Back to articles

പ്രാക്ടീസിംഗ് കാത്തലിക്?!

March 01, 2011

ജോർജ്ജ് സാറേ, ബെത് ലെഹം മാസികയിൽ എന്റെ പ്രൊഫൈൽ കൊടുക്കുമ്പോൾ Requirement: Practicing Catholic എന്നു കൂടി ചേർക്കണം എന്ന് നിങ്ങളുടെ ഓഫീസിൽ വിളിച്ച് ഞാൻ ആവശ്യപ്പെട്ടു, അപ്പോളവരു പറയുകയാണ്, മാഗസിൻ മാറ്ററിൽ adjectives ഒന്നും ചേർക്കരുത് എന്നാണ് സാറിന്റെ നിർദ്ദേശം എന്ന്.

എന്റെ സാറേ, പ്രാർത്ഥനയും പള്ളിയിൽപോക്കും ഒക്കെ ഉള്ള ഒരു പെൺകൊച്ചിനെ ഭാര്യ ആയി കിട്ടണം എന്ന് വളരെ ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ഒരുപാടു വർഷം കൊണ്ട് പലവിധ അനുഭവങ്ങളിൽ നിന്നാണ് ഇങ്ങനെ ഒരു നിലപാട്  എന്ന നിങ്ങളുടെ വിശദീകരണം ഞാൻ മനസ്സിലാക്കുന്നു. താങ്കളുടെ നരച്ച മുടിയെയും ഞാൻ ബഹുമാനിക്കുന്നു.

മാസികയിൽ എഴുതിവെച്ചതു കൊണ്ട് അങ്ങനെ ഒരാളെ ലഭിക്കും എന്ന് ഉറപ്പൊന്നും ഇല്ലല്ലോ. ദൈവം നിശ്ചയിച്ചതല്ലേ സംഭവിക്കുകയുള്ളു എന്നു കരുതി ഞാൻ സമാധാനിക്കുന്നു. അതിനാൽ എഴുതുന്നില്ലെങ്കിൽ വേണ്ട, ഞാൻ ആഗ്രഹിക്കുന്നതു പോലൊരു വധുവിനെ എനിക്ക് ലഭിക്കാൻ നിങ്ങളും പ്രാർത്ഥിക്കണം, പരിശ്രമിക്കുകയും വേണം.

അനിയാ, തമ്പുരാനുമായി ദൃഢമായ ബന്ധം മനസ്സിലുള്ളവർക്ക്, അവരുടെ തീക്ഷ്ണമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കും വിധം തന്നെയാണ് തമ്പുരാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്. അങ്ങനെയാണ് എന്റെ അനുഭവം. അനിയൻ സംശയിക്കേണ്ട നിങ്ങളുടെ ധർമ്മവും നിങ്ങളെക്കൊണ്ട് തമ്പുരാൻ ചെയ്യിക്കാനുദ്ദേശിക്കുന്ന കർമ്മവും ഏറ്റവും ഉചിതമായി നിർവ്വഹിക്കാൻ സാധിക്കുന്ന ഒരു പങ്കാളിയെ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. ഇനി നിങ്ങളുടെ നോട്ടത്തിൽ അഥവാ അവൾക്ക്, എന്തെങ്കിലും പോരായ്മ ഉണ്ടെന്നു കണ്ടാൽ അത് മെച്ചപ്പെടുത്താൻ അനിയൻ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക. നല്ല ഒരു Catholic ആയിട്ട് അനിയൻ അങ്ങ് ജീവിച്ചാൽ മതി. ഭാര്യയും ആ വഴിക്ക് വന്നു കൊള്ളും.

മാസികയെ സംബന്ധിച്ച് പറഞ്ഞാൽ പ്രൊഫൈൽ എഴുതുമ്പോൾ adjectives ഒഴിവാക്കണം എന്നു വെച്ചത്, ചില  adjectives ലെ അനൌചിത്യങ്ങൾ മുൻപ്, നമ്മുടെ അംഗങ്ങൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതു കൊണ്ടും കൂടിയാണ്.

അടിസ്ഥാനവിവരങ്ങളും ഫോട്ടോയും മാത്രം ആണ് മാഗസിനിൽ കൊടുക്കുന്നത്. കൂടുതൽ വിവരങ്ങൾവിശദമായി വെബ്സൈറ്റിൽ കൊടുക്കാമല്ലോ. നമ്മുടെ അംഗങ്ങൾക്ക് എല്ലാം വെബ്സൈറ്റിൽ അക്കൌണ്ടും ഉണ്ട്. മാഗസിനിൽ കണ്ട് പ്രഥമദൃഷ്ട്യാ താൽപ്പര്യം തോന്നുന്നവരുടെ പൂർണ്ണ വിവരങ്ങൾ വെബ് സൈറ്റിൽ നോക്കിയോ, ബെത് ലെഹം ഓഫീസിലേക്ക് വിളിച്ച് ചോദിച്ചറിഞ്ഞ ശേഷമോ ആണ്, എല്ലാവരും, ആലോചനയുടെ അടുത്ത പടിയിലേക്ക് കടക്കുന്നത്.

അവിടെയും, രണ്ടു കൂട്ടരും തമ്മിൽ ഏതാനും ഫോൺ വിളികളെങ്കിലും കഴിഞ്ഞിട്ടേ പെണ്ണുകാണൽ വരെ എത്തുകയുള്ളു. നിങ്ങളുദ്ദേശിക്കുന്ന ചൈതന്യം ഉള്ള പെൺകുട്ടിയാണോ അപ്പോൾ നിങ്ങളുടെ മുന്നിൽ, എന്ന് കണ്ടെത്താനുള്ള കണ്ണും കഴിവും തരണേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കണം. ആ വിശ്വാസത്തിൽ ഒരു തീരുമാനം എടുക്കാനേ സത്യത്തിൽ നമുക്ക് സാധിക്കുകയുള്ളു.

രണ്ടു കുടുംബങ്ങളും തമ്മിൽ വിഘാതങ്ങളില്ലാതെയുള്ള സമ്പർക്കം കൊണ്ട് അവരെ മനസ്സിലാക്കാൻ നിങ്ങൾക്കു സാധിക്കുന്നതു പോലെ, നിങ്ങളെ മനസ്സിലാക്കാൻ അവർക്കും സാധിക്കും.

അവരുടെ ഇടപെടലിന് ചേരുന്ന രീതിയിലായിരിക്കും, നിങ്ങൾ പ്രതികരിക്കുന്നത്, അല്ലെങ്കിൽ നിങ്ങളുടെ ഇടപെടൽ ശൈലിക്ക് അനുസൃതമായ വിധമായിരിക്കും അവർ നിങ്ങളോട് പ്രതികരിക്കുക. ഈ പ്രതികരണങ്ങളിൽ നിന്നാണ് പരസ്പരം വിലയിരുത്തപ്പെടുന്നത്. മറ്റു പല പരിഗണനകളും വരുമെങ്കിലും, ഇടപെടലിന്റെ തൃപ്തിയാണ്. ഒരു വിവാഹം നിശ്ചയിക്കുന്നതിന്റെ മർമ്മം.

ഞാൻ ആഗ്രഹിച്ചതു പോലെ തന്നെ എന്നോ, ഏറ്റവും മെച്ചം എന്നോ, തമ്മിൽ ഭേദം എന്നോ, നിങ്ങൾ വിലയിരുത്തുന്ന ഒരു പ്രൊപ്പോസലിന് നിങ്ങൾ സമ്മതം പറയുക.

വിവാഹത്തിനു പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരു കൺസ്യൂമർ പ്രോഡക്ട് ഷോപ്പിംഗ് പോലെ കാണരുത്. പ്രോഡക്ട് സ്പെസിഫിക്കേഷൻ എഴുതും പോലെ ദൈവാശ്രയത്തിന്റെ അളവ് കണ്ടുപിടിച്ച് രേഖപ്പെടുത്താൻ സാധിക്കില്ല.

അടിസ്ഥാനസ്വഭാവം നല്ലതാണെങ്കിൽ, മറ്റ് സ്വഭാവ വിശേഷങ്ങൾ പങ്കാളിയുമായുള്ള സഹവാസം കൊണ്ട്, ഒന്നുകിൽ കൂടുതൽ മെച്ചപ്പെടും, അല്ലെങ്കിൽ വഷളാകും.

ഒരിക്കൽ ഒരു ജ്ഞാനിയെ പരീക്ഷിക്കാനായി, ഒരു ചെറുപ്പക്കാരൻ, ഒരു വണ്ടിനെ തന്റെ  കയ്യിലൊതുക്കി വെച്ചിട്ട് ജ്ഞാനിയോടു  ചോദിച്ചു, ഈ വണ്ടിന് ജീവനുണ്ടോ?

ഉണ്ട് എന്ന് ജ്ഞാനി പറഞ്ഞാൽ കൈ ഞെരിച്ച് വണ്ടിനെ കൊല്ലാം.
ഇല്ല എന്നു പറഞ്ഞാൽ കൈ തുറന്ന് വണ്ടിന് ജീവനുണ്ട് എന്ന് കാണിക്കാം,

ഇതായിരുന്നു അയാളുടെ  ഉദ്ദേശം. പക്ഷേ ജ്ഞാനി പറഞ്ഞു,
ഈ വണ്ടിന് ജീവനുണ്ടോ എന്നതു തന്റെ കയ്യിലിരുപ്പു പോലെ ഇരിക്കും എന്ന്.

പങ്കാളിയുടെ കാര്യവും അങ്ങനെതന്നെ. സാധാരണഗതിയിൽ, മനസ്സിന് വൈകല്യമില്ലാത്ത, ദമ്പതികൾ നല്ലതോ, മോശമോ, അതിന്റെ ഇടയിലോ, ഒക്കെ ആയിത്തീരുന്നത്, അവരവരുടെ കയ്യിലിരിപ്പു പോലെ ആയിരിക്കും.

George Kadankavil - March 2011

What is Profile ID?
CHAT WITH US !
+91 9747493248