Back to articles

വിവാഹം! എന്തിനീ പൊല്ലാപ്പ്?

April 01, 2005

''ഇവൾക്ക് വിദേശത്താണ് ജോലി, വല്ലപ്പോഴും ഒരിക്കലെ നാട്ടിൽ വരികയുള്ളു. എത്ര പറഞ്ഞിട്ടും ഒരു കല്യാണത്തിന് സമ്മതിക്കുന്നില്ല. ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ അത് നടത്താനും ഞങ്ങൾക്ക് സമ്മതമാ, പക്ഷെ അങ്ങനെ ആരും  ഇല്ല -  അപ്പനും, അമ്മയും, പ്രായമായ ഒരു ആന്റിയും കൂടെ, നിർബന്ധിച്ച് കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ്  ഒരു മിടുക്കി പെൺകുട്ടിയെ.

അങ്കിളെ, എനിക്ക് പുരുഷവിരോധമോ, പ്രേമനൈരാശ്യമോ ഒന്നും ഇല്ല. എന്റെ കൂട്ടുകാർ സ്വന്തക്കാർ തുടങ്ങി പലരുടെയും വിവാഹം, വിലാപവും പല്ലുകടിയും തമ്മിൽതല്ലുമായിട്ടു പോകുന്നത് കാണുമ്പോൾ എന്തിനാ ഈ പൊല്ലാപ്പ് എന്ന് തോന്നി അത്രേയുള്ളു. അങ്കിളു പറയൂ എന്തിനു വേണ്ടിയാ വിവാഹം?

വിവാഹത്തിനു തയ്യാറെടുക്കുന്ന എല്ലാവരും ചോദിച്ച് അറിയേണ്ട ഒരു കാര്യമാണല്ലോ മോള് ചോദിച്ചത്. ആദ്യം നമുക്ക് മോളുടെ അപ്പച്ചനോട് ചോദിക്കാം. അച്ചായനെന്തിനാ കല്യാണം കഴിച്ചത്?

എന്റെ പഠിത്തം കഴിഞ്ഞ് ഒരു ജോലിയിൽ കയറി കാലുറച്ചപ്പോൾ, ഇടക്കാരും, വീട്ടുകാരും ഒക്കെയായിട്ട് കല്യാണാലോചനകൾ വരാൻ തുടങ്ങി. അങ്ങനെ പെണ്ണു കാണാൻ പോയി. ഇവളുടെ നോട്ടവും, ഭാവവും, രൂപവും, വർത്തമാനവും എനിക്ക് ഇഷ്ടപ്പെട്ടു, കല്യാണവും നടന്നു.

ഇനി അമ്മയോട് ചോദിക്കാം, അമ്മയെന്തിനാ അച്ചായനെ കല്യാണം കഴിച്ചത്?

ഡിഗ്രി പരീക്ഷ കഴിഞ്ഞാൽ ഉടൻ കെട്ടിച്ചുവിടണം എന്നു പറഞ്ഞിട്ടാ എന്നെ കോളജിൽ ചേർത്തതുതന്നെ, ഫൈനൽ ഇയർ ആയപ്പോൾ മുതൽ എന്റെ അമ്മ എല്ലാദിവസവും, അപ്പന്റടുത്ത് ടൌണിലെ സ്ഥലം വിൽക്കാൻ നിർബന്ധം പറയുമായിരുന്നു. സ്ഥലം പെട്ടെന്ന് നല്ല വിലയ്ക്ക് കച്ചവടമായി. കാശ് വല്ലവഴിക്കും പോകും മുമ്പ് പെണ്ണിനെ കെട്ടിക്കണം എന്നായി അമ്മേടെ അടുത്ത പല്ലവി. സ്ഥലത്തിന്റെ ഇടക്കാരൻ തന്നെ രണ്ടുമൂന്ന് ആലോചന കൊണ്ടുവന്നു. ഈ അച്ചായൻ വന്നു കണ്ടപ്പോൾ,  പുള്ളിക്കാരന് എന്നെ നല്ല ഇഷ്ടമായെന്ന് എനിക്ക് തോന്നി, പരീക്ഷ ഒന്നും പിന്നെ എഴുതിയില്ല, ഇടുപിടീന്ന് കല്യാണം നടന്നു.

വന്നപ്പോഴുണ്ടായിരുന്ന നീരസം ഒക്കെ മറന്ന് അപ്പന്റെയും, അമ്മയുടെയും കല്യാണക്കാര്യം നല്ല രസംപിടിച്ച് കേട്ടിരിക്കുന്ന മകളോട് ഞാൻ ചോദിച്ചു, മോളെ ഈ അപ്പനും അമ്മേം കൂടെ പത്തുമുപ്പത് കൊല്ലം ജീവിച്ചിട്ട് ഇവർക്ക് എന്നതാ കിട്ടിയത്?

മൂന്ന് മക്കളെ കിട്ടി, കുറെ കഷ്ടപ്പെട്ടെങ്കിലും, അത്യാവശ്യം നിലയും വിലയും, സൌകര്യങ്ങളും കിട്ടി. കുറെ സന്തോഷവും, സങ്കടങ്ങളും കിട്ടി. ഇപ്പോൾ എന്നെപ്പറ്റി പറഞ്ഞ് മനപ്രയാസം ഉണ്ടാക്കാൻ മാത്രമെ ഇവർക്ക് നേരമുള്ളു.

ഇത്രയും കാലം ജീവിച്ചിട്ട് ആന്റിക്ക് എന്താ കിട്ടിയത്?

അങ്ങ് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നെന്നപോലെ സ്ഫുടമായ സ്വരത്തിൽ ആന്റി പറയാൻ തുടങ്ങി മക്കളെ ഞാനുൾപ്പെട്ട ഓരോന്നു സംഭവിക്കുമ്പോഴും, വാക്കുകൾക്ക് വിവരിക്കാൻ പറ്റാത്ത എന്തോ ഒക്കെ, ഒരു അരുവിയോ പുഴയോ മറ്റോ ഒഴുകി പോകുന്നതു പോലെ മനസ്സിൽ സംഭവിച്ചു കൊണ്ടേയിരിക്കുകയാണ് ഇതാണ് എനിക്ക് ജീവിതത്തിൽ നിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്.

ശരിയാണ് ആന്റീ.... അതിനാണ് അനുഭൂതി എന്നു പറയുന്നത്. പലവിധ അനുഭൂതികളാണ് ജീവിതത്തിൽ ആത്യന്തികമായി നമുക്ക് കിട്ടുന്നത്. നമ്മൾ എന്തുചെയ്താലും, നമുക്ക് എന്തു സംഭവിച്ചാലും, ഏതെങ്കിലും തരം അനുഭൂതികൾ ഉണ്ടാകും. എന്നാൽ സുഖമുള്ള  നല്ല അനുഭൂതികൾ കിട്ടാൻ വേണ്ടിയാണ് നമ്മളെല്ലാം ആശിക്കുന്നതും, പരിശ്രമിക്കുന്നതും. നല്ല ജോലി വേണം, നല്ല വരുമാനം വേണം, നല്ല വേഷം വേണം, നല്ല ഭക്ഷണം വേണം, നല്ല വീടുവേണം, നല്ല നിലയും വിലയും വേണം, നല്ല ഭാര്യ വേണം, നല്ല ഭർത്താവ് വേണം, നല്ല ലൈംഗിക ബന്ധം വേണം, നല്ല മക്കൾ വേണം, മക്കൾക്ക് നല്ലത് വരണം. ഇതൊക്കെ സുഖമുള്ള നല്ല അനുഭൂതികൾ കിട്ടാനുള്ള ചില മാർഗ്ഗങ്ങൾ ആണ്.

ഒരു സ്ത്രീയും പുരുഷനും ചേർന്ന്, ഈവിധ എല്ലാ അനുഭൂതികളും അനുഭവിക്കാനും ആസ്വദിക്കാനും അവരുടെ മനോധർമ്മമനുസരിച്ച് ആവശ്യാനുസരണം പാകപ്പെടുത്തി എടുക്കാനുമുള്ള ഒരു അതിവിശിഷ്ട സംവിധാനമാണ് കുടുംബം. ഭർത്താവ് ഭാര്യ മക്കൾ ഇതാണ് കുടുംബത്തിന്റെ അകക്കാമ്പ്. മാതാപിതാക്കൾ, സഹോദരങ്ങൾ, സ്വന്തക്കാർ, സുഹൃത്തുക്കൾ എന്നീ പുറം കവചങ്ങളും കൂടി ചേർന്ന്, ഓരോ വ്യക്തിക്കും ഒരു സാമൂഹ്യ ഭദ്രതയും കൂടി ലഭിക്കും കുടുംബം എന്ന സംവിധാനത്തിലൂടെ.

നല്ല സുഖമുള്ള അനുഭൂതികൾ സൃഷ്ടിച്ച് ആസ്വദിച്ചനുഭവിക്കാൻ കഴിയുന്ന, ഭദ്രതയുള്ള ഒരു ജീവിതം, സ്വന്തമായി ലഭിക്കാൻ  വേണ്ടിയാ മോളെ വിവാഹം. പക്ഷെ കല്യാണം കഴിച്ച എത്രപേർക്ക് ഇതറിയാം എന്ന് എനിക്കറിഞ്ഞുകൂടാ. നിന്റെ ജീവിതം കൊണ്ട് ഇതൊക്കെ ആസ്വദിച്ച് അനുഭവിക്കണം എന്ന ആഗ്രഹം നിനക്കുണ്ടായാൽ മാത്രം  വിവാഹത്തിന് ഒരുമ്പെട്ടാൽ മതി.

ഇനി വിവാഹം ചെയ്തില്ലെങ്കിലും, പരിപൂർണ്ണതയുള്ള ഏക അനുഭൂതിയാണ് ദൈവം. അതെന്നും നിന്റെകൂടെ ഉണ്ടായിരിക്കും. മനം തുറന്നൊന്നു വിളിച്ചാൽ മാത്രം മതി.

God is just a  Prayer Away

George Kadankavil - April  2005

What is Profile ID?
});
CHAT WITH US !
+91 9747493248