Back to articles

ആരേയും ആശ്രയിക്കാതെ?

August 01, 2008

നഴ്സറി മുതൽ  പത്തൊൻപത് വർഷം മറ്റൊന്നിലും ശ്രദ്ധിക്കാതെ മിനക്കെട്ട് പഠിച്ചിട്ടാണ്, ഇപ്പോൾ എന്റെ മകളൊരു എൻജിനീയർ ആയിരിക്കുന്നത്. നല്ല പണച്ചിലവും ഉണ്ടായി, കുറെ കടബാദ്ധ്യതകളും വന്നു. ഇത്രയും വർഷം ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം ഇവളുടെ പ്രൊഫഷൻ ആയിരുന്നു. ജോലി ലക്ഷ്യമല്ല, ഒരു മാർഗ്ഗമാണ് എന്ന് ജോർജ്ജ് സാറ് എഴുതിക്കണ്ടു. ഞങ്ങൾക്ക് അതത്രക്ക് അങ്ങ് ബോദ്ധ്യമായിട്ടില്ല. കുറച്ചു നാള് ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നതിന്റെയും സ്വന്തം വരുമാനത്തിന്റെയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടു പോരേ അവൾ കുടുംബ ഭാരം ഏറ്റെടുക്കുന്നത് എന്നാണ് മകളും ചിന്തിക്കുന്നത്.

ശരിയാണ് അച്ചായാ, നമ്മുടെ ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെയും ധർമ്മസങ്കടം ആണ് താങ്കൾ വിവരിച്ചത്. പല ഘടകങ്ങൾ ഇതിൽ കൂടിക്കുഴഞ്ഞ് കിടപ്പുണ്ട്. അതൊക്കെ ഒന്ന് വേർതിരിച്ചെടുത്താൽ, ഉചിതമായ ഒരു തീരുമാനം എടുക്കാൻ നിങ്ങൾക്ക് കഴിയും.

നല്ല നിലയിൽ ജീവിക്കാൻ സഹായിക്കുന്ന പലതരം കഴിവുകളും യോഗ്യതകളും സമൂഹത്തിലുണ്ട്, അത്തരം ഒരു യോഗ്യതയാണ് അവളുടെ എൻജിനീയറിംഗ് ബിരുദം. ആ യോഗ്യതയും അവളുടെ മറ്റു കഴിവുകളും ആസ്പദമാക്കി മോൾക്ക് ലഭിച്ച ജോലി അവൾക്ക് ജീവിക്കാനുള്ള ഒരു മാർഗ്ഗം തന്നെയല്ലേ. ജീവിക്കാൻ വേണ്ടി, അങ്ങനെ ഒരു ജോലി ലഭിക്കാനുള്ള യോഗ്യതകളും, കഴിവുകളും നേടുകയായിരുന്നില്ലേ പഠനത്തിന്റെ ലക്ഷ്യം. എൻട്രൻസ്, അഡ്മിഷൻ തുടങ്ങിയ ഓരോന്നും, പടി പടിയായി ലക്ഷ്യം വെച്ച് ആ കടമ്പകൾ കടന്നല്ലേ അച്ചായന്റെ മകൾ ഇപ്പോൾ ഒരു എൻജിനീയറായത്. സത്യത്തിൽ മകളെ പഠിപ്പിച്ച് നല്ല നിലയിൽ ജീവിക്കാൻ കെല്പുണ്ടാകണം എന്ന അച്ചായന്റെ ഉദ്ദേശമാണ്, പിന്നീട് ഒരു സമയത്ത് എൻജിനീയർ എന്ന ലക്ഷ്യമായി ഉരുത്തിരിഞ്ഞത്.

അടുത്തത് പണച്ചിലവും, കട ബാദ്ധ്യതകളും എന്ന വിഷയമാണ്. കല്യാണം നടത്തണമെങ്കിലും പണച്ചിലവുണ്ടാകും. എത്ര  ചിലവുണ്ടാകും എന്നത് ആപേക്ഷികമാണ്, സാഹചര്യമനുസരിച്ച് ഏറ്റക്കുറച്ചിൽ വരുന്നതും, വരുത്താവുന്നതുമാണ്. കടബാദ്ധ്യതകൾ മുഴുവൻ തീർത്തിട്ട് കല്യാണം ആലോചിക്കാൻ കാത്തിരിക്കരുത്. വരുമാനത്തിന്റെ ഒരു ഭാഗം നീക്കി വെച്ച് കടം വീട്ടിതുടങ്ങുക. ഒപ്പം വിവാഹത്തിന് അന്വേഷണവും ആരംഭിക്കുക, നിങ്ങളുടെ സാഹചര്യം സ്വീകാര്യമായിരിക്കുന്ന ആരെങ്കിലും ഉണ്ടാകാം, അത് അന്വേഷിച്ചെങ്കിലല്ലേ അറിയാൻ കഴിയൂ. താങ്ങാനാവാത്ത കൂടുതൽ ബാദ്ധ്യതകൾ വരുത്തിവെക്കുന്ന കല്യാണത്തിന് തുനിയാതിരുന്നാൽ മതി.

കുറച്ചു നാള് ജോലി ചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നതിന്റെയും സ്വന്തം വരുമാനത്തിന്റെയും സ്വാതന്ത്ര്യം അനുഭവിച്ചിട്ടു പോരേ അവൾ കുടുംബ ഭാരം ഏറ്റെടുക്കുന്നത് എന്ന ചോദ്യത്തിൽ, കുടുംബം ഒരു ഭാരമാണ്, വിവാഹം കഴിഞ്ഞാൽ സ്വാതന്ത്ര്യം നഷ്ടപ്പെടും എന്നൊക്കെയുള്ള ധ്വനികൾ ഉണ്ട്.

ഭദ്രത ഉള്ള ഒരു ജീവിതം സ്വന്തമാക്കാനാണ് കുടുംബം. വിവാഹം അതിന്റെ ഉദ്ഘാടനം മാത്രമാണ്. പണവും ഡിഗ്രിയുമല്ല, ഒരുമിച്ചു നിൽക്കാനുള്ള മനസ്സും, കുടുംബത്തിനു സമൂഹം നൽകി വരുന്ന സംരക്ഷണവുമാണ് ഭദ്രതയുടെ ഉറവിടം. മകൾക്ക് ഇത് ബോദ്ധ്യപ്പെടുമ്പോൾ, ഇതേ ബോദ്ധ്യം ഉള്ള ഒരു പുരുഷനെ കണ്ടെത്താൻ ശ്രമിക്കുക. ബാക്കി വഴികൾ അപ്പപ്പോൾ തെളിഞ്ഞു വരും.

പരസ്പരം ആശ്രയിച്ച് ജീവിക്കാൻ വേണ്ടിയാണ് വിവാഹം.

ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ഒരുങ്ങിയിരിക്കുന്നത് അബദ്ധമാണ്. നമുക്ക് ആശ്രയിക്കാനും, നമ്മളെ ആശ്രയിക്കാനും, ആരെങ്കിലും  ഒക്കെ ഉണ്ടെങ്കിലേ ജീവിതത്തിന് അർത്ഥവും, ആർജ്ജവവും ലഭിക്കുകയുള്ളു. കാര്യപ്രാപ്തി ഉള്ള ആളിന് ഏത് അവിചാരിത സന്ദർഭങ്ങളും നേരിടാൻ സാധിക്കും, അതിനു വേണ്ടി തയ്യാറെടുത്തിരിക്കുന്ന ആൾ അത്തരം സന്ദർഭങ്ങൾ ക്ഷണിച്ചു വരുത്താനിടയുണ്ട്.

സ്വയം പര്യാപ്തത ഉള്ള ആളിന് വിട്ടു വീഴ്ചകൾ ചെയ്യാനും വിഷമം തോന്നാം. എല്ലാം, സ്വയം ചെയ്യാനറിയാവുന്ന ആളിന് ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്യാൻ പോലും എന്റെ സഹായം വേണോ എന്ന് ഭർത്താവും ചിന്തിച്ചു തുടങ്ങിയാൽ പിന്നെ പ്രശ്നങ്ങൾ ഒഴിയില്ല.

ശരീരത്തിനൊപ്പം മനസ്സിനും പ്രായം കൂടും, അപ്പോൾ നിസ്സാര കാര്യങ്ങൾക്കു പോലും അസ്വസ്ഥത തോന്നാം. മനസ്സിൽ കുറച്ച് കുട്ടിത്തം കൂടി ഉണ്ടെങ്കിലേ കൊച്ചു കൊച്ചു കാര്യങ്ങളിൽ പോലും ഒത്തിരി ഒത്തിരി സന്തോഷം കണ്ടെത്താൻ കഴിയൂ, കൊച്ചു കൊച്ചു കാര്യങ്ങളിലെ തൃപ്തിയും സന്തോഷവുമാണ് ജീവിതത്തിന്റെ കാതൽ.

ഈ വശങ്ങളൊക്കെ ആലോചിച്ച് അച്ചായനും മോൾക്കും ഉചിതമെന്ന് തോന്നുന്ന ഏതു തീരുമാനവും എടുക്കാം. ഞാനോരോന്ന് എഴുതുന്നത് അതു വായിക്കുന്നവർക്കും, എനിക്കും, ആ വിഷയത്തെക്കുറിച്ച് കൂടുതൽ ആലോചിക്കാനാണ്.

അവനവന്റെ കഴിവും, സാഹചര്യവും കൂടി അനുസരിച്ചു വേണം ഓരോ മനുഷ്യനും തീരുമാനങ്ങൾ എടുക്കുന്നത്, നല്ല ഉദ്ദേശത്തിനു വേണ്ടി തെറ്റായ തീരുമാനം എടുക്കുന്നതും, തെറ്റായ ഉദ്ദേശത്തിനു വേണ്ടി നല്ല തീരുമാനം എടുക്കുന്നതും -  രണ്ടും തെറ്റായിപ്പോകാം.

സ്വന്തം തീരുമാനങ്ങളുടെ അനന്തര ഫലങ്ങൾ ഗുണകരമായി വന്നാൽ അഹങ്കരിക്കുകയും വേണ്ട, ദോഷകരമായി വന്നാൽ പരിതപിക്കുകയും വേണ്ട, കാരണം ഓരോ ഗുണത്തിനും എന്തെങ്കിലും ദോഷവശമുണ്ടാകാം, ഓരോ ദോഷത്തിനും ചില ഗുണവശവും ഉണ്ടാകാം.

ജീവിതത്തിൽ ആകെ മൊത്തം കിട്ടുന്ന ഗുണങ്ങളും ദോഷങ്ങളും ഏതാണ്ട് തുല്യമായിരിക്കും. അതിൽ നമുക്കു കിട്ടിയിട്ടുള്ള ദോഷങ്ങളെക്കുറിച്ചാണ് കൂടുതലും ഓർമ്മിച്ചു കൊണ്ടിരിക്കുന്നതെങ്കിൽ ജീവിതം മോശമായിരുന്നു എന്ന് തോന്നും. അതേക്കുറിച്ച് പതം പറഞ്ഞ് എത്ര വട്ടം സങ്കടപ്പെടുന്നുവോ, അത്രയും മടങ്ങ് നിരാശയും തോന്നും.

എന്നാൽ നമ്മൾ ഓർമ്മയിൽ വെച്ചുകൊണ്ടിരിക്കുന്നത് കിട്ടിയ ഗുണങ്ങളെ കുറിച്ചാണെങ്കിൽ നമ്മുടെ ജീവിതം ഗുണകരമായിരുന്നു എന്നു നമ്മൾക്ക് അനുഭവപ്പെടും. അത് ഇടക്കിടക്ക് നമുക്ക് വേണ്ടപ്പെട്ടവരോട് എടുത്തു പറയുകയും കൂടി ചെയ്യുമെങ്കിൽ, ആ തൃപ്തി പല മടങ്ങ് വർദ്ധിക്കും.

"A Right Decision for  a Wrong Reason Is as  wrong as

A Wrong Decision for Right Reason"

 

Take Right Decisions for Right Reasons at Right Times

 

George Kadankavil - August 2008

What is Profile ID?
CHAT WITH US !
+91 9747493248