Back to articles

കോവിഡ് കാലത്തെ കല്യാണങ്ങൾ

September 28, 2020

ഭൂതം, ഭാവി, വർത്തമാന കാലങ്ങളെക്കുറിച്ചുള്ള നമ്മുടെ എല്ലാ കണക്കുകൂട്ടലുകളും സ്വപ്നങ്ങളും തകിടം മറിച്ച്, മനുഷ്യ വംശത്തിന്റെ മുഴുവൻ ജീവിതശൈലികളും മനോഭാവങ്ങളും മാറ്റി മറിച്ചുകൊണ്ട് കോവിഡ് മഹാമാരി മുന്നേറുകയാണ്.

നമ്മളറിയുന്ന നമ്മുടെ പൂർവികരുടെ കാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത ഒരു അവസ്ഥയാണ് നമ്മളിപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. ഏതാണ്ട് മാർച്ച് മാസം അവസാനത്തോടു കൂടിയാണ് ഈ മഹാമാരി നമ്മുടെ നാട്ടിൽ ഏറ്റം രൂക്ഷമായത് ആരംഭ സമയത്ത് നമ്മൾ സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക അകലം പാലിച്ചും  മാസ്ക് ധരിച്ചും കഴിയുന്നതും വീടുകളിൽ നിന്നും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയുണ്ടായി

പക്ഷെ  മാസങ്ങൾ മുന്നോട്ടു പോകുന്തോറും ജനങ്ങളുടെ ഉപജീവനം തടസ്സപ്പെട്ട്, വരുമാനം ശോഷിച്ച്, സാമ്പത്തിക സ്ഥിതി മോശമായി, രാജ്യത്തിന്റെ തന്നെ നിലനിൽപ്പിനെ പിടിച്ചുലയ്ക്കുന്ന വിധത്തിൽ കാര്യങ്ങൾ വഷളായപ്പോൾ, കൊറോണയോടൊപ്പം ജീവിതത്തെ എങ്ങിനെ മുന്നോട്ടു കൊണ്ടു പോകാമെന്ന് ചിന്തിക്കാൻ തുടങ്ങി.

ഇന്നത്തെ ഓരോ അനുഭവങ്ങളും, മാറ്റങ്ങളുടെ അനിവാര്യതയെക്കുറിച്ച് വളരെ വലിയ പാഠങ്ങളാണ് നമുക്ക് പഠിപ്പിച്ചു തരുന്നത്. അതിൽ, എനിക്ക് നേരിട്ടറിയാൻ അവസരം ലഭിച്ച പരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും മികച്ച ഉദാഹരണമാണ് കോവിഡ് കാലത്തെ കല്യാണങ്ങൾ.

ബെത് ലെഹം മാട്രിമോണിയൽ വഴി ഈ കോവിഡ് കാലത്തും നിരവധി വിവാഹങ്ങൾ നടന്നു കഴിഞ്ഞിരിക്കുന്നു. (കഴിഞ്ഞ മാർച്ച് 23 മുതൽ സെപ്തംബർ 18 വരെ 1089 പ്രൊഫൈലുകൾ വിവാഹം നിശ്ചയിച്ചു എന്നറിയിച്ച് കാൻസൽ ചെയ്തിരിക്കുന്നു.) ഈ സമയത്ത് മക്കളുടെ കല്യാണം നടത്തിയ ബെത് ലെഹം അംഗങ്ങളായ ചില മാതാപിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി.

ഭൂരിഭാഗം പേരും പറഞ്ഞത് ഈ സമയത്ത് വിവാഹം നടത്തിയാൽ എന്താകുമെന്ന് ഭയങ്കര ടെൻഷൻ ആയിരുന്നു. വിവാഹം അങ്ങ് കഴിഞ്ഞപ്പോൾ ബോദ്ധ്യമായി ഇങ്ങനെയാണ് നമ്മൾ ഇനി മുന്നോട്ടു പോകേണ്ടത് എന്ന്. നാട്ടുനടപ്പിൽ നിന്നും മാറിയുള്ള ഒരു നടപടി ചെയ്യാം എന്ന തീരുമാനം എടുക്കാനായിരുന്നു പ്രധാന വിഷമം. പക്ഷേ തീരുമാനം എടുത്തതോടെ അതിൽ ഉറച്ചു നിന്ന് മുന്നോട്ടു പോകാനുള്ള ഉൾകരുത്ത് താനേ ലഭിച്ചു അത്രെ. തങ്ങളുടെ അനുഭവങ്ങളും, തിരിച്ചറിവും കണ്ടെത്തലുകളും, മറ്റ് ബെത് ലെഹം അംഗങ്ങളെ അറിയിക്കണമെന്ന് ഇവരെല്ലാം പ്രത്യേകം ആവശ്യപ്പെട്ടു.

ഒരു കല്യാണത്തിന്റെ പേരിൽ എത്രമാത്രം ധൂർത്ത് ആണ് ഇത്ര നാളും നമ്മൾ ചെയ്തുകൊണ്ടിരുന്നത്?  കടംവാങ്ങി വിവാഹം കെങ്കേമമായി നടത്തിയിട്ട് കടക്കെണിയിൽ വരെ വീണുപോയ എത്രയോ പേരുണ്ട് നമ്മുടെ ഇടയിൽ. വിവാഹച്ചിലവിന്റെ പരാധീനത കൊണ്ട്, ആ വിവാഹബന്ധം തന്നെ വഷളായിപ്പോയ സംഭവങ്ങൾ നടന്നിട്ടില്ലേ?

ബെത് ലെഹം വഴി കല്യാണം നടത്തിയ ഒരു പിതാവിന്റെ അഭിപ്രായത്തിൽ ഈ ഒരു പാതയാണ് നമ്മൾ ഇനി പിന്തുടരേണ്ടതത്രെ. ഇപ്പോഴത്തെ സാഹചര്യത്തിൽ വിവാഹം നടത്താം എന്നു നിശ്ചയിക്കാൻ ഇദ്ദേഹത്തിന് ആദ്യം നല്ല ടെൻഷൻ ഉണ്ടായിരുന്നു. മകന് ഈ അസന്നിഗ്ദ ഘട്ടത്തിലല്ലെ ഒരു പങ്കാളിയുടെ ആവശ്യം എന്നു വിലയിരുത്തിയതോടെ, ടെൻഷൻ ഒക്കെ പോയി. ഈ ആവശ്യം നടത്തിയെടുക്കാൻ വേണ്ടപ്പെട്ടവരെ സമീപിച്ചപ്പോൾ എല്ലാവരിലും നിന്നും ലഭിച്ച നിർലോപമായ സഹകരണവും, പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങളും ഇദ്ദേഹത്തെ അത്ഭുതപ്പെടുത്തി.

മകന്റെ കല്യാണമാണ്, വരണം എന്നു ക്ഷണിക്കാൻ നിവർത്തിയില്ല, പ്രാർത്ഥിച്ചാൽ മതി എന്നാണ് ഫോണിൽ വിളിച്ച് ഓരോരുത്തരോടും പറഞ്ഞത്. അവരൊക്കെ പരിഭവിക്കുകയോ, പരാതിപ്പെടുകയോ, കുറ്റം പറയുകയോ ഒക്കെ ചെയ്തേക്കും എന്ന് ഭയപ്പെട്ടെങ്കിലും, എല്ലാവരും ഇദ്ദേഹത്തെ അഭിനന്ദിക്കുകയും, മകനെ ഫോണിലൂടെ ആശീർവദിക്കുകയും ചെയ്തു അത്രെ.

അങ്ങിനെ ഏറ്റവും അടുത്ത ബന്ധമുള്ള 25 പേരെ മാത്രം പങ്കെടുപ്പിച്ച് മകന്റെ കല്യാണം നടത്തി ആവശ്യങ്ങളെല്ലാം ഭംഗിയായി സാധിച്ചെടുത്ത ചാരിതാർഥ്യത്തിലാണ് അദ്ദേഹം. വെഡിങ് കാർഡ്, ഹാൾ വാടക, ഫ്ലവർ ഡെക്കറേഷൻ, ദൂരെ നിന്നും വരുന്നവർക്കുള്ള താമസ സൗകര്യം, കാറ്ററിംഗ്, കാർപാർക്കിംഗ്, ആൾക്കൂട്ട നിയന്ത്രണം, ആവശ്യത്തിലും അധികം കാർമ്മികർ അങ്ങനെഒരുപാട് കാര്യങ്ങൾ അത്യാവശ്യം ഇല്ലാത്തതായിരുന്നു എന്നു തിരിച്ചറിഞ്ഞു.

ഇദ്ദേഹം പറഞ്ഞ ശ്രദ്ധേയമായ മറ്റൊരു കാര്യം മൂത്ത മകന്റെ കല്യാണ സദ്യ കഴിഞ്ഞ് മിച്ചം വന്ന ഭക്ഷണം വേസ്റ്റ് ആയിട്ട് കുഴിച്ചു മൂടേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ആയിരുന്നു. ക്ഷണിക്കപ്പെട്ടവർ എല്ലാം വരാതിരുന്നതു കൊണ്ടാണ്, ഭക്ഷണം മിച്ചം വന്നത്. ആരെയെങ്കിലും വിളിക്കാൻ വിട്ടു പോയാൽ ഒത്തിരി പരാതികൾ കേൾക്കേണ്ടി വരും. അതുകൊണ്ട് വലിയ അടുപ്പമില്ലെങ്കിലും പരിചയമുള്ളവരെയും അയൽപക്കത്തുള്ളവരെയും എല്ലാം വിളിക്കേണ്ടി വരും. വരാത്തവർക്കു വേണ്ടി കരുതിയ ഭക്ഷണം ഒടുവിൽ കുഴിച്ചു മൂടേണ്ടി വരും.

ഇത്തവണ അതൊന്നും ഇല്ലാതെ വളരെ എളിയ രീതിയിൽ നല്ല ഭംഗിയായി കല്യാണം നടത്തുവാൻ സാധിച്ചു എന്നാണ് ബെത് ലെഹം  വഴി ഈ സമയത്ത് കല്യാണം നടത്തിയ എല്ലാ മാതാപിതാക്കളും പങ്കുവെച്ചത്. ഒരു പരാതിയും കേൾക്കേണ്ടി വരുന്നില്ല. പങ്കെടുക്കുന്നവരെ നന്നായി പരിഗണിക്കാനും അടുപ്പം മെച്ചപ്പെടുത്താനും സാധിച്ചു.

കല്യാണം കാണണമെന്ന് ആഗ്രഹിച്ച മറ്റു വേണ്ടപ്പെട്ടവർക്ക് വിവാഹത്തിന്റെ ലൈവ് ലിങ്ക് നേരത്തെ കൊടുത്ത് അവർക്കും പങ്കാളിത്തത്തിന്റെ സന്തോഷം തത്സമയം തന്നെ ആസ്വദിക്കാനും സൗകര്യം ചെയ്തു കൊടുത്തു.

പ്രിയപ്പെട്ടവരെ, മക്കളുടെ വിവാഹം ചെറുതല്ലാത്ത, എന്നാൽ താങ്ങാനാവുന്ന, ഒരു ചുമതലയായി മാതാപിതാക്കളുടെ മനസ്സിൽ ഇരിക്കേണ്ടത്, സമൂഹത്തിന്റെ കെട്ടുറപ്പിന് സഹായകരമാണ്. ഓരോ കുടുംബവും, ഉത്തരവാദിത്വ ബോധത്തോടെ സമൂഹത്തോട് പെരുമാറുവാനും പ്രതികരിക്കുവാനും, അങ്ങിനെ പൊട്ടിത്തെറികൾ പലതും ഒഴിവാക്കുവാനും ഇതു സഹായകരമാണ്. എന്നാൽ കമ്പോളശക്തികളുടെ സ്വാധീനത്തിൽപ്പെട്ടോ, സ്വാർത്ഥ മോഹങ്ങൾ കൊണ്ടോ വിവാഹം വലിയ മാമാങ്കവും മത്സരവും ആക്കുന്ന പ്രവണത അതിലും ദോഷകരമല്ലേ.

ഏതായാലും ഈ കോവിഡ് കാലം നമ്മുടെ ചിന്താഗതിയെ മാറ്റി മറിക്കാനും സാഹചര്യത്തിന് യോജിച്ച തീരുമാനങ്ങൾ എടുക്കാനുമുള്ള ഒരു നിമിത്തമായി. എത്രത്തോളം സിമ്പിൾ ആയിട്ട് പ്രഹസനങ്ങൾ ഒഴിവാക്കി ഒരു കല്യാണം നടത്താൻ സാധിക്കുമോ അത്രത്തോളം ടെൻഷനും, ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളും, ക്ലേശങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഈ മാതാപിതാക്കളുമായി സംസാരിച്ചപ്പോൾ എല്ലാവരും അഭിപ്രായപ്പെടുന്നത്. ഈ രീതി ഉചിതമെങ്കിൽ, ഭാവിയിലും പിൻതുടർന്നു കൊണ്ടുപോകുവാൻ എല്ലാവർക്കും പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു.

സസ്നേഹം ജോർജ്ജ് കാടൻകാവിൽ
ഡയറക്ടർ ബെത് ലെഹം മാട്രിമോണിയൽ

What is Profile ID?
CHAT WITH US !
+91 9747493248