Back to articles

മക്കളെ വളർത്തി വലുതാക്കാം

February 01, 2004

മക്കളെ വളർത്തി വലുതാക്കി അവരുടെ വിവാഹം ഏറ്റവും ഭംഗിയായി നടത്തി വിടാനാണ് മാതാപിതാക്കൾ അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതും. സാറ് കല്യാണക്കാര്യങ്ങൾ എഴുതാറുണ്ടല്ലോ, ഞങ്ങളുടെ യൂണിറ്റിൽ വന്ന്, മക്കളെ എങ്ങനെ വളർത്തണം എന്നൊരു ക്ലാസ്സ് എടുക്കാമോ.

നിങ്ങളുടെ യൂണിറ്റിൽ ഞാൻ വരാം. മക്കളുടെ വളർച്ചയെക്കുറിച്ച് എന്റെ കാഴ്ചപ്പാടുകൾ നിങ്ങളുമായി പങ്കുവെക്കാം. പക്ഷെ, മക്കളെ എങ്ങനെ വളർത്തണം എന്നു പഠിപ്പിക്കാൻ ഞാൻ പ്രാപ്തനല്ല.

മക്കൾക്ക് വളരാൻ പറ്റിയ അന്തരീക്ഷം ഒരുക്കി കൊടുക്കുക, വളരാനുള്ള കഴിവുകൾ നിരുൽസാഹ പ്പെടുത്താതിരിക്കുക, മക്കളോട് ഇടപഴകാനും ആശയവിനിമയം നടത്താനും ധാരാളം സമയം ചിലവഴിക്കുക ഇതിനൊക്കെയാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത് എന്നാണ് എന്റെ ചിന്താഗതി.

മക്കളെക്കുറിച്ച്, ഏറ്റവും ഭംഗിയുള്ള, ഏറ്റവും മുന്തിയ, ഏറ്റവും മികച്ച എന്നൊക്കെ വിശേഷിപ്പിക്കുന്നത് കേൾക്കാൻ വളരെ സുഖം തോന്നും. പക്ഷെ ആ സുഖത്തിനായി നിർബന്ധം പിടിക്കുന്നത് കുഴപ്പമാകും.

കാരണം ഏറ്റവും മികച്ചത് എന്ന സ്ഥാനം ഒരാൾക്ക് മാത്രമല്ലേ ലഭിക്കുകയുള്ളു. എല്ലാക്കാര്യങ്ങളിലും മികച്ചവരാകാൻ ഒരാൾക്കും കഴിയുകയുമില്ല. ഏറ്റവും മികച്ചതിനു വേണ്ടിയുള്ള നിർബന്ധം അസംതൃപ്തിയിലും, അസ്വസ്ഥതയിലും, ഇച്ഛാഭംഗത്തിലും ചെന്നവസാനിക്കും. കിട്ടിയ നന്മകൾ പോലും ആസ്വദിക്കാൻ കഴിയാതെയും പോകും.

അഭിരുചിയുള്ള കാര്യങ്ങളിൽ, ഏറ്റവും മികച്ചത് എന്ന സ്ഥാനം ലക്ഷ്യമാക്കി പരിശ്രമിച്ച്, വളരെ നല്ലത്, വളരെ മികച്ചത് എന്ന നിലയിലാണ് കുട്ടികൾ എത്തിച്ചേരേണ്ടത്. വീട്ടിലെ സംഭാഷണങ്ങളിൽ ഏറ്റവും മികച്ചതിനെ മാത്രമായി പ്രശംസിക്കരുത്. വളരെ നല്ലത് എന്ന സ്ഥാനത്തിന് പ്രാധാന്യം കൊടുക്കണം.

കൊച്ചു കുട്ടികളിൽ ശരിയുത്തരങ്ങൾ കുത്തിനിറക്കുന്ന പ്രവണതയും നന്നല്ല. അവരുടെ ബുദ്ധി ഉപയോഗിച്ച് ഉത്തരങ്ങൾ സ്വയം കണ്ടെത്താനാണ് പരിശീലിപ്പിക്കേണ്ടത്. നഴ്സറി പ്രൈമറി കുട്ടികളോടുപോലും ശരി ഉത്തരം പലവട്ടം ആവർത്തിച്ച് തലയിൽ കയറ്റാൻ ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്.

പിറന്നു വീഴുന്നതു മുതൽ ചുറ്റും നടക്കുന്ന ഓരോ കാര്യങ്ങളും കണ്ടും കേട്ടും അനുഭവിച്ചും ആണ് കുഞ്ഞുങ്ങൾ അറിവ് നേടുന്നത്. അതു മുഴുവൻ കുട്ടിയുടെ തലച്ചോറിൽ പതിയുന്നുണ്ട്. നമ്മൾ  എന്തെങ്കിലും പറഞ്ഞുകൊടുക്കുമ്പോൾ, കുട്ടി അതുവരെ അറിഞ്ഞിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെടുത്തി, പറഞ്ഞതിൽ ചിലതൊക്കെ ഗ്രഹിക്കും. നമ്മൾ പറഞ്ഞ അതേ അർത്ഥത്തിൽ ആയിരിക്കില്ല കുട്ടി ഗ്രഹിക്കുന്നത്. കുട്ടിയുടെ ബുദ്ധിശക്തിയും, തലച്ചോറിൽ പതിഞ്ഞിരിക്കുന്ന വിവരങ്ങളും അനുസരിച്ച് ആയിരിക്കും കാര്യങ്ങൾ ഗ്രഹിക്കുന്നത്. അത് ചിലപ്പോൾ നമ്മുടെ ബുദ്ധിക്ക് ശരി ആയി തോന്നില്ല.

പക്ഷെ കുട്ടിയുടെ സ്വന്തം ബുദ്ധിയിലുണ്ടായ ജ്ഞാനമാണത്. കുട്ടിയെ സംബന്ധിച്ച് അത് വളരെ വിലപ്പെട്ടതാണ്. ക്ഷണത്തിൽ അത് തിരുത്തി, ശരി ഉത്തരം ഉടനെ കോരിക്കൊടുത്ത് കുട്ടിയുടെ ചിന്തിക്കാനുള്ള കഴിവ് കെടുത്തരുത്. നീരസം പ്രകടിപ്പിക്കുകയുമരുത്. സാവകാശം അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ കുട്ടി അറിയുമ്പോൾ, ശരി താനേ വന്നുകൊള്ളും.

പൊട്ടൻ, വിഡ്ഢി, മണ്ടി, ട്യൂബ് ലൈറ്റ്, അരണ, കഴുത, പന്നി, പട്ടി തുടങ്ങിയ വിശേഷണങ്ങൾ  ഒരിക്കലുമുപയോഗിക്കരുത്.

കുഞ്ഞുങ്ങൾ സംസാരിക്കുന്ന പ്രായം ആയിട്ടില്ല എങ്കിൽ പോലും, കുഞ്ഞിനോട് സംസാരിക്കണം. വെറുതെ പുന്നാരിക്കൽ മാത്രമല്ല, നിങ്ങൾ ചെയ്യുന്നത് എന്താണെന്നും, എന്തിനാണെന്നും, എങ്ങിനെയാണെന്നും കഴിയുന്നത്ര ലളിതമായി പറഞ്ഞു കൊടുത്തു കൊണ്ടിരിക്കണം. കുഞ്ഞിന്റെ തലച്ചോറിൽ  ഇതെല്ലാം റിക്കോർഡ് ചെയ്തുകൊണ്ടേയിരിക്കും. വർഷങ്ങൾ കഴിഞ്ഞാലും, ആവശ്യനേരത്ത് അബോധമനസ്സ്, ഈ ജ്ഞാനം ബോധമനസ്സിൽ കൊണ്ടുകൊടുക്കും. കുഞ്ഞ് മുൻപു ഗ്രഹിച്ചിട്ടുള്ളതുമായി ബന്ധപ്പെടുത്തി ഇതിൽ കുറെ കാര്യങ്ങൾ അപ്പോൾതന്നെ കുട്ടിക്ക് മനസ്സിലാകുകയും ചെയ്യും.

കുഞ്ഞുങ്ങളോട് കുരുത്തക്കേടുകൾ പറയരുത്. ഉദാഹരണത്തിന് - പപ്പായുടെ തുണിയൊക്കെ മുഷിഞ്ഞു കിടക്കുവാ. അമ്മക്ക് അത് അലക്കിതേച്ചു വെക്കാനുണ്ട്, ഇല്ലെങ്കിൽ പപ്പാ വന്ന് അമ്മേനേ ചീത്തവിളിച്ച് ശരിയാക്കും. ആൺകുട്ടികളാണെങ്കിൽ ഭാവിയിൽ ഭാര്യയെ ചീത്ത വിളിക്കാനും പെണ്ണാണെങ്കിൽ ഭർത്താവിന്റെ ചീത്തവിളി കേൾക്കാനും ഉള്ള എല്ലാ സാദ്ധ്യതകളുടെയും വിത്ത് അമ്മയുടെ ഈ വർത്തമാനത്തിലൂടെ കൂഞ്ഞിന് ലഭിച്ചു കഴിഞ്ഞു.

ധാരാളം കൊഞ്ചലും കളിയും വേണം, പക്ഷെ മുഴുവൻ കൊഞ്ചലാകരുത്, മുഴുവൻ ഗൌരവവുമാകരുത്.

കുഞ്ഞിനോട് കള്ളത്തരം പറയരുത്, കളിയാക്കിയും പറയരുത്.

മക്കൾ സ്വന്തം ബുദ്ധി ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്തി വളരട്ടെ. വകതിരിവാണ് പ്രധാനം, ശരിയുത്തരം പുറകേ വന്നു കൊള്ളും.

George Kadankavil - February 2004

What is Profile ID?
CHAT WITH US !
+91 9747493248