Back to articles

പഴുത്ത പാവകൾ

October 01, 2010

 "കാത്തുസൂക്ഷിച്ച കസ്തൂരിമാമ്പഴത്തിൽ കാക്ക കൊത്തിയപോലെ ഒരു അവസ്ഥയിലാണ് സാർ ഞാനും മകളും. സകലകലാ വല്ലഭ എന്ന പദം ആൾ രൂപം എടുത്തപോലായിരുന്നു ഞങ്ങളുടെ മകൾ.

വളരെ പ്രശസ്തമായ ഒരു കുടുംബത്തിലേക്കാണ് അവളെ കെട്ടിച്ചുവിട്ടത്. പയ്യൻ ജനിച്ചു വളർന്നതു വിദേശത്താണ്. സുന്ദരൻ, സുമുഖൻ, രസികൻ, അറിവുള്ളവൻ. അവന്റെ മാതാപിതാക്കൾ അതി പ്രഗല്ഭരും, ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടാവുന്നത്ര ധനികരും.

നല്ല ആർഭാടമായി ഇവരുടെ വിവാഹം ഞങ്ങൾ നാട്ടിൽ ആഘോഷിച്ചു. വിവാഹം കഴിഞ്ഞ് ഞങ്ങളും കൂടി ചേർന്നാണ് അവളെ വിദേശത്തെ വീട്ടിൽ കൊണ്ടാക്കിയത്. നാട്ടിൽ ഉത്തമ പുത്രനായി പെരുമാറിക്കൊണ്ടിരുന്ന മരുമകൻ, അവന്റെ തട്ടകത്തിൽ എത്തിയതോടെ , തനി സ്വഭാവം കാണിക്കാൻ തുടങ്ങി. എന്നും വലിയ ജോലി തിരക്കും , ടൂറുമാണ്. പക്ഷേ ഓരോ ദിവസവും ഓരോ പെണ്ണുങ്ങളോടൊപ്പം ആയിരുന്നു അവന്റെ ജീവിതം എന്ന് മകൾ തിരിച്ചറിഞ്ഞപ്പോഴേക്കും അവൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു കഴിഞ്ഞിരുന്നു. അവന്റെ സ്വഭാവം മാറും എന്ന പ്രതീക്ഷയിൽ ഒരു വർഷം അവൾ കാത്തിരുന്നു. പക്ഷേ അവന്റെ കുത്തഴിഞ്ഞ ജീവിതത്തിന് ഒരു മാറ്റവും ഉണ്ടായില്ല.

അവന്റെ അപ്പനും നിസ്സഹായനയിരുന്നു. അദ്ദേഹം ഞങ്ങളോട് പറയുകയാണ്, ഒരു കല്യാണം കഴിച്ചാൽ ഇവൻ നന്നാകും എന്നു കരുതിയാണ് ഈ വിവാഹത്തിന് തുനിഞ്ഞത് എന്ന്. ഒരു മുന്തിയ കാറും , ബീച്ചിൽ ഒരു വീടും വാങ്ങിക്കൊടുക്കാം എന്നു വാഗ്ദാനം ചെയ്തിട്ടാണ് അവൻ വിവാഹത്തിനു സമ്മതിച്ചതത്രെ. എതായാലും ഞങ്ങൾ അവിടെ പോയി, മകളെയും കുഞ്ഞിനെയും നാട്ടിലെത്തിച്ചു. ഇൻഡ്യയിലും വിദേശത്തുമുള്ള നിയമനടപടികൾ തീർത്ത്, വിവാഹ മോചനം നേടാൻ , രണ്ടു വർഷത്തിലധികമെടുത്തു. ഇപ്പോൾ മകൾ എറണാകുളത്ത് ഒരു ജോലിയിൽ കയറിയിട്ടുണ്ട്. കൊച്ചു മകന് 4 വയസ്സായി. നല്ല ഓമനത്തമുള്ള ഒരു മിടുമിടുക്കനാണ് അവൻ.

മകൾക്ക് ഒരു പുനർവിവാഹത്തിന് ആലോചിച്ചപ്പോൾ, ഇനി വിവാഹം ഒന്നും കഴിക്കണമെന്നില്ല, ഈ മോനുണ്ടല്ലോ എനിക്കു കൂട്ടിന്, എന്നാണ് മകൾ പറയുന്നത്. അവളെ കൊള്ളാവുന്ന ഒരു പുരുഷന്റെ കൂടെ ഏൽപ്പിക്കാതെ ഞങ്ങൾക്കൊരു സമാധാനം ആവില്ല. അവളുടെ മകൻ , അപ്പന്റെ വാത്സല്യം അറിയാതെ വളരേണ്ടി വരില്ലേ ? ഒരമ്മക്ക്  മകനോട് തുറന്നു പറയാൻ പറ്റിയതൊന്നും അല്ലല്ലോ ഈ അപ്പനെക്കുറിച്ചുള്ള വാസ്തവങ്ങൾ. ഒരപ്പന്റെ വാത്സല്യം കൂടി അവളുടെ മകന് ലഭിക്കാൻ സാധിക്കുന്ന ഒരാളെ ജോർജ്ജ് സാറ് കണ്ടെത്തി തരണം.

ഇവൾ അനുഭവിച്ച വേദനകൾ , ഞങ്ങളുടെ തീരുമാനത്തിലെ പിഴവുകൊണ്ടു വന്നതല്ലേ എന്നോർക്കുമ്പോൾ നെഞ്ചു നീറുന്നു. ഇത്രയും സുന്ദരിയും മിടുക്കിയുമായ പെണ്ണിനെ ഭാര്യ ആയി കിട്ടിയിട്ടും എന്തേ സാർ അവനങ്ങിനെ കണ്ടപെണ്ണുുങ്ങളുടെ പുറകേ കുത്തഴിഞ്ഞ് നടന്നത് ? ഇത്രയും ഓമനത്തമുള്ള, സ്വന്തം രക്തത്തിൽ പിറന്ന ഒരു ആൺകുഞ്ഞിനെ താലോലിക്കാൻ പോലും തോന്നാത്തത് എന്തു കൊണ്ടാണ് ? ഇനി ഒരു പുരുഷനെ മകൾ എങ്ങിനെ വിശ്വസിക്കും എന്ന ഭയവും ഞങ്ങൾക്കുണ്ട്".

സ്ത്രീവർഗ്ഗത്തിന്റെ മുഴുവൻ ദുരിതങ്ങളും, നിസ്സഹായതയും തന്റെ ചുമലിലായ പോലൊരവസ്ഥയിൽ ആണ് ഈ അമ്മ എന്റെ മുന്നിലിരിക്കുന്നത്.

മാതാപിതാക്കളിൽ നിന്നും, ജിവിത ചുറ്റുപാടുകളിൽ നിന്നും ആർജ്ജിച്ചെടുക്കുന്നതാണ് ഓരോരുത്തരുടെയും മൂല്യബോധം. നന്മ തിന്മകൾ തിരിച്ചറിയാൻ നമ്മുടെ ഗുരുകാരണവൻമാർ നമ്മളെ പഠിപ്പിച്ചിരുന്നു. നന്മക്കും തിന്മക്കും തക്കതായ പ്രതിഫലം, തക്ക സമയത്ത് ലഭിക്കും എന്നാണവർ പഠിപ്പിച്ചിരുന്നത്.

"പുലയാടീടുന്നവർക്ക്
ഇരുമ്പു പാവ ചമച്ച്
ഉലവെച്ചൂതി പഴുപ്പിച്ച്
അതിന്മേൽ തഴുകിക്കും"

ഇങ്ങനെ കുറെ നരക ശിക്ഷകൾ എന്റെ ചെറുപ്പത്തിൽ ഒരു മുത്തശ്ശി പാടി ഞാൻ കേട്ടിട്ടുണ്ട്. അന്നു ഞാൻ കരുതിയിരുന്നത്- തോന്ന്യവാസം നടന്നാൽ മരിച്ചു കഴിയുമ്പോൾ കൊമ്പും വാലും ദംഷ് ട്രങ്ങളും ഒക്കെ ഉള്ള പിശിചുക്കൾ വന്നു പിടിച്ചു കൊണ്ടുപോയി ഈ ശിക്ഷകളൊക്കെ നടപ്പിലാക്കും എന്നായിരുന്നു. പക്ഷേ അടുത്ത കാലത്ത് എയ്ഡ്സ് രോഗികളുടെ ഒരു പുനരധിവാസ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മനസ്സിലാകുന്നത്. ഇരുമ്പല്ലെങ്കിലും, തഴുകിയാൽ പൊള്ളുന്ന, പഴുത്ത പാവകൾ നമുക്കു ചുറ്റും ധാരാളം ഉണ്ടെന്ന്.

കുത്തഴിഞ്ഞ ലൈംഗീക ജീവിതത്തിൽ , ഓരോരോ പാവകളെ തഴുകി, സ്വയം പൊള്ളി പഴുത്തു പോയ ധാരാളം മനുഷ്യരുണ്ട് നമ്മുടെ ഇടയിൽ. കൊമ്പും വാലും ഇല്ലെങ്കിലും പിശാചുക്കളെ പോലുള്ള മനുഷ്യരും നമ്മുടെ ഇടയിലുണ്ട്. ശിക്ഷ ഇവിടെ തന്നെ ലഭിക്കുന്നുണ്ട്, അവനെ അവന്റെ കർമ്മ ഫലം അനുഭവിക്കാൻ വിട്ടേക്കുക.

കുത്തഴിഞ്ഞ ലൈംഗീക ജീവിതം നയിക്കുന്നവരെ പരിത്യജിക്കണം എന്നു തന്നെയാണ് പ്രബോധനം, അതുകൊണ്ട് ഈ വേർപ്പെടുത്തലിനെ  ഓർത്ത് ദുഖിക്കരുത്, നിരാശപ്പെടുകയും അരുത്.

നിങ്ങളുടെ കൊച്ചുമകനെ പുത്രതുല്യം സ്നേഹിക്കുന്ന ഒരാളെ മകൾക്ക് ഭർത്താവായി അന്വേഷിച്ച് കണ്ടെത്തുക മനുഷ്യ സാധ്യമല്ല. എന്നാൽ ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല. അങ്ങിനെ ഒരു അത്ഭുതം നടക്കണമെങ്കിൽ , നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും പകയും വിദ്വേഷവും  ആരോടെങ്കിലും ഉണ്ടെങ്കിൽ അത് ക്ഷമിച്ച്, ശാന്തമായ മനസ്സോടെ ചുറ്റുമുള്ളവർക്ക് നന്മയും സന്തോഷവും പകരുന്ന ഒരു വ്യക്തിയായി, പ്രവർത്തനനിരതയായി മകൾ ജീവിക്കണം.

ഒപ്പം നമ്മളാലാവും വിധം നമുക്കും പരിശ്രമിച്ചു കൊണ്ടിരിക്കാം.

George  Kadankavil - Oct  2010

What is Profile ID?
CHAT WITH US !
+91 9747493248