Back to articles

തലയിൽ വരച്ചവനെ, കാണുമ്പോളറിയാം

August 04, 2017

അങ്കിളെ ഞാൻ അവിടെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പെൺകുട്ടിയാണ്. എനിക്ക് വളരെ അത്യാവശ്യമായിട്ട് ഒരു കാര്യം സംസാരിക്കണം. എന്റെ വീട്ടിൽ അപ്പച്ചൻ എന്നെ ഒരു വിവാഹത്തിന് നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്. എനിക്ക് ആ കല്യാണം ഇഷ്ടമല്ല.

മോള് ആ പയ്യനെ കണ്ടിട്ടുണ്ടോ? എന്തുകൊണ്ടാണ് മോൾക്ക് ആ കല്യാണം ഇഷ്ടമല്ല എന്നു പറയുന്നത്?

പയ്യന്റെ ഫോട്ടോ സൈറ്റിൽ കണ്ടു. ബിടെക് എൻജിനീയറാണ്. അമേരിക്കയിൽ ജോലി ചെയ്യുന്നു. അടുത്ത മാസം നാട്ടിൽ വരും അപ്പോൾ കല്യാണം നടത്തണം എന്നാണ് അപ്പച്ചൻ പറയുന്നത്.

മോളേ, വേറെ ഏതെങ്കിലും ഒരു പുരുഷൻ നിന്നെ വിവാഹം ചെയ്യാം എന്നു പറയുകയോ, അങ്ങിനെ ആശതരികയോ ചെയ്തിട്ടുണ്ടോ?

ഇല്ല  അങ്കിൾ, ഞാൻ ഇത്രനാളും പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ബിടെക് ഉം പിജിയും കഴിഞ്ഞു. ഇപ്പോൾ ഒരു നല്ല ജോലിയിൽ കയറിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളു. ഇപ്പോഴാണ് ഞാൻ വിവാഹത്തെക്കുറിച്ച് താല്പര്യത്തോടെ ആലോചിക്കാൻ തുടങ്ങുന്നത്. സത്യത്തിൽ ആ പയ്യനെ വിവാഹം കഴിക്കാൻ എന്റെ അപ്പച്ചൻ പറയുന്ന ന്യായങ്ങളാണ് എനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നത്. എനിക്ക് കുറെ കുറവുകളുണ്ടത്രെ, അതെല്ലാം വെച്ചു നോക്കുമ്പോൾ ഇതിനെക്കാൾ നല്ല ഒരു ബന്ധം വേറെ കിട്ടില്ല എന്നാണ് അപ്പച്ചൻ പറയുന്നത്.

അവനവന്റെ കുറവുകൾ സ്വയം മനസ്സിലാക്കിയിരിക്കുന്നത് വളരെ നല്ലതാണ്. എന്തൊക്കെയാണ് മോളേ നിന്റെ കുറവുകൾ.

അങ്കിളെ എന്റെ കുറവുകളെക്കുറിച്ച് എനിക്ക് നന്നായി അറിയാം. പക്ഷേ, അതൊന്നും അല്ല അപ്പച്ചന്റെ കണ്ണിലെ കുറവുകൾ. എന്റെ രൂപം, ഭാവം, മുടി, മുഖം, വർത്തമാനം ഇതിനൊന്നും ഒരു മലയാളിത്തം ഇല്ലത്രെ, ഞാൻ കറുത്തിട്ടാണ്, ഞങ്ങൾ നാട്ടിൻ പുറത്തുകാരാണ്, ഇതൊക്കെ വലിയ പോരായ്മകളാണത്രേ. പോരാത്തതിന് എന്റെ താഴെ  രണ്ട് പെൺകുട്ടികളാണ് അവർക്കും കല്യാണം ആലോചിക്കാറായി വരുന്നു. അതുകൊണ്ട് ഉടനെ വന്ന് ഇവനെ കെട്ടിക്കോ എന്ന മട്ടിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

എന്റെ അങ്കിളെ, എന്നെ സംബന്ധിച്ച് അപ്പച്ചൻ പറയുന്ന ഈ പോരായ്മകൾ ഓരോന്നും ഓരോ asset ആയിട്ടാണ് ഞാൻ കാണുന്നത്. ഞാൻ പഠിച്ചിടത്തും, ജോലി ചെയ്യുന്നിടത്തും, മേലധികാരികൾ  ശ്രദ്ധിക്കുന്ന രീതിയിൽ Impressive  ആയി perform ചെയ്യാൻ എന്നെ സഹായിച്ചത്, എന്റെ രൂപവും, ഭാവവും, വർത്തമാനവും, നാട്ടിൻ പുറത്തു ജനിച്ചു വളർന്നതുകൊണ്ട് കിട്ടിയ അദ്ധ്വാനശീലവും ഒക്കെയാണ്. ഇതൊന്നും അപ്പച്ചനെ പറഞ്ഞ് മനസ്സിലാക്കാൻ എനിക്കാവുന്നില്ല. അങ്കിളിനു പറ്റുമെങ്കിൽ എന്റെ അപ്പച്ചനെ വിളിച്ച് ഈ കല്യാണം നടത്തരുത് എന്നു പറയണം.

മോളേ, നിനക്കിഷ്ടമില്ലാത്ത കല്യാണത്തിന് ഒരു കാരണവശാലും നീ സമ്മതിക്കേണ്ട. അതിനുള്ള എല്ലാ സഹകരണവും സഹായവും എന്റെ ഭാഗത്തു നിന്നും ഉണ്ടാകും. അപ്പച്ചനെ വിളിച്ച് ഞാൻ സംസാരിക്കുകയും ചെയ്യാം.

അതിനു മുമ്പ് സംഗതികളുടെ യഥാർത്ഥ അവസ്ഥ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അപ്പച്ചൻ പറഞ്ഞ ആലോചന, പയ്യനെ കാണുക പോലും ചെയ്യാതെ, മോൾക്ക് ഇഷ്ടമല്ല എന്ന് മോള് ചിന്തിക്കാനിടയായത്, അപ്പച്ചനോട് പ്രതിഷേധം പ്രകടിപ്പിക്കാൻ വേണ്ടി മോളുടെ ഉപബോധ മനസ്സ് കണ്ടുപിടിച്ച ഒരു എളുപ്പവഴി ആയിരിക്കാം.

മോളേ, ഞാനൊരു സംഭവം പറയാം.

നഗരത്തിൽ ജോലി ചെയ്യുന്ന ഒരു പയ്യൻ നാട്ടിൽ പോയി വിവാഹം കഴിഞ്ഞ് ഭാര്യാസമേതം തിരികെ വന്ന് തന്റെ ഒറ്റമുറി വീട്ടിൽ താമസം തുടങ്ങി. ക്രമേണ അവർക്ക് ഒറ്റമുറി വീടിന് സ്ഥലസൌകര്യം പോരെന്ന് തോന്നി രണ്ടു മുറിയുള്ള അപ്പാർട്ട്മെന്റ് അന്വേഷിക്കാൻ തുടങ്ങി. വെബ് സൈറ്റുകളിൽ നോക്കി ഏതാനും അപ്പാർട്ട്മെന്റ്സ് ഷോർട്ട് ലിസ്റ്റ് ചെയ്ത് നേരിൽ കാണാൻ അപ്പോയിൻമെന്റ് എടുത്ത് രണ്ടാളും കൂടി വീടുനോക്കാനിറങ്ങി. ആദ്യത്തെ ചോയിസ്സ് ഒരു ഫുള്ളി ഫർണിഷ് ഡ് ഫ്ളാറ്റ് ആയിരുന്നു. കട്ടിൽ, അലമാര, സോഫാ, ടേബിൾ, വാഷിംഗ് മെഷീൻ, സ്റ്റൌ തുടങ്ങി എല്ലാ സാധനങ്ങളും അതിലുണ്ട്, ഒന്നും വാങ്ങേണ്ട, ഉള്ള വസ്ത്രങ്ങളും പാത്രങ്ങളും എടുത്ത് നേരേ വന്നാൽ താമസം തുടങ്ങാം. പയ്യന് ഇഷ്ടമായി, ഭാര്യയോടു ചോദിച്ചു, എങ്ങിനുണ്ടെടാ, ഇതു മതിയോ? അവളു പറഞ്ഞു, അയ്യേ ഇതു വേണ്ട, എനിക്ക് ഇഷ്ടപ്പെട്ടില്ല.

അവരു ബാക്കി നാലഞ്ചു ഫ്ളാറ്റുകൾ കൂടി പോയി കണ്ടു, ഒന്നിന് വാടക കൂടുതലാണ്. അടുത്തത് ഏരിയ മോശമാണ്, ദൂരക്കൂടുതലാണ്, പാർക്കിംഗ് ഇല്ല.  പയ്യൻ പറഞ്ഞു, ഏതെടുത്താലും ഫർണിച്ചർ കുറെ വാങ്ങാതെ താമസം തുടങ്ങാൻ പറ്റില്ല. ആദ്യത്തെ വീടുതന്നെയായിരുന്നു ഭേദം. അപ്പോൾ ഭാര്യ പറഞ്ഞു എന്നാൽ അതൊന്നു കൂടി പോയി കാണണം, അവിടുത്തെ വാഷിംഗ് മെഷിൻ അഴുക്കു പിടിച്ച് വൃത്തികേടായിരുന്നു,  അതിൻമേൽ നിറയെ പല്ലി കാഷ്ഠം വീണു കിടപ്പുണ്ടായിരുന്നു. അതു കണ്ടപ്പോൾ എനിക്കു തോന്നി, യ്യോ, എന്റെ പുത്തൻ ഡ്രസ്സ് ഒക്കെ ഈ വൃത്തികെട്ട വാഷിംഗ്  മെഷീനിലിട്ട് കഴുകണമല്ലോ എന്ന്. അപ്പോൾ തന്നെ ആ വീടിനോടുള്ള താല്പര്യം പോയി. അതിനാൽ ആ വീട്ടിലെ മറ്റു സൌകര്യങ്ങളും അസൌകര്യങ്ങളും ഞാൻ പിന്നെ ശ്രദ്ധിച്ചതേ ഇല്ല.

രണ്ടാളും കൂടി ആദ്യത്തെ വീട്ടിൽ വീണ്ടും എത്തി, പയ്യൻ വാഷിംഗ് മെഷിൻ പരിശോധിച്ചു നോക്കി, കഴുകി വൃത്തിയാക്കാവുന്ന അഴുക്ക് മാത്രമേ ഉള്ളു, സാധനം വർക്കു ചെയ്യുന്നുണ്ട്. വീടുടമസ്ഥനോട്  ഇക്കാര്യം പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, ഡിപ്പോസിറ്റിൽ നിന്നും ആയിരം രൂപ കുറവു ചെയ്യാം അത് നിങ്ങൾ റിപ്പയർ ചെയ്യിച്ചോ എന്ന്.

അവര് ആ ഫ്ളാറ്റ് തന്നെ എടുത്തു. പയ്യന്റെ ഭാര്യക്ക് ആ വീട്ടിൽ ഇപ്പോഴത്തെ ഏറ്റവും പ്രിയപ്പെട്ട ഗാഡ്ജറ്റ് ഈ വാഷിംഗ് മെഷിനാണത്രെ.

സത്യത്തിൽ നിന്റെ പ്രതിഷേധം പയ്യനോടല്ല, അപ്പച്ചന്റെ കാഴ്ചപ്പാടിനോടാണ്. ഈ അപ്പച്ചനു പകരം മറ്റൊരാളെ നിനക്ക് അപ്പച്ചനാക്കാൻ സാധിക്കില്ല.പക്ഷെ അപ്പച്ചന്റെ കാഴ്ചപ്പാട് മാറ്റാൻ നിനക്ക് തീർച്ചയായും സാധിക്കും. ധാരാളം കഴിവുകളുള്ള പെൺകുട്ടിയല്ലേ, അപ്പച്ചന്റെ അടുത്ത് പക്വതയോടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നീ തന്നെ മുൻകൈ എടുക്കണം. അപ്പച്ചന് മോള്  ഇപ്പോഴും എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ആയിരിക്കും. നിനക്ക് കാര്യപ്രാപ്തിയും വകതിരിവും ഉണ്ടെന്ന് അപ്പച്ചന് ബോദ്ധ്യപ്പെടണം.

അതിനാൽ, നീ ജോലി സ്ഥലത്ത് കാണിക്കുന്ന ഗൌരവത്തോടും, ശ്രദ്ധയോടും തയ്യാറെടുപ്പോടും കൂടി ആയിരിക്കണം ഇനി അപ്പച്ചനുമായി വിവാഹകാര്യം സംസാരിക്കേണ്ടത്. ഈ ആലോചനയിൽ അപ്പച്ചൻ കരുതുന്ന നല്ല വശങ്ങൾ എന്തൊക്കെയാണ് എന്ന് ഇരുത്തം വന്ന ആളെപ്പോലെ അപ്പച്ചനോട് ചോദിക്കുക.

നിന്റെ പോരായ്മകൾ കൊണ്ടു മാത്രമാണോ ഈ ആലോചന പരിഗണിക്കുന്നതെന്ന് തുറന്നു ചോദിക്കാം.

ആണെന്നു പറഞ്ഞാൽ, ഞാൻ മോളുടെ അപ്പച്ചനെ വിളിച്ച് കൌൺസലിംഗ് നടത്താം. മറിച്ച്, ഇപ്പോൾ വന്ന ആലോചന കുടുംബപരമായി തരക്കേടില്ല, എന്ന് അപ്പച്ചന് തോന്നിയതു കൊണ്ടു കൂടിയാണെങ്കിൽ, മോള് തീർച്ചയായും ആ പയ്യനെ കാണണം.

മുൻവിധി ഒന്നും കൂടാതെ ആ കൂടിക്കാഴ്ച നടക്കണം. ബുദ്ധിയും യുക്തിയും മാത്രം പോരാ ഹൃദയം കൂടി ഉപയോഗിച്ച് വേണം കല്യാണക്കാര്യത്തിൽ തീരുമാനം എടുക്കാൻ. പയ്യനെ കാണുമ്പോൾ പ്രഥമദൃഷ്ട്യാ തന്നെ ഇഷ്ടക്കേടാണ് തോന്നുന്നതെങ്കിൽ, ആതിഥ്യ മര്യാദ അനുസരിച്ച്  നല്ല വാക്കുകൾ പറഞ്ഞ് ഉപചാരപൂർവ്വം ചടങ്ങ് അവസാനിപ്പിക്കുക. ഹൃദയം നോ പറഞ്ഞില്ലെങ്കിൽ, സ്വന്തം ഹൃദയത്തോടു ചോദിക്കുക, മരിക്കുന്നതുവരെ ഈ പുരുഷന്റെ കൂടെ ജീവിക്കണോ എന്ന്. ഹൃദയം നോ പറഞ്ഞാൽ അപ്പോഴും പണി എളുപ്പമായി.

ഹൃദയം നോ പറഞ്ഞില്ലെങ്കിൽ, നിന്റെ ഹൃദയം കൊണ്ട് ആ പയ്യന്റെ ഹൃദയം കാണാൻ പറ്റുന്നുണ്ടോ എന്നു ട്യൂൺ ചെയ്തു നോക്കുക. റേഡിയോ സ്റ്റേഷൻ ഫ്രീക്വൻസി ട്യൂൺ ചെയ്യുന്ന പോലെയേ ഉള്ളു ഹൃദയങ്ങൾ ട്യൂൺ ചെയ്യുന്നതും. നിശ്ശബ്ദത കൊണ്ടും സംഭാഷണം കൊണ്ടും ഒക്കെ ട്യൂണിംഗ് സാധിക്കും. നിന്റെ തലയിൽ വരച്ചിരിക്കുന്ന പയ്യനാണ് ഇതെങ്കിൽ ഈ ഇടപെടലിൽ നിന്നും നിനക്ക് ഒരു Positive Intution കിട്ടും. അങ്ങിനെയെങ്കിൽ ഈ ആളെ ഇനിയും കാണണമെന്ന് നിനക്ക് ആഗ്രഹം തോന്നും.


അത് തോന്നിയില്ല എങ്കിൽ നിന്റെ ഹൃദയത്തിന് ഈ ബന്ധം ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്ന്, നിന്റെ അപ്പച്ചനോട് ആത്മാർത്ഥമായി പറയുക.

വാശിക്ക് പറയുന്നതും, ആത്മാർത്ഥമായി പരിശ്രമിച്ച് ബോദ്ധ്യപ്പെട്ട് പറയുന്നതും വേർതിരിച്ചറിയാൻ മോളുടെ മാതാപിതാക്കൾക്ക് കഴിയും. കാരണം, ജനിച്ചപ്പോൾ മുതൽ നിന്നെ അറിയുന്നവരല്ലേ അവർ?. അത്  സംഭവിച്ചില്ലെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിച്ചു പറഞ്ഞോളൂ, ഞാൻ നിന്റെ അപ്പച്ചനെ വിളിച്ച് സംസാരിക്കാം?

George Kadankavil  July 2017
What is Profile ID?
CHAT WITH US !
+91 9747493248