Back to articles

ഏറ്റവും പ്രിയപ്പെട്ട നാലാമത്തെ ഭാര്യ !

October 01, 2014

രണ്ടു മക്കളുടെ അമ്മയാണ്. അമ്പത്തിയെട്ട് വയസ്സായി, ഭർത്താവിന് അറുപത്തിരണ്ടും. അറിയപ്പെടുന്ന പ്രൊഫഷണൽ ദമ്പതിമാരാണ് ഞങ്ങൾ. മകന്റെ വിവാഹം കഴിഞ്ഞു. മകൾക്ക് 26 വയസ്സായി. വിവാഹം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പല പ്രൊപ്പോസലുകളും അടുത്തു വരും, അവസാന നിമിഷം അത് മാറിപ്പോകും. ആരോ കല്യാണം മുടക്കുന്നതായിട്ട് എനിക്ക് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. അവസാനം വന്ന കേസിലെ പയ്യന്റെ അമ്മയോട് ഞാൻ തുറന്നു ചോദിച്ചു, അപ്പോഴാണറിയുന്നത്, ഞങ്ങളുടെ മകൻ ആണ് സ്വന്തം പെങ്ങളുടെ കല്യാണം മുടക്കുന്നത് എന്ന്.

ഇതറിഞ്ഞപ്പോൾ ഞാൻ ശരിക്കും തളർന്നു പോയി. ആരോടെങ്കിലും ഒന്നു തുറന്നു പറഞ്ഞില്ലെങ്കിൽ ചങ്കുപൊട്ടിപ്പോകും എന്നു തോന്നി, അതുകൊണ്ടാണ് സാറിനെ വിളിച്ചത്. എനിക്ക് സംസാരിക്കാൻ കുറച്ചു സമയം തരുമോ സാർ? ഒന്നും ചെയ്ത് തരേണ്ട, എനിക്ക് പറയാനുള്ളത് സാറൊന്നു കേട്ടാൽ മതി. എന്നെ തിരിച്ചറിയാത്ത വിധം സാറിന് ഇതേക്കുറിച്ച് എഴുതുകയും ചെയ്യാം.

തീർച്ചയായും ഞാൻ കേൾക്കാം, പെങ്ങളു പറഞ്ഞോളൂ. എനിക്കും വിശ്വസിക്കാൻ കഴിയുന്നില്ല, എന്തിനാ നിങ്ങളുടെ മകൻ സ്വന്തം സഹോദരിയുടെ വിവാഹം മുടക്കുന്നത്?

അത് സാറേ, മകൾക്ക് കൊടുക്കാൻ സ്ത്രീസ്വത്ത് ഞങ്ങൾ കണക്കാക്കിയിരിക്കുന്നത് ആകെ ആസ്തിയുടെ പത്തിലൊന്ന് എന്നായിരുന്നു. അത് 50 ലക്ഷത്തോളം വരും. അത്രയും കൊടുക്കേണ്ട അതിന്റെ പകുതി കൊടുത്താൽ മതി എന്നാണ് മകന്റെ തർക്കം. അമ്പതു കൊടുക്കും എന്നു പറഞ്ഞ കേസൊക്കെയാണ് അവൻ മുടക്കിയത്.

- ചരിത്രം ആവർത്തിക്കും- വിതച്ചത് കൊയ്യും - എന്നൊക്കെ പറയാറില്ലേ സാർ, അതു തന്നെയാണ് ഞങ്ങളുടെ അനുഭവവും. വർഷങ്ങൾക്കു മുമ്പ്, എന്റെ ഭർത്താവിന്റെ ഇളയ സഹോദരിയുടെ വിവാഹം ആലോചിച്ചപ്പോൾ, നല്ല സ്ത്രീധനം കൊടുക്കേണ്ട കേസ്സുകൾ വന്നത്, ഭർത്താവ് ഒഴിവാക്കി വിടുമായിരുന്നു. ഞാനും അതിനു കൂട്ടു നിന്നു. ഒടുവിൽ കുടുംബസ്വത്തിന്റെ വളരെ ചെറിയൊരംശം മാത്രം സ്ത്രീധനം കൊടുത്ത് നാത്തൂന്റെ കല്യാണം നടത്തി വിട്ടു. അദ്ധ്വാനിച്ച് കൃഷി ചെയ്യുന്ന ഒരു സാധു മനുഷ്യനാണ് അവളെ കെട്ടിയത്. അവൾക്ക് പക്ഷേ നല്ല ദൈവാധീനമുണ്ടായിരുന്നു. അവരുടെ മൂന്നു പെണ്മക്കളും കഷ്ടപ്പെട്ടു പഠിച്ച് നല്ല നിലയിലെത്തി. എല്ലാവരുടേയും കല്യാണവും കഴിഞ്ഞു. പുതിയ ഹൈവേ വന്നപ്പോൾ അവരുടെ ഭൂമിക്ക് വലിയ വിലയായി. അവരുടെ വീട്ടിൽ എന്നും കളിയും ചിരിയും സന്തോഷവും ഉണ്ട്. എന്റെ മക്കളാണെങ്കിൽ പരസ്പരം വഴക്കടിച്ച്, എന്നും സ്വൈര്യക്കേടു മാത്രം.

ഇപ്പോൾ ഞാനൊരു തീരുമാനമെടുത്തു. ഞാനും ഭർത്താവും കൂടി മകനെയും മകളെയും വിളിച്ചിരുത്തി, ഞങ്ങൾ ചെയ്ത കടുംകൈ തുറന്നു പറയാൻ പോവുകയാണ്. നാത്തൂനെയും കൂടി കൂട്ടണമെന്നുണ്ട്. അത് പക്ഷേ ഭർത്താവിന് സമ്മതമല്ല. അതിനൊരു ധൈര്യം കിട്ടാൻ വേണ്ടി കൂടെയാ സാറിനെ വിളിച്ച് സംസാരിക്കുന്നത്.

പെങ്ങളാദ്യം പറഞ്ഞത് ശരിയാ, ഇവിടെ എനിക്ക് ഒരഭിപ്രായവും പറയാനില്ല. പ്രശ്നമെന്താണെന്നും, എന്തുകൊണ്ടാണെന്നും നിങ്ങൾതന്നെ വിവരിച്ചിട്ടുണ്ടല്ലോ. പരിഹാരം പ്രായശ്ചിത്തം ചെയ്യുക എന്നതാണ്. അതിന് നിങ്ങൾ മനസ്സു കൊണ്ട് ഒരു വിധം തയ്യാറുമായിട്ടുണ്ട്. ബാക്കി വഴികളും ഇനി നിങ്ങളുടെ മുന്നിൽ തെളിഞ്ഞു വരും. അതിന്, അപ്പപ്പോൾ നിങ്ങളുടെ ഹൃദയം പറയുന്നതുപോലെ ചെയ്തു കൊണ്ടിരിക്കുക. എന്തും സൌഖ്യമാക്കുന്ന കർമ്മവും കാലവും നിങ്ങളെയും സുഖപ്പെടുത്തും എന്നു വിശ്വസിക്കുക.

നിങ്ങളുടെ ഭർത്താവ് പറയുന്നതിലും കാര്യമുണ്ട്. ആദ്യം മക്കളെ മാത്രം വിളിച്ചിരുത്തി പണ്ട് ചെയ്ത തെറ്റ് വിവരിക്കുക. മക്കൾക്ക് പ്രതികരിക്കാനും, അത് ഉൾക്കൊള്ളാനും വേണ്ട സാവകാശം കൊടുത്തിട്ടു വേണം നാത്തൂനെ വിളിക്കുന്നത്

നാലു ഭാര്യമാരുള്ള മനുഷ്യൻ്രെ കഥ ആരോ എനിക്ക് മൊബൈലിൽ അയച്ചു തന്നതാണ്. ഇതും വായിച്ചു നോക്കുക, ഒത്തിരി ആശ്വാസം തോന്നും.

ഒരു മനുഷ്യന് നാലു ഭാര്യമാരുണ്ടായിരുന്നു. അയാൾക്ക് ഏറ്റവും സ്നേഹം നാലാമത്തെ ഭാര്യയോടായിരുന്നു. ഏറ്റവും നല്ല പരിചരണവും, ഏറ്റവും മുന്തിയ വസ്തുക്കളും നൽകി, എപ്പോഴും താലോലിച്ച് അവളെ അയാൾ സംരക്ഷിച്ചു വന്നു.

മൂന്നാമത്തെ ഭാര്യയോടും അയാൾക്ക് വലിയ കാര്യമായിരുന്നു. അവളെക്കുറിച്ച് അയാൾക്ക് നല്ല അഭിമാനമായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മറ്റും മുന്നിൽ അവളെ പ്രദർശിപ്പിക്കുന്നത് അയാൾക്ക് ഒരു ഹരമായിരുന്നു. പക്ഷേ അവളെ ആരെങ്കിലും തട്ടിയെടുക്കുമോ, അല്ലെങ്കിൽ ആരുടെയെങ്കിലും കൂടെ അവൾ ഓടിപ്പോകുമോ, എന്നൊക്കെ അയാൾ എപ്പോഴും ഭയപ്പെട്ടിരുന്നു.

രണ്ടാമത്തെ ഭാര്യയെയും അയാൾക്ക് കാര്യമായിരുന്നു. അയാൾക്ക് എന്തു പ്രശ്നം നേരിട്ടാലും രണ്ടാമത്തെ ഭാര്യയോടാണ് അതെക്കുറിച്ച് ആലോചിക്കുക. അവളാകട്ടെ എപ്പോഴും അയാളെ സഹായിക്കുകയും, വേണ്ടിടത്തെല്ലാം അയാളുടെ കൂടെ നിൽക്കുകയും ചെയ്യുമായിരുന്നു.

ആദ്യത്തെ ഭാര്യ, അയാൾക്ക് അവളോട് യാതൊരു പരിഗണനയും ഉണ്ടായിരുന്നില്ല. എന്നാൽ അവൾക്ക് അയാളോട് ഏറ്റവും ആഴമുള്ള ബന്ധമായിരുന്നു. അങ്ങേയറ്റം വിശ്വസ്തയായ അവൾ, ഏറ്റവും കരുതലോടെ അയാളെ പരിചരിച്ചു. ഒരു കാര്യത്തിനും ശല്യം ചെയ്യാതെ അയാളുടെ നിഴൽ പോലെ അവൾ കഴിഞ്ഞുവന്നു.

പെട്ടെന്ന് ഒരിക്കൽ ഈ മനുഷ്യന് മാരകമായ ഒരു രോഗം വന്നു. താൻ മരിക്കാൻ പോകുകയാണെന്ന് അയാൾക്ക് മനസ്സിലായി. അയാൾ ഇങ്ങിനെ ചിന്തിച്ചു, എനിക്ക് നാലു ഭാര്യമാരുണ്ടല്ലോ, മരിക്കുമ്പോൾ ഇതിലൊരാളെ മരണത്തിൽ എന്റെ കൂട്ടായി കൊണ്ടു പോകാം.

അയാൾ, ഏറ്റവും പ്രിയപ്പെട്ട നാലാമത്തെേ ഭാര്യയെ വിളിച്ച്, തന്റെ കൂടെ മരിക്കാമോ എന്ന് ചോദിച്ചു. പക്ഷേ അവൾ പറഞ്ഞു, അതിന് യാതൊരു മാർഗ്ഗവും ഇല്ല. നിങ്ങൾ മരിച്ചാൽ പിന്നെ നമ്മുടെ വഴികൾ വേറേ ആയിരിക്കും. അവൾ അയാളെ അങ്ങിനെ കയ്യൊഴിഞ്ഞു.

പിന്നെ മൂന്നാമത്തെ ഭാര്യയെ വിളിച്ചു ചോദിച്ചു. അവൾ പറഞ്ഞു, ഈ ഭൂമിയിലെ ജീവിതം വളരെ നല്ലതാണ്, എനിക്ക് ഇവിടെത്തന്നെ കഴിയണം. നിങ്ങൾ മരിക്കുമ്പോൾ ഞാൻ വേറെ ആരെയെങ്കിലും വിവാഹം ചെയ്ത് ഇവിടെത്തന്നെ കഴിയും.

അടുത്തതായി രണ്ടാമത്തെ ഭാര്യയോട് മരണത്തിൽ തന്റെ  കൂടെ വരുമോ എന്നയാൾ ചോദിച്ചു. വളരെ സ്നേഹത്തോടെ അവൾ പറഞ്ഞു, ഞാനെന്നും നിങ്ങളെ സഹായിച്ചിട്ടേ ഉള്ളു, പക്ഷേ ഇക്കാര്യത്തിൽ നിങ്ങളെ സഹായിക്കാൻ എനിക്ക് നിവൃത്തിയില്ല. പരമാവധി, നിങ്ങളുടെ കുഴിമാടം വരെമാത്രം, ഞാൻ വരാം.

ഇത്രയും കേട്ടതോടെ അയാളുടെ ഹൃദയം നുറുങ്ങി - മനസ്സ് ഇടിഞ്ഞ് - ആശകളറ്റ് - നിശ്ശബ്ദനായി അയാൾ തേങ്ങി. അപ്പോളൊരു ശബ്ദം
- ഞാൻ വരും നിങ്ങളുടെ കൂടെ. നിങ്ങളെവിടെ പോയാലും വേണ്ടില്ല, അവിടേയ്ക്കെല്ലാം നിങ്ങളുടെ കൂടെ ഞാനും വരും.

അയാൾ മുഖമുയർത്തി നോക്കുമ്പോൾ അതാ ആദ്യത്തെ ഭാര്യ നിൽക്കുന്നു.

തന്റെ ജീവിതത്തിൽ ആദ്യമായി അപ്പോഴാണ് അയാൾ അവളെ ശരിക്ക് ഒന്നു നോക്കുന്നത്. മെലിഞ്ഞുണങ്ങി ആകർഷണം നഷ്ടപ്പെട്ട ഒരു പട്ടിണിക്കോലം. എങ്കിലും അവൾക്കൊരു പരിഭവ ഭാവവുമില്ല. പ്രതികാരമോ, പിണക്കമോ, സൂത്രബുദ്ധിയോ ഒന്നും ആ മുഖത്തില്ല. തികഞ്ഞ ആത്മാർത്ഥത മാത്രം. അതി കഠിനമായ പശ്ചാത്താപത്തോടെ അയാൾ അവളോടു പറഞ്ഞു, എന്തൊരു കോലമായിരിക്കുന്നു നീ.
എനിക്ക് ആവതുണ്ടായിരുന്ന കാലത്ത് ഞാൻ നിന്നെ വേണ്ടതു പോലെ പരിപാലിച്ചില്ലല്ലോ ? . . . .

വാസ്തവം പറഞ്ഞാൽ എനിക്കും നിങ്ങൾക്കും നമ്മൾ ഓരോരുത്തർക്കും, നമ്മുടെ ജീവിതത്തിൽ ഇങ്ങിനെ നാലു ഭാര്യമാരില്ലേ?.

1. നാലാമത്തെ ഭാര്യ - അത് നമ്മുടെ ശരീരമാണ്. എത്ര സമയം ചിലവഴിച്ച്, എങ്ങിനെയൊക്കെ പരിചരിച്ച്, പോഷിപ്പിച്ച്, സുന്ദരമാക്കി, സുരക്ഷിതമാക്കി കൊണ്ടു നടന്നാലും, മരിക്കുമ്പോൾ അത് നമ്മെ വിട്ട് വേറെ വഴിക്കു പോകും.

2. മൂന്നാമത്തെ ഭാര്യ - നമ്മുടെ സ്വത്തും, പണവും, അന്തസ്സും, പദവിയും, പ്രതാപവും ഒക്കെയാണ്. നമ്മൾ മരിക്കുമ്പോൾ നമ്മുടെ കൂടെപ്പോരില്ല. അത് മറ്റാരുടെയെങ്കിലും കൂടെപ്പോകും.

3. രണ്ടാമത്തെ ഭാര്യ - സ്വന്തക്കാരും, ബന്ധുക്കളും, സുഹൃത്തുക്കളുമാണ്. ജീവിച്ചിരിക്കുമ്പോൾ എത്ര അടുപ്പത്തിലിരുന്നാലും, പരമാവധി കുഴിമാടം വരെ മാത്രമേ അവർക്കും വരാൻ സാധിക്കൂ.

4. ഒന്നാമത്തെ ഭാര്യ - അതാണ് നമ്മുടെ ആത്മാവ്. ഈ ലോകത്തിൽ സുഖം, സ്വത്ത്, പദവി, വസ്തുവകകൾ തുടങ്ങിയ ഭൌതിക നേട്ടങ്ങൾക്ക് പിന്നാലെയുള്ള നെട്ടോട്ടത്തിനിടയിൽ, നമ്മൾ അവഗണിച്ച് കോലം കെട്ടു പോയ നമ്മുടെ ആത്മാവ്. നമ്മളെവിടെ പോയാലും ഒപ്പം കൂടെ വരാൻ ഈ പാവം ആത്മാവ് മാത്രം.

"Listen to your Heart and Do What your Heart Says"

What is Profile ID?
CHAT WITH US !
+91 9747493248