Back to articles

ഡെയർ ഡെവിൾ മാർക്കറ്റിംഗ് !!!

December 22, 2018

പ്രശസ്തമായ ഒരു മാനേജ്മെൻ്റ് സ്കൂളിൽ നിന്നും എം.ബി.എ പാസായ ആളാണു ഞാൻ. ഒരു ന്യൂ ജനറേഷൻ ഫിനാൻഷ്യൽ കമ്പനിയിൽ ക്യാംപസ് സെലക്ഷൻ വഴി നല്ല ശമ്പളമുള്ള ജോലി കിട്ടി. ശമ്പളം മാത്രമല്ല ധാരാളം ആനുകൂല്യങ്ങളും ഉണ്ട്.കാർ വാങ്ങാനും, വീട് വാങ്ങാനും കുറഞ്ഞ പലിശക്ക് ലോൺ ലഭിക്കും. ജീവനക്കാരെല്ലാം നല്ല ലൈഫ് സ്റ്റൈലിൽ കഴിയണം എന്ന് കമ്പനിക്ക് നിർബന്ധമുണ്ട്. അതിന് സാലറി അഡ്വാൻസ് ലഭിക്കും.

ഈ ജോലിയുടെ ഓഫറുകൾ എല്ലാം അറിഞ്ഞപ്പോൾ എനിക്കും വീട്ടിലെല്ലാവർക്കും ഭയങ്കര ത്രില്ലായിരുന്നു. ഒത്തിരി അഭിമാനവും കുറച്ച് അഹങ്കാരവും തോന്നി. 3 മാസം പരിശീലനം കഴിഞ്ഞ് ഇൻഡിപ്പെൻഡൻറ് ആയി ജോലി തുടങ്ങി ഉള്ളുകള്ളികൾ മനസിലായപ്പോഴേക്കും വർഷം ഒന്നായി.

ഞങ്ങളുടെ സർവ്വീസ് കൊണ്ട് സ്റ്റോക്ക് മാർക്കറ്റിൽ സമർത്ഥരായ കസ്റ്റമേഴ്സിനു ലാഭം ഉണ്ടാക്കാൻ സാധിക്കും.

പക്ഷേ നാട്ടിലെ ശരാശരി ആൾക്കാർക്ക് ധനനഷ്ട്മാണ് സംഭവിക്കുക. ഇത് തിരിച്ചറിഞ്ഞപ്പോൾ മുതൽ എനിക്ക് തീരെ സ്വസ്ഥതയില്ല. ടാർഗറ്റ് ഒപ്പിക്കാൻ ബന്ധുക്കളെയും, സുഹൃത്തുക്കളെയും ഒക്കെ കൊണ്ട് ഇൻവെസ്റ്റ് ചെയ്യിപ്പിച്ചു.ലോൺ എടുത്ത് കാറ് വാങ്ങി. അഡ്വാൻസ് എടുത്ത് ലൈഫ് സ്റ്റൈലനാക്കി. ഇപ്പോൾ ബന്ധുക്കൾ ശത്രുക്കളായി മാറുന്നു.

ജോലി ഉപേക്ഷിക്കാൻ നോക്കിയാൽ നല്ലൊരു തുക ലോണും അഡ്വാൻസും എടുത്തിട്ടുണ്ട്.
ഇനി ഇത്രയും ശമ്പളത്തിൽ രണ്ടു വർഷമെങ്കിലും ജോലി ചെയ്യാതെ എൻെറ കടം വീടുകയില്ല.നിയമ വിരുദ്ധമായി ഞങ്ങൾ ഒന്നും ചെയ്യുന്നില്ല. ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുന്ന നിബന്ധനകകളും അപകട മുന്നറിയിപ്പുകളും വിശദീകരിക്കാതെ, ലാഭ സാധ്യതകളും, ഒാപ്പറേറ്റിംഗ് രീതികളും മാത്രം പറഞ്ഞു കൊടുക്കുകയാണ് ഞങ്ങളുടെ ജോലി.

വീട്ടുകാർ എനിക്ക് വല്യ ആവേശത്തിൽ കല്യാണം ആലോചിക്കുകയാണിപ്പോൾ. അങ്ങനെയാണ് ബെത് ലെഹമിലെ അങ്കിളിനെ കുറിച്ച് അറിയുന്നത്. വീട്ടുകാരോട് എൻെറ ജോലി വിഷമം പിടിച്ചതാണെന്നേ പറഞ്ഞിട്ടുള്ളൂ. യഥാർത്ഥ സ്ഥിതി അറിയിച്ചിട്ടില്ല. ഞാൻ ചെയ്യുന്ന തൊഴിലിൽ നിന്ന് എനിക്ക് ഒട്ടും തൃപ്തി കിട്ടുന്നില്ല. അതു കൊണ്ടു തന്നെ വിവാഹ കാര്യത്തിനും എനിക്ക് തീരെ ഉത്സാഹം തോന്നുന്നില്ല. എനിക്ക് ഇതിൽ നിന്നും കരകയറാൻ പറ്റിയ എന്തെങ്കിലും മാർഗ്ഗം അങ്കിളിനു തോന്നുന്നുണ്ടോ ?

മോനെ, ഇപ്പോൾ രണ്ടു വഴികളാണ് നിൻെറ മുന്നിലുള്ളത്. ഒന്നുകിൽ വീണ കെണിയിൽ തന്നെ തുടരുക. അല്ലെങ്കിൽ വീണ കുരുക്ക് അഴിച്ചെടുക്കുക.

Make decision - "to be or not to be"

കുറേ വർഷങ്ങൾ പഠിച്ചിട്ടാണ് നീ എം.ബി.എ എടുത്തത്. പിന്നെ കമ്പനി വക പരിശീലനം ലഭിച്ചു. ജോലി ചെയ്ത് പ്രായോഗിക ജ്ഞാനവും നേടി. നിൻെറ കുരുക്ക് അഴിക്കാനുള്ള മാർഗ്ഗങ്ങൾ, ആ പഠനങ്ങളിൽ നിന്നും നിൻെറ തലച്ചോറിൽ പതിഞ്ഞ് കിടപ്പുണ്ട്. ഈ കുരുക്ക് അഴിക്കാൻ സാധിക്കും എന്ന് നീ ഉറച്ച് വിശ്വസിക്കണം. പിന്നെ അതിനു വേണ്ടി നിശ്ചയ ദാർഢ്യത്തോടെ പ്രവർത്തിക്കുക. അപ്പോൾ നിൻെറ തലച്ചോർ തന്നെ അനുയോജ്യമായ തന്ത്രങ്ങൾ നിനക്കു വെളിപ്പെടുത്തി തരും.

എടുത്തു ചാടി ജോലി ഉപേക്ഷിക്കാതെ, നിൻെറ നിയന്ത്രണത്തിലുള്ള കാര്യങ്ങൾക്ക് നിന്നാലാവുന്ന മാറ്റങ്ങൾ വരുത്തിക്കൊണ്ട് തുടക്കം കുറിക്കുക.

നിനക്ക് ധെെര്യം തന്ന് പ്രോത്സാഹിക്കാൻ എനിക്ക് കഴിയും. ദെെവം ദുഷ്ടനെ പന പോലെ വളർത്തും എന്ന് ഒരു കഥ ഞാൻ കേട്ടിട്ടുണ്ട്. . .

ഹെെസ്കൂൾ ഹെഡ്മാസ്റ്റർ പീറ്റർ മാഷ് മരിച്ചു! മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കിട്ടിയ ഒരവസരവും പാഴാക്കാത്ത, നന്മ നിറഞ്ഞ ഒരു മനുഷ്യൻ, അതായിരുന്നു പീറ്റർ മാഷ്. ഇത്രയും നല്ല മനുഷ്യൻ മരിച്ചാൽ സ്വർഗ്ഗത്തിലേക്കാണല്ലോ പോകേണ്ടത്, മാഷിന്റെ ആത്മാവ്‌ ആരും കൂട്ടിനില്ലാതെ സ്വർഗ്ഗത്തിലേക്ക് യാത്ര തുടങ്ങി. കുറെ ദൂരം ചെന്നപ്പോൾ ഒരു നായ ദയനീയഭാവത്തിൽ മാഷിനെത്തന്നെ നോക്കിക്കൊണ്ട് വഴിയിൽ നിൽക്കുന്നു.

നായയെ കണ്ടത് മാഷിന് വലിയ ആശ്വാസമായി. അതിന്റെ തലയിൽ വാത്സല്യത്തോടെ ഒന്നു താലോടി, പിന്നെ രണ്ടു പേരും കൂടിയായി യാത്ര. നടന്നു നടന്നു രണ്ടുപേരും ക്ഷീണിച്ചു. ദാഹിച്ച് തൊണ്ട വരളുന്നു. അല്പം വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു ചിന്തിച്ചതേ ഉള്ളൂ, അപ്പോഴതാ, ദൂരെ പ്രൌഡ ഗംഭീരമായ ഒരു കൂറ്റൻ കവാടം. അതിന്റെ മുകളിൽ സ്വർണ്ണലിപികളിൽ എഴുതി വെച്ചിരിക്കുന്നു

-സ്വർഗ്ഗം-

സ്വർഗ്ഗം കണ്ടെത്തിയ സന്തോഷത്തിൽ മാഷും നായയും ദാഹവും ക്ഷീണവും എല്ലാം മറന്ന് ആവേശത്തോടെ നടപ്പിന് വേഗം കൂട്ടി. അപ്പോഴേക്കും വഴിയുടെ മട്ടും ഭാവവും മാറി. പാതയിൽ ടൈൽ വിരിച്ചിരിക്കുന്നു. ഇരുവശത്തും പുൽത്തകിടികൾ, വരി വരിയായി നട്ടിരിക്കുന്ന ചെടികൾ. നയനാനന്ദകരമായ കാഴ്ചകൾ കണ്ട് അവർ ആ കവാടത്തിനു മുന്നിലെത്തി.

ഗ്രാനെെറ്റും മാർബിളും സ്ഫടികവും ആധുനിക നിർമ്മാണ സാമഗ്രികളും ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന ഒന്നാന്തരമൊരു ന്യൂ ജനറേഷൻ റിസപ്ഷനാണ് ഗേറ്റിന്റെ ഉള്ളിൽ. കോട്ടും സ്യൂട്ടും തൊപ്പിയും ധരിച്ചിരിക്കുന്ന ബ്ലാക്ക് ക്യാറ്റ് കമാൻഡോ പോലെ ഏതാനും കാവൽക്കാരും നല്ല ഗമ തോന്നിക്കുന്ന ഒരുദ്യോഗസ്ഥനും അവിടുണ്ടായിരുന്നു.

മാഷ് ആ ഉദ്യോസ്ഥനോട് ചെന്ന് ചോദിച്ചു - "ഇതേതാ സ്ഥലം...?!"

ഉദ്യോഗസ്ഥൻ പറഞ്ഞു - "ഇത് സ്വർഗ്ഗം" -

ഞാൻ പീറ്റർ, മരിച്ച് സ്വർഗ്ഗത്തിലേക്ക് വന്ന ആളാണ്, എനിക്കും ഈ നായക്കും കുടിക്കാൻ കുറച്ച് വെള്ളം കിട്ടുമോ..?!"

"ഗേറ്റ് കടന്ന് റിസപ്ഷനിൽ ചെന്നാൽ കൂളറുണ്ട് നിങ്ങൾക്ക് വെള്ളം കുടിക്കാം. പക്ഷേ വളർത്തു മൃഗങ്ങളെ ഉള്ളിൽ കടത്തുകയില്ല. ഇത് വൺവേ ഗേറ്റ് ആണ് അകത്തു കയറിയാൽ പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല".

മാഷ് ധർമ്മ സങ്കടത്തിലായി. ഏകനായി ഇവിടേക്ക് വരുമ്പോൾ ആകെ കൂട്ട് ഈ നായ മാത്രമായിരുന്നു. അതിനിത്തിരി കുടിവെള്ളം പോലും കൊടുക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ ഞാനെന്തിനാ സ്വർഗ്ഗത്തിൽ കയറുന്നത് - എന്നൊക്കെ ചിന്തിച്ച് മാഷ് ഉള്ളിൽ കയറാതെ നായയുടെ അടുത്തേക്ക് തിരികെ പോന്നു.

ടൈൽ വിരിച്ച വഴി ആ ഗേറ്റ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. മുന്നിൽ കണ്ട മൺപാതയിലൂടെ രണ്ടു പേരും വീണ്ടും നടപ്പ് തുടങ്ങി. കുറച്ചു ദൂരെ ചെന്നപ്പോൾ അതാ വീണ്ടും ഒരു കവാടം. അതു പക്ഷേ പഴക്കം കൊണ്ട് ഇടിഞ്ഞ് വീഴാറായ ഒരു കാവൽപ്പുര ആയിരുന്നു. അകത്തൊരു പ്രായമായ മനുഷ്യൻ ഇരുന്ന് എന്താേ ചെയ്യുന്നു. മാഷ് അയാളോടു ചോദിച്ചു -

"ഞാൻ പീറ്റർ, മരിച്ച് സ്വർഗ്ഗത്തിലേക്ക് വന്ന ആളാണ്, എനിക്കും ഈ നായക്കും കുടിക്കാൻ കുറച്ച് വെള്ളം കിട്ടുമോ..?!"

അപ്പോൾ ആ മനുഷ്യൻ സന്തോഷത്തോടെ എണീറ്റ് വന്ന് പറഞ്ഞു:

"സ്വാഗതം സഹോദരാ, ഞാനും ഒരു പീറ്ററാണ്. ഈ കെട്ടിടത്തിനു പിന്നിൽ ഒരു കിണറുണ്ട്, കയറും പാത്രവും അവിടെത്തനെ ഉണ്ടാകും, യഥേഷ്ടം കോരി കുടിച്ചു കൊള്ളുക".

മാഷിന് സന്തോഷമായി, നായയെയും കൂട്ടി കിണറ്റിനരികിൽ ചെന്ന് വെള്ളം കോരി വേണ്ടത്ര കുടിച്ച് പരവേശം അകറ്റി. പിന്നെ തിരികെ വന്ന് മാഷ് ആ വയസ്സനോട് ചോദിച്ചു - "പീറ്റർ അപ്പച്ചാ ഇതേതാ സ്ഥലം...?!"

വളരെ വാത്സല്യത്തോടെ അയാൾ മാഷിനോട് പറഞ്ഞു - "ഇതാണ് മോനേ സ്വർഗ്ഗം".

മാഷ് വലിയ കൺഫ്യൂഷനിലായി. "അപ്പച്ചാ ഞങ്ങളിങ്ങോട്ട് വരുന്ന വഴിക്ക് ഒരു വലിയ ഗേറ്റിൽ സ്വർണ്ണം കൊണ്ട്  സ്വർഗ്ഗം എന്നെഴുതി വെച്ചിട്ടുണ്ടായിരുന്നു. കണ്ടാൽ തന്നെ സ്വർഗ്ഗം ആണെന്നു തോന്നുന്ന ആ സ്ഥലം അപ്പോ സ്വർഗ്ഗം അല്ലേ...?!"

അല്ല മോനേ, അത് യഥാർത്ഥത്തിൽ നരകമാണ്. ആളുകളെ ആകർഷിക്കാൻ വേണ്ടി നരകത്തിന്റെ ഡെയർ ഡെവിൾ മാർക്കറ്റിംഗ് പിശാചുക്കൾ കണ്ടുപിടിച്ച സൂത്രമാണ് ആ ബോർഡും ഗേറ്റും റിസപഷനും ഒക്കെ".

"എന്റെ അപ്പച്ചാ അത് ഭയങ്കര തട്ടിപ്പല്ലേ? ഈ ചെകുത്താൻമാർ ഇത്രയും അതിക്രമം കാണിച്ചിട്ടും, സ്വർഗ്ഗത്തിന്റെ ബ്രാൻഡ് നെയിം വരെ ദുരുപയോഗം ചെയ്തിട്ടും, നിങ്ങൾ സ്വർഗ്ഗവാസികളും ദെെവം തമ്പുരാനും ചുമ്മാ കൈയ്യും കെട്ടി നോക്കിയിരിക്കുവാണോ. മരിച്ച് ഇവിടുത്തെ കാര്യങ്ങളൊന്നും അറിയാതെ ഭൂമിയിൽ നിന്നും തപ്പിപ്പിടിച്ചു വരുന്ന എന്നെപ്പോലത്തെ ശുദ്ധാത്മാക്കളെ ഇവന്മാർ മനപൂർവ്വം പറ്റിക്കുന്നത് അറിഞ്ഞിട്ടും ദൈവം എന്തേ മിണ്ടാതിരിക്കുന്നത്...?!"

"പീറ്ററേ - മോനേ, ദൈവത്തെ എതിക്കുന്നവർ പോലും ദൈവഹിതം തന്നെയാണ് നടപ്പാക്കുന്നത്. ആ പിശാചുക്കളും ദൈവത്തിന്റെ വേല തന്നെയാണ് ചെയ്യുന്നത്. സ്വർണ്ണത്തിളക്കവും ആഡംഭരവും കാണുമ്പോൾ, തന്റെ സഹജീവിയെ ഉപേക്ഷിച്ച് തൻ കാര്യം മാത്രം നോക്കുന്നവർ അവിടെ തന്നെയല്ലേ ശരിക്കും എത്തേണ്ടത്. അത്തരക്കാർ ഇവിടെ എത്താതിരിക്കാൻ ആ ചെകുത്താൻമാരല്ലേ രാപകൽ വേല ചെയ്യുന്നത്.

അതിനാ ദെെവം ചിലരെ പനപോലെ വളരാൻ വിടുന്നത".- പത്രോസ് പറഞ്ഞു നിർത്തി.

ആകർഷകമായ വരുമാനം സ്വപ്നം കണ്ടാണ് മക്കൾക്ക് ഒാരോ മേഖലകളിൽ പഠിക്കാൻ നേഴ്സറി മുതലുള്ള അഡ്മിഷൻ തേടുന്നതും, വലിയ തുകകൾ ചിലവഴിച്ച് പഠിപ്പിക്കുന്നതും. പഠനം കഴിഞ്ഞാൽ ഏറ്റവും വലിയ പാക്കേജാണ് എല്ലാവരും തേടുന്നത്. പാക്കേജിന്റെ തിളക്കം കാരണം, ഒപ്പം വരുന്ന മൂല്യച്യുതി സ്വാഭാവികമായും കാണാതെ പോകും.

ഉത്തമ ജീവിതം എന്ന സ്വർഗ്ഗത്തിലേക്കുള്ള വഴിയിൽ ഉന്നത ഉപജീവനം എന്ന കമനീയ കവാടങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ആരായാലും വീണു പോയേക്കാം. വീഴ്ചയെക്കുറിച്ച് നിരാശപ്പെടേണ്ട, പക്ഷേ നന്മ തിന്മകൾ തിരിച്ചറിയുമ്പോൾ, നന്മയുടെ പാത സ്വീകരിക്കണം. കണ്ണടച്ച് ഇരുട്ടാക്കരുത്. വീണിടത്തു കിടന്ന് ഉരുളുകയുമരുത്. കരകയറാൻ ബോധപൂർവ്വം ശ്രമിക്കണം.

ആ ധർമ്മ യുദ്ധത്തിന്റെ ആത്മാർത്ഥതയാണ് നമുക്ക് ഉത്തമ ജീവിതം നേടിത്തരുന്നത്.

What is Profile ID?
CHAT WITH US !
+91 9747493248