Back to articles

കന്യകയായ ഭാര്യ, അമ്മയാകാൻ കൊതിക്കുന്നു.

May 01, 2015

മകനു വേണ്ടി വിവാഹം ആലോചിക്കാൻ ഒരു പാവപ്പെട്ട വീട്ടിലെ പെണ്ണിനെ തേടി വന്ന സംഭവം, ബെത് ലെഹമിന്റെ  ഒരു ലേഖനത്തിൽ വായിച്ചിട്ടാണ് ഞാൻ സാറിനെ വിളിക്കുന്നത്.

"പാവപ്പെട്ട വീട്ടിലെ പെണ്ണ്" എന്നൊന്ന് ഇക്കാലത്ത് നാട്ടിലില്ല എന്ന് സാറെഴുതിക്കണ്ടു. അത് ശരിയല്ല, നിവൃത്തികേടിന്റെ സ്ത്രീ ജന്മങ്ങൾ ഇക്കാലത്തുമുണ്ട്. എന്റെ  കല്യാണം അങ്ങിനെ ആയിരുന്നു. എന്റെ  അനുഭവത്തെപ്പറ്റി എന്റെ  ഭർത്താവിനോ കുടുംബത്തിനോ അപമാനമാകാത്ത വിധം സാറൊന്ന് എഴുതാമോ?.

എന്റsതുപോലുള്ള അവസ്ഥയിൽ വിവാഹം കഴിക്കാൻ വേറേ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് ഇതുപകരിച്ചേക്കാം. എഴുതിയില്ലെങ്കിലും വിഷമമില്ല, എനിക്ക് ഇതെല്ലാം ആരോടെങ്കിലും ഒന്നു പറഞ്ഞാൽ തന്നെ വല്ല്യ സമാധാനം ആകുമായിരുന്നു.

മാഡം പറഞ്ഞോളൂ, എത്രനേരം വേണമെങ്കിലും ഞാൻ കേൾക്കാം.

പറയാം സാർ, എനിക്ക് ഇപ്പോൾ നാല്പത് വയസ്സുണ്ട്. രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. എന്റെ അപ്പച്ചൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. മദ്യപാനവും കൂട്ടു കെട്ടുമായി കുടുംബം നോക്കാതെ ജീവിച്ചിരുന്ന ആളായിരുന്നു അപ്പച്ചൻ. അമ്മക്ക് ശമ്പളമില്ലാത്ത വീട്ടു ജോലി മാത്രം. ഒരു അനിയത്തിയുണ്ട്, എന്നേക്കാൾ നാലു വയസ്സിന് ഇളയതാണ്. പ്രീഡിഗ്രി കഴിഞ്ഞ് കൂടുതൽ പഠിക്കുവാൻ എനിക്ക് നിവർത്തി ഇല്ലാഞ്ഞതിനാൽ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ജോലിക്ക് കയറി. അവരുടെ സഹായത്തോടെ, പ്രൈവറ്റായി നഴ്സിംഗ് പഠിച്ചു. അവിടുന്നു കിട്ടിയിരുന്ന ചെറിയ വരുമാനം, അനിയത്തിയെ പഠിപ്പിക്കാനും, വീട്ടിലെ നിത്യവൃത്തിക്കും വലിയ സഹായമായിരുന്നു. നല്ല വസ്ത്രം, നല്ല ഭക്ഷണം ഇതൊക്കെ വെറും സ്വപ്നം മാത്രമായിരുന്നു ഞങ്ങൾക്ക്.

മോളേ, നീ ദൈവത്തിന്റെ ഒരു പ്രത്യേക സൃഷ്ടിയാണ്. നിന്റെ ഭർത്താവിനു വേണ്ടി, അവൻ ജനിക്കുന്നതിനും മുമ്പേ തന്നെ പ്രത്യേകം മെനഞ്ഞ് എടുത്തതായിരിക്കണം നിന്നെ.

എനിക്ക് പല കല്യാണാലോചനകളും വന്നിരുന്നു, പക്ഷേ ഏതാനും ലക്ഷം രൂപയെങ്കിലും ഇല്ലാതെ കല്യാണം നടക്കുമോ?. എനിക്കു കിട്ടുന്ന ശമ്പളം, തലേമാസത്തെ കടം വീട്ടാൻ മാത്രം തികയുന്ന ഞങ്ങൾക്ക്, ലക്ഷം എന്ന വാക്ക് കേട്ടാൽത്തന്നെ പേടിയാകുമായിരുന്നു.

എനിക്ക് മുപ്പത് വയസ്സ് തികഞ്ഞ അന്ന് കല്യാണം എന്ന മോഹം ഞാൻ മനസ്സിൽ നിന്നും മായിച്ചു കളഞ്ഞു. എന്നും പ്രാർത്ഥിക്കുന്ന എനിക്ക് നല്ല ബോദ്ധ്യമായിരുന്നു, കർത്താവിന് എന്നേക്കൊണ്ട് എന്തോ ചെയ്യിക്കാനുണ്ടെന്ന്. എന്നാലും ഞൻ പ്രാർത്ഥിക്കും, കർത്താവേ ഈ ദാരിദ്ര്യം ഒന്നു മാറ്റിത്തരണേ എന്ന്.

പ്രാർത്ഥനാ ഗ്രൂപ്പിലുള്ള ഒരു ചേട്ടൻ പറഞ്ഞാണ് ആകാശപ്പറവകളെക്കുറിച്ച് അറിയുന്നത്. പിന്നെ അവധി ദിവസങ്ങളിൽ ആകാശപ്പറവകളുടെ പരിചരണത്തിന് ഞാനും പോകാൻ തുടങ്ങി. ഞങ്ങളെക്കാൾ കഷ്ടത്തിലുള്ള വേറെയും മനുഷ്യരുണ്ട് എന്ന് അവിടെ, കർത്താവ് എനിക്ക് കാണിച്ചു തരികയായിരുന്നു. എന്റെ അവസ്ഥ ഇതായതു കൊണ്ടായിരിക്കും, പല വിധത്തിൽ അവശരും അനാഥരും ആയ ഇവരെ പരിചരിക്കാൻ എനിക്ക് ഒരുവിധ മടിയോ അറപ്പോ ഒന്നും തോന്നിയതേ ഇല്ല. അവിടെ പോയി വന്ന ദിവസങ്ങളിൽ, വീട്ടിലെ പ്രയാസങ്ങളുടെ വിഷമം മറന്ന് സന്തോഷത്തോടെ കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നു.

എനിക്ക് 38 വയസ്സായപ്പോൾ ഞങ്ങളെ അറിയുന്ന ഒരു ചേട്ടൻ എന്റെ അനിയത്തിക്ക് ഒരു കല്യാണാലോചനയുമായി വീട്ടിൽ വന്നു. അവൾക്ക് 34 വയസ്സായി. ഡിഗ്രി കഴിഞ്ഞ് ഒരു ചെറിയ ജോലിക്ക് പോകുന്നുണ്ട്. പയ്യന് അവളേക്കാൾ ഏതാനും മാസത്തെ മൂപ്പുണ്ട്. ചെറുപ്പത്തിൽ ചുഴലി വന്ന് സ്ഥിരം മരുന്ന് കഴിക്കേണ്ടി വന്നതു കൊണ്ടാണ് അവന്റെ വിവാഹം താമസിച്ചു പോയതത്രെ. വലിയ കോടീശ്വരന്മാരാണ്. കേരളത്തിനു പുറത്ത് ഒരു സിറ്റിയിൽ വലിയ ബിസിനസ്സാണ്. അപ്പനും അമ്മയും മൂന്ന് ആണ്മക്കളും. മറ്റു രണ്ടു പേരുടെയും വിവാഹം കഴിഞ്ഞതാണ്. എല്ലാവരും കുടുംബ ബിസിനസ്സിൽ പാർട്നർമാരാണ്. പയ്യന് ലക്ഷക്കണക്കിന് രൂപ മാസ വരുമാനമുണ്ട്. കല്യാണത്തിന് ഞങ്ങൾ ഒരു നയാപൈസ പോലും ചിലവാക്കേണ്ട. എല്ലാം അവരു തന്നെ അവരുടെ സിറ്റിയിൽ അറേഞ്ചു ചെയ്തു കൊള്ളും.

ഞങ്ങൾ പള്ളീന്ന് കുറിയും വാങ്ങി അങ്ങോട്ട് ചെന്നാൽ മാത്രം മതി. . . ,

പക്ഷേ അനിയത്തി പറഞ്ഞു, ഒരു സൂക്കേടുകാരന്റെ കൂടെ പൊറുക്കാൻ അവൾക്ക് സാദ്ധ്യമല്ല എന്ന്.

അപ്പോൾ എന്റെ കാര്യം ആലോചിക്കാം എന്നായി ആ ചേട്ടൻ.
പയ്യന് എന്നേക്കാൾ പ്രായക്കുറവാണല്ലോ എന്നു പറഞ്ഞപ്പോൾ, അതൊന്നും സാരമില്ല, പയ്യൻ സൂക്കേടുകാരൻ ആണെന്നു പറഞ്ഞില്ലേ, നീ നേഴ്സിംഗ് പഠിച്ചതല്ലേ, അവർക്ക് അത്രയേ വേണ്ടൂ.

ഏതായാലും കഷ്ടപ്പാടും ദാരിദ്ര്യവും മാറിക്കിട്ടുമല്ലോ എന്നു കരുതി, ഞാൻ ആ കല്യാണത്തിന് സമ്മതിച്ചു. ആ ചേട്ടന് ഭയങ്കര സന്തോഷമായി. വലിയൊരു തുക ആ ചേട്ടന് പാരിതോഷികം കൊടുത്തു എന്ന് ഞാൻ പിന്നീട് അറിഞ്ഞു. ആ ചേട്ടൻ ഓടിനടന്ന് ചടപടാന്ന് കാര്യങ്ങൾ നീക്കി.

സ്വർണ്ണവും വസ്ത്രങ്ങളും എല്ലാം അവർ വാങ്ങി തന്നിരുന്നു. എന്നാലും നമ്മളും എന്തെങ്കിലും ഒക്കെ സംഘടിപ്പിക്കേണ്ടേ, വീട്ടിൽ ഉണ്ടായിരുന്നതൊക്കെ വിറ്റു പെറുക്കി രണ്ടു വള ഞങ്ങളും വാങ്ങിച്ചു.

മനസ്സമ്മതം ഞങ്ങളുടെ പള്ളിയിൽ സദ്യയൊന്നും ഇല്ലാതെ നടത്തി. കല്യാണത്തിന്റെ തലേന്ന് അവരുടെ നഗരത്തിലെ ഒരു ഹോട്ടലിൽ, ഞങ്ങൾക്ക് താമസ സൗകര്യവും ഒരുക്കിത്തന്നു അവർ. കല്യാണം കഴിഞ്ഞ അന്നു തന്നെ എന്റെ വീട്ടുകാർ നാട്ടിലേക്ക് തിരികെ ട്രെയിൻ കയറി.

ഞാൻ പയ്യന്റെ മുറിയിൽ ആദ്യരാത്രിക്ക് കാത്തിരിക്കുകയാണ്. പയ്യൻ വന്ന് മുറിയിൽ കയറി, ഞാൻ എണീറ്റ് ഭർത്താവിന്റെ അടുത്തേക്ക് ചെന്നു, അപ്പോൾ പുള്ളിക്കാരൻ, ചെകുത്താൻ കുരിശു കണ്ടെന്നു പറഞ്ഞപോലെ ഓടി മാറിക്കളഞ്ഞു.

എന്തു ചെയ്യണം എന്നറിയാതെ ഞാൻ അന്തം വിട്ടു നിൽക്കുകയാണ്.

അവിടിരുന്നോ അടുത്തു വരണ്ട എന്നു പറഞ്ഞ് പുള്ളിക്കാരൻ ഓടിക്കളിക്കുകയാണ്. വീട്ടുകാർ ആരെങ്കിലും വന്ന് കണ്ടാലോ എന്നു കരുതി, ഞാൻ ചെന്ന് കതകടച്ചു.

കതകടക്കരുത്, തുറന്നിട് എന്നു പറഞ്ഞ് മൂപ്പര് ഓടി വന്ന് കതകു തുറന്ന് പുറത്തേക്ക് ഓടി.
കുറേ നേരം കാത്തിരുന്നിട്ടും ആള് വന്നതേയില്ല പിന്നെ ഞാനുറങ്ങിപോയി.

പിറ്റേ ദിവസം ഞാനമ്മയോട് ഇക്കാര്യം പറഞ്ഞു. അവൻ കല്യാണം നടക്കില്ല എന്നു കരുതിയാണ് ഇത്രനാൾ ജീവിച്ചിരുന്നത്. ഇപ്പോൾ കല്യാണം നടന്നപ്പോൾ അതുമായി പൊരുത്തപ്പെട്ടു വരുന്നതല്ലേ ഉള്ളു. നീ കുറച്ച് ക്ഷമയോടെ പെരുമാറിയാൽ മതി, എല്ലാം ശരിയായിക്കൊള്ളും എന്നു പറഞ്ഞു. എന്നിട്ട് അമ്മ എനിക്ക് ചെയ്യാൻ ധാരാളം വീട്ടു പണികൾ തന്നു.

തുടർന്നുള്ള ദിവസങ്ങളിലും മൂപ്പരുടെ കളി ഇതുതന്നെ. കിടക്കുന്ന മുറി പൂട്ടാതെ തുറന്നിട്ടായി പിന്നീട് എന്റെ കിടപ്പ്.

ഭർത്താവ് എപ്പോഴെങ്കിലും മുറിയിൽ വരും, എന്നെ നോക്കും, എന്നിട്ട് തറയിലോ, സ്വീകരണമുറിയിലെ സോഫയിലോ പോയി കിടന്നുറങ്ങും.

വലിയ വീടാണ്, ജോലിക്കാരി ഉണ്ട്, എന്നാലും എനിക്ക് ചെയ്യാൻ ധാരാളം പണികൾ ഞാൻ തന്നെ കണ്ടു പിടിച്ച് ചെയ്യും.

സൂക്കേടുകാരനാണെന്ന് അറിഞ്ഞോണ്ടു വന്നതല്ലേ, പതുക്കെ ശരിയാക്കി എടുക്കാം എന്നു ഞാൻ സ്വയം സമാധാനിക്കും. എല്ലാ ദിവസവും കർത്താവിന്റെ മുന്നിൽ പോയി മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കും. അപ്പോഴൊക്കെ നിന്നെ ഞാൻ കൈവിടില്ല എന്ന് കർത്താവ് എന്നോട് പറയുന്നതായി തോന്നും. പിന്നെ ഞാൻ പ്രതീക്ഷയോടെ എന്തെങ്കിലും പണിയിൽ മുഴുകും.

ചേട്ടന്മാർ ഹാഫ് പാന്റാണ് വീട്ടിൽ ഇടാറുള്ളത്. എന്റെ ആള് ഫുൾ പാന്റും സോക്സുും മാത്രമേ വീട്ടിലും ധരിക്കുകയുള്ളു.
ഇതിന്റെ  സൂത്രമെന്താണെന്നായി പിന്നെ എന്റെ  ചിന്ത. ആറു മാസമെടുത്തു അതൊന്നു മനസ്സിലാക്കാൻ. ഒരു ദിവസം ഭർത്താവ് ഹാഫ് പാൻ്റിട്ട് എന്റെ മുന്നിൽ വന്നു നിന്നു.
അപ്പോഴാണ് മനസ്സിലാകുന്നത്, ത്വക് രോഗമാണെന്ന്. അരയ്ക്ക് കീഴ്പോട്ട് തൊലി മുഴുവൻ നിറം മാറി, വൃത്തി കെട്ടിരിക്കുന്നു.
മരുന്ന് ഒന്നും ചെയ്തില്ലേ എന്നു ചോദിച്ചപ്പോൾ, മരുന്ന് എടുത്തു കാണിച്ചു തന്നു. തേയ്ക്കാറില്ലായിരുന്നു അത്രെ.

ആകാശപറവകളുടെ ഇടയിൽ ഇതിലും വൃത്തി ഹീനമായവരെ ഞാൻ മരുന്ന് വെച്ച് ശുചിയാക്കിയിട്ടുണ്ടല്ലോ, എന്നോർത്ത്, ആ ധൈര്യത്തിൽ ഞാൻ മരുന്ന് പുരട്ടികൊടുത്തു

പതുക്കെ പുള്ളിക്കാരന് എന്നെ ചെറിയ വിശ്വാസം പോലെ ആയി. എന്നാലും കൂടെ കിടക്കില്ല.
കല്യാണം കഴിഞ്ഞെങ്കിലും, ഒരു ഭാര്യാ ഭർതൃ ബന്ധം എപ്പോഴായിരിക്കുമോ എന്ന എന്റെ ആകാംഷയും ആശങ്കയും അപ്പോഴും തുടർന്നു.

എന്റെ  ഭർത്താവ് ലൈംഗിക ബന്ധത്തിന് ഒരിക്കലും ഒരു താല്പര്യവും കാണിച്ചിട്ടേയില്ല. ഇങ്ങേർക്ക് ഇതേക്കുറിച്ച് അറിയാമോ എന്നു തന്നെ എനിക്ക് സംശയമായി. ഒടുവിൽ ഞാൻ നാണം മറന്ന് ഇതേക്കുറിച്ച് സംസാരിച്ചു.
ജനനേന്ദ്രിയം മൂത്രമൊഴിക്കാൻ മാത്രമുള്ളതാണ് എന്നേ മൂപ്പർക്ക് അറിയുമായിരുന്നുള്ളു അത്രെ. എനിക്ക് അതത്ര വിശ്വാസം ആയില്ലെങ്കിലും, ഞാൻ പഠിച്ച നേഴ്സിംഗ് അറിവ് വെച്ച് എന്റെ ഭർത്താവിന് ലൈംഗിക ശാസ്ത്രത്തെക്കുറിച്ച് ഞാൻ ക്ളാസ്സ് എടുത്തു, കാര്യങ്ങൾ പഠിപ്പിച്ചു.
പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല, അദ്ദേഹത്തിന് ഉദ്ധാരണ ശേഷിയേ ഇല്ല.

അതോടെ എന്റെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു. പക്ഷേ അന്നു പ്രാർത്ഥിച്ചപ്പോൾ കർത്താവ് പറഞ്ഞു, നിനക്ക് അമ്മയാകാൻ സാധിക്കുമോ എന്നു ശ്രമിക്കാൻ. അങ്ങിനെ ഞാൻ ഭർത്താവിനെയും കൂട്ടി ആശുപത്രിയിൽ പോയി. പല വിധ ടെസ്റ്റുകൾ നടത്തി, ഭാഗ്യം, കുഞ്ഞുണ്ടാകാൻ തടസ്സമൊന്നും ഇല്ലെന്നു തെളിഞ്ഞു.
IVF മാർഗ്ഗം വഴി കൃത്രിമ ഗർഭധാരണം നടത്താമെന്ന് ഭർത്താവ് സമ്മതിച്ചു, ഇപ്പോൾ മൂന്നു മാസമായി. കംപ്ളീറ്റ് ബെഡ്റെസ്റ്‌റ് ആണ്. വെറുതെ കിടക്കുന്നത് ഇഷ്ടമില്ലാത്തതുകൊണ്ട്, കയ്യിൽ കിട്ടുന്നത് ഒക്കെ വായിക്കും.
ആ കൂടെ ബെത് ലെഹമിന്റെ ഒരു പഴയ മാസിക കിട്ടി, അതിൽ എന്നെപ്പോലെ ഒരു പെണ്ണിനെ കുറിച്ച് എഴുതിയത് വായിച്ചു. അങ്ങിനെയാണ് സാറിനെ വിളിച്ചത്. . .

മോളേ, നീ ദൈവത്തിന്റെ ഒരു പ്രത്യേക സൃഷ്ടിയാണ്. നിൻ്റെ ഭർത്താവിനു വേണ്ടി, അവൻ ജനിക്കുന്നതിനും മുമ്പേ തന്നെ പ്രത്യേകം മെനഞ്ഞ് എടുത്തതായിരിക്കണം നിന്നെ.

നിനക്ക് എന്തെങ്കിലും ബുദ്ധി ഉപദേശിച്ചു തരാൻ ഞാൻ പ്രാപ്തനല്ല.

ഒരു ഭാര്യ ഇത്രയും വിലമതിക്കുന്ന ഭത്താവിനെ മറ്റുള്ളവരും വിലമതിക്കും.
നിന്റെ  ഇരുത്തം വന്ന പെരുമാറ്റം കൊണ്ട് അവന്റെ  പോരായ്മകൾ എല്ലാം അപ്രസക്തമാകുന്ന അത്ഭുതമാണ് ഇവിടെ ഞാൻ കാണുന്നത്.

നിന്റെ  ഈ നല്ല മാതൃക കുറെപ്പേരെ ധരിപ്പിക്കാൻ ഞാനും ഒരു നിമിത്തമാകണം എന്നതായിരിക്കാം ദൈവനിശ്ചയം.
ഞാൻ ഇതെഴുതാം.

ഇതു വായിക്കുന്ന ആർക്കും നിനക്കു വേണ്ടി പ്രാർത്ഥിക്കാതിരിക്കാൻ കഴിയില്ല, തീർച്ച.

What is Profile ID?
CHAT WITH US !
+91 9747493248