ങൾ ശ്രദ്ധിച്ച്, അയാളെ അംഗീകരിക്കാനും, അനുമോദിക്കാനും, പ്രോൽസാഹിപ്പിക്കാനും സാധിക്കണം. ആവശ്യനേരത്ത് കണ്ടറിഞ്ഞ് സഹായിക്കുക, വിഷമഘട്ടങ്ങളിൽ സാന്ത്വനപ്പെടുത്തുക ഇതൊക്കെയാണ് ഇഷ്ടം വളരുന്നതിന്റെ ലക്ഷണങ്ങൾ.

ഇഷ്ടം ആരോടാണ് എന്നും മനസ്സിന്റെ ഏതു തലത്തിൽ നിന്നാണ് അത് പുറപ്പെട്ടത് എന്നും മനസ്സിലെ ലക്ഷ്യം എന്താണെന്നും പരിശോധിക്കണം. എന്തെങ്കിലും നേട്ടം ലഭിക്കാൻ വേണ്ടിയുള്ള ഇഷ്ടം സ്വാർത്ഥതയാണ്. സ്വത്തിനും പണത്തിനും വേണ്ടി കാണിക്കുന്ന ഇഷ്ടം ആർത്തിയാണ്. മക്കളോടും ഇളയവരോടും കാണിക്കുന്ന ഇഷ്ടം വാൽസല്യമാണ്. മാതാപിതാക്കളോടും, മുതിർന്നവരോടും, കാണിക്കുന്ന ഇഷ്ടം ബഹുമാനമാണ്. എതിർലിംഗത്തോടുള്ള ജന്തുസഹജമായ ആകർഷണം മോഹം ആണ്. മോഹം കൊണ്ടു മാത്രമുള്ള ഇഷ്ടം കാമം ആണ്. മോഹം പ്രകടിപ്പിക്കുന്നതാണ് ശൃംഗാരം. മോഹമില്ലാത്ത സ്നേഹമാണ് സുഹൃത്തുക്കളോട് ഉണ്ടാകുന്നത്. മോഹത്തോടു കൂടിയ സ്നേഹമാണ്  പ്രേമം.

സ്നേഹത്തിന്റെ അടുത്ത മാർഗ്ഗം സ്പർശനമാണ്. കൊടുത്തതും ലഭിച്ചതുമായ സ്പർശനങ്ങൾ വിശകലനം ചെയ്യണം, എവിടെ എങ്ങനെ സ്പർശിച്ചു എന്നത് മനസ്സിന്റെ ഏതുതലത്തിൽ നിന്നുള്ള ഇഷ്ടമാണെന്നു തിരിച്ചറിയാൻ സഹായിക്കും. ശരീരം കൊണ്ടല്ലാതെ മനസ്സുകൊണ്ട് മറ്റെ ആളെ സ്പർശിക്കാനും, നിശബ്ദമായി സംസാരിക്കുവാനും ഒക്കെ ഉള്ള കഴിവ് സ്നേഹത്തിനുണ്ട്.

ആ പയ്യനോടുള്ള നിന്റെ ഇഷ്ടം ഇതിലേതാണ് എന്ന് സ്വയം തിരിച്ചറിയണം. മിക്കവാറും ഇത് ഒരു മോഹത്തിന്റെ ഇഷ്ടം മാത്രമായിരിക്കും. അത് മുറിഞ്ഞു പോയാലും സാരമില്ല, കാലം പെട്ടെന്ന് ആ മുറിവ് മായ്ചു തരും. മോഹമില്ലാത്ത സ്നേഹമാണെങ്കിൽ സുഹൃത്തുക്കളായിരിക്കുക. തൊടാതെ സ്പർശിക്കാവുന്ന, സ്നേഹത്തിനു മുൻതൂക്കമുള്ള പ്രേമമാണെങ്കിൽ, വീട്ടുകാരോട് പറഞ്ഞ് വിവാഹത്തിന് ശ്രമിക്കുക. ഒരുമിച്ചുള്ള ജീവിതം പ്രായോഗികം കൂടി ആയിരിക്കണം.

നിങ്ങളെ ഇഷ്ടപ്പെടുന്ന, നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധിക്കുന്ന, ആളെ വിവാഹം ചെയ്യുക. വിവാഹം കഴിഞ്ഞാൽ പിന്നെ, ശ്രദ്ധയും സ്പർശവും കൊണ്ട് നിങ്ങളുടെ ഇഷ്ടം നിഷ്ഠയോടെ കൊടുത്തുകൊണ്ടിരിക്കുക. തടസ്സങ്ങളും സംശയങ്ങളും ഉണ്ടായാലും മനസ്സ് മടുക്കരുത്. കൊടുത്തത് സ്നേഹമായിരുന്നെങ്കിൽ അത് എപ്പോഴെങ്കിലും തിരിച്ചും കിട്ടും എന്ന് ഉറച്ച് വിശ്വസിക്കുക. അതാണ് സ്നേഹത്തിന്റെ സൂത്രവാക്യം.

"Love is faith.

You experience love,

By Believing"

George  Kadankavil - February 2005

What is Profile ID?
CHAT WITH US !
+91 9747493248