Back to articles

ഒരു വീട്ടുവഴക്കിന് നാല് മസാലദോശ?

July 31, 2020

ലോക്ക്ഡൌൺ ഇങ്ങിനെ അനിശ്ചിതമായി നീളുന്നത് വീട്ടിൽ കുടുംബ പ്രശ്നങ്ങൾ വഷളാക്കുന്നു എന്നു പറഞ്ഞ് വിളിച്ച ഒരു അമ്മയ്ക്ക് വീട്ടിലെ അന്തരീക്ഷം കുറച്ചു കൂടി മെച്ചമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പറഞ്ഞു കൊടുക്കുകയായിരുന്നു.

ഇവരുടെ വീട്ടിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നതു പോലെയാണ് പെരുമാറുന്നതത്രെ. ഓരോരുത്തർക്കും ഓരോന്നാണ് വേണ്ടത്, എന്തുണ്ടാക്കി കൊടുത്താലും അതിനു കുറ്റം പറയും, ഞാൻ മടുത്തു സാർ. എങ്ങിനെയെങ്കിലും മോളുടെ കല്യാണം ഒന്നു നടന്നു കിട്ടിയിരുന്നെങ്കിൽ വല്ല ആശ്രമത്തിലും പോയി ചേരാമായിരുന്നു. അതിനിപ്പം ഈ കൊറോണ കാരണം കല്യാണം പോയിട്ട്, പെണ്ണു കാണലിനു പോലും ആരും വരുന്നില്ല.

പെങ്ങളെ അങ്ങിനെ മനസ്സു മടുക്കാൻ വരട്ടെ. പെണ്ണു കാണലും കല്യാണങ്ങളും ഒക്കെ ഇപ്പോഴും ധാരാളമായി നടക്കുന്നുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂലൈ വരെ 862 ബെത് ലെഹം അംഗങ്ങളാണ് വിവാഹം നിശ്ചയിച്ചു എന്നറിയിച്ച് പ്രൊഫൈൽ കാൻസൽ ചെയ്തിരിക്കുന്നത്. ജൂലൈ മാസത്തിൽ മാത്രം 262 കാൻസലേഷൻ വന്നു.

പലരുടെയും വിവാഹം കൊറോണ പ്രോട്ടോക്കോൾ പ്രകാരം നടന്നു കഴിഞ്ഞിരിക്കുന്നു. കൊറോണ വഴി വന്ന പരിമിതികളെ ഇത്രയും പേർ അവരുടെ സ്ഥിരോത്സാഹവും, മനോഭാവവും കൊണ്ടല്ലേ മറികടന്നത്? അമ്മയും ഉത്സാഹത്തോടെ പരിശ്രമിച്ചു കൊണ്ടിരിക്കണം.

ഭർത്താവിനെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അനുനയിപ്പിക്കാൻ മനുഷ്യന്റെ സ്വഭാവ ശാസ്ത്രം മനസ്സിലാക്കിയാൽ മതി. അത്തരം പുസ്തകങ്ങൾ വായിക്കുന്നത് നല്ലതാണ്. എന്നൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞപ്പോൾ, വായിക്കാൻ പറ്റിയ പുസ്തകം സജസ്റ്റ് ചെയ്യാമോ എന്നായി ആ അമ്മ.

Thomas A Harris എഴുതിയ I am OK - You are OK” എന്ന പുസ്തകം ആണ് പ്രശ്നങ്ങളെക്കുറിച്ച് മാറി ചിന്തിക്കാൻ എനിക്ക് പ്രചോദനം തന്നിട്ടുള്ളത്. Self Esteem എന്ന വിഷയത്തിൽ പ്രൊഫ മേരി മററിൽഡയുടെ ഒരു ക്ളാസ്സിൽ ഇരുപത് വർഷം മുമ്പാണ് ഞാൻ ഈ പുസ്തകത്തെക്കുറിച്ച് കേൾക്കുന്നത്.

ഒരു കഥ പറഞ്ഞു കൊണ്ടാണ് മാഡം അന്ന് വിഷയം അവതരിപ്പിച്ചത്;

നാല് കൂട്ടുകാർ ഒരു ദിവസം വൈകുന്നേരം കാപ്പി കുടിക്കാനായി ഒരു കോഫിഹൌസിൽ ചെന്നിരുന്നു. വെയിറ്റർ വന്നു ചോദിച്ചു – എന്താ എടുക്കേണ്ടത്?

ഒരാൾ പറഞ്ഞു – എനിക്ക് ഒരു ചായയും നെയ് റോസ്റ്റും

രണ്ടാമത്തെ ആൾ - എന്തെങ്കിലും മതി, എല്ലാരും കഴിക്കുന്നത് എനിക്കും.

മൂന്നാമത്തെ ആൾ - എനിക്കൊന്നും കഴിക്കാൻ മേലാ, ഷുഗറും പ്രഷറും. എന്തു കഴിച്ചിട്ടും ഒരു കാര്യവുമില്ല. ഇവിടെ ഒക്കെ എന്തു വൃത്തികേടാ, . . . . .

നാലാമത്തെ ആൾ - കോഫിഹൌസിൽ വന്നത് കാപ്പി കുടിക്കാനല്ലേ, എല്ലാവർക്കും കാപ്പിയും മസാലദോശയും മതി.

നാല് കാപ്പി ! നാല് മസാല ദോശ ! ?

ഒന്നാമത്തെ ആൾ അപ്പോൾ പറഞ്ഞു - ക്ഷമിക്കണം, എനിക്ക് മസാല ഇഷ്ടമല്ല, കാപ്പി ശീലമില്ല, അതുകൊണ്ട് നെയ് റോസ്റ്റും ചായയും തന്നെ മതി.

 

കഥയിലെ ഒന്നാമത്തെ ആളുടെ വ്യക്തിത്വ ഭാവം അസ്സർട്ടീവ് (Assertive Personalityആണത്രെ. ഓരോ സന്ദർഭത്തിലും അവനവന് വേണ്ടത് എന്താണെന്ന് വിലയിരുത്തി നിശ്ചയിക്കാനും, അത് മറ്റുള്ളവർക്ക് ദ്രോഹമാകാത്ത വിധം പ്രകടിപ്പിക്കാനും, സ്വന്തം തീരുമാനങ്ങളുടെ ഭവിഷ്യത്ത് ഏറ്റെടുക്കാനും സന്നദ്ധരായിരിക്കും ഇവർ. അഥവാ അവർക്ക് ലഭിക്കണം എന്ന് ഉദ്ദേശിച്ച് പരിശ്രമിച്ചിട്ട് കിട്ടിയില്ലെങ്കിലും അതെക്കുറിച്ച് അതിരുകടന്ന് അസ്വസ്ഥരാകില്ല. കാരണം, സ്വന്തം ബോദ്ധ്യത്തിനു വേണ്ടി നിലകൊള്ളുകയും, അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്തു എന്നത്, അവർക്ക് ആത്മസംതൃപ്തി നൽകുന്നു. “I am OK - You are OK” എന്നെയും കൊള്ളാം – നിങ്ങളെയും കൊള്ളാം എന്നാണ് അവരുടെ നിലപാട്.

 

രണ്ടാമത്തെ ആളുടെ വ്യക്തിത്വ ഭാവം  പാസ്സീവ് (Passive Personality) ആണത്രെ. മറ്റുള്ളവരുടെ അപ്രീതി നേരിടേണ്ടി വരുമോ എന്നു കരുതി, സ്വന്തം ഇഷ്ടങ്ങൾ ത്യജിക്കാൻ ശീലിക്കും, ഒടുവിൽ സ്വന്തം ഇഷ്ടം എന്താണെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിൽ എത്തും. വേണ്ട എന്നു പറയേണ്ടിടത്ത് അത് പറയാൻ മടിക്കും. വേണം എന്നു പറയേണ്ടിടത്തും മടി വിചാരിക്കും. ആരെങ്കിലും നിർബന്ധിച്ചാൽ ചെയ്യും. നല്ല അടുപ്പമുള്ള വീടുകളിൽ പോയാലും, ആതിഥേയർ, ചായ വേണോ കാപ്പി വേണോ എന്നു ചോദിച്ചാൽ, എന്തെങ്കിലും ഏതെങ്കിലും ഒന്നും വേണ്ടെന്നേ എന്നൊക്കെയായിരിക്കും പ്രതികരിക്കുക. പ്രശംസ കിട്ടിയാൽ അല്പം സന്തോഷിക്കുകയും, വിമർശനം വന്നാൽ അസ്വസ്ഥരാകുകയും ചെയ്യും. “I am Not OK – You are OK” എന്നെ കൊള്ളില്ല, നിങ്ങളെ കൊള്ളാം എന്നാണ് ഇവരുടെ നിലപാട്.

 

 

മൂന്നാമത്തെ ആളുടെ വ്യക്തിത്വ ഭാവം പാസ്സീവ്-അഗ്രസ്സീവ് (Passive-Aggressive Personality) ആണത്രെ. പരോക്ഷമായ നിഷേധ ഭാവവും പെരുമാറ്റവും. കാര്യങ്ങൾ വെച്ചു താമസിപ്പിക്കുക, വേണം അല്ലെങ്കിൽ വേണ്ട എന്ന് രണ്ടിലൊന്ന് തീരുമാനം പറയാതിരിക്കുക, മറ്റുള്ളവർ ചെയതതിനെ എല്ലാം പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യും. പക്ഷേ ഒരു ഏറ്റുമുട്ടലിൽ വിജയിക്കാനോ, അതിന്റെ ഭവിഷ്യത്ത് നേരിടാനോ ഉള്ള കഴിവും കരുത്തും തനിക്കില്ല എന്ന് സ്വയം വിചാരിക്കുന്നു. “I am Not OK – You are Not OK” എന്നെയും കൊള്ളില്ല – നിങ്ങളെയും കൊള്ളില്ല, എന്ന നിലപാട് ആണ് ഉള്ളിൽ. അത് പുറമേയ്ക്ക് പ്രകടമാകാതിരിക്കാൻ വേണ്ടി കാര്യമില്ലാത്ത കാര്യങ്ങൾക്ക് പോലും വഴക്കും ബഹളവും വെച്ചു കൊണ്ടിരിക്കും.

 

നാലാമത്തെ ആളുടെ വ്യക്തിത്വ ഭാവം അഗ്രസ്സീവ് (Aggressive Personality) ആണത്രെ. എനിക്ക് മാത്രമേ കാര്യങ്ങൾ അറിയുകയുള്ളു, നിങ്ങൾക്ക് ഇതൊന്നും അറിയില്ല എന്ന ചിന്താഗതിയിലാണ് ഇക്കൂട്ടർ സംസാരിക്കുന്നതും, പെരുമാറുന്നതും. ഇടപെടുന്നവരെ എല്ലാം വെറുപ്പിക്കുന്ന സ്വഭാവം. ഏറ്റുമുട്ടലിന് വെമ്പൽ കൊണ്ടിരിക്കും എപ്പോഴും. “I am OK – You are Not OK” എന്നെ കൊള്ളാം, നിങ്ങളെ കൊള്ളില്ല എന്നാണ് ഇക്കൂട്ടരുടെ നിലപാട്.

 

ഈ ക്ളാസ്സ് കേട്ടപ്പോൾ മുതൽ ഞാനിടപെടുന്ന ആളുകളുടെ പ്രസ്താവനകൾ ഏതു ഭാവത്തിൽ നിന്നാണ് പുറപ്പെടുന്നത് എന്ന് വെറുതെ ഒരു രസത്തിന് ചിന്തിക്കാൻ തുടങ്ങി.

ശരിയാണല്ലോ, നമ്മൾക്കൊക്കെ ഓരോ സമയത്തും ഓരോരോ ഭാവങ്ങളാണല്ലോ!. നമ്മളിലെല്ലാം ഈ പറഞ്ഞ നാലു തരമോ, ഒരു പക്ഷേ അതിൽ കൂടുതലോ പെഴ്സണാലിറ്റികൾ നിറഞ്ഞിരിപ്പുണ്ട്. ഓരോ വ്യക്തിക്കും ഒരു സ്ഥിരം ഭാവം ഉണ്ടെങ്കിലും, സന്ദർഭം അനുസരിച്ച് മറ്റു ഭാവങ്ങളും പ്രകടമാകാറുണ്ട്.

അമ്മയുടെ ആവശ്യങ്ങൾ നടത്തിയെടുക്കാൻ, ഭർത്താവിനെ അസ്സർട്ടീവ് ആക്കി എടുക്കുകയാണ് ഏക പ്രതിവിധി. അത് പറ്റിയില്ലെങ്കിൽ മാതാപിതാക്കളിൽ ഒരാളെയെങ്കിലും അസ്സർട്ടീവ് ആക്കിയാലും മതി. അതിനു വേണ്ടി തന്ത്രപൂർവ്വം പശ്ചാത്തലം സൃഷ്ടിക്കണം.

ലോകത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന ചില ഭാഷകളുണ്ട്. സ്നേഹം, ഭയം, വെറുപ്പ്, ഉത്സാഹം, നിരാശ, ശരീര ഭാഷ തുടങ്ങി വാക്കുകൾ ആവശ്യമില്ലാത്ത കുറേ ഭാഷകളുണ്ട്.

നമ്മൾ ഒന്നും പറയാതെ തന്നെ, നമ്മളോട് ഇടപെടുന്നവർ, അവരവരുടെ കാഴ്ചപ്പാട് അനുസരിച്ച് വിവർത്തനം ചെയ്ത്, ശരിയായോ, തെറ്റായോ ധരിച്ച് എടുക്കുന്ന ഭാഷാ ശൈലികളാണ് ഈ വാക്കില്ലാ ഭാഷകൾ.

ഈ വാക്കില്ലാ ഭാഷകളിൽ, കൂടെയുള്ളവരെ നല്ല രീതിയിൽ സ്വാധീനിക്കാൻ ഉപയോഗിക്കുന്ന ഭാഷകളാണ് സ്നേഹവും ഉത്സാഹവും അതിനു ചേരുന്ന ശരീരഭാഷയും.

മറ്റ് നിവർത്തിയില്ലാതെ വരുമ്പോൾ അഗ്രസ്സീവ് ആയി ഉപയോഗിക്കുന്ന ഭാഷയാണ്, ഭയപ്പെടുത്തലും അതിന്റെ ശരീരഭാഷയും. ഈ ഭാഷ പക്ഷേ, അപകടകാരിയാണ്. പിന്നീട് എപ്പോഴെങ്കിലും, പ്രത്യേകിച്ച് നമ്മൾ ക്ഷീണിച്ചിരിക്കുമ്പോൾ, കൊടുത്തതിന്റെ പലമടങ്ങ് ശക്തിയിൽ ഇത് തിരിച്ചടിക്കും. കുടുംബാംഗങ്ങളുടെ അടുത്ത് വളരെ വളരെ സൂക്ഷിച്ച് മാത്രം ഉപയോഗിക്കേണ്ട ഭാഷയാണിത്.

അമ്മ പാസ്സീവ് ആയതുകൊണ്ടാണ് ഇങ്ങനെ സഹിക്കുന്നത്. ആദ്യം അമ്മ അസ്സർട്ടീവ് ആകണം, എന്നിട്ട് ഇതുവരെ കാണിച്ചിരുന്ന നിരാശയുടെ ഭാഷ മാറ്റി, ഉത്സാഹത്തിന്റെ ഭാഷയിൽ തന്ത്രപൂർവ്വം നല്ല രീതിയിൽ പരിശ്രമിച്ച്  ഭർത്താവിന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും മനസ്സു മാറ്റി, അസ്സർട്ടീവ് ആക്കി എടുക്കണം.

ഇങ്ങനെ ഒരു അസ്സർട്ടീവ് മനോഭാവം നേടിയെടുത്തില്ലെങ്കിൽ, ഇനി അഥവാ ഏതെങ്കിലും ആശ്രമത്തിൽ ചേർന്നാലും ഇതുപോലുള്ള അസ്വസ്ഥതകൾ തന്നെയായിരിക്കില്ലേ അവിടെയും അമ്മയുടെ അനുഭവം?.

പ്രിയപ്പെട്ടവരേ, കൊറോണ നിന്നാലും പോയാലും, ജീവിതം മുന്നോട്ടു തന്നെ കൊണ്ടു പോയല്ലേ മതിയാകൂ? നിലവിലുള്ള സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് പോകാൻ ബുദ്ധിമുട്ടുണ്ട്, എങ്കിലും മാറ്റങ്ങളോട് ചെറുത്തു നിൽക്കാതെയും, നിരാശപ്പെടാതെയും, നമ്മുടെ കാഴ്ചപ്പാട് മാറ്റി, ഉത്സാഹം കൈവരിക്കുക എന്ന ഒരു പോംവഴി മാത്രമേ എനിക്ക് പറയാനുള്ളു.

സസ്നേഹം

ജോർജ്ജ് കാടൻകാവിൽ

31/07/2020

What is Profile ID?
CHAT WITH US !
+91 9747493248