Back to articles

കുരങ്ങന്റെ കസേര

March 28, 2022

സകല സൗകര്യങ്ങളുമുള്ള പരീക്ഷണ മുറി. സെൻസർ ഘടിപ്പിച്ചിട്ടുള്ള ഒരു കസേര മുറിയിൽ വെച്ചിട്ടുണ്ട്. കസേരയിൽ ഏതെങ്കിലും ഭാരം കയറിയാൽ മുറിയുടെ നാലു ഭിത്തികളിലും  പിടിപ്പിച്ചിരിക്കുന്ന പൈപ്പിൽ കൂടി ഐസു പോലെ തണുത്ത വെള്ളം മുറിയിലെല്ലാം ശക്തിയായി ചീറ്റും. കസേരയിലെ ഭാരം മാറിയാൽ വെള്ളം ചീറ്റുന്നത് നിൽക്കും.

ചില ശാസ്ത്രജ്ഞന്മാർ ഈ മുറിയിൽ അഞ്ചു കുരങ്ങന്മാരെ ഒരുമിച്ച് കയറ്റി മുറി അടച്ചു, പരീക്ഷണം ആരംഭിച്ചു. ഏതെങ്കിലും കുരങ്ങ് കസേരയിൽ കയറിയാൽ ഉടനടി എെസു വെള്ളം  ചീറ്റും, കുരങ്ങുകളെല്ലാം ഓടി മാറി നനയാത്ത ഭാഗത്ത് ചെന്നു നിൽക്കും. ഏതാനും മണിക്കൂറുകൾ കൊണ്ട് കുരങ്ങന്മാർക്ക് മനസ്സിലായി. ഈ കസേരയിൽ കയറിയാൽ നനഞ്ഞ് തണുക്കും എന്ന്.

എങ്കിലും കുരങ്ങനല്ലേ, സ്വഭാവം ചപലമാണ്, ഇടക്കിടക്ക്  ഏതെങ്കിലും കുരങ്ങ് ഐസു വെള്ളത്തിന്റെ കാര്യം മറന്ന്, കസേരയിൽ ചാടി കയറും, അപ്പോൾ എല്ലാവരും നനയും. ദേഷ്യം വന്ന മറ്റു കുരങ്ങുകൾ കസേരയിൽ കയറിയ കുരങ്ങനെ അടിച്ച് ഓടിക്കും. അങ്ങിനെ  കുരങ്ങന്മാർക്ക് വളരെ ഭയവും ബഹുമാനവും ഉള്ള വസ്തുവായിത്തീർന്നു ആ കസേര.

ഏതാനും കാലം ഇങ്ങനെ കഴിഞ്ഞു, ശാസ്രജ്ഞന്മാർ കസേരയിലെ സെൻസർ ഓഫാക്കി. ചില കുരങ്ങന്മാർ ഇടക്കൊക്കെ കസേരയിൽ കയറാറുണ്ട്, വെള്ളം ചീറ്റിയില്ലെങ്കിലും മറ്റു കുരങ്ങന്മാർ കസേരയിൽ കയറിയവനെ അടിച്ചോടിക്കുകയും ചെയ്യും.

പരീക്ഷണത്തിന്റെ അടുത്ത പടിയായി മുറിയിൽ നിന്നും ഒരു കുരങ്ങനെ  മാറ്റി പകരം പുതിയ ഒരു കുരങ്ങിനെ മുറിയിലാക്കി. കസേരയുടെ പ്രത്യേകത അറിയാത്ത പുതിയ കുരങ്ങനും കസേര കളിച്ച് അടികൊണ്ട് അവിടത്തെ പതിവ് പഠിച്ചു. ഏതാനും ദിവസങ്ങൾ ഇടവിട്ട് , പഴയ കുരങ്ങുകളെ എല്ലാം ഓരോന്ന് ആയി മാറ്റി, മുറിയിൽ പുതിയ കുരങ്ങന്മാർ മാത്രമായി. ഇവർക്കാർക്കും വെള്ളം ചീറ്റുന്ന കാര്യം അറിയില്ല, എങ്കിലും ആരെങ്കിലും കസേരയിൽ കയറിയാൽ അടി വീഴും.

കസേരയിൽ കയറിയതിനാണ് അടി എന്ന് എല്ലാവർക്കും അറിയാം. കസേരക്ക് എന്താണ് പ്രത്യേകത എന്ന് അടിക്കുന്നവനും അറിയില്ല, അടി കൊള്ളുന്നവനും അറിയില്ല. ഇവിടെ പണ്ടു തൊട്ടേ ഇങ്ങിനെയാണ്, അത്ര തന്നെ.

മനുഷ്യന്റെ കാഴ്ചപ്പാടുകളിലും, ധാരണകളിലും ഇത്തരം സ്ഥിതി വിശേങ്ങൾ ഉണ്ട്. മകളെ കെട്ടിച്ചു വിട്ട വീട്ടിലെ  പെരുമാറ്റവും സംഭാഷണവും വളരെ മോശമാണ്. ഞങ്ങളുടെ വീട്ടിൽ ഇങ്ങിനെ ഒന്നും ആയിരുന്നില്ല, സാറ് മോളോട് ഒന്നു സംസാരിക്കണം എന്നാവശ്യപ്പെട്ടാണ് ഒരു അമ്മ എന്നെ വിളിച്ചു പറയുന്നത്.

എല്ലാ മാതാപിതാക്കളും മക്കളും വിവാഹത്തിനു മുമ്പേ തന്നെ അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. ഈ മകൾ ഇപ്പോൾ അവളുടെ ഭർത്താവിന്റെ വീട്ടിൽ (പരീക്ഷണ ശാലയിൽ) എത്തിയിരിക്കുന്ന ഏറ്റവും പുതിയ കുരങ്ങിനെപ്പോലെയാണ്. ഇനി അവിടെ ഉള്ളവരുടെ രീതികൾ മനസ്സിലാക്കി, അവരോട് സമരസപ്പെട്ടു  പോകാൻ വേണ്ട എല്ലാ ശ്രമവും അവൾ തന്നെ നടത്തിയേ മതിയാകൂ. അതിനുള്ള ആത്മവിശ്വാസം  അവൾക്ക് ലഭിക്കാനാണ് നിങ്ങൾ ശ്രമിക്കേണ്ടത്. അവൾക്ക് അതിനു കഴിയും . ആദ്യം അവിടത്തെ തല്ലുകൊള്ളി കസേരകൾ ഏതൊക്കെയാണ് എന്നു ശ്രദ്ധിക്കുക. ആ കസേരകളുടെ ചരിത്രം പഠിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി എടുക്കണം. അതിന് മറ്റ് കുടുംബാംഗങ്ങളോട് എല്ലാം സൌഹൃദം കൂടണം.

കസേരയിൽ കയറിയ കുരങ്ങനെ തല്ലിയ നാലു കുരങ്ങുകളിൽ ഒന്നിനെങ്കിലും കുറച്ച് വകതിരിവ് ഉണ്ടായിരുന്നെങ്കിൽ, തല്ല് ഒഴിവാക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമായിരുന്നു എന്നൊന്ന് ചിന്തിച്ചേ. നിങ്ങളുടെ  മകൾക്ക് വകതിരിവും സാമർത്ഥ്യവും ഉണ്ട്. അത് ഉപയോഗിക്കാൻ അവളെ ഉപദേശിക്കുക. ഭർത്താവിന്റെ വീട്ടിലെ അന്തരീക്ഷവുമായി ലയിച്ചു ചേരാൻ അവളെ അനുവദിക്കുക.

മോളോട് പറയുക, ഭർത്താവിന്റെ കുടുംബാംഗങ്ങളെ  പറ്റുന്ന കാര്യങ്ങളിൽ ഒക്കെ സഹായിക്കുക. മോശമാണെങ്കിലും, അശ്ളീലമല്ലെങ്കിൽ, അവരുടെ പെരുമാറ്റത്തെ കുറിച്ച് വെറുപ്പ് കാണിക്കാതിരിക്കുക, അവരുടെ ഏതെങ്കിലും നല്ല വശങ്ങൾ കണ്ടുപിടിച്ച്  അതിനെ പ്രശംസിക്കുക ഇതൊക്കെ  ആത്മാർത്ഥമായിട്ട് ചെയ്യാൻ കഴിഞ്ഞാൽ അവിടത്തെ ജീവിതം ക്രമേണ സുഖകരമായി മാറും.

എല്ലാം ഞാൻ ആഗ്രഹിച്ചതുപോലെ അപ്പപ്പോൾ ഓട്ടോമാറ്റിക്ക് ആയി നടന്നു കിട്ടണം എന്ന് വിചാരിക്കരുത്. ഞാൻ ബഹുമാനിക്കപ്പെടേണ്ട ആൾ ആണ്, എന്റെ ഇഷ്ടങ്ങൾക്ക് പ്രഥമ പരിഗണന ലഭിക്കണം , എന്റെ സാമർത്ഥ്യം കൊണ്ടാണ് കാര്യങ്ങൾ നടക്കുന്നത്, നടക്കേണ്ടത് എന്നൊക്കെ ഉള്ള തോന്നലിനാണ് അഹംഭാവം എന്നു പറയുന്നത്. നമ്മളെ പോലെ തന്നെ മറ്റുള്ളവർക്കും അഹം എന്ന ചിന്ത മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്.

അഥവാ അവളുടെ ഉള്ളിൽ ഞാൻ എന്ന ഒരും ഭാവം ഉണ്ടെങ്കിൽ അത് മരിക്കണം, എന്നിട്ട് നമ്മൾ എന്ന ഭാവം വീണ്ടും ജനിക്കട്ടെ. അപ്പോൾ ചുറ്റുമുള്ളവരിലും, നമ്മൾ എന്ന ഭാവം ഉണരും.  അതിനുള്ള പരിശ്രമം ഒരിക്കലും നിർത്തരുത്. 

George  Kadankavil - April 2022

 
What is Profile ID?
CHAT WITH US !
+91 9747493248