Back to articles

എന്തിനാ വീട്ടിൽ കുറേ കുട്ടികൾ?

April 01, 2008

സിംഗിൾ വിമൻ ഡേയ്ക്ക് അവരുടെ സെമിനാറിൽ പങ്കെടുക്കാൻ ചെന്നപ്പോൾ, അവിടത്തെ ചർച്ചാവിഷയം, കുടുംബത്തിൽ അപ്പന്റെ റോൾ, അമ്മയുടെ റോൾ, കുട്ടികളുടെ റോൾ, ഇവ എന്തെല്ലാം എന്നതായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള പ്രഗല് ഭരാണ് വിഷയം ചർച്ച ചെയ്യുന്നത്.

അപ്പന്റെ റോളിനെക്കുറിച്ച് നല്ല ഘനഗംഭീരമായി എല്ലാവരും പറഞ്ഞു. ഒരപ്പനെന്ന നിലയിൽ എന്റെ റോൾ തരക്കേടില്ലല്ലോ എന്നോർത്ത് ഞാനും ഒന്നു ഞെളിഞ്ഞിരുന്നു.

അമ്മയുടെ റോളുകൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നേയില്ല. വീട്ടിലെ പണികൾ പോലെ തന്നെ ഒരന്തോം കുന്തോം ഇല്ലാതെ അങ്ങ് അനന്തമായി നീളുകയാണ്. അയ്യോ പാവം എന്നോർത്ത് ഭാര്യയോട് നല്ല സഹതാപം തോന്നി എനിക്ക്.

പക്ഷേ, കുട്ടികളുടെ റോൾ പറയാൻ ശ്രമിച്ചിട്ട് ആർക്കും കാര്യമായി ഒന്നും പറയാൻ കിട്ടുന്നില്ല. ചർച്ച നയിച്ച മനശ്ശാസ്ത്രജ്ഞൻ പറഞ്ഞു അദ്ദേഹം ഈ ചർച്ചക്ക് തയ്യാറെടുക്കാൻ തലേന്നു രാത്രി ഇരുന്ന് പോയന്റുകൾ ഓരോന്നായി എഴുതി നോക്കുമ്പോഴാണ് പല പോയന്റുകളും വളരെ ശുഷ്കമാണെന്നു മനസ്സിലാകുന്നതത്രേ.

മക്കളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾക്ക് അടിസ്ഥാനപരമായിത്തന്നെ ചില വൈകല്യങ്ങളും ബലഹീനതകളും സംഭവിച്ചിരിക്കുന്നുവോ?

പല മാതാപിതാക്കളുടെയും ഉള്ളിൽ, സ്വന്തമായ ഓജസ്സും ജീവസ്സുമില്ലാത്ത റോളാണ് മക്കൾക്ക്.

ശില്പിയുടെ ഉളിമുനയുടെ താളത്തിനൊത്ത് മാറ്റം വരുന്ന, ഇഷ്ടങ്ങളും, ഇച്ഛകളും ഒന്നും സ്വന്തമായില്ലാത്ത ഒരു ശില്പമായിട്ടാണ് പലരും മക്കളെ  കരുതുന്നത്.

അതങ്ങനെയല്ല എന്നു കണ്ടെത്തിയ ചില മാതാപിതാക്കൾ ഇതിന്റെ മറുവശത്തിന്റെ അങ്ങേയറ്റം ചെന്ന് മക്കളുടെ ഇഷ്ടങ്ങളും, ഇച്ഛകളും, ഏകപക്ഷീയമായി നടത്തിക്കൊടുക്കുന്ന കാര്യസ്ഥന്മാരായി മാറി.

മാതാപിതാക്കളുടെ വാക്കുകളും, പെരുമാറ്റവും, പ്രതികരണങ്ങളും, പ്രവർത്തികളും കണ്ട് അതിൽ പലതും അവരറിയാതെ തന്നെ സ്വായത്തമാക്കി, സംസർഗ്ഗവും, സാഹചര്യങ്ങളും കൊണ്ട് ഉരുത്തിരിഞ്ഞു വരുന്ന ഒന്നാണ് മക്കളുടെ വ്യക്തിത്വം.

മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല. കതിരിൽ വളം വെച്ച് ബലമായി മാറ്റാൻ ശ്രമിച്ചാലും, ആഗ്രഹിക്കുന്ന മാറ്റമാവില്ല സംഭവിക്കുക. അതുകൊണ്ട് വീട്ടിൽ മക്കളുടെ റോളിനെക്കുറിച്ച് അവർ കുട്ടികളായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾക്ക് ബോദ്ധ്യം ഉണ്ടാകണം. മക്കൾക്ക് അതു ബോദ്ധ്യപ്പെടുത്തി കൊടുക്കുകയും വേണം.

പരസ്പരം സ്വാധീനിക്കുകയും സ്വാധീനിക്കപ്പെടുകയും  ചെയ്യുക എന്നതാണ് കെട്ടുറപ്പുള്ള കുടുംബത്തിന്റെ വിജയ രഹസ്യം. ഭീഷണിയോ പ്രലോഭനങ്ങളോ കൊണ്ടു സ്വാധീനിച്ചാൽ അതു നിലനിൽക്കില്ല എന്നു മാത്രമല്ല പിന്നീട് തിരിച്ചടിക്കുകയും ചെയ്യും. ഭീഷണിയും പ്രലോഭനങ്ങളും കൊണ്ട് മാതാപിതാക്കളെ ചൊല്പടിക്കു നിർത്തുന്ന മക്കളും നമ്മുടെ ഇടയിലുണ്ട്.

ആത്മാർത്ഥതയുള്ള വാക്കുകളും, ഉത്തരവാദിത്വത്തോടെയുള്ള പ്രവർത്തികളും കൊണ്ട് ഗുണദോഷങ്ങൾ വസ്തു നിഷ്ടമായി ബോദ്ധ്യപ്പെടുത്തിയാണ് മക്കളെ സ്വാധീനിക്കേണ്ടത്.

മാതാപിതാക്കൾ ഞങ്ങളുടെ മാർക്കു മാത്രമേ നോക്കുന്നുള്ളു, ഞങ്ങളെ സ്നേഹിക്കുന്നില്ല എന്നു പറയുന്ന കുട്ടികളുണ്ട്. സ്നേഹം കിട്ടാത്ത കുട്ടികളേ, നിങ്ങൾ മാതാപിതാക്കളെ  തിരിച്ചൊന്നു സ്നേഹിച്ചു നോക്കിക്കേ. അമ്മക്ക് ബാം പുരട്ടാനും,  അപ്പനു നടുവുഴിഞ്ഞു കൊടുക്കാനും, വെറുതേ അവരുടെ വർത്തമാനം കേൾക്കാനും, തുടങ്ങി ഒത്തിരി കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ നിങ്ങൾക്ക് സ്നേഹം അങ്ങോട്ടു കൊടുക്കാൻ കഴിയും.

മാതാപിതാക്കളുടെ സ്നേഹവും പരിചരണവും സംരക്ഷണവും ഏറ്റു വാങ്ങുക, അവർക്ക് അങ്ങോട്ട് സ്നേഹം കൊടുക്കുക, അവരുടെ സ്വപ്നമായിരിക്കുക, ചുറ്റും ആഹ്ളാദം സൃഷ്ടിക്കുക, വളർച്ചക്കനുസരിച്ച് ഓരോരോ കാര്യങ്ങളിൽ പ്രാപ്തി പ്രകടിപ്പിക്കുക, അങ്ങനെ മറ്റുള്ളവരുടെ വിശ്വാസം നേടുക, വിഷമങ്ങളിൽ ആശ്വസിപ്പിക്കുക, പ്രതിസന്ധികളിൽ ധൈര്യം പകരുക, ബുദ്ധിമുട്ടുകളിൽ ഒപ്പം നിൽക്കുക, ജോലിയിൽ സഹായിക്കുക തുടങ്ങി പറഞ്ഞാൽ തീരാത്തത്രയുണ്ട് കുട്ടികളുടെ റോൾ.

ജീവനുള്ള ലക്ഷ്യങ്ങൾ കൊണ്ട് കുടുംബത്തെ ത്രസിപ്പിക്കുകയാണ് കുട്ടികളുടെ റോൾ. ഒരു നല്ല സംവിധായകനേപ്പോലെ, കുട്ടികളെ അവർക്ക്, സാധ്യമായ രീതിയിൽ  അവരുടെ റോളിൽ അഭിനയിക്കാൻ വിട്ടുകൊടുക്കണം. നമുക്ക് അത് കഴിയും, അൽപം വകതിരിവ് ഉണ്ടായാൽ മതി. പിന്നെ നോക്കിക്കോ വീട്ടിലെന്താ പരിപാടീന്ന്.

George Kadankavil - April 2008

What is Profile ID?
CHAT WITH US !
+91 9747493248