Back to articles

മനപ്പൂർവ്വമുള്ള ചതി!

February 01, 2006


കെട്ടിയ പെണ്ണിനെ കൂടെ കിടത്താനും, കൊണ്ടു നടക്കാനും വയ്യാത്തവൻ, എന്തിനാ പിന്നെ കോട്ടും സൂട്ടും ഇട്ട് വന്ന് പെണ്ണിനെ കെട്ടി കൊണ്ടു പോയത്? ഒരു പെണ്ണിന്റെ ജീവിതം കൂടി തുലയ്ക്കാനായിരുന്നോ? പെണ്ണിനെ പൊറുപ്പിക്കാൻ കഴിവില്ലെന്ന കാര്യം ചെറുക്കനെങ്കിലും അറിയുമായിരുന്നല്ലോ, വല്യ പഠിപ്പും, ഉദ്യോഗവും, കുടുംബപ്പേരും, ഉണ്ടായിട്ടെന്താ കാര്യം, ഈ ആണും പെണ്ണും കെട്ട ചെയ്തി ന്യായീകരിക്കാൻ പറ്റുമോ? അനന്റെ അപ്പനും അമ്മക്കും, ഇളയവനെ കെട്ടിക്കാനായിട്ട് ഈ കർമ്മം തീർത്തു വിടണമെന്നേ ഉണ്ടായിരുന്നുള്ളു, മനപ്പൂർവ്വമുള്ള ചതിയല്ലേ ഇത്? എന്റെ മോളേ ഇനി ഞാൻ എന്തുചെയ്യണം, ജോർജ്ജ് സാറ് പറയൂ?

ചങ്കു പൊട്ടിത്തെറിക്കുന്ന ഈ പിതാവിന്റെ വേദന അടക്കാൻ, ആർക്ക്, എന്തു പറയാൻ കഴിയും. ആരെന്തു പറഞ്ഞാലും അത് അടങ്ങില്ല. ലൈംഗിക ശേഷി ഇല്ലാത്ത മകനെയാണ് വിവാഹം കഴിപ്പിക്കുന്നത് എന്നറിഞ്ഞു കൊണ്ടാണ് അവന്റെ മാതാപിതാക്കൾ ഇതിന് ഒരുമ്പെട്ടതെങ്കിൽ, എത്ര മനുഷ്യരുടെ മുന്നിൽ ന്യായീകരിക്കപ്പെട്ടാലും, സ്വന്തം അസ്ഥിത്വത്തിനു മുമ്പിൽ അവർ ഒരിക്കലും ന്യായീകരിക്കപ്പെടില്ല. അസ്ഥിത്വം നഷ്ടപ്പെട്ട, ചലിക്കുന്ന പുറംതോടുകളായി ജീവിക്കേണ്ടിവരും. ഇവർക്കുള്ള ശിക്ഷ ഇവരു തന്നെ വിധിച്ചെടുത്തിരിക്കുകയാണ്.

ഇനി അടുത്ത പടി വിവാഹമോചനം അല്ല. മറ്റെല്ലാം യോജിച്ചതായതു കൊണ്ടല്ലേ ഈ വിവാഹത്തിന് തയ്യാറായത്? വിവാഹം ദൈവത്തിന്റെ പദ്ധതി ആണ്, ഈ അനുഭവങ്ങളും ദൈവനിശ്ചയമാണ്. ഇവിടെ നിങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തണം, അപ്പോൾ നിങ്ങൾക്കും മഹത്വം ലഭിക്കും. ഇത് റിപ്പയർ ചെയ്ത് എടുക്കാനാണ് ഇനി ശ്രമിക്കേണ്ടത്. അതുകൊണ്ട്, മകളെ ഇനി എന്തുചെയ്യണം  എന്നു ആലോചിക്കുംമുമ്പ്, മകൾക്ക് എന്തെല്ലാം ചെയ്യാൻ കഴിവുണ്ട് എന്നു ചിന്തിക്കാം. ഇതു ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് എന്ന് മകളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തണം.

മനപ്പൂർവ്വമുള്ള ചതിയിൽപ്പെട്ടു എന്ന ചിന്ത, മനുഷ്യന്റെ മനസ്സിൽ, ഉണങ്ങാൻ ഏറെ വിഷമമുള്ള ഒരു മുറിവാണ്. അവന്റെ പ്രശ്നം വിവാഹത്തിനു മുമ്പുതന്നെ അവന് അറിയാമായിരുന്നോ എന്നു കണ്ടെത്തണം. അറിയില്ലായിരുന്നു എങ്കിൽ ചതിക്കപ്പെട്ടു എന്ന ചിന്ത ഉപേക്ഷിക്കാം. അറിയാമായിരുന്നു എങ്കിൽ, പിന്നെ എന്തിനുവേണ്ടി അവൻ വിവാഹത്തിനു തയ്യാറായി? ഭാര്യയുടെ സഹകരണത്തോടെ, പ്രശ്നം പരിഹരിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണോ? അങ്ങനെയെങ്കിൽ, പരിഹാരം കണ്ടെത്താൻ അവനും സഹകരിക്കുമല്ലോ?

മേൽപറഞ്ഞ രണ്ടു സാഹചര്യത്തിലും അവനെ ചികിത്സിക്കാനാണ് ശ്രമിക്കേണ്ടത്. അതിനു മകൾതന്നെ പക്വതയോടെ മുൻകൈ എടുക്കണം.തുറന്നു പറയാൻ നാണവും, അപമാനവും തോന്നുന്ന വിഷയമായതിനാൽ ഒഴിഞ്ഞു മാറാനായിരിക്കും അവൻ ആദ്യം ശ്രമിക്കുക. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടാക്കി ഭാര്യയെ കുറ്റപ്പെടുത്താനോ, അപമാനിക്കാനോ, ഒരു കാര്യവുമില്ലാതെ വഴക്കുണ്ടാക്കുവാനോ, ഉപദ്രവിക്കാനോ, ഒളിച്ചോടാനോ ഒക്കെ അവൻ ശ്രമിച്ചേക്കാം. മകളുടെ കഴിവുകൾ ഇവിടെയാണ് പ്രസക്തമാകുന്നത്. ഇതു ഞാൻ ശരിയാക്കിയെടുക്കും എന്നു ദൃഢനിശ്ചയം ചെയ്ത് അവൾ പ്രവർത്തിക്കണം. Be Assertive  എന്നതാണ് ഇവിടെ Key word. അവന്റെ സഹകരണം നേടാനും, ചികിൽസിക്കാനുമുള്ള എല്ലാ പരിശ്രമവും നടത്താതെ പരാജയം സമ്മതിക്കരുത്.

ഒരുമിച്ചുള്ള ജീവിതം ഇനി ഒരുവിധത്തിലും സാധിക്കുകയില്ല എങ്കിൽ മാത്രമെ വിവാഹമോചനത്തിലേക്ക് തിരിയാൻ പാടുള്ളു. അഥവാ മകളുടെ വിവാഹമോചനം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ അടുത്ത ബന്ധുക്കളെയും ഉറ്റ സുഹൃത്തുക്കളെയും വീട്ടിൽ വിളിച്ച് സംഭവം വിശദീകരിക്കണം. അവരുടെ മോറൽ സപ്പോർട്ട് ആവശ്യപ്പെടണം. ജോലിസ്ഥലത്ത് അടുത്ത സഹപ്രവർത്തകരെ ഒരുമിച്ചു കൂട്ടി കാര്യങ്ങൾ തുറന്നു പറയുന്നതും നല്ലതാണ്. പിന്നിൽ നിന്നുള്ള കുശുകുശുപ്പ് ഒഴിവാകും. പരിഹാസത്തിനും, സഹതാപത്തിനും പകരം, അവരുടെ സഹാനുഭൂതി (Empathy) ലഭിക്കും, പിന്നെ തല ഉയർത്തി തന്നെ നടക്കാൻ നിങ്ങൾക്കു കഴിയും. ചിലപ്പോൾ ഒരു പുനർവിവാഹത്തിനുള്ള ആളെ അവർ വഴി കണ്ടുകിട്ടിയെന്നും വരാം.

George Kadankavil - February  2006

What is Profile ID?
CHAT WITH US !
+91 9747493248