Back to articles

കമ്മീഷൻ സംസ്കാരം അസ്തമിച്ചു !!

January 01, 2010

"ചോദിക്കുന്ന കാശ് രൊക്കം എണ്ണിക്കൊടുക്കാതെ, കേരളത്തിലെ ഒരു ക്രിസ്ത്യാനി പയ്യനും പെണ്ണിനെ കെട്ടിക്കൊണ്ടു പോകാറില്ല സാറെ" വർഷങ്ങൾക്കു മുൻപ് ഒരു ബ്രോക്കർ എന്നോട് പറഞ്ഞ വാക്കുകളാണിത്. പക്ഷേ, ഇഷ്ടപ്പെട്ട പെണ്ണിനെ നിബന്ധനകളൊന്നും കൂടാതെ വിവാഹം ചെയ്ത എനിക്ക് ഈ പ്രസ്താവന അംഗീകരിക്കാൻ സാധിച്ചില്ല. നമ്മുടെ വിവാഹാലോചന ശൈലിയെക്കുറിച്ച് എന്നെ ആദ്യം ചിന്തിപ്പിച്ചത് ഈ ദല്ലാളാണ്.

പണ്ടു കാലങ്ങളിൽ നമ്മുടെ കുടുംബങ്ങളിൽ വിവാഹ ബന്ധങ്ങൾ കണ്ടുപിടിച്ചിരുന്നത് പൊതുസമ്പർക്കമുള്ള കാരണവന്മാരായിരുന്നു.

പൊതുസമ്പർക്കം കുറവുള്ള കുടുംബങ്ങൾ പൊതുസമ്പർക്കമുള്ള തൊഴിലുകൾ ചെയ്തിരുന്നവരോട് കല്യാണാലോചനയ്ക്ക് സഹായം ചോദിച്ചതായിരിക്കണം ഇടനിലക്കാരുടെ ആരംഭം.

ആലോചനകൾ അടുപ്പിക്കുന്നതിൽ മികവ് കാണിച്ച ഇടനിലക്കാർക്ക് ആവശ്യക്കാരേറി. പാരിതോഷികവും ലഭിച്ചിരുന്നതിനാൽ ക്രമേണ ഇതൊരു തൊഴിലായി മാറി. എങ്കിലും വലിയൊരു സാമൂഹ്യ ധർമ്മം തന്നെയാണ് ഇടക്കാർ ചെയ്തു വന്നിരുന്നത്.

കാലം പുരോഗമിച്ചപ്പോൾ, ജാടകൾ കാണിച്ച് അന്തസ്സ് പ്രകടിപ്പിക്കുന്ന സ്വഭാവം എവിടെ നിന്നോ നമ്മളിൽ കയറിക്കൂടി. വിവാഹത്തിന്റെ ആർഭാടവും സ്വത്തു കൈമാറ്റത്തിന്റെ വലിപ്പവും , അന്തസ്സിന്റെ അളവുകോലായി പറഞ്ഞു ഡിമാന്റുകൾ വെക്കാൻ തുടങ്ങി.

കല്യാണം ആലോചിക്കുന്നവരുടെ "demand and supply" ഇടക്കാർക്ക് പെട്ടെന്ന് മനസ്സിലാകും. മറുപാർട്ടിയോട് ഡിമാന്റുകൾ അവതരിപ്പിക്കുന്ന ദൌത്യം ദല്ലാളിനെ ഏൽപ്പിച്ചപ്പോൾ, ഇടക്കാരനും വീതം ചോദിക്കാനാരംഭിച്ചു. വലിയ പ്രതിഫലങ്ങൾ കിട്ടുന്ന ഇടപാടായതോടെ, ബ്രോക്കർ തൊഴിൽ ചെയ്യുന്നവരുടെ എണ്ണവും തരവും മാറി.

ഇടക്കാരനെ പിണക്കിയാൽ ഇല്ലാത്തത് പറഞ്ഞ് ആർക്കിട്ടു വേണമെങ്കിലും പണികൊടുക്കാൻ കഴിയുമെന്നു തെളിയിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

കൊടുക്കാമെന്നു പറഞ്ഞ പ്രതിഫലം കൊടുക്കാതെ ഇടക്കാരനെ പറ്റിച്ച അനുഭവങ്ങളും ഉണ്ടായതു കൊണ്ടാകാം, വണ്ടി നിറയെ ആളുമായി മനസ്സമ്മതത്തിനു വന്ന് കയ്യോടെ കമ്മീഷൻ വാങ്ങുന്ന രീതി ആരംഭിച്ചത്.

ഏതായാലും, നമ്മുടെ കുഞ്ഞുങ്ങളുടെ കല്യാണാലോചനകൾ, തന്ത്രങ്ങളും കുതന്ത്രങ്ങളും നിറഞ്ഞ ഒരു ദൂഷിത വലയത്തിൽ കുടുങ്ങിയിരുന്ന കാലഘട്ടത്തിലാണ്, 1996 ൽ സ്തീധനത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ യാദൃച്ഛികമായി പങ്കെടുക്കുവാൻ എനിക്കിടയായത്.

ഒരു വിവാഹ ബന്ധം നന്നായാൽ അത് ഞങ്ങടെ കൊച്ചിന്റെ ഭാഗ്യം എന്നേ വീട്ടുകാർ പറയൂ. വഷളായിപ്പോയാൽ അത് ദല്ലാളിന്റെ കുറ്റം കൊണ്ടാണെന്നും പറയും. ആ ദല്ലാളിന് പിന്നെ എങ്ങിനെ സാമൂഹ്യ  പ്രതിബന്ധത ഉണ്ടാകും ?

അപ്പോൾ, ദീപസ്തംഭം മഹാശ്ചര്യം ! ആൺവീട്ടുകാർ 3 ശതമാനവും, പെൺവീട്ടുകാർ 2 ശതമാനവും കമ്മീഷൻ തരണം എന്ന നിലപാടായി ദല്ലാളിന്.

ഈ കമ്മീഷൻ ശൈലി ഓരോ കല്യാണവും ഏറ്റവും കൂടിയ തുകയ്ക്ക് ഉറപ്പിക്കാനാണ് ദല്ലാളിനെ പ്രേരിപ്പിക്കുന്നത്.

എത്ര മാന്യരാണെങ്കിലും വിലപേശൽ കൂടാതെ വിവാഹം നടത്താൻ കഴിയാത്ത സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. സ്ത്രീധനത്തെക്കുറിച്ച് എത്രയോ തലമുറകളായി നമ്മൾ പ്രസംഗിക്കുന്നു. സ്ഥിതി വഷളാകുന്നതല്ലാതെ മെച്ചപ്പെടുന്നില്ലല്ലോ. പ്രസംഗമല്ല  പ്രവർത്തിയാണ് വേണ്ടത്.

സ്ത്രീധനത്തിന്റെ ശതമാനം വാങ്ങാതെ വിവാഹം ആലോചിക്കാനുള്ള ഒരു സംവിധാനമാണ് ഇവിടെ ആവശ്യം ...." 

ഒരു വിലപേശലിന് ഇര ആയതിന്റെ ധാർമ്മിക രോഷമായിരുന്നു എന്നെക്കൊണ്ട് ആ ചർച്ചയിൽ ഇത്രയും പറയിപ്പിച്ചത്. അത് പക്ഷേ ഒരു തുടക്കമായി.

വിവാഹാലോചനകൾക്ക്  ഒരു പുത്തൻ സംസ്കാരം എന്ന സന്ദേശവുമായി ഒരു വൈവാഹിക സംവിധാനം ഞാൻ ആരംഭിച്ചു. ദുഷിച്ച ഒരു സാമുഹ്യ വ്യവസ്ഥിതിക്കെതിരെ ശാന്തമായൊരു  പ്രതിപ്രവർത്തനവുമായി ഇത്രയും വർഷങ്ങൾ!

കേരളത്തിലെ ക്രിസ്ത്യാനികളുടെ വിവാഹാലോചന ശൈലി ഇന്ന് മാറിയിരിക്കുന്നു. കമ്മീഷൻ സംസ്കാരം അസ്തമിച്ചു, ശതമാനത്തിനു പകരം പ്രതിഫലത്തുക മുൻകൂർ നിശ്ചയിച്ച് പ്രവർത്തിക്കുന്നതാണ് ഇപ്പോൾ പുതിയ ഇടക്കാരുടെ ശൈലി.

മ്ളേച്ഛമെന്നും, ക്ഷുദ്രമെന്നും കണക്കാക്കിയുള്ള പരിഹാസവും, പുച്ഛവും , പരാധീനതകളും, കടബാധ്യതകളും, തിക്താനുഭങ്ങളും ഏറ്റുവാങ്ങി വർഷങ്ങൾ പരിശ്രമിക്കേണ്ടി വന്നു, എങ്കിലും ഇന്ന് , നന്മയുടെ  ധാരാളം അനുഭവങ്ങൾ ദിനം പ്രതി ലഭിക്കുന്നു, അനേകർക്ക് ആശ്വാസം പകരാൻ സാധിക്കുന്നു,

എന്നെ പരിഹസിച്ചിരുന്നവർ പോലും ഇപ്പോൾ ഈ പുത്തൻ സംസ്കാരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു. ഈ ശൈലി ഏറ്റെടുത്ത് വൈവാഹിക സേവനം നൽകുവാൻ നിരവധി സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇപ്പോൾ മുന്നോട്ടു വരുന്നത് വളരെ ആശാവഹമാണ്. നമ്മുടെ സമുഹത്തിന് ആവശ്യവുമാണ്.

എല്ലാ സാമൂഹ്യ മാറ്റങ്ങളുടെയും ഗതി - Thesis > Anti- Thesis> Synthesis" എന്ന ക്രമത്തിൽ മാറിക്കൊണ്ടേയിരിക്കും, The Synthesis becomes the new Thesis. മാറ്റങ്ങൾ ശ്രദ്ധിച്ച് , സാമൂഹ്യധാര, നല്ല ദിശകളിലേക്ക് തിരിച്ചുവിടുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതാണ് സാമൂഹ്യ പ്രവർത്തന ധർമ്മം. ബെത് ലെഹമിന്റെ ഈ ധർമ്മയജ്ഞത്തിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ പങ്കു ചേരുകയുണ്ടായി. ഒട്ടനവധി വ്യക്തികളുടെ സഹായവും സഹകരണവും, സർവ്വോപരി അമൂല്യമായ ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചു. എല്ലാത്തിനും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

സമാധാനം നിറഞ്ഞ കുടുംബജീവിതവും,
നന്മ നിറഞ്ഞൊരു നവവത്സരവും ഏവർക്കും നേരുന്നു. 

ഊഷ്മളമായ സ്നേഹത്തോടെ;  നിറഞ്ഞ മനസ്സോടെ

George kadankavil - January 2010

What is Profile ID?
CHAT WITH US !
+91 9747493248